തിരുവനന്തപുരം: മരണത്തെ മുഖാമുഖം കണ്ട് തിരിച്ചു വന്ന വാവ സുരേഷ് വീണ്ടും പാമ്പു പിടുത്തവുമായി സജീവമായിട്ടുണ്ട്. ഇപ്പോൾ സുരക്ഷാ മുൻകരുതലോടെയാണ് വാവ പാമ്പു പിടിക്കുന്നത്. എന്നാൽ, അത് പോരെന്നാണ് ചിലരുടെ അഭിപ്രായം. അതുകൊണ്ട് തന്നെ വാവയുടെ പാമ്പു പിടുത്ത ശൈലിയിൽ വിമർശനവും ഉയരുന്നുണ്ട്. ഇതിനിടെയാണ് വനം വകുപ്പിനെതിരെ വീണ്ടും ആരോപണവുമായി വാവ രംഗത്തു വന്നത്.

തന്നെ പാമ്പുപിടിക്കാൻ ചില വനം വകുപ്പ് ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലെന്ന് വാവ സുരേഷിന്റെ പരാതി. തന്നെ പാമ്പുപിടിക്കാൻ വിളിക്കുന്നവരെ ചില ഉദ്യോഗസ്ഥർ നേരിട്ട് വിളിച്ച് തടസപ്പെടുത്തിയതായും വാവ പരാതിപെടുന്നു. ഒരു ചാനലിനോടാണ് വാവയുടെ പ്രതികരണം.

'ഞങ്ങൾ ഒന്നും പറയുന്നില്ല, ഒന്നും മിണ്ടുന്നില്ലെന്നാണ് പറയുന്നത്. പക്ഷേ എന്നെ പാമ്പുപിടിക്കാൻ വിളിക്കുന്നവരെ ഉദ്യോഗസ്ഥർ വിൽക്കുന്നുണ്ട്. എന്നോട് ആരും നേരിട്ട് ഒന്നും പറയുന്നില്ല. എന്നെ വിളിക്കരുതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. വനം വകുപ്പ് മന്ത്രിക്കും ഞാൻ പാമ്പുപിടിക്കുന്നതിൽ പ്രശ്നമില്ല. മന്ത്രിക്കും മുകളിലാണോ ഉദ്യോഗസ്ഥർ ?'- വാവ സുരേഷ് പറയുന്നു.

വിഷയത്തിൽ വനംമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിച്ചിട്ടുണ്ടെന്ന് വാവ സുരേഷ് പറയുന്നു. എല്ലാ വനംവകുപ്പ് ഉദ്യോഗസ്ഥർക്കും പ്രശ്നമില്ല, ഒന്നോ രണ്ടോ പേർക്ക് മാത്രമാണ് പ്രശ്നമെന്നും വാവ സുരേഷ് പറഞ്ഞു. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഒരു കിങ് കോബ്രയെ ഉൾപ്പെടെ 50 ഓളം പാമ്പുകളെ പിടികൂടിയെന്നും വാവ സുരേഷ് പറഞ്ഞു.

അതേസമയം അപകട ശേഷവും പ്രത്യേക സുരക്ഷാ മുൻകരുതലുകൾ ഒന്നുമില്ലാതെയാണ് പാമ്പുപിടിക്കുന്നതെന്ന് വാവ സുരേഷ് പറഞ്ഞു. 'അപകടം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. മുൻകരുതലൊന്നും സ്വീകരിച്ചിട്ട് കാര്യമില്ല. സൂക്ഷിച്ച് തന്നെയാണ് കാര്യങ്ങൾ ചെയ്യുന്നത്'- വാവ സുരേഷ് പ്രതികരിച്ചു.

