- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഓക്സിജൻ ലെവൽ അപകടകരമായി കുറഞ്ഞപ്പോൾ വെന്റിലെറ്റ് ചെയ്യണോ എന്ന് വരെ ആലോചിച്ചു; ശാരീരിക അവസ്ഥ വളരെ മോശമായ നിലയിൽ; രക്ഷപ്പെടുമോ എന്ന് വാവയ്ക്ക് സംശയമായിരുന്നു'; കോവിഡ് തീർത്ത മരണത്തിന്റെ ചക്രവ്യൂഹം ഭേദിച്ച് ജീവിതത്തിലേക്കുള്ള വാവാ സുരേഷിന്റെ തിരിച്ചുവരവിനെക്കുറിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ട്
തിരുവനന്തപുരം: മരണത്തിന്റെ ചക്രവ്യൂഹം ഭേദിച്ച് പലതവണ ജീവിതത്തിലേക്ക് കരുത്തോടെ തിരിച്ചെത്തിയ വാവാ സുരേഷ് കോവിഡ് ഉയർത്തിയ കടുത്ത ഭീഷണിയെ അതിജീവിച്ചത് മനോധൈര്യംകൊണ്ട്. കഴിഞ്ഞ 18 ദിവസമായി കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്നു വാവ.ഇപ്പോൾ കോവിഡിനെയും തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ് വാവാ സുരേഷ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർവ സൗകര്യങ്ങളും ഉപയോഗിച്ച് വാവ സുരേഷിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരുകയായിരുന്നുവെന്ന് മെഡിക്കൽ കോളേജ് സുപ്രണ്ട് ഡോക്ടർ ഷർമ്മദ് തുറന്നുപറയുന്നു. ഓക്സിജൻ ലെവൽ അപകടകരമായി കുറഞ്ഞപ്പോൾ വാവയെ വെന്റിലെറ്റ് ചെയ്യണോ എന്ന് വരെ ആലോചന നടന്നതായും ഡോക്ടർ പറയുന്നു.
'ശാരീരിക അവസ്ഥ വളരെ മോശമായ നിലയിലായിരുന്നു. കോവിഡ് ഐസിയുവിൽ തന്നെ വാവ കറക്റ്റ് ആയി വന്നു. ഞങ്ങൾ അലർട്ട് ആയിരുന്നു. വാവയുടെ മെഡിക്കൽ വ്യതിയാനങ്ങൾ ഇടവിട്ട് ഞങ്ങളുടെ മെഡിക്കൽ ബോർഡ് പരിശോധിച്ചുകൊണ്ടിരുന്നു. നേരിൽ കാണാൻ കഴിയുന്ന സമയത്ത് മറ്റു രോഗികളെ കാണാൻ എത്തിയപ്പോൾ വാവയെയും എപ്പോഴും ഞാൻ നേരിൽ പോയി കണ്ടു. രക്ഷപ്പെടുമോ എന്ന് വാവയ്ക്ക് സംശയമായിരുന്നു. ഞങ്ങൾ എപ്പോഴും എത്തി എനർജിയും ആത്മവിശ്വാസവും വാവയ്ക്ക് പകർന്നു നൽകി. ജീവിതത്തിലേക്ക് വാവയെ തിരികെ കൊണ്ടുവരാൻ തന്നെ കഴിഞ്ഞു'-ഡോക്ടർ ഷർമ്മദ് പറയുന്നു.
കൊടിയ വിഷത്തെപ്പോലും വൈദ്യശാസ്ത്രത്തിന്റെ പിൻബലത്തോടെ മനോധൈര്യം കൊണ്ട് വിജയിച്ചു കയറിയ വാവാ സുരേഷ് ഇപ്പോഴിത സമാനതിതിയിലുള്ള മറ്റൊരു അതിജീവനമാണ് മനോധൈര്യം കൊണ്ട് നേടിയതെന്നും ഡോക്ടർമാർ പറയുന്നു.
