തിരുവനന്തപുരം: മലയാളി ഐപിഎസ് ഓഫിസർ സഫീർ കരീമിന്റെ പരീക്ഷാ കോപ്പിയടിക്കേസിൽ തലസ്ഥാനത്തെ സ്വകാര്യ ഐഎഎസ് പരിശീലന കേന്ദ്രത്തിന്റെ ഉടമയെയും മാനേജരെയും തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തതോടെ പുറത്തു വരുന്നത് ഉന്നത പരീക്ഷിലെ തട്ടിപ്പുകളെ കുറിച്ച്. അത്യാധുനിക സൗകര്യങ്ങളോടെ അരങ്ങേറുന്ന കോപ്പിയടി സിവിൽ സർവീസ് പരീക്ഷകളിൽ കൂടുതലായി നടക്കുന്നു എന്ന സൂചനയാണ്. ഇതോടെ സഫീർ കരീമിന്റെ സുഹൃത്തുക്കളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ഹൈടെക് കോപ്പിയടിക്കു പിടിയിലായ ഐപിഎസ് ഓഫിസർ സഫീർ കരീമിന്റെ അടുത്ത സുഹൃത്തുക്കളായ എറണാകുളം സ്വദേശി ഷംജാദും തിരുവനന്തപുരം സ്വദേശി മുഹമ്മദ് ഷരീബ് ഖാനുമാണു തിരുവനന്തപുരത്തു നിന്നും അറസ്റ്റിലായത്. പട്ടം ചാരാച്ചിറയിലെ പരിശീലന കേന്ദ്രത്തിന്റെ ഉടമയും മാനേജരുമാണിവർ. മറ്റാർക്കെങ്കിലും ഇവർ കോപ്പിയടിക്ക് സഹായം ചെയ്‌തോ എന്ന സംശയം ഇതോടെ ഉയർന്നിട്ടുണ്ട്. ഇത് പരിഹിക്കാൻ വേണ്ടിയുള്ള ഇടപെടലാണ് ഇവർ നടത്തുന്നത്.

സഫീർ കരീമിന്റെ ഉടമസ്ഥതയിലായിരുന്ന പരിശീലന കേന്ദ്രം ഏതാനും മാസം മുൻപ് ഇവർക്കു വിൽക്കുകയായിരുന്നു. കോപ്പിയടിക്കു പിടിയിലാകുന്നതിനു മുൻപുവരെ ഇവരുമായി സഫീറും ഭാര്യ ജോയ്‌സിയും നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. കോപ്പിയടിക്കു സാങ്കേതിക സഹായം നൽകിയെന്ന കണ്ടെത്തലിൽ സ്ഥാപനത്തിലെ ഹാർഡ് ഡിസ്‌കുകളും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. മ്യൂസിയം പൊലീസിന്റെ സഹായത്തോടെയാണു തമിഴ്‌നാട് പൊലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്.

പരീക്ഷയിൽ ബ്ലൂടൂത്ത് ക്യാമറയടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചു സഫീർ കോപ്പിയടിക്കു ശ്രമിച്ചതിനിടെയാണ് അറസ്റ്റിലായത്. തുടർന്നുള്ള പരിശോധനയിൽ ഇവരുടെ ലാപ്‌ടോപിൽനിന്നു പിഎസ്‌സിയുടെയും ഐഎസ്ആർഒ യുഡി ക്ലാർക്ക് പരീക്ഷയുടെയും ഏതാനും ചോദ്യ പേപ്പറുകൾ കണ്ടെത്തിയിരുന്നു. ഇതിലും കോപ്പിയടി നടന്നോയെന്ന് അന്വേഷണത്തിൽ വ്യക്തമാകും. തമിഴ്‌നാട് പൊലീസാണു കേസ് അന്വേഷിക്കുന്നത്. അവർക്കുവേണ്ട എല്ലാ സഹായവും കേരള പൊലീസ് നൽകുന്നുണ്ടെന്നു സിറ്റി പൊലീസ് കമ്മിഷണർ പി.പ്രകാശ് പറഞ്ഞു.

സഫീർ കരീം 112 ാം റാങ്ക് നേടിയാണ് ഐപിഎസിലെത്തിയത്. തിരുവനന്തപുരത്തും കൊച്ചിയിലും കരീംസ് ഐഎഎസ് സ്റ്റഡി സെന്റർ എന്ന പേരിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രവും നടത്തിയിരുന്നു. സിവിൽ സർവീസ് പരീക്ഷയിലെ ഹൈടെക് കോപ്പിയടി സംഭവം വളരെ ഗൗരവത്തോടെയാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാണുന്നത്. അതുകൊണ്ടു തന്നെ വിശദമായ അന്വേഷണം നടത്താനാണു പൊലീസിന്റെ തീരുമാനം. മുൻപു പരീക്ഷിച്ചു വിജയിച്ചതു കൊണ്ടാണ് ആത്മവിശ്വാസത്തോടെ സഫീർ കോപ്പിയടിക്കാൻ മുതിർന്നത് എന്നാണ് അന്വേഷണ സംഘം പറയുന്നത്.

അതുകൊണ്ടുതന്നെ ഏതൊക്കെ പരീക്ഷകളിൽ ഇത്തരത്തിൽ കോപ്പിയടി നടന്നെന്നും ഇതിനായി പ്രത്യേക പരിശീലനം ലഭിച്ചോ എന്നും അന്വേഷിക്കും. ഹൈദരബാദിലെ ലാ എക്സലൻസ് എന്ന സ്ഥാപനത്തിന്റെ വളർച്ച സംബന്ധിച്ചും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. രാജ്യത്തെ സിവിൽ സർവീസ് പരിശീലകരിൽ ശ്രദ്ധേയനാണ് ഉത്തരങ്ങൾ കണ്ടെത്താൻ സഹായിച്ച ലാ എക്സലൻസ് ഡയറക്ടർ ഡോ. രാം ബാബു.

ഇത്തരത്തിലുള്ള ഹൈടെക് കോപ്പിയടിക്കു സ്ഥാപനം മുൻപും കൂട്ടുനിന്നെന്നും സംശയമുയരുന്നുണ്ട്. അതോടൊപ്പം തന്നെ പരീക്ഷാ ഹാളിലേക്കു കയറുന്ന സമയത്തു പൊലീസുകാരിൽനിന്നു സഹായം ലഭിച്ചോ എന്നും അന്വേഷിക്കും.