- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
നൂറു വിഷപ്പാമ്പുകളുമായി കണ്ണാടിക്കൂട്ടിൽ 683 ദിവസം ജീവിച്ച് റെക്കോർഡിട്ട പാമ്പു വേലായുധൻ; അവസാനം കരിമൂർഖൻ കൊത്തി മരണം; മാൻ വേഴ്സ് വൈൽഡിലെ ബെയർ ഗ്രിൽസ്; സ്നേക്ക് മാസ്റ്റർ ഓസ്റ്റിൻ സ്റ്റീവ്; തിരണ്ടിയുടെ വാൽക്കുത്തേറ്റ് മരിച്ച സ്റ്റീവ് ഇർവിൻ; സിംഹത്തിന്റെ പല്ലെണ്ണും മൂർഖന് മുത്തം കൊടുക്കും! മരണത്തെ കൂസാത്ത വൈൽഡ്‌ലൈഫ് വാരിയേഴ്സിന്റെ കഥ!
'ക്രിക്കീ' എന്ന വാചകം ഒരുവിട്ടുകൊണ്ട്, കാക്കി നിറത്തിലുള്ള ഷർട്ടും നിക്കറും ധരിച്ച് വെള്ള തലമുടിയുമായി, പതിഞ്ഞതാളത്തിൽ പ്രേക്ഷകരോട് കാര്യങ്ങൾ വിശദീകരിച്ച്, ഏത് പാതാളത്തിലും പോയി യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ, തന്നേക്കാൾ വലിപ്പമുള്ള മുതലകളെയും പാമ്പുകളെയുമൊക്കെ പിടിച്ചുകൊണ്ടുവരുന്ന സ്റ്റീഫൻ റോബർട്ട് ഇർവിൻ എന്ന സ്റ്റീവ് ഇർവിനെ ഓർമ്മയില്ലേ. നാഷണൽ ജിയോഗ്രഫിക് ചാനലിലും, ഡിസ്‌കവറി ചാനലിലും തിളങ്ങിനിന്നിരുന്ന ലോക പ്രശസ്തനായ പരിസ്ഥിതി സ്നേഹി. 'ആനിമൽ ക്യാച്ചർ' എന്നത് ഒരു സെലിബ്രിറ്റി ജോലികൂടിയാവുന്നത് സ്റ്റീവ് ഇർവിൻ യുഗത്തോടെയാണ്. ഇർവിന്റെ വാക്കുകൾ കടമെടുത്താൽ ആനിമൽ ക്യാച്ചർ എന്ന വാക്ക്പോലും തെറ്റാണ്. തങ്ങൾ മൃഗങ്ങളെ പിടിക്കുകയല്ല, മറിച്ച് രക്ഷിക്കുയാണ്. അതിനാൽ വൈൽഡ് ലൈഫ് വാരിയേഴ്സ് എന്ന പേരാണ് ഉപയോഗിക്കേണ്ടത് എന്നായിരുന്നു ഇർവിന്റെ പക്ഷം.
ആ സ്റ്റീവ് ഇർവിന്റെ കേരള പതിപ്പാണ് സത്യത്തിൽ നമ്മുടെ വാവ സുരേഷ് എന്ന് പറയാം. സ്റ്റീവ് ആസ്ത്രേലിയയിലെ ഉപ്പുവെള്ളത്തിൽ കിടന്ന് മരിക്കേണ്ട ആയിരിക്കണക്കിന് മുതലകളെയാണ് രക്ഷിച്ചത്. ഈ 48വയസ്സിനിടെ, വാവയാവട്ടെ അമ്പതിനായിരത്തോളം പാമ്പുകളെയും രക്ഷിച്ചു. സ്റ്റീവിനും വാവക്കും സാമ്യങ്ങൾ ഏറെയാണ്. ഇരവരും കടുത്ത പരിസ്ഥിതി സ്നേഹികളാണ്. അപകടങ്ങളെ തൃണവത്ക്കരിക്കുന്ന സമീപനമായിരുന്നു രണ്ടുപേർക്കും. പണത്തോട് ആർത്തിയില്ലാത്തവർ ആയിരുന്നു ഇരുവരും. ഒരാൾ മുതലകളുടെ തോഴൻ എന്ന് വിശേഷിപ്പിക്കുന്നു. മറ്റെയാൾ പാമ്പുകളുടെ തോഴനും.
ഇപ്പോൾ പാമ്പുകടിയേറ്റ് ആശുപത്രിയിലായി ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് വാവ സുരേഷ്. ഡെയിലി മെയിലും ബി.ബി.സിയും പോലുള്ള രാജ്യാന്തര മാധ്യമങ്ങൾ പോലും വാവക്ക് പറ്റിയ അപകടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നേരത്തേ 2005ൽ ഇതുപോലൊരു മൂർഖന്റെ കടിയേറ്റ് വാവ സുരേഷിന്റെ വലത് ചൂണ്ടുവിരൽ നഷ്ടമായിരുന്നു. പിന്നീട് 2020ൽ പാമ്പ് കടിയേറ്റതിനെ തുടർന്ന് അദ്ദേഹം ദീർഘനാൾ തിരുവനന്തപുരത്ത് ആശുപത്രി ചികിത്സയിലുമായിരുന്നു. വലുതും ചെറുതുമായ നിരവധി അപകടങ്ങൾ സ്റ്റീവ് ഇർവിനെയും തേടിയെത്തിയിട്ടുണ്ട്. എത്ര സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്ന് പറഞ്ഞാലും അതിനെയൊക്കെ തൃണവത്ക്കരിക്കുന്ന സ്വഭാവമായിരുന്നു, സ്റ്റീവിന്റെത്. ഒടുവിൽ 2006ൽ, വെള്ളത്തിനടിയിൽ ഒരു ഡോക്യുമെന്ററി ചിത്രീകരിക്കുമ്പോൾ തിരണ്ടിയുടെ വാൽക്കുത്തേറ്റ് 44ാം വയസ്സിൽ സ്റ്റീവ് മരിച്ചതും ലോകത്തെ ഞെട്ടിച്ചിരുന്നു.
