കോട്ടയം: പ്രാർത്ഥനകൾ വെറുതെയായിയില്ല. വാവ സുരേഷ് ജീവിതത്തിലേക്ക് മടങ്ങി വരും. മൂർഖന്റെ കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര നിലയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് (48) വീണ്ടും പാമ്പിൻ വിഷത്തിന്റെ വീര്യത്തെ തോൽപ്പിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ കരുതലും പരിചരണവും ഫലം കണ്ടു. അതിവേഗം പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചെത്തുകയാണ് മലയാളിയുടെ പ്രിയപ്പെട്ട വാവ സുരേഷ്.

തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ കഴിയുന്ന സുരേഷിന്റെ തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പറഞ്ഞു. ചോദ്യങ്ങൾക്ക് പ്രതികരണം ലഭിക്കുന്നുണ്ട്. കൈകാലുകളിലെ പേശികളുടെ ശേഷി പൂർണമായും തിരിച്ചുകിട്ടിയിട്ടില്ല. ദ്രവരൂപത്തിൽ ഭക്ഷണം നൽകുന്നുണ്ട് ഡോ. ജയകുമാർ പറഞ്ഞു. സ്വയം ശ്വസിക്കാനും ശബ്ദത്തോട് പ്രതികരിക്കാനും തുടങ്ങി. അപകടനില തരണം ചെയ്തിട്ടില്ലെന്നും വെന്റിലേറ്ററിൽനിന്ന് മാറ്റാറായിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ചൊവ്വാഴ്ച പുലർച്ചെമുതൽ അദ്ദേഹം സ്വയം ശ്വസിച്ചുതുടങ്ങിയിരുന്നു. എന്നാൽ, വെന്റിലേറ്ററിന്റെ സഹായം മാറ്റിയിരുന്നില്ല. ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം കൃത്യമാകുന്നുഎന്ന സൂചനയാണ് നൽകുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. ഉച്ചയോടെയാണ് ശബ്ദങ്ങളോട് വാവ സുരേഷ് പ്രതികരിച്ചുതുടങ്ങിയത്. തട്ടി വിളിക്കുമ്പോൾ തലയനക്കുന്നുണ്ട്. ഇത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം ക്രമമാകുന്നതിന്റെ സൂചനയാണെന്ന് ഡോക്ടർമാർ പറഞ്ഞു. പാമ്പിന്റെ വിഷം ശരീരത്തിലെത്തിയാൽ 24 മുതൽ 48 മണിക്കൂർവരെ വളരെ പ്രധാനമാണ്. ഈ സമയംവരെ വെന്റിലേറ്റർ സഹായം തുടരാനാണ് തീരുമാനം.

ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയിൽവെച്ച് തിങ്കളാഴ്ച 4.30-ഓടെയാണ് വാവ സുരേഷിന് കടിയേറ്റത്. ഏഴടി നീളമുള്ള മൂർഖനെ പിടിച്ച് ചാക്കിലേക്ക് മാറ്റുന്നതിനിടെ പൊടുന്നനെ വളഞ്ഞുവന്ന് സുരേഷിന്റെ വലതുതുടയിൽ കടിക്കുകയായിരുന്നു. പിന്നീട് ഇഴഞ്ഞു പോയ പാമ്പിനെ വാവ വിടാതെ പിന്തുടർന്ന് പിടിച്ചു. അതിന് ശേഷമാണ് ആശുപത്രിയിലേക്ക് തിരിക്കാൻ കാരണമായത്. ചികിൽസ എടുക്കാനുള്ള ഈ സമയ താമസമാണ് വാവ സുരേഷിനെ ഗുരുതരാവസ്ഥയിലാക്കിയത്. ഇത് അറിയാമായിരുന്നിട്ടും കുറിച്ചിയിലെ സാധാരണക്കാരുടെ ഭയം മനസ്സിലാക്കി പാമ്പിനെ വീണ്ടും പിടിക്കുകയായിരുന്നു വാവ.

വാവ സുരേഷ് ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോൾ മുതൽ പ്രാർത്ഥനകളും വഴിപാടുകളും നടത്തി ഒരു വലിയ സമൂഹം കാത്തിരുന്നിരുന്നു. ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തിയതിന്റെ രസീതുകൾ പലരും സമൂഹമാധ്യമങ്ങൾ വഴി പങ്കുവച്ചു. കുറിച്ചിയിൽ വീട്ടുവളപ്പിൽ കൂട്ടിയിട്ടിരുന്ന കരിങ്കല്ലുകൾക്കിടയിൽ നിന്നു പിടികൂടിയ മൂർഖൻ പാമ്പിനെ ചാക്കിലേക്കു കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് തിങ്കളാഴ്ച സുരേഷിന്റെ വലതുകാലിന്റെ തുടയിൽ പാമ്പു കടിച്ചത്. കടിയേറ്റതോടെ പിടിവിട്ടു പോയ പാമ്പിനെ വീണ്ടും പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് സുരേഷ് ആശുപത്രിയിലേക്കു പോയത്. കടിച്ച പാമ്പിനെ സുരേഷിന്റെ സഹായി തിരുവനന്തപുരത്തേക്കു കൊണ്ടുപോയി.

