തിരുവനന്തപുരം: പാമ്പുകടിയേറ്റ് ഗുരതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. ഇന്ന് രാവിലെയാണ് വാവ ചികിത്സ പൂർത്തിയാക്കി മടങ്ങിയത്.രാവിലെ മെഡിക്കൽ ബോർഡ് ചേർന്നു ആരോഗ്യനില പരിശോധിച്ച ശേഷമാണു ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. മന്ത്രി വി.എൻ.വാസവൻ ഉൾപ്പെടെ എത്തിയാണ് വാവ സുരേഷിനെ വീട്ടിലേക്ക് യാത്രയാക്കിയത്. തനിക്കിത് രണ്ടാം ജന്മമാണെന്നു വാവ സുരേഷ് പറഞ്ഞു.

തന്റെ രണ്ടാം ജന്മമാണിത്. കൃത്യസമയത്ത് ചികിത്സ കിട്ടിയത് തുണയായെന്നും വാവ സുരേഷ് പറഞ്ഞു. പാമ്പുപിടുത്തം തുടരാൻ തന്നെയാണ് തീരുമാനം. തനിക്കെതിരെ ചിലർ ഗൂഢാലോചന നടത്തി. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പലരോടും പാമ്പിനെ പിടിക്കാൻ എന്നെ വിളിക്കരുതെന്ന് പറയുന്നുണ്ട്. ഏത് രീതിയിൽ പാമ്പിനെ പിടിച്ചാലും അപകട സാധ്യതയുണ്ട്. മരണംവരെ പാമ്പുപിടുത്തത്തിൽ നിന്ന് പിന്മാറില്ലെന്നും വാവാ സുരേഷ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്ന പനി പൂർണമായും മാറി. ആരോഗ്യം മെച്ചപ്പെട്ടു. ചെറിയ ശരീര വേദന ഒഴികെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നാണ് സുരേഷ് പറയുന്നത്. പാമ്പു കടിച്ച കാലിലെ തുടയുടെ ഭാഗത്ത് മുറിവ് അൽപം കൂടി ഉണങ്ങാനുണ്ട്. ഇതിനുള്ള ആന്റിബയോട്ടിക് മരുന്നു മാത്രമാണ് നിലവിൽ നൽകുന്നത്. നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഉറക്കം ശരിയായ വിധത്തിലുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാറും ഡപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാറും പറഞ്ഞു. 10 ദിവസമെങ്കിലും പൂർണവിശ്രമം വേണം.

നിവരധി പേരാണ് വാവാ സുരേഷിനെ കാണാനായി ആശുപത്രിയിൽ തടിച്ചുകൂടിയത്. അണുബാധയ്ക്ക് സാധ്യതയുള്ളതിനാൽ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദർശകരെ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. പാമ്പ് കടിയേറ്റിടത്തെ മുറിവ് ഉണങ്ങിവരുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയം കുറിച്ചി നീലംപേരൂരിൽ വച്ച് വാവ സുരേഷിന് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. ഗുരുതരാവസ്ഥയിൽ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

അപകടത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് വാവ സുരേഷ് കുറിച്ചിയിൽ പാമ്പു പിടിക്കാൻ എത്തിയത്. ആ അപകടമുണ്ടാക്കിയ വേദനയാണ് അശ്രദ്ധയായത്. 'പാമ്പിനെ പിടികൂടി ഉയർത്തിയ ശേഷം ചാക്കിലേക്കു കയറ്റാൻ ശ്രമിക്കുന്നതിനിടെ വാരിയെല്ലിൽ ഒരു മിന്നൽ വേദന. ഒരു നിമിഷം ശ്രദ്ധ മാറി. അതാണു പാമ്പു കടിയേൽക്കാൻ കാരണം.'-വാവ സുരേഷ് പ്