സ്്റ്റീവിന്റെ മരണം പക്ഷേ പാശ്ചാത്യ ലോകത്ത് വലിയ മാറ്റങ്ങൾക്കാണ് ഇടവരുത്തിയത്. ആനിമൽ ക്യാച്ചേഴ്സ് നിർബന്ധമായും സുരക്ഷാ സംവിധാനങ്ങൾ പാലിക്കണമെന്ന് ആസ്ത്രേലിയ നിയമം കൊണ്ടുവന്നു. ഇപ്പോൾ ആന്റിവെനം അടക്കമുള്ള എല്ലാ സംവിധാനങ്ങളുമുള്ള മൊബൈൽ ഐസിയു, ഷൂട്ടിങ്ങ് യൂണിറ്റിനൊപ്പം നിർബന്ധമാണ്. കൈകൊണ്ട് തൊടേണ്ട കാര്യം പോലുമില്ലാതെയാണ് ഇന്ന് വിദേശരാജ്യങ്ങളിലെ പാമ്പുപിടുത്തം. പ്രത്യേക ടൂൾകിറ്റുകളും പരിശീലനവും ഉണ്ട്. ടെലിവിഷൻ ഷോകളിൽ മാത്രമാണ്, ഇന്ന് മൃഗങ്ങളുടെ മാന്വൽ ഹാൻഡിലിങ്ങ് ഉള്ളത്. വാവാ സുരേഷ് ചെയ്യുന്നത് അതീവ അപകടം പിടിച്ച ജോലിയാണെന്നും, അത് ഉപകരണ സഹായത്തോടെ ആക്കണമെന്നും പല തവണ ആവശ്യം ഉയർന്നിട്ടും അദ്ദേഹം അത് പരിണഗണിച്ചിട്ടില്ല. പക്ഷേ ഇന്ന് ലോകത്തെമ്പാടുമുള്ള വൈൽഡ് ലൈഫ് വാരിയേഴസ്് ഈ സാഹസികതയെ നിയന്ത്രിക്കുന്നുണ്ടെ് എന്ന് ഓർക്കണം.
കരിമൂർഖൻ കൊത്തി മരിച്ച പാമ്പുവേലായധുൻ
പാമ്പുകളും മുതലകളും അടങ്ങുന്ന ജീവികൾ എക്കാലവും മുനുഷ്യനിൽ ഭയവും കൗതുകവും ഉണർത്തിയിരുന്നു. അതുകൊണ്ടുതന്നെ പണ്ടുകാലം മുതൽക്കുതന്നെ ഇവയെ പിടിക്കുന്നവരും പ്രദർശിപ്പിക്കുന്നവരുമായി വലിയൊരു വിഭാഗം തന്നെ ലോകത്തിന്റെ എല്ലാ ഭാഗത്തുമുണ്ടായിരുന്നു. ഇന്ത്യയിൽ എട്ടാം നൂറ്റാണ്ട് മുതൽക്കുതന്നെ പാമ്പാട്ടികളും ഉണ്ടായിരുന്നെുവെന്നാണ് ചരിത്രരേഖകളിൽ കാണുന്നത്. കേരളത്തിലും പണ്ട് മുതൽക്കുന്നതന്നെ തെരുവ് മാന്ത്രികർ തൊട്ടുള്ളവർ ഏറെ ഉപയോഗിച്ച് വന്ന ഒരു രീതിയാണ് പാമ്പുകളി.
വാവാ സുരേഷിന് മുൻഗാമിയായി 80കളിലെ കേരളത്തിലെ അറിയപ്പെടുന്ന പാമ്പുപിടുത്തക്കാരനായിരുന്നു, പാമ്പുവേലായുധൻ. 80കളിലും 90കളിലും വലിയ ആൾക്കൂട്ടങ്ങളെയാണ് വേലായുധൻ ആകർഷിച്ചത്. സർപ്പയജ്ഞമായിരുന്നു, പാമ്പ് വേലായുധൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തമലിപ്പറമ്പ് വേലായുധന്റെ മാസ്റ്റർപ്പീസ്. നൂറു വിഷപ്പാമ്പുകളുമായി കണ്ണടിക്കൂട്ടിൽ ജീവിച്ച് വേലായുധൻ നടത്തിയ സർപ്പയജ്ഞം ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു.
1947ൽ കോഴിക്കോട് ജില്ലയിലെ ഒളവണ്ണയിൽ ജനിച്ച വേലായുധൻ ആദ്യം കെ.എസ്.ഇ.ബി.യിലെ പ്യൂണായിരുന്നു. വളരെ ചെറുപ്പം തൊട്ടേ പാമ്പുകളെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ഇവയെക്കുറിച്ച് വിശദമായി പഠനം നടത്തി. 1980ൽ കോഴിക്കോട് സ്റ്റേഡിയം ഗ്രൗണ്ടിൽ വച്ച് നടത്തിയ സർപ്പയജ്ഞത്തിലൂടെയാണ് തമലിപ്പറമ്പ് വേലായുധൻ ശ്രദ്ധേയനാകുന്നതും. നൂറു വിഷപ്പാമ്പുകളുമായി 683 മണിക്കൂർ കണ്ണാടിക്കൂട്ടിൽ കഴിഞ്ഞ അദ്ദേഹം ഇതിലുടെ ഗിന്നസ്സ് റെക്കോർഡ് നേടി. പിന്നീട് പല സ്ഥലങ്ങളിൽ അദ്ദേഹം സർപ്പയജ്ഞം നടത്തിയിട്ടുണ്ട്.
