ഗാന്ധിനഗർ: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. വാവ സുരേഷ് നാളെ ആശുപത്രി വിടാനും സാധ്യതയുണ്ട്. സ്വയം ഖരഭക്ഷണം കഴിച്ചുതുടങ്ങുകയും പരസഹായമില്ലാതെ നടക്കുകയും ചെയ്തു. ഇപ്പോൾ ആന്റിബയോട്ടിക്കുകൾ മാത്രമാണ് നൽകുന്നത്. തീവ്രപരിചരണ വിഭാഗത്തിലെ നിരീക്ഷണമുറിയിൽ കഴിയുന്ന വാവ സുരേഷിനെ ഞായറാഴ്ച പേ വാർഡിലേക്ക് മാറ്റും. തിങ്കളാഴ്ച അല്ലെങ്കിൽ ചൊവ്വാഴ്ച ആശുപത്രിയിൽ നിന്നും വാവയെ ഡിസ്ചാർജ്ജ് ചെയ്യും.

വാവ സുരേഷിന് നൽകിയത് 65 കുപ്പി ആന്റി സ്‌നേക് വെനം. പാമ്പു കടിയേറ്റ് എത്തുന്ന ആൾക്ക് കോട്ടയം മെഡിക്കൽ കോളജിൽ ആദ്യമായാണ് ഇത്രയും ആന്റിവെനം നൽകുന്നത്. മൂർഖന്റെ കടിയേറ്റാൽ പരമാവധി 25 കുപ്പിയാണു നൽകാറുള്ളത്. പതിവനുസരിച്ച് നൽകിയിട്ടും സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി കാണാതിരുന്ന സാഹചര്യത്തിലാണ് മെഡിക്കൽ ബോർഡ് ചേർന്ന് കൂടുതൽ ഡോസ് നൽകാൻ തീരുമാനിച്ചത്. ശരീരത്തിൽ പാമ്പിന്റെ വിഷം കൂടുതൽ പ്രവേശിച്ചതു മൂലമാണ് ഇത്രയധികം മരുന്നു നൽകേണ്ടി വന്നതെന്നു ഡോക്ടർമാർ പറഞ്ഞു. ഇത് വിജയമായി മാറി.

ഓർമ്മശക്തിയും സംസാര ശേഷിയും പൂർണമായും വീണ്ടെടുത്തു. ഇന്നലെ രാവിലെ ഇഡ്ഡലിയും ഉച്ചയ്ക്കും രാത്രിയും കഞ്ഞിയും കുടിച്ചു. സ്വയം നടക്കുകയും നന്നായി ഉറങ്ങുകയും ചെയ്തു. കടിയേറ്റ കാലിലെ മുറിവ് ഉണങ്ങാനുള്ള ആന്റിബയോട്ടിക് മാത്രമാണ് ഇപ്പോൾ നൽകുന്നത്. തീവ്രപരിചരണ വിഭാഗത്തിനു സമീപത്തെ മുറിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ് സുരേഷ്. നേരിയ പനി ഒഴിച്ചാൽ കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പറഞ്ഞു. ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്നും തിങ്കളാഴ്ചയോടെ ആശുപത്രി വിടാൻ കഴിഞ്ഞേക്കുമെന്നും ഡോക്ടർ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലെ കരുതലാണ് വാവ സുരേഷിന് തുണയായി മാറിയത്. അതിവഗം ജീവിതത്തിലേക്ക് വാവ മടങ്ങിയെത്തി.

അതിനിടെ ഇനി പാമ്പുകളെ പിടിക്കുന്നത് മുൻകരുതൽ എടുത്ത ശേഷം മാത്രമെന്നു വാവ സുരേഷ് വിശദീകരിച്ചിട്ടുണ്ട്. കരിമൂർഖനാണു കടിച്ചത്. പല തവണ പാമ്പു കടിച്ചിട്ടുണ്ടെങ്കിലും ഇത്തവണ കൂടുതൽ വിഷം കയറിയതായി തോന്നിയിരുന്നു. കണ്ണിന്റെ കാഴ്ച മറയുന്നതും ഓർമയുണ്ട്. ജീവൻ തിരിച്ചുകിട്ടുമോ എന്ന് അപ്പോൾ ഭയം തോന്നിയിരുന്നു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് പറഞ്ഞു. പാമ്പിനെ വളത്തിന്റെ ചാക്കിനുള്ളിലാണ് കയറ്റാൻ നോക്കിയത്. അപ്പോഴാണ് കടിയേറ്റതെന്നും സുരേഷ് പറഞ്ഞു.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മികച്ച ചികിത്സയും പരിചരണവും ആണ് ലഭിച്ചത്. ഇവിടത്തെ ഡോക്ടർമാരുടെ ശ്രമഫലമായിട്ടാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഒട്ടേറെ ആളുകൾ എനിക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്നറിഞ്ഞു. ഈ കടപ്പാട് ഒരിക്കലും തീർക്കാൻ കഴിയില്ല' സുരേഷ് പറഞ്ഞു. മന്ത്രി വി.എൻ. വാസവനും ജോബ് മൈക്കിൾ എംഎൽഎയും ഇന്നലെ ആശുപത്രിയിലെത്തി സുരേഷുമായി സംസാരിച്ചു.