ചിലരൊന്നും എത്ര കിട്ടിയാലും പഠിക്കില്ല; വാവക്കെതിരെ വിമർശനം

അതേസമയം വാവ സുരേഷനെതിരെ വിമർശനവും സജീവമാണ്. ചികിത്സയിൽ കഴിഞ്ഞ് തിരികെയെത്തിയ ശേഷവും പഴയ, സുരക്ഷിതമല്ലാത്ത രീതിയിൽ തന്നെയാണ് വാവ സുരേഷ് പാമ്പുപിടിക്കുന്നതിന് പിന്നാലെയാണ് സുരേഷിനെതിരെ വിമർശനമുയരുന്നത്. പാമ്പ് കടിക്കാനുള്ള സാഹചര്യം വാവ സുരേഷ് തന്നെ വീണ്ടും ഒരുക്കിക്കൊടുക്കുകയാണെന്നും, ഇനിയും ഇയാൾ എന്തുകൊണ്ട് സുരക്ഷാ മുൻകരുതൽ ഒന്നും സ്വീകരിക്കുന്നില്ലെന്നുമാണ് വിമർശനം.

ആരോഗ്യരംഗത്ത് ശ്രദ്ധേയമായ ഇടപെടുകൾ നടത്തുന്ന ഇൻഫോ പാർക്ക് അഡ്‌മിൻ ജിനേഷ് പി.എസ് ഇതുസംബന്ധിച്ച് പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായ ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട്. 'സുരേഷ് വീണ്ടും ഷോ തുടങ്ങിയിട്ടുണ്ട്. സംഗതി പഴയ പരിപാടി തന്നെ. ഒരു സാധാ പ്ലാസ്റ്റിക് ചാക്ക് മാത്രം വെച്ചുള്ള കോപ്രായം. ഇമ്മാതിരി ഷോ കാണിച്ചാൽ എപ്പോൾ വേണമെങ്കിലും പാമ്പിന്റെ കടിയേൽക്കാം എന്ന് ആ വീഡിയോ കാണുന്ന ആർക്കും മനസിലാവും. സുരേഷിനോട് ഇനി ഒന്നും പറയാനില്ല, കാരണം എത്ര പറഞ്ഞിട്ടും കാര്യമില്ല.

ചിലർ മറ്റുള്ളവർ പറയുന്നത് കേട്ട് പഠിക്കും. ചിലർ ഒരു തവണത്തെ അനുഭവം കൊണ്ട് പഠിക്കും. ചിലർ രണ്ടോ മൂന്നോ തവണ ദുരനുഭവം ഉണ്ടാകുമ്പോൾ പഠിക്കും. ചിലർ എത്ര അനുഭവം ഉണ്ടായാലും പഠിക്കില്ല. അത്തരക്കാരോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല,' ജിനേഷ് പോസ്റ്റിൽ കുറിക്കുന്നു.

ഓരോ തവണ കടിയേറ്റ് ഗുരുതരാവസ്ഥയിൽ കിടക്കുമ്പോൾ എണ്ണയിട്ട യന്ത്രം പോലെ ചലിക്കുന്ന ആരോഗ്യസംവിധാനങ്ങൾ നാട്ടിലുള്ളതുകൊണ്ടുമാത്രമാണ് സുരേഷിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്ന് പറഞ്ഞ ജിനേഷ് മന്ത്രിയടക്കമുള്ളവർ വാവ സുരേഷിനെ ഇത്തരം പ്രവർത്തികളിൽ നിന്നും പിന്തിരിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇത്ര അപകടകരമായ ഷോ കാണിക്കുമ്പോൾ പോലും ചുറ്റും കൂടി നിന്ന് കയ്യടിച്ച ഫാനരന്മാരാണ് സുരേഷിനെ ഈ അവസ്ഥയിൽ എത്തിച്ചതെന്നും, ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളും മറ്റും ഇതിനെ അവഗണിച്ചുകൂടാ എന്നും അദ്ദേഹം കുറിപ്പിൽ കൂട്ടിച്ചേർക്കുന്നു.

ജിനേഷ് പി.എസ്സിന്റെ കുറിപ്പിന്റെ പൂർണരൂപം:

സുരേഷ് വീണ്ടും ഷോ തുടങ്ങിയിട്ടുണ്ട്. സംഗതി പഴയ പരിപാടി തന്നെ. ഒരു സാധാ പ്ലാസ്റ്റിക് ചാക്ക് മാത്രം വെച്ചുള്ള കോപ്രായം. ഇമ്മാതിരി ഷോ കാണിച്ചാൽ എപ്പോൾ വേണമെങ്കിലും പാമ്പിന്റെ കടിയേൽക്കാം എന്ന് ആ വീഡിയോ കാണുന്ന ആർക്കും മനസിലാവും. സുരേഷിനോട് ഇനി ഒന്നും പറയാനില്ല, കാരണം എത്ര പറഞ്ഞിട്ടും കാര്യമില്ല.

ചിലർ മറ്റുള്ളവർ പറയുന്നത് കേട്ട് പഠിക്കും. ചിലർ ഒരു തവണത്തെ അനുഭവം കൊണ്ട് പഠിക്കും. ചിലർ രണ്ടോ മൂന്നോ തവണ ദുരനുഭവം ഉണ്ടാകുമ്പോൾ പഠിക്കും. ചിലർ എത്ര അനുഭവം ഉണ്ടായാലും പഠിക്കില്ല. അത്തരക്കാരോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. പക്ഷേ ഓരോ തവണയും കടിയേറ്റ് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ആരോഗ്യസംവിധാനങ്ങൾ ഇവിടെയുള്ളതിനാൽ ജീവൻ രക്ഷപ്പെടുന്നുണ്ട്. ഇതും പുള്ളിയോട് പറയുന്നതല്ല. അങ്ങനെയുള്ള അവസരങ്ങളിൽ ഒക്കെ ഓടിയെത്തുന്ന മന്ത്രിമാരും മറ്റ് പ്രധാന ഉദ്യോഗസ്ഥരും അറിയാൻ വേണ്ടി മാത്രം ഇവിടെ പറയുന്നതാണ്.

ഇത്തരം കോപ്രായം കാണിക്കുന്നതും നിങ്ങൾ അറിയേണ്ടതുണ്ട്. ആശുപത്രി കിടക്കയിൽ വച്ച് സുരക്ഷിതമായ രീതിയിൽ മാത്രമേ പാമ്പുകളെ റെസ്‌ക്യൂ ചെയ്യൂ എന്ന് സുരേഷ് പറഞ്ഞത് കേരളത്തിലെ ഒരു മന്ത്രിയോടാണ്, മന്ത്രി വി.എൻ. വാസവനോട്. അദ്ദേഹം മാത്രമല്ല, പല ജനപ്രതിനിധികളും ഉന്നത സ്ഥാനീയരും ആശുപത്രിയിൽ വന്ന് സുരേഷിനെ സന്ദർശിച്ചിരുന്നു. ഇപ്പോൾ കാണിക്കുന്ന ഷോ അത്തരക്കാർ കൂടി അറിയേണ്ടതുണ്ട്.

നിങ്ങൾക്ക് സാധിക്കുമെങ്കിൽ, സുരേഷ് എന്ന വ്യക്തിയുടെ ജീവന് വിലയുണ്ട് എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, അദ്ദേഹത്തെ ഇത്തരം പ്രവർത്തികളിൽ നിന്ന് പിന്തിരിപ്പിക്കണം. ഇത്ര അപകടകരമായ ഷോ കാണിക്കുമ്പോൾ പോലും ചുറ്റും കൂടി നിന്ന് കയ്യടിച്ച ഫാനരന്മാരാണ് സുരേഷിനെ ഈ അവസ്ഥയിൽ എത്തിച്ചത്. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളും മറ്റും അങ്ങനെ കയ്യടിച്ചു കൂടാ, അല്ലെങ്കിൽ അവഗണിച്ചുകൂടാ. ഇനിയുമൊരു പാമ്പുകടിയേറ്റ് ആശുപത്രിയിൽ കിടക്കുമ്പോൾ ജീവൻ രക്ഷപ്പെടണം എന്ന് മാത്രമേ പറയാനാവൂ, ആഗ്രഹിക്കാവൂ. അതുകൊണ്ടാണ് ഇപ്പോൾ പറയുന്നത്. മനുഷ്യ ജീവന് വില കൽപ്പിക്കുന്നു എങ്കിൽ ഇത്തരം ഷോകൾ അവസാനിപ്പിക്കാനായി ഇടപെടണം.