അവസാനകാലത്ത് സർപ്പയജ്ഞം നിർത്തിയ വേലായുധൻ പാമ്പിൻവിഷത്തെക്കുറിച്ചുള്ള പഠനത്തിൽ മുഴുകി. അങ്ങനെയിരിക്കേ, 2000 മെയ് 1ന് ബേപ്പൂരിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന ഒരു കരിമുർഖന് തീറ്റ കൊടുത്തപ്പോൾ അതിന്റെ കടിയേറ്റ് അദ്ദേഹം അന്തരിച്ചു. മുമ്പും പല തവണ പാമ്പുകടിയേറ്റിരുന്നിട്ടും രക്ഷപ്പെട്ട വേലായുധൻ ഒടുവിൽ മരണത്തിന് കീഴടങ്ങിയത് വൃക്കകളെ ബാധിച്ച വിഷബാധയെത്തുടർന്നാണ്. മരിക്കുമ്പോൾ അദ്ദേഹത്തിന് 53 വയസ്സായിരുന്നു.
സിംഹത്തിന്റെ പല്ലെണ്ണും കടുവക്ക് മുത്തം കൊടുക്കും!
ലോകത്ത് ആനിമൽ ക്യാച്ചേഴ്സ് ഒരുപാട് ഉണ്ടായിരുന്നെങ്കിലും അവർക്ക് ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് ലഭിക്കുന്നത് ടെലിവിഷൻ ചാനലുകളുടെ വരവോടെയാണ്. ഡിസ്‌ക്കവറിയും, ആനിമൽ പ്ലാനറ്റും, നാഷണൽ ജിയോഗ്രാഫിക്കുമെല്ലാം അടിച്ചുകയറി 90കളിലാണ് ഈ സാഹസികരുടെയും സുവർണ്ണകാലം. ആദ്യകാലത്ത് ഇവതീർത്തും ശാസ്ത്രീയവും സത്യസന്ധവുമായിരുന്നു.
മാർക്ക് ഒഷെയ്യുടെ സർപ്പങ്ങളെപ്പറ്റിയുള്ള മനോഹരമായ ധാരാളം വീഡിയോദൃശ്യങ്ങൾ നാഷൺൽ ജിയോഗ്രാഫിക്ക് ചാനലുകളിൽകൂടി ലോകം കണ്ടു. കാടിനെയും ഉരഗങ്ങളെയും അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെയും പറ്റിയുമുള്ള ശാസ്ത്രീയമായ സമീപനമാണ് അത്തരം ഡോക്യൂമെന്ററികളിൽ കണ്ടിരുന്നത്. അതോടൊപ്പംതന്നെ ലോകപ്രശസ്ത പ്രകൃതി ശാസ്ത്രജ്ഞനായ ഡേവിഡ് അറ്റൻബറോ ബി.ബിസി യിൽ സംപ്രേഷണംചെയ്ത നിരവധി ഡോക്യൂമെന്ററികളും ശ്രദ്ധേയമായിരുന്നു. അറ്റൻബറോ ചിത്രശലഭങ്ങളോടൊപ്പം ഇരിക്കുന്ന ധാരാളം വീഡിയോകൾ കണ്ണിനുകുളിരേകുന്നതാണ്.
പിന്നീടാണ് സ്റ്റീവ് ഇർവിൻ യുഗം തുടങ്ങുന്നത്. അതോടെ പാമ്പുപിടുത്തവും മുതലപിടിത്തുവുമൊക്കെ ശരിക്കും മാർക്കറ്റ് ചെയ്യപ്പെട്ടു. ടെലിവിഷനിലെ പരിസ്ഥിതി പരമ്പരകൾക്ക് അപ്പോഴേക്കും ഒരു മത്സര സ്വഭാവമുണ്ടായി. ഫലമോ അവതാരകർ സാഹസികമായി പ്രകൃതിയെയും മൃഗങ്ങളെയും സമീപിക്കാൻ തുടങ്ങി. അറ്റൻബറോയുടെയുടെയും മാർക്ക് ഒഷെയ്യുടെയും പരമ്പരകൾ കാണുമ്പൊൾ കിട്ടുന്ന ഒരു പ്രകൃതിയുടെ സാന്ത്വനം ഒരിക്കലും സ്റ്റീവ് ഇർവിൻ ഷോയ്ക്ക് ലഭിച്ചിരുന്നില്ല എന്നതാണ് യാഥാർഥ്യം.
ഒടുവിൽ ഓസ്റ്റിൻ സ്റ്റീവിന്സ്, ബെയർ ഗ്രിൽസ്തുടങ്ങിയവരുടെ രംഗപ്രവേശത്തോടെ പ്രകൃതിയിൽ എന്ത് ആഭാസവും ആകാം എന്ന നിലവന്നു. മാൻ വേഴ്സ് വൈൽഡ് എന്ന പ്രശസ്തമായ പരിപാടിയിലുടെയാണ് ബെയർ ഗ്രിൽസ് ശ്രദ്ധേയനാകുന്നത്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിപോലും ഇതിൽ അതിഥിയായെത്തി. ഈ പരിപാടിയിൽ ബെയർ ഗ്രിൽസ് സിംഹത്തിന്റെ പല്ലെണ്ണിനോക്കുന്നതും, കടുവാക്കുട്ടികളെ ഉമ്മവെക്കുന്നതുമൊക്കെ കാണിക്കുമായിരുന്നു. പക്ഷേ ഇതിൽ പലതും പുർണ്ണമായും സ്‌ക്രിപ്റ്റഡ് ആയിരുന്നെന്നും മൃഗശാലയിൽ വളർത്തിയ, പരിശീലനം കൊടുത്ത സിംഹങ്ങളും കടുവകളുമാണ് ഇതെന്നും കണ്ടെത്തിയിരുന്നു.
