തിരുവനന്തപുരം: രാജവെമ്പാലയുടെ കുടുംബ പ്രശ്‌നമായാലും അത് വാവയ്ക്ക് മുന്നിൽ ഒത്തു തീർപ്പാകും. വഴക്കിനിടയിൽ പെൺരാജവെമ്പാലയെ വിഴുങ്ങാനൊരുങ്ങിയ ആൺരാജവെമ്പാലയെ വാവാ സുരേഷ് കസ്റ്റഡിയിൽ എടുത്തു. ഇതോടെ പെൺ രാജ വെമ്പാലയും വാവയ്ക്ക് മുന്നിൽ മുട്ടുമടക്കി. ഇതോടെ പ്രശ്‌നം ഒത്തു തീർപ്പാക്കിയ വാവ സുരേഷ് ഇരുവരെയും തെന്മല കാട്ടിലേക്ക് മടക്കി അയച്ചു.

ഇന്നലെ തെന്മല ഇടമണ്ണിലാണ് രാജവെമ്പാല ഫാമിലിയുടെ കുടുംബ പ്രശ്‌നം കടിപിടിയുമായി മുന്നേറിയത്. ഇടയിൽ പെൺ രാജവെമ്പാലയെ വിഴുങ്ങാനും ആൺ രാജവെമ്പാല ശ്രമിച്ചു. ഇതോടെ നാട്ടുകാരും വീട്ടുകാരും ഭയചകിതരായി. അതോടെ തെന്മല ഉറുകുന്ന് ഫോറസ്റ്റർ അറിയിച്ചതിനെ തുടർന്ന് വാവാ സുരേഷും സംഭവ സ്ഥലത്തെത്തി.

ചൊവ്വാഴ്ച രാത്രി ഇടമൺ 34-ൽ സുബിൻ ഭവൻ സുന്ദരേശന്റെ വീട്ടുമുറ്റത്തു നിന്നാണ് വാവ സുരേഷ് ആൺ, പെൺ രാജവെമ്പാലകളെ പിടികൂടിയത്. ഇരുവരുടെയും കടിപിടി വിഴുങ്ങാനുള്ള ശ്രമത്തിലെത്തിയതോടെ രംഗം വഷളായി. പെൺരാജവെമ്പാല സുന്ദരേശൻ വീടു നിർമ്മാണത്തിനായി ഇറക്കിയിട്ടിരുന്ന പാറക്കൂട്ടത്തിൽ കയറി. പുറകെ എത്തിയ ആൺ രാജവെമ്പാല വിഴുങ്ങാൻ ശ്രമിച്ചു. പാമ്പിന്റെ ചീറ്റൽ കേട്ട് വീട്ടുകാരെത്തിയപ്പോഴേക്കും കടിച്ചുവച്ചിരുന്ന പെൺപാമ്പിനെ വിട്ട് ആൺപാമ്പ് പാറയ്ക്കടിയിലേക്ക് കയറി. പെൺപാമ്പ് തടിക്കടിയിലേക്കും. തുടർന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്.

എട്ട് വയസ് തോന്നിക്കുന്ന 14 അടി നീളമുള്ള ആൺ രാജവെമ്പാലയെയും മൂന്ന് വയസുള്ള പെൺ രാജവെമ്പാലയെയും വാവ കൈപ്പിടിയിലാക്കി. ആൺ രാജവെമ്പാല രണ്ടു തവണ കടിക്കാൻ ശ്രമിച്ചെങ്കിലും വാവ കടിയേൽക്കാതെ രക്ഷപ്പെട്ടു. 

തന്റെ പിടിയിലാവുന്ന 120-ാമത്തെയും 121- ാമത്തെയും രാജവെമ്പാലകളാണിതെന്ന് വാവ സുരേഷ് അറിയിച്ചു. മൂർഖനടക്കമുള്ള വിഷസർപ്പങ്ങളെ രാജവെമ്പാല വിഴുങ്ങുന്നത് പുതുമയല്ല. എന്നാൽ, ഒരു രാജവെമ്പാല മറ്റൊരു രാജവെമ്പാലയെ വിഴുങ്ങുന്നത് അത്യപൂർവമാണ്.