- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൗമുദി ചാനലിലെ സ്നേക്ക്മാസ്റ്ററിന് വനംവകുപ്പിന്റെ റെഡ് സിഗ്നൽ; പാമ്പുകളുടെ പരിപാടിയിൽ കൈരളി ടിവിക്കും നോട്ടീസ്; അനുമതിയില്ലാതെ ഇനി പാമ്പുകളെ പറ്റിയുള്ള പരിപാടികൾ ചാനലിലും സൂഹമാധ്യമങ്ങളിലും പ്രക്ഷേപണം ചെയ്യാനാകില്ല; വനം വകുപ്പിന്റെ ലക്ഷ്യം വാവാ സുരേഷിന്റെ പ്രോഗ്രാമോ?
കൊച്ചി: ജനപ്രിയ ചാനൽ പരിപാടിയായ കൗമുദി ചാനലിലെ സ്നേക്ക്മാസ്റ്ററിന് വനംവകുപ്പിന്റെ റെഡ് സിഗ്നൽ. പാമ്പുകളെ പ്രദർശിപ്പിക്കുന്ന പരിപാടിക്കെതിരെ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ നിയമപ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കൗമുദിക്ക് പുറമേ കൈരളി ചാനലിനും നോട്ടീസ് നൽകിയിട്ടുണ്ട്. വനം വകുപ്പിന്റെ അനുമതിയില്ലാതെ ഇനി പാമ്പുകളെ പറ്റിയുള്ള യാതൊരു പരിപാടികളും ചാനൽ വഴിയോ സമൂഹമാധ്യമങ്ങൾ വഴിയോ പ്രക്ഷേപണം ചെയ്യരുതെന്നും ചൂണ്ടിക്കാട്ടുന്നു.
പാമ്പുകളെ അശാസ്ത്രീയമായി പിടികൂടുന്നതും പാമ്പുകളെ ദൃശ്യമാധ്യമങ്ങളിലൂടെ പ്രദർശിപ്പിക്കുന്നത് വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ നിയമപ്രകാരം ശിക്ഷാർഹമാണെന്നും പാമ്പുകളെ പിടികൂടി പ്രശസ്തിക്കുവേണ്ടി ആളുകൾക്കുമുന്നിൽ പ്രദർശിപ്പിക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്യുന്നവർക്കെതിരേ നിയമനടപടിയുണ്ടാകുമെന്നും വ്യക്തമാക്കുന്നതാണ് വനംവകുപ്പിന്റെ ഉത്തരവ്. വാവാ സുരേഷാണ് കൗമുദി ടിവിയിലെ പരിപാടിയുടെ അവതാരകൻ.
വാവാ സുരേഷിന്റെ അവതരണം കാരണം കൗമുദിയിലെ ജനപ്രിയ പരിപാടിയായി സ്നേക് മാസ്റ്റർ മാറിയിരുന്നു. പാമ്പുകളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കലായിരുന്നു വാവാ സുരേഷിന്റെ ലക്ഷ്യം. ഇത്തരം പരിപാടികൾക്കാണ് വനം വകുപ്പ് വിലക്ക് ഏർപ്പെടുത്തുന്നത്. പാമ്പുകളോടുള്ള ഭയം കുറയ്ക്കുന്നതായിരുന്നു വാവയുടെ പരിപാടികൾ.
ഇത്തരം പരിപാടികൾ കണ്ട് പാമ്പുകളെ പിടികൂടാൻ വനംവകുപ്പിന്റെ അനുമതി ഇല്ലാതെയും പരിശീലനം ലഭിച്ചിട്ടില്ലാത്തവരുമായ നിരവധിപേർ രംഗത്തെത്തിയതിനെ തുടർന്നാണ് വനം വകുപ്പ് ഇത്തരത്തിൽ ഒരു നോട്ടീസ് പുറപ്പെടുവിക്കാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ ആനിമൽ പ്ലാനെറ്റിലൂടേയും മറ്റും ഈ പരിപാടികൾ എത്തുന്നുമുണ്ട്. ഇത് തടയാൻ വനം വകുപ്പിന് കഴിയുകയുമില്ല.