അതുപോലെ ഓസ്റ്റിൻ സ്റ്റീവ് ആനിമൽ പ്ലാനറ്റിലെ സ്നേക്ക് മാസ്റ്റർ പരിപാടിയും ശരിക്കും അഗ്രസ്സീവ് ആയിരുന്നു. യാതൊരു സുരക്ഷയുമില്ലാതെ കാട്ടിൽ കയറി, വലിയ പൊത്തുകളിൽ കൈയിട്ട് രാജവെമ്പാലയെ പിടിക്കുന്നതൊക്കെ കണ്ടാൽ വാവാ സുരേഷ് ഒന്നുമല്ലെന്ന് തോന്നിപ്പോകും. പക്ഷേ ഈ പരിപാടിയും ക്യാമറാട്രിക്കന്റെയംും മറ്റും പേരിൽ ഒരുപാട് പഴികേട്ടു. പുറമെ തങ്ങൾ നിരായുധരാണ് എന്ന് പറയുമ്പോഴും കൃത്യമായ സുരക്ഷാ ഉപകരങ്ങളും, പാമ്പ് കടിയേൽക്കാതിരിക്കാനുള്ള വസ്ത്രധാരണങ്ങളും ശാസ്ത്രീയമായ മുൻകരുതലുകളും ഇവർ സ്വീകരിച്ചിരുന്നു എന്നതാണ് യാഥാർഥ്യം. മറ്റൊരു രീതിയിൽ പറഞ്ഞാൽ പരസ്പരം തലയടിച്ച് പൊട്ടിക്കുന്നതായി തോനുന്ന റസലിങ്ങ് മത്സരങ്ങൾ ടെലിവിഷനിൽ കാണാറില്ലേ. അത് പുർണ്ണമായും സ്‌ക്രിപ്റ്റഡ് ആണെന്ന് പലർക്കും ഇപ്പോഴും അറിയില്ല.
പക്ഷേ സ്റ്റീവ് ഇർവിൻ ആ നിലക്ക് സത്യസദ്ധനായിരുന്നു. വെറുകൈയോടെയാണ് അയാൾ ലോകത്തെ ഞെട്ടിച്ച പല മുതലവേട്ടയും നടത്തിയത്.
മുതലകളോടൊപ്പം കളിച്ചുവളർന്ന സ്റ്റീവ്
ലൈൺ, ബോബ് ദമ്പതിമാരുടെ മകനായി ഓസ്ട്രേലിയയിലെ മെൽബണിലെ പ്രാന്തപ്രദേശത്താണ് സ്റ്റീവ് ജനിച്ചത്. 1970ൽ അച്ഛനമ്മമാരോടൊപ്പം സ്റ്റീവ് ക്യൂൻസ്ലാൻഡിലേക്ക് താമസം മാറ്റി. അച്ഛൻ പാമ്പുകളെക്കുറിച്ചു പഠിച്ചിരുന്ന ശാസ്ത്രജ്ഞനായിരുന്നു. അമ്മ വന്യജീവി പുനരധിവാസ പ്രവർത്തകയും. അച്ഛനമ്മമാർ സ്ഥാപിച്ച ക്യൂൻസ്ലാൻഡ് ഉരഗ-വന്യമൃഗ സങ്കേതത്തിൽ മുതലകളോടൊപ്പം കളിച്ചു വളർന്നാണ് സ്റ്റീവ് തന്റെ ബാല്യകാലം പിന്നിട്ടത്.
അവിടെ മൃഗങ്ങളെ ഊട്ടാനും, പരിപാലിക്കാനും മുൻകൈ എടുത്തത് സ്റ്റീവ് തന്നെ ആയിരുന്നു. സ്റ്റീവിന് ആറാം പിറന്നാൾ സമ്മാനമായി കിട്ടിയത് പന്ത്രണ്ടടി നീളമുള്ള ഒരു പെരുമ്പാമ്പിനെ ആയിരുന്നു! 1979ൽ കലൗണ്ട്ര കോളജിൽനിന്ന് സ്റ്റീവ് ബിരുദം നേടി. പിന്നീട് വടക്കേ ക്യൂൻസ്ലാൻഡിലേക്ക് പോകുകയും, മുതല പിടുത്തക്കാരനായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ആൾത്താമസമുള്ള മേഖലകളിൽ നിന്നും അപകടകാരികളായ മുതലകളെ പിടിച്ച് സങ്കേതത്തിൽ എത്തിക്കുക എന്നതായിരുന്നു ദൗത്യം. വാവാ സുരേഷിനെപ്പോലെ ഈ സേവനം പ്രതിഫലമില്ലാതെയാണ് സ്റ്റീവ് ചെയ്തുകൊണ്ടിരുന്നത്. അച്ഛന്റെ പാത പിന്തുടർന്ന് തീരദേശമേഖലയിലെ മുതലകളെ സംരക്ഷിക്കുന്ന സംഘത്തിൽ സ്റ്റീവും സന്നദ്ധ പ്രവർത്തകനായി. ഉപ്പുവെള്ളത്തിൽ കിടന്നാൽ മുതലകൾ മരിച്ചുപോകും. അങ്ങനെ അവയെ പിടികൂടി ശുദ്ധജലത്തിലേക്ക് മാറ്റുകയായിരുന്നു അദ്ദേഹത്തിന്റെ ജോലി.
1991ൽ ഇവിടുത്തെ മൃഗശാലയുടെ നടത്തിപ്പിന്റെ ചുമതല സ്റ്റീവിന് ലഭിച്ചു. അന്നു മുതലാണ് അദ്ദേഹം ശരിക്കും പ്രശസ്തിയിലേക്കുയർന്നു തുടങ്ങിയത്. മൃഗശാലയിലെത്തുന്നവരെ വീണ്ടും ആകർഷിക്കുന്ന വ്യക്തിത്വവും അപകടകരങ്ങളായ പ്രദർശനങ്ങളും സ്റ്റീവിനെ പൊതുജനങ്ങൾക്ക് പരിചിതനാക്കി. അദ്ദേഹത്തിന്റെ നിർഭയത്വമാണ് ഡിസ്‌ക്കവറിയെയും നാഷണൽ ജിയോഗ്രാഫിക്കിനെയും ആകർഷിക്കുന്നത്. 1996 മുതൽ 2007 വരെ സംപ്രേഷണം ചെയ്തിരുന്ന 'ദി ക്രോക്കഡൈൽ ഹണ്ടർ' എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് സ്റ്റീവ് ഇർവിൻ ലോകമെമ്പാടും പ്രശസ്തി നേടി.
