കോട്ടയം: ഇനിയും വീടുകളിൽ പാമ്പു കയറിയാൽ പഴയപോലെ തന്നെ പാഞ്ഞെത്തും. ഈ നിയോഗത്തിനായിട്ടാണ് ദൈവം ആയുസ്സ് നീട്ടിത്തന്നതെന്നാണു വിശ്വസിക്കുന്നതെന്നാണ് വാവാ സുരേഷ് കരുതുന്നത് .മൂർഖന്റെ കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന വാവ സുരേഷിനെ ഉടൻ ഡിസ്ചാർജ് ചെയ്‌തേക്കും. ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് ചേർന്ന് ആരോഗ്യനില പരിശോധിച്ച ശേഷമാണു ഡിസ്ചാർജിൽ തീരുമാനം എടുക്കുക.

വാവ സുരേഷിന്റെ ആരോഗ്യം എല്ലാ അർത്ഥത്തിലും മെച്ചമായി. പനി പൂർണമായും മാറി. ആരോഗ്യം മെച്ചപ്പെട്ടു. ചെറിയ ശരീര വേദന ഒഴികെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ല. പാമ്പു കടിച്ച കാലിലെ തുടയുടെ ഭാഗത്ത് മുറിവ് അൽപം കൂടി ഉണങ്ങാനുണ്ട്. ഇതിനുള്ള ആന്റിബയോട്ടിക് മരുന്നു മാത്രമാണ് നിലവിൽ നൽകുന്നത്. നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഉറക്കം ശരിയായ വിധത്തിലുണ്ടെന്നും ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ വാർഡിലേക്ക് മാറ്റാതെ നിരീക്ഷണ മുറിയിൽ നിന്നുതന്നെ സുരേഷിനെ ഡിസ്ചാർജ് ചെയ്യാനാണു ശ്രമിക്കുന്നത്. 10 ദിവസമെങ്കിലും പൂർണവിശ്രമം വേണം.

അപകടത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് വാവ സുരേഷ് കുറിച്ചിയിൽ പാമ്പു പിടിക്കാൻ എത്തിയത്. ആ അപകടമുണ്ടാക്കിയ വേദനയാണ് അശ്രദ്ധയായത്. 'പാമ്പിനെ പിടികൂടി ഉയർത്തിയ ശേഷം ചാക്കിലേക്കു കയറ്റാൻ ശ്രമിക്കുന്നതിനിടെ വാരിയെല്ലിൽ ഒരു മിന്നൽ വേദന. ഒരു നിമിഷം ശ്രദ്ധ മാറി. അതാണു പാമ്പു കടിയേൽക്കാൻ കാരണം.'-വാവ സുരേഷ് പ്രതികരിക്കുകയാണ്. തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവരോടും നന്ദി പറയുകയാണ് വാവ സുരേഷ്.

'വാഹനാപകടത്തിലെ പരുക്കാണു ശ്രദ്ധ തെറ്റിച്ചത്. ആദ്യമായിട്ടാണ് മരണത്തെ ഇത്രയും അടുത്തു കാണുന്നത്. അപകടത്തിൽ വാരിയെല്ലിനു പൊട്ടൽ ഉണ്ടായിരുന്നു. ഇതിന്റെ വേദന നിലനിൽക്കുമ്പോഴാണ് കുറിച്ചിയിൽ പാമ്പിനെ പിടികൂടാൻ വരണമെന്നു ഫോൺകോൾ ലഭിച്ചത്. കഴുത്തിനും വാരിയെല്ലുകൾക്കും നല്ലവേദന ഉണ്ടായിരുന്നു. ശാരീരിക ബുദ്ധിമുട്ട് മാറ്റിവച്ചാണ് കുറിച്ചിയിലേക്ക് വന്നത്-സുരേഷ് പറയുന്നു.

2 തവണ കോവിഡ് വന്നതിന്റെ ശ്വാസംമുട്ടലും ഉണ്ടായിരുന്നു. പാമ്പിന്റെ കടിയേറ്റ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഒരിക്കലും ഉണ്ടാകാത്ത ബുദ്ധിമുട്ടുകളാണ് ഉണ്ടായത്. രക്ഷപ്പെടില്ലെന്ന സംശയം കാർ ഓടിച്ചിരുന്ന അഖിലിനോടും പങ്കുവച്ചിരുന്നു.യാത്രയ്ക്കിടെ ബോധം മറയുന്നത് നല്ലതുപോലെ ഓർക്കുന്നു. പിന്നീട് ഓർമ വന്നത് നാലാം തീയതി ഉണർന്നപ്പോഴാണ്. ഇതിനിടെ സംഭവിച്ചതൊന്നും ഓർമയില്ല. ഒട്ടേറെത്തവണ പാമ്പു കടിച്ചിട്ടുണ്ടെങ്കിലും മരണഭയം ആദ്യമാണ് സുരേഷ് പറഞ്ഞു.

മന്ത്രി വി.എൻ.വാസവൻ അടക്കമുള്ളവരുടെ സഹായങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. സുഹൃത്തും പഞ്ചായത്തംഗവുമായ മഞ്ജിഷ് എപ്പോഴും കൂടെയുണ്ട്. - വാവ സുരേഷ് പറയുന്നു. വാവ സുരേഷുമായി മന്ത്രി വീണാ ജോർജ് ഫോണിൽ സംസാരിച്ചു. തോമസ് ചാഴികാടൻ എംപി, മോൻസ് ജോസഫ് എംഎൽഎ എന്നിവർ ഇന്നലെ വാവ സുരേഷിനെ സന്ദർശിച്ചു. സുരേഷിന് വീട് നിർമ്മിച്ചു നൽകുവാൻ ചെന്നൈയിലെ ഹോട്ടൽ ബിസിനസ് ഗ്രൂപ്പ് മേധാവി സന്നദ്ധത അറിയിച്ചിട്ടുണ്ട്.