ഇതുവരെ നേരിട്ട് കാണുകയോ സംസാരിക്കുകയോ ചെയ്യാത്ത നിരവധിപ്പേർ പ്രാർത്ഥനയും വഴിപാടുമൊക്കെയായി എനിക്ക് പിന്തുണ നൽകി. സുഖവിവരം തിരക്കി ഒരുപാട് പേർ ഡോക്ടർമാരെയും സുഹൃത്തുക്കളേയും വിളിച്ചു. ഇതിൽപ്പരം ഒരു മനുഷ്യജന്മത്തിന് എന്താണ് വേണ്ടത്. സന്തോഷം കൊണ്ട് ഹൃദയം തുളുമ്പുകയാണ്''- വാവ പറഞ്ഞു. വാവ സുരേഷിന്റെ ജീവൻ രക്ഷിക്കുന്നതിനായി തമിഴ്‌നാട് പൊലീസ് ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തിയിരുന്നു. തെങ്കാശി ജില്ലയിലെ കരിവാലം വണ്ടനല്ലൂർ സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ കാളിരാജൻ, സബ് ഇൻസ്പെക്ടർ രാജഗോപാൽ, പഞ്ചായത്ത് പ്രസിഡന്റ് മാരിയപ്പൻ എന്നിവരുടെ നേതൃത്വത്തിലാണ് സുരേഷിന്റെ ഫോട്ടോ പതിച്ച ബോർഡുമായി ശ്രീ പാൽവണ്ണനാഥർ ക്ഷേത്രത്തിലേക്കു നടന്നെത്തി പൂജകളും വഴിപാടുകളും നടത്തിയത്.

തെങ്കാശി ജില്ലയിലെ കരിവാലം വണ്ടനല്ലൂർ പൊലീസ് സ്റ്റേഷനിലെ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ കാളിരാജൻ, സബ് ഇൻസ്പെക്ടർ രാജഗോപാൽ, വനിത പൊലീസ് ഉദ്യോഗസ്ഥ അൻപു സെൽവി, ലൂർദ് മേരി എന്നിവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ശ്രീപാൽവണ്ണനാഥർ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും നടത്തിയത്. പൊലീസ് സംഘത്തിനോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് മാരിയപ്പൻ, പൊതുപ്രവർത്തകരായ പളനിവേൽ രാജൻ, ഷൺമുഖവേൽ, ഈശ്വരൻ, ശരവണ പെരുമാൾ, വീരരാജൻ, പ്രദേശവാസികളും പൂജയിൽ പങ്കെടുത്തു.

ഹിന്ദു പുരാണത്തിൽ ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട് നാഗങ്ങൾക്ക് വളരെ വലിയ സ്ഥാനമാണ് നൽകുന്നത്. ഇതിനാൽ പാമ്പുകളെ പിടിച്ച് കൊല്ലാതെ സുരക്ഷിതമായ മറ്റൊരു സങ്കേതത്തിൽ തുറന്നുവിടുന്ന വാവ സുരേഷിനെ ആരാധനയോടെയാണ് തമിഴ്‌നാട്ടിലെ ഒരുവിഭാഗം ജനങ്ങൾ കാണുന്നത്. പൂജയോടനുബന്ധിച്ച് ക്ഷേത്രത്തിന് സമീപം വാവ സുരേഷ് രാജവെമ്പാലയുമായി നിൽക്കുന്ന വിവിധ തരത്തിലുള്ള ഫോട്ടോകൾ ചേർത്ത കട്ടൗട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്.

വാവ സുരേഷിന്റെ ഫോട്ടോ പതിച്ച ബോർഡുമായി കരിവാലം വണ്ടനല്ലൂർ പൊലീസിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് എത്തുകയും പൂജകൾ നടത്തുകയുമായിരുന്നു. വാവ സുരേഷ് ജീവിതത്തിലേക്ക് മടങ്ങിവരുന്നെന്ന വാർത്തയിൽ സന്തോഷമുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും പറഞ്ഞു.