മധുവിധുവിന് ഇടയിലും മുതലപിടുത്തം
1992ൽ മൃഗശാലയിലെ പ്രകടനത്തിനിടയിൽ പരിചയപ്പെട്ട ടെറി റെയ്ൻസ് എന്ന യുവതിയെ ഇർവിൻ വിവാഹം ചെയ്തു. ആദ്യ ദൃഷ്ടിയിൽ തന്നെ പ്രണയം മുളപൊട്ടി. സ്റ്റീവിനെപ്പോലെ മറ്റാരും ഇല്ലെന്നതും, അദ്ദേഹം ടാർസനെ അനുസ്മരിപ്പിക്കുന്നതുകൊണ്ടുമാണ് താൻ വിവാഹം കഴിക്കാൻ താൽപ്പര്യം കാണിച്ചത് എന്ന് ടെറി അഭിപ്രായപ്പെട്ടിട്ടുണ്ട്. മൃഗങ്ങൾക്കു അപകടകരമായേക്കാം എന്നതിനാൽ ഇരുവരും വിവാഹ മോതിരം അണിയാറുണ്ടായിരുന്നില്ല. മധുവിധുക്കാലത്ത് ടെറിയുമായൊത്തുള്ള മുതലപിടുത്തമാണ് പരമ്പരയുടെ ഏറ്റവും ആദ്യത്തെ ഭാഗം. ടെലിവിഷൻ പരമ്പരകൾക്കു പുറമേ ഒന്നു രണ്ടു സിനിമകളിലും സ്റ്റീവ് ഇർവിൻ അഭിനയിച്ചിട്ടുണ്ട്. തുറന്ന പെരുമാറ്റവും, ഊർജ്ജസ്വലമായ അവതരണവും, ജീവികളേയും അവയുടെ സ്വഭാവത്തെയും കുറിച്ചുള്ള അവബോധവും ഇർവിനെ പൊതുജനങ്ങൾക്ക് പ്രിയപ്പെട്ടവനാക്കി. സ്റ്റീവ് ഇർവിന്റെ സാന്നിദ്ധ്യം ഓസ്ട്രേലിയയിലേക്കുള്ള വിനോദ സഞ്ചാരത്തിന്റെ കുതിച്ചു കയറ്റത്തിനു തന്നെ കാരണമായെന്നാണ് പൊതുവേയുള്ള കണക്കുകൂട്ടൽ.
ബിന്ദി സ്യൂ ഇർവിൻ, റോബർട്ട് ക്ലാർൻസ് ബോബ് എന്നീ രണ്ടു കുട്ടികളാണ് ഈ ദമ്പതിമാർക്കുള്ളത്. സ്റ്റീവിന്റെ ഇഷ്ടമൃഗമായിരുന്ന ബിന്ദി എന്ന മുതലയുടെ ഓർമ്മയ്ക്കായാണ് മകൾക്ക് ആ പേരിട്ടത്. സ്റ്റീവ്, പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി സ്വയം സമർപ്പിച്ചവനായിരുന്നു. ''നാശോന്മുഖ ജീവികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തിനായും ആവാസവ്യവസ്ഥകളുടെ നാശത്തിനെതിരേയും എന്നും പ്രവർത്തിച്ചുകൊണ്ടിരുന്നു. ''വന്യജീവികൾക്കുള്ള പോരാളിയായാണ് ഞാൻ സ്വയം കാണുന്നത്, എന്റെ ദൗത്യം നാശോന്മുഖ ജീവികളെ സംരക്ഷിക്കലാണ്'' -എന്നാണ് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞത്. 'വേൾഡ് വൈൽഡ് വാരിയേഴ്സ്' എന്ന സ്വതന്ത്ര പരിസ്ഥിതിപ്രസ്ഥാനത്തിന്റെ സ്ഥാപകനായ അദ്ദേഹം. ക്വീൻസ്ലാൻഡ് തീരത്തു നിന്നും ഒരു പുതിയ വംശം ആമയേയും അദ്ദേഹം കണ്ടെത്തി. ഇർവിന്റെ ആമ എന്നാണ് ആ ആമഗോത്രം അറിയപ്പെടുന്നത്.
വംശനാശം സംഭവിക്കാൻ സാധ്യതയുള്ള മൃഗങ്ങളെപ്പറ്റിയും വനനശീകരണത്തെപ്പറ്റിയും ഉള്ള തന്റെ ആകുലതകൾ ജനങ്ങളെ അറിയിക്കുന്നത് അദ്ദേഹത്തിന്റെ പ്രധാന ദൗത്യങ്ങളിൽ ഒന്നായിരുന്നു. ഓസ്ട്രേലിയയിലും, അമേരിക്കൻ ഐക്യനാടുകളിലും, ഫിജിയിലും അദ്ദേഹം ധാരാളം സ്ഥലം വാങ്ങിയിരുന്നു. അദ്ദേഹം വിനോദസഞ്ചാരികളെ ആമത്തോടും, സ്രാവിന്റെ ചെതുമ്പൽ കൊണ്ടുണ്ടാക്കുന്ന സൂപ്പും വാങ്ങുന്നതിൽ നിന്നും വിലക്കി.ഇവ വാങ്ങുന്നതിലൂടെ നാം ജീവികളെ അനധികൃതമായി കൊല്ലുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് എന്നായിരുന്നു സ്റ്റീവ് അഭിപ്രായപ്പെട്ടിരുന്നത്.