പാമ്പുകടിയേറ്റ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ സുരേഷിന് ഹൃദയാഘാതമുണ്ടായിരുന്നു. ഇതോടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് താഴ്ന്നു. ഇത് തലച്ചോറിന്റെയും ശരീരത്തിലെ പേശികളുടെയും പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. പാമ്പിന്റെ വിഷവും പേശികളുടെ പ്രവർത്തനത്തെ ബാധിച്ചതായി ഡോക്ടർമാർ പറഞ്ഞു. വെന്റിലേറ്റർ പൂർണമായും നീക്കിയ ശേഷം ആരോഗ്യനില വിലയിരുത്തിയാലേ അപകടാവസ്ഥ പൂർണമായും തരണം ചെയ്തുവെന്ന് പറയാൻ കഴിയൂ. മൂർഖന്റെ വിഷം നാഡീവ്യവസ്ഥയെയാണ് ബാധിക്കുക. ഞരമ്പുകൾ ദുർബലമാകുകയും ചെയ്യും.

ഹൃദ്രോഗ വിഭാഗം മേധാവി ഡോ. വി.എൻ. ജയപ്രകാശ്, മെഡിസിൻ വിഭാഗം മേധാവി ഡോ. സംഗമിത്ര, തീവ്രപരിചരണ വിഭാഗം ഡപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ്‌കുമാർ, ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. പി.കെ, ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാവ സുരേഷിനെ ചികിത്സിക്കുന്നത്. സുരേഷിന്റെ സഹോദരൻ സത്യദേവൻ, സഹോദരി ലാലി, സുഹൃത്തുക്കൾ എന്നിവരും ആശുപത്രിയിൽ ഉണ്ട്.

കണ്ണുകൾ തുറന്നിട്ടില്ലെങ്കിലും ചോദ്യങ്ങളോട് തലയാട്ടി പ്രതികരിച്ചു തുടങ്ങി. വെള്ളം വേണോ, ദാഹിക്കുന്നുണ്ടോ എന്ന് ഡോക്ടർ ചോദിക്കുമ്പോൾ വാവ സുരേഷ് തലയാട്ടി പ്രതികരിക്കുന്നുണ്ട്. മൂക്കിൽ ട്യൂബ് ഉണ്ട്. അതുവഴി തരാമെന്ന് ഡോക്ടർ പറ?ഞ്ഞു. വെന്റിലേറ്ററിൽ ആയതുകൊണ്ടാണ് സംസാരിക്കാൻ കഴിയാത്തതെന്നും ഡോക്ടർ വാവ സുരേഷിനോട് പറഞ്ഞു. കരിനാട്ടുകവലയിലെ വീട്ടിൽ കൂട്ടിയിട്ട കരിങ്കല്ലുകൾക്കിടയിൽ ഒരാഴ്ച മുൻപാണ് പാമ്പിനെ കണ്ടത്. അന്ന് വിളിച്ചെങ്കിലും സുരേഷ് അപകടത്തെത്തുടർന്ന് വിശ്രമത്തിലായതിനാൽ എത്താൻ കഴിഞ്ഞില്ല.

തിങ്കളാഴ്ച എത്തിയ സുരേഷ് ആറടിയിലേറെ നീളമുള്ള മൂർഖനെ വാലിൽ തൂക്കിയെടുത്ത ശേഷം ചാക്കിലേക്കു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. ആദ്യം പാമ്പ് ചീറ്റിയെങ്കിലും ഒഴിഞ്ഞുമാറി. എന്നാൽ, രണ്ടാംതവണ കാലിൽ ആഞ്ഞുകൊത്തി. പാമ്പിനെ വിട്ട് സുരേഷ് നിലത്തിരുന്നെങ്കിലും പിന്നീടു പിടികൂടി വലിയ കുപ്പിയിലേക്കു മാറ്റി.

ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ കോട്ടയം അടുക്കാറായപ്പോഴേക്കും സുരേഷിന്റെ ബോധം മറഞ്ഞു. തുടർന്ന് കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തം കട്ടപിടിക്കുന്ന അവസ്ഥ തുടർന്നത് ആശങ്കയുണർത്തി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മന്ത്രി വി.എൻ.വാസവൻ ആശുപത്രിയിൽ എത്തി. വാവ സുരേഷിന് സൗജന്യ ചികിത്സ നൽകുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.