പാമ്പുകടിയേറ്റ് ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ കൂടിയതായി വനംവകുപ്പ് അധികൃതർ പറയുന്നു. ഇതിൽ ഏറെയും പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റിട്ടുള്ളത്. കൗമുദിയിലെ സ്നേക്ക്മാസ്റ്റർ ഏറെ ജനശ്രദ്ധ ആകർഷിച്ച പരിപാടിയായിരുന്നു. കേരളത്തിന്റെ പാമ്പു പിടുത്തക്കാരൻ വാവാ സുരേഷുമായി ചേർന്നായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ വാവാ സുരേഷ് ഉഗ്ര വിഷമുള്ള പാമ്പുകളെ സാഹസികമായി പിടികൂടുന്നത് ചിത്രീകരിച്ചാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരുന്നത്.
പിടികൂടിയ പാമ്പിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അതിന്റെ ശാസ്ത്രീയനാമമുൾപ്പെടെ വിശദീകരിച്ചു കൊണ്ടായിരുന്നു പരിപാടി. എന്നാൽ ജനങ്ങൾക്ക് പാമ്പിനോടുള്ള പേടി മാറി അനായാസം കൈകാര്യം ചെയ്യാമെന്ന തോന്നലിലേക്ക് എത്താൻ ഈ പരിപാടികൾ പ്രചോദനമായെന്ന കണ്ടെത്തലാണ് വളരെ വേഗമുള്ള ഈ നടപടിക്ക് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ വനംവകുപ്പിന്റെ യാതൊരു അനുമതിയും ഇവർ വാങ്ങിയിട്ടില്ലാത്തതും നടപടിക്ക് കാരണമായിട്ടുണ്ട്.
കൊല്ലം അഞ്ചലിലെ ഉത്രയെ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് ഭർത്താവ് കൊലപ്പെടുത്തിയ സംഭവത്തിന് ശേഷമാണ് വനം വകുപ്പ് ഉണർന്ന് പ്രവർത്തിക്കുന്നത്. അശാസ്ത്രീയമായി പാമ്പിനെ പിടികൂടുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും പാമ്പു പിടുത്തക്കാർ പിടിക്കുന്ന പാമ്പിന്റെ കണക്കുകൾ വനം വകുപ്പിനെ കൃത്യമായി അറിയിക്കണമെന്നും കർശന നിർദ്ദേശം നൽകുകയും ചെയ്തു. കൂടാതെ പാമ്പു പിടുത്തക്കാർക്ക് വനംവകുപ്പിന്റെ അനുമതി ഇല്ലാതെ പാമ്പിനെ പിടിക്കാൻ അവകാശമില്ലെന്നും അറിയിച്ചു. ഇതിന് പിന്നാലെയാണ് പാമ്പുകളെ പ്രദർശിപ്പിക്കുന്ന ചാനൽ പരിപാടിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
അതേ സമയം ശാസ്ത്രീയമായി പാമ്പുകളെ പിടികൂടാൻ കേരളത്തിൽ ഇനി 827 അംഗീകൃത പാമ്പുരക്ഷകർ പരിശീലനം പൂർത്തിയാക്കിയതായി വനം വകുപ്പ് അറിയിച്ചു. മനുഷ്യവാസകേന്ദ്രങ്ങളിലെത്തുന്ന പാമ്പുകളെ പിടികൂടുക മാത്രമല്ല, സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് അവയെ എത്തിക്കുകകൂടി ഇവരുടെ ഉത്തരവാദിത്വമാണ്. വനംവകുപ്പിനുകീഴിൽ പരിശീലനം സിദ്ധിച്ച ഇവരിൽ വനംവകുപ്പ് ജീവനക്കാരും അതത് പ്രദേശങ്ങളിലെ സന്നദ്ധപ്രവർത്തകരുമുണ്ട്.
സ്ത്രീകളടക്കമാണ് ഓരോ ജില്ലയിലും നിശ്ചിത എണ്ണം പാമ്പുരക്ഷകരുള്ളത്. ഏറ്റവുംകൂടുതൽപേർ മലപ്പുറത്തും (134) കുറവ് ആലപ്പുഴയിലുമാണ് (15). ഇതിൽ 280 പേർ വനംവകുപ്പ് ജീവനക്കാരാണ്. എല്ലാ ജില്ലകളിലുമായി 547 സന്നദ്ധപ്രവർത്തകരുണ്ട്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.