തിരണ്ടികുത്തിയുള്ള മരണവും ക്യാമറയിൽ
2006 സെപ്റ്റംബർ 4ന് ഓസ്റ്റ്രേലിയൻ പ്രാദേശിക സമയം 11:00 മണിക്ക് ഒരു പരമ്പരയുടെ ചിത്രീകരണത്തിനായി ഗ്രേറ്റ് ബാരിയർ റീഫിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ, സ്റ്റിങ്‌റേ എന്ന തിരണ്ടി മീനിന്റെ ആക്രമണത്തിലാണ് സ്റ്റീവ് കൊല്ലപ്പെടുന്നത്. അദ്ദേഹത്തിന്റെ സുഹൃത്തും സഹപ്രവർത്തകനും മാനേജരുമായിരുന്ന ജോൺ സ്റ്റൈന്റണും കുറച്ചു സഹപ്രവർത്തകരും സംഭവസമയം കൂടെയുണ്ടായിരുന്നു. ജോൺ സംഭവത്തെ വിവരിച്ചത് പ്രകാരം, സ്റ്റീവ് ജലത്തിനടിയിൽ നിന്നും സ്റ്റിങ്‌റേയുമായി പൊങ്ങി വരികയും, നെഞ്ചിൽ തറഞ്ഞിരുന്ന തിരണ്ടിയുടെ വാൽ സ്വയം പറിച്ചെടുക്കുകയും തൊട്ടടുത്ത നിമിഷം മരിക്കുകയുമായിരുന്നത്രേ. ഹൃദയത്തിനേറ്റ മുറിവും ആഘാതവുമാണ് മരണകാരണമെന്ന് വെളിപ്പെട്ടിട്ടുണ്ട്.
പരമ്പരയുടെ മദ്ധ്യേയുണ്ടായ സംഭവമായതിനാൽ വീഡിയോ ക്യാമറയിൽ മരണം പകർത്തിയിട്ടുണ്ട്.'' ഒരു നൂറു കിലോയോളം ഭാരമുള്ള തിരണ്ടി മത്സ്യമായിരുന്നു അത്. സ്റ്റീവ് അതിന് ഏകദേശം ഒരു മീറ്റർ മുകളിലൂടെ നീന്തുകയായിരുന്നു. പെട്ടെന്ന് ഒരു മുന്നറിയിപ്പുമില്ലാതെ തിരണ്ടി, വാൽ കുന്തമുന പോലെ മുകളിലേക്കുയർത്തി. അത് സ്റ്റീവിന്റെ നെഞ്ചിലേക്ക് തുളച്ചു കയറി. ഒന്നു കിടുങ്ങിയ ശേഷം സ്റ്റീവ് വാൽ പുറത്തേക്കു വലിച്ചെടുത്തു.''-ദാരുണമായ ഈ രംഗങ്ങൾ വെള്ളത്തിനടിയിൽ നിന്നും പകർത്തുകയായിരുന്ന ക്യാമറാമാൻ ബെൻ ക്രോപ്പ് സ്റ്റീവിന്റെ അന്ത്യരംഗം വിവരിച്ചത് ഇങ്ങനെ.
തിരണ്ടിവിഷവും ഹൃദയത്തിലുണ്ടായ മുറിവുമാണ് സ്റ്റീവിന്റെ മരണകാരണം എന്ന് പറയപ്പെടുന്നു. പ്രധാന രക്തക്കുഴലുകൾ പൊട്ടിയശേഷം ഹൃദയാഘാതം വന്നു മരിച്ചതാകാം എന്ന അഭ്യൂഹവും ഉണ്ട്. ഒരു മാസത്തിനു ശേഷം സമാനമായ തിരണ്ടി ആക്രമണം ഫ്ളോറിഡയിൽ നടക്കുകയും പരിക്കേറ്റ വ്യക്തി രക്ഷപെടുകയും ചെയ്തു. ഇർവിൻ കുത്തേറ്റ ശേഷം മുള്ള് ഹൃദയത്തിൽ നിന്നും വലിച്ചെടുക്കാൻ ശ്രമിച്ചത് അദ്ദേഹത്തിന്റെ മരനത്തിന് ആക്കം കൂട്ടിയിട്ടുണ്ടാകാം എന്ന് വിദഗ്ദ്ധർ അനുമാനിക്കുന്നു. സ്റ്റീവിന്റെ സഹയാത്രികർ അടിയന്തര ശ്രുശ്രൂഷ ലഭ്യമാക്കിക്കി. ഹെലികോപ്ടറിന്റെ സഹായത്തോടെ തൊട്ടടുത്ത നഗരമായ കെയിനിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താൻ കഴിഞ്ഞില്ല. മരണസമയം ഭാര്യ ടെറിയും മക്കളും ടാസ്മാനിയയിലെ സെന്റ് ക്ളയർ ഉദ്യാനത്തിലായിരുന്നു. ഒരു സ്വകാര്യ വിമാനത്തിൽ ഡാവൻപോർട്ട് മുതൽ സൺഷൈൻ കോസ്റ്റ് വരെ സഞ്ചരിച്ചാണ് അവർ സ്റ്റീവിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്.
തിരണ്ടിയുടെ ആക്രമണത്തിന് പലരും ഇരയായിട്ടുണ്ടെങ്കിലും മരണം വളരെ അപൂർവമായേ സംഭവിക്കാറുള്ളൂ. തിരണ്ടിമൂലം മരണപ്പെടുന്നതിന്റെ ഒരെയൊരു വീഡിയോ സ്റ്റീവിന്റേതു മാത്രമായിരുന്നു. മരണനിമിഷങ്ങളടങ്ങുന്ന ടേപ്പ് നശിപ്പിക്കണം എന്നാണ് ഭാര്യ പറഞ്ഞത്. താൻ സ്റ്റീവിന്റെ അന്ത്യനിമിഷങ്ങൾ കണ്ടിട്ടില്ലെന്നും, കാണാൻ താല്പര്യമില്ലെന്നും, ആ വീഡിയോ പൊതുജനസമക്ഷം കാണിക്കരുതെന്നും ടെറി അഭ്യർത്ഥിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ഈ ടേപ്പ് പ്രദർശിപ്പിച്ചില്ല. പക്ഷേ ഓഷ്യൻസ് ഡെഡ്ലിയസ്റ്റ് എന്ന പരിപാടി 2007 ജനവരി 21 ന് ഡിസ്‌കവറി ചാനൽ പ്രക്ഷേപണം ചെയ്തു. അപകടമരണത്തിനു തൊട്ടു മുൻപ് എടുത്ത ദൃശ്യങ്ങൾ വരെ ഇതിൽ ഉണ്ടായിരുന്നു. പക്ഷേ ഇർവിന്റെ മരണം കാണിച്ചിരുന്നില്ല. അവസാനത്തിൽ സ്റ്റീവിന്റെ ഛായാചിത്രം പ്രദർശിപ്പിക്കുകയും സ്റ്റീവിന്റെ സ്മരണയ്ക്ക് എന്ന് എഴുതിക്കാണിക്കുകയും ചെയ്തു.