കഴിഞ്ഞ മാസം ഇരുപത്തി എട്ടിന് വന്ന കോവിഡ് ബാധയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജ് ഐസിയു നൽകിയ ചികിത്സ തന്നെയാണ് വാവ സുരേഷിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത്. ചുമ, ശ്വാസം മുട്ടൽ, ശരീര വേദന തുടങ്ങിയ കൊവിഡിന്റെ ലക്ഷണങ്ങൾ മുഴുവൻ വാവയ്ക്ക് ഉണ്ടായിരുന്നുു. ഓക്സിജൻ ലെവൽ വളരെ താഴ്ന്ന അവസ്ഥ വന്നപ്പോഴാണ് വാവയെ വാർഡിൽ നിന്നും ഐസിയുവിലേക്ക് മാറ്റിയത്. ഇപ്പോൾ സുഖം പ്രാപിച്ചുവെങ്കിലും വാവ ഇതുവരെ മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ആയിട്ടില്ല.
കഴിഞ്ഞ മാസം അവസാനം സ്വകാര്യ ചാനലിനു വേണ്ടി തിരുവനന്തപുരം മൃഗശാലയിൽ കയറി പാമ്പുകളുടെ ദൃശ്യങ്ങൾ എടുത്തപ്പോഴാണ് കോവിഡ് ബാധിച്ചത്. ഷൂട്ട് കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ തന്നെ അസ്വസ്ഥതകൾ വന്നു.സൂവിൽ നിന്ന് കോവിഡ് ബാധിച്ച് പനി വന്നപ്പോൾ ലെൻസിന്റെ ഇൻഫെക്ഷൻ ആണെന്നാണ് കരുതിയത്. പക്ഷെ ടെസ്റ്റ് ചെയ്തപ്പോൾ കോവിഡ് പോസിറ്റീവ്. എന്റെ ക്യാമറ ചെയ്തയാൾക്കും കോവിഡ് പോസിറ്റീവ്. മൃഗശാലയിൽ ചിലർക്ക് കോവിഡ് വന്നത് അറിഞ്ഞിരുന്നില്ല.
ടെസ്റ്റിൽ പോസിറ്റീവ് ആയതോടെ മെഡിക്കൽ കോളേജ് സുപ്രണ്ട് ഡോക്ടർ ഷർമ്മദിനെ വിളിച്ചു. അഡ്മിറ്റ് ആകാൻ ഡോക്ടർ പറഞ്ഞു. നേരെ മെഡിക്കൽ കോളെജിലേക്ക്. ആദ്യം വാർഡിൽ. ജീവിതവും മരണവും മാറി കണ്ട നാല് ദിവസങ്ങൾ ഐസിയുവിൽ.മെഡിക്കൽ കോളേജിലെ മരണ നിരക്ക കൂടിയ സമയത്താണ് വാവ ഐസിയുവിൽ എത്തിയത്. ജീവിതങ്ങൾ പൊടുന്നനെ കൺമുന്നിൽ അവസാനിക്കുന്നത് കണ്ട് അമ്പരന്നു നിന്നുപോയി.
ഓക്സിജൻ നൽകിക്കൊണ്ടിരിക്കെ തന്നെ തൊട്ടടുത്ത ബെഡുകളിൽ നിന്ന് ജീവിതങ്ങൾ കൊഴിഞ്ഞു പോയിക്കൊണ്ടേയിരുന്നു. വലിയ കുഴപ്പമില്ലാത്ത അവസ്ഥ എന്ന് തോന്നിപ്പിച്ചിരുന്ന പലർക്കും പൊടുന്നനെ രക്തത്തിൽ നിന്ന് ഓക്സിജന്റെ അളവ് കുറയുകയും മരണത്തിലേക്ക് വലിച്ചെറിയപ്പെട്ട അവസ്ഥ നേരിടുകയും ചെയ്തു.വലുപ്പ ചെറുപ്പങ്ങളോ പ്രായഭേദങ്ങളോ ഒന്നും കോവിഡ് മരണങ്ങൾക്ക് ബാധകമല്ലെന്ന് താൻ അവിശ്വസനീയതയോടെ നോക്കിക്കണ്ടു. കോവിഡ് ജീവിതങ്ങൾ തല്ലിക്കൊഴിച്ചുകൊണ്ടിരിക്കുന്നത് നിത്യേന ദൃശ്യമായി. തനിക്കും നാല് ദിവസം ഓക്സിജൻ ശ്വസിച്ച് ഐസിയുവിൽ കഴിയേണ്ടി വന്നു.
ഇത് രണ്ടാം തവണയാണ് ഡോക്ടർ ഷർമാദിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം വാവയെ മരണവക്ത്രത്തിൽ നിന്നും രക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പത്തനാപുരത്തു വച്ചാണ് വാവ സുരേഷിനു പാമ്പുകടിയേറ്റത്. പത്തനാപുരത്തിനു അടുത്ത് വച്ച് അണലിയെ പിടികൂടി പുറത്ത് എടുക്കുന്ന സമയത്തു അപ്രതീക്ഷിതമായ കൊത്ത് കിട്ടുകയും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആരോഗ്യനില വഷളായപ്പോൾ ദിവസങ്ങളോളം മെഡിക്കൽ ഐസിയുവിലായിരുന്നു വാവ. രാവും പകലും പരിചരിച്ചാണ് ഗുരുതരാവസ്ഥയിൽ തുടർന്ന വാവയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത്. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ ഓഫീസിൽ നിന്ന് വരെ വാവയുടെ കാര്യത്തിൽ മോണിറ്ററിങ് നിലനിന്നിരുന്നു. വാവയുടെ ജീവൻ രക്ഷിച്ച ഡോക്ടർ ഷർമാദിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമിനെ ആരോഗ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തിരുന്നു.
അതിനു ശേഷം ഒരു വര്ഷം കഴിഞ്ഞപ്പോൾ ഇതേ ഡോക്ടറുടെ ടീമിന് മുന്നിൽ വാവ ഒരിക്കൽ കൂടി എത്തി. അതും കോവിഡ് ബാധിച്ച് സ്ഥിതി അത്യന്തം മോശമായ അവസ്ഥയിൽ. രക്തത്തിലെ ഓക്സിജന്റെ അളവ് ഗണ്യമായി കുറഞ്ഞ അവസ്ഥയിൽ മരണവക്ത്രത്തിൽ നിന്നും രാവും പകലും മോണിട്ടർ ചെയ്ത് മെഡിക്കൽ ടീം ഇക്കുറിയും വാവയുടെ ജീവൻ രക്ഷിക്കുക തന്നെയാണ് ചെയ്തത്. വാവയുടെ ശാരീരിക അവസ്ഥ മോശമായപ്പോൾ മാനസിക അവസ്ഥകൂടി തകർന്നിരുന്നു. ചുറ്റും മരണം വിളയാട്ടം നടത്തുമ്പോൾ ഡോക്ടർ ഷർമ്മദിന്റെ നേതൃത്വത്തിലുള്ള ടീം നൽകിയ പരിചരണവും പകർന്നു നൽകിയ ആത്മധൈര്യത്തിന്റെ ബലത്തിലുമാണ് വാവ ഇക്കുറി ജീവിതത്തിലേക്ക് തിരികെ എത്തിയത്. കോവിഡ് ഐസിയു അടക്കമുള്ള പതിനെട്ടു ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം ഒരിക്കൽ കൂടി മനസുകൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളെജിനു നന്ദി പറയുകയാണ് വാവ സുരേഷ്.
വലുപ്പ ചെറുപ്പങ്ങളോ പ്രായഭേദങ്ങളോ ഒന്നും കോവിഡ് മരണങ്ങൾക്ക് ബാധകമല്ലെന്ന് ഞാൻ കണ്ണുകൊണ്ട് അവിശ്വസനീയതയോടെ നോക്കിക്കണ്ടു. കോവിഡ് ജീവിതങ്ങൾ തല്ലിക്കൊഴിച്ചുകൊണ്ടിരിക്കുന്നത് നിത്യേന ദൃശ്യമായി. നാല് ദിവസം ഓക്സിജൻ ശ്വസിച്ച് ഐസിയുവിൽ കഴിയേണ്ടി വന്നു. ഇപ്പോൾ തിരികെ ജീവിതത്തിലേക്ക് വീണ്ടും... വാവ പറയുന്നു. .
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ രോഗികളെ മരണത്തിലേക്ക് എറിഞ്ഞു കൊടുക്കുന്നു എന്ന ആരോപണങ്ങൾ മുഴുവൻ വാവ തന്റെ അനുഭവം കൊണ്ട് തള്ളിക്കളയുന്നു. ജീവിതത്തിൽ ആർക്കും ഒരിക്കലും ലഭിക്കാത്ത കരുതലും ചികിത്സയുമാണ് മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്നും ലഭിക്കുന്നത്. ഒരു വിധത്തിലും രക്ഷപ്പെടുത്താൻ കഴിയാത്തവർ മാത്രമാണ് മരണത്തിലേക്ക് ഊർന്നു വീഴുന്നത്. എല്ലാം ഞാൻ നേരിൽക്കണ്ടതാണ്.
മെഡിക്കൽ കോളേജിലെ ഡോക്ടർമാരെയും നഴ്സുമാരെയും മറ്റു ആരോഗ്യ പ്രവർത്തകരെയും സമ്മതിക്കുന്നു. അവർ അനുഭവിക്കുന്ന ദുരിതങ്ങൾ ഞാൻ നേരിൽ കണ്ടതാണ്. ഏറ്റവും മികച്ച ചികിത്സയാണ് മെഡിക്കൽ കോളേജ് കോവിഡ് ഐസിയു നൽകുന്നത്.വീട്ടിൽ ഇരുന്നു ചികിത്സ ചെയ്ത് ക്രിട്ടിക്കലായാണ് പല രോഗികളും എത്തിയത്. അവരെ രക്ഷിക്കാൻ പഠിച്ച പണി പതിനെട്ടും മെഡിക്കൽ കോളേജ് നോക്കിയിട്ടുണ്ട്.
നില മോശം എന്ന് കണ്ടാൽ കഴിവതും ആശുപത്രിയിൽ എത്തിയേ തീരൂ. വീട്ടിൽ ഇരുന്നുള്ള ചികിത്സയെ കുറിച്ച് തന്നെ എനിക്ക് സംശയം തോന്നുന്നു. ആശുപത്രി തന്നെയാണ് അഭികാമ്യം. ഞാൻ ജീവിതത്തിലേക്ക് തിരികെ വന്നത് തന്നെ മെഡിക്കൽ കോളേജ് ഐസിയു ചികിത്സകൊണ്ടുമാത്രമാണെന്നും വാവ സുരേഷ് സാക്ഷ്യപ്പെടുത്തുന്നു.
മെഡിക്കൽ കോളേജിലെ ഡോക്ടർമാരെയും നഴ്സുമാരെയും മറ്റു ആരോഗ്യ പ്രവർത്തകരെയും സമ്മതിക്കുന്നു. അവർ അനുഭവിക്കുന്ന ദുരിതങ്ങൾ ഞാൻ നേരിൽ കണ്ടതാണ്. ഏറ്റവും മികച്ച ചികിത്സയാണ് മെഡിക്കൽ കോളേജ് കോവിഡ് ഐസിയു നൽകുന്നത്.വാവ പറയുന്നു.
ന്യൂസ് ഡെസ്ക്