ഔദ്യോഗിക ബഹുമതികൾ നിഷേധിച്ച് കുടുംബം
ജീവിത്തതിൽ സ്റ്റീവ് പുലർത്തിയ ആദർശങ്ങൾ അദ്ദേഹത്തിന്റെ കുടുംബവും പുർണ്ണമായും പാലിച്ചു. സ്റ്റീവിനെ ഔദ്യോഗിക ബഹുമതികളോടെ അടക്കം ചെയ്യണമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ജോൺ ഹോവാർഡും, ക്വീൻസ്ലാൻഡ് പ്രവിശ്യയിലെ ഗവർണ്ണറായ പീറ്റർ ബിയാറ്റിയും അഭിപ്രായപ്പെട്ടത്. പക്ഷെ, ഇത്തരം ഒരു അന്ത്യോപചാരം സ്റ്റീവ് ആഗ്രഹിക്കുന്നില്ലെന്നും, ഇത് സ്റ്റീവിനോടുള്ള ജനങ്ങളുടെ സഹതാപം നേടാൻ മാത്രമേ സഹായകമാകൂ എന്നും അദ്ദേഹത്തിന്റെ കുടുംബം വാദിച്ചു. ഒരു സാധാരണ മനുഷ്യൻ എന്ന പേരിൽ അറിയപ്പെടാനായിരുന്നു സ്റ്റീവ് ആഗ്രഹിച്ചത് എന്ന് പിതാവ് ബോബ് ഇർവിൻ പറഞ്ഞു. സ്റ്റീവിന്റെ കുടുംബത്തിന്റെ ആഗ്രഹങ്ങളെ മാനിക്കുന്നു എന്ന് സർക്കാരും പ്രഖ്യാപിച്ചു. സെപ്റ്റംബർ 9 ന് നടന്ന സ്വകാര്യ ചടങ്ങിൽ സ്റ്റീവ് സ്വന്തം മൃഗശാലയിൽ അടക്കം ചെയ്യപ്പെട്ടു. ഓസ്ട്രേലിയൻ മൃഗശാല സന്ദർശിക്കുന്നവർക്ക് സ്റ്റീവിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് പ്രവേശനമില്ല.
മൃഗങ്ങളെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കുന്നതിനായി ജീവിതം തന്നെ മാറ്റിവച്ച സ്റ്റീവ് ഇർവിൻ നിരവധി വേട്ടയാടൽ വിരുദ്ധ പ്രചാരണങ്ങളിലും പരിപാടികളിലും സ്ഥിരം സാന്നിദ്ധ്യമായിരുന്നു. 2000 ത്തിൽ കാർ അപകടത്തിൽ മരിച്ച സ്വന്തം അമ്മയുടെ പേരിൽ 'ലൈൻ ഇർവിൻ മെമോറിയൽ ഫണ്ട് ' സ്ഥാപിച്ചിരുന്നു. ഈ ഫണ്ടിൽ നിന്നുമുള്ള പണം, അയേൺ ബാർക്ക് സ്റ്റേഷൻ വന്യജീവി പുനരധിവാസ കേന്ദ്രത്തിന്റെ നടത്തിപ്പിനാണ് അദ്ദേഹം ഉപയോഗിച്ചുവരുന്നത്. ഇവിടെ അന്താരാഷ്ട്ര മുതല സംരക്ഷണ കേന്ദ്രം സ്ഥാപിച്ചതും സ്റ്റീവ് ആണ്. ബ്രിട്ടീഷ് പ്രകൃതി ശാസ്ത്രജ്ഞൻ ഡേവിഡ് ബെല്ലാമി അദ്ദേഹത്തെ 'പ്രകൃതി ചരിത്രകാരനും ആനുകാലികങ്ങളിലെ താരവും' എന്നാണ് വിശേഷിപ്പിച്ചതആധുനിക കാലഘട്ടത്തിലെ നോഹ എന്നാണ് സ്റ്റീവിനെക്കുറിച്ച് മാധ്യമങ്ങൾ തലക്കെട്ടിട്ടത്.
നവംബർ 15 സ്റ്റീവ് ഇർവിൻ ദിനമായി പ്രകൃതിസ്നേഹികൾ ആചരിക്കുന്നുണ്ട്. ഇർവിന്റെ പ്രിയപ്പെട്ട മൃഗങ്ങളിലൊന്നായ ഗാലപ്പഗോസ് ദ്വീപുകളിൽ നിന്നുള്ള ആമയുടെ ജന്മദിനം ആണ് നവംബർ 15. ഈ ദിവസം തന്നെ സ്റ്റീവ് ഇർവിൻ ദിനമായി തിരഞ്ഞെടുത്തത്. ഓസ്‌ട്രേലിയ മൃഗശാലയിലെ 'വൈൽഡ്‌ലൈഫ് വാരിയേഴ്‌സി'നായി പണം സ്വരൂപിക്കുന്നതിലും ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സമാഹരിക്കുന്ന പണം ഓസ്‌ട്രേലിയൻ മൃഗശാലയിലെ ജീവനക്കാരെ, മൃഗങ്ങൾക്കായുള്ള അവരുടെ സംരക്ഷണ പ്രവർത്തനങ്ങൾ തുടരാൻ പ്രാപ്തരാക്കുന്നു. അങ്ങനെ മരിച്ചിട്ടും സ്റ്റീവ് മൃഗങ്ങൾക്കായി ജീവിക്കുന്നു
കടിയേൽക്കാതെയും പാമ്പു പിടിക്കാം
പക്ഷേ സ്റ്റീവ് ഇർവിന്റെ മരണം വൈൽഡ് ലൈഫ് വാരിയേഴ്സിന്റെ സുരക്ഷയെക്കുറിച്ചുള്ള വലിയ ചർച്ചകൾ ഉയർത്തി. സുരക്ഷാ സംവധാനം വർധിപ്പിക്കാൻ ചാനലുകളും തയ്യാറായി. പക്ഷേ നമ്മുടെ നാട്ടിലോ. എത്ര കടിയേറ്റാലും പാഠം പഠിക്കാൻ വാവ സുരേഷ് അടക്കമുള്ളവർ തയ്യാറവുന്നില്ല. വനവകുപ്പും സർക്കാറും അങ്ങനെ നിർദ്ദേശിക്കുന്നുമില്ല. വിദേശരാജ്യങ്ങളിലൊക്കെ പാമ്പനെ എങ്ങനെ പിടിക്കണം എന്നതിന് കൃത്യമായ രീതികൾ ഉണ്ട്. അതുകൊണ്ടുതന്നെയാണ് സുരേഷിനുണ്ടായ അപകടത്തിന്റെ ഉത്തരവാദിത്തം പൂർണമായും വനം വകുപ്പിനും സർക്കാറിനുമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നത്.
പരിണാമപരമായി ഭൂമിയോട് നമ്മളെക്കാൾ എത്രയോ കൂടുതൽ അടുപ്പവും അനുഭവവും ഉള്ളവരാണ് പാമ്പുകൾ. ദിനോസറുകളും മറ്റും ജീവിച്ചിരുന്ന മീസോസോയിക് മഹായുഗത്തിലെ ക്രെറ്റേഷ്യസ് കാലഘട്ടത്തിലാണ് പാമ്പുകൾ പരിണമിച്ചുണ്ടായതെന്നാണ് ശാസ്ത്രം. എത്രയോ കാലത്തെ പ്രതികൂല കാലാവസ്ഥയേയും ശത്രുക്കളുടെ വേട്ടയാടലിനേയും അസുഖങ്ങളെയുമൊക്കെ അതിജീവിച്ച ഒരു ജീവിവർഗ്ഗമാണത്. അതുകൊണ്ടുതന്നെ മനുഷ്യ വർഗ്ഗത്തിനുള്ളതിനേക്കാൾ എത്രയോ കൂടുതൽ ഫലപ്രദമായ അനുകൂലനങ്ങളാണ് പ്രകൃതിയിൽ അവർക്കുള്ളത്. ചുരുക്കിപ്പറഞ്ഞാൽ, നമ്മൾ പാമ്പുകളെ പേടിച്ചു വടിയെടുത്ത് തല്ലിക്കൊന്നാലൊന്നും വംശനാശം വന്ന് പെട്ടന്ന് ഇല്ലാതാവുന്നവരല്ല പാമ്പുകൾ.മാത്രമല്ല നമ്മുടെ നാട്ടിലെ 90 ശതമാനം പാമ്പുകളും വിഷം ഉള്ളവയുമല്ല. അതുകൊണ്ടുതന്നെ അനാവശ്യമായ ഒരു പാമ്പ് ഭീതിയുടെ ആവശ്യമില്ല.
അറനൂറിലേറെ രാജവെമ്പാലകളെ പിടിച്ചിട്ടും ഒരു കടിയും എൽക്കാത്ത സുരേഷ് അജയ്ഗിരിയുടെ അനുഭവം നമ്മുടെ മുന്നിലുണ്ട്. കർണാടകയിലെ ആഗുംബെ റയിൻ ഫോറസ്റ്റ് റിസർച്ച് സെന്ററിലെ ഫീൽഡ് ഡയറക്റ്ററാണ് അജയ്ഗിരി. പത്തുവർഷത്തിലേറെയായി പാമ്പുകളെ പിടികൂടി രക്ഷിക്കുന്നു. ഏകദേശം 600 ഇൽ അധികം രാജവെമ്പാലകളെ അജയ്ഗിരി പിടികൂടി രക്ഷിച്ചിട്ടുണ്ട്. ഒരു പാമ്പിന്റെ കടി പോലും കൊണ്ടിട്ടില്ല. സുരക്ഷാ മാർഗ്ഗങ്ങൾ എല്ലാം സ്വീകരിച്ച് കൊണ്ടാണ് പാമ്പുപിടിത്തം. വളരെ പ്രൊഫഷണലായി. പാമ്പിനെ പിടിച്ചാലും, അത് നാട്ടുകാരെ കാട്ടാനോ, ഫോട്ടോ ഷൂട്ടിനോ തയ്യാറാകില്ല. ഈ രീതി വാവയുടെ അവലംബിക്കണമെന്നാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെ ആവശ്യം.
വാൽക്കഷ്ണം: ഏറ്റവും ശുഷ്‌ക്കമായ തലച്ചോറുള്ള ജീവികളിൽ ഒന്നാണ് പാമ്പുകൾ. മുട്ട വിരിഞ്ഞ് പുറത്തിറങ്ങുന്ന കുഞ്ഞുങ്ങളെ തിരിച്ചറിയാനുള്ള കഴിവ് പോലും അവയ്ക്കില്ല. നിങ്ങളോടൊപ്പം പത്ത് വർഷം സഹവസിച്ചാലും, നിങ്ങളെ തിരിച്ചറിയാനുള്ള കഴിവ് പാമ്പിനില്ല. അതുകൊണ്ടാണ് 'പാല് കൊടുത്ത കൈയ്ക്ക് തന്നെ കൊത്തി' എന്ന പ്രയോഗം ഉണ്ടായത്. പാമ്പ് പാല് കുടിക്കുകയും ഇല്ല. പാമ്പ് തോഴനാണെന്ന് പറയുമ്പോൾ തന്നെ നാം ഈ ശാസ്ത്രീയ കാര്യങ്ങൾ മറക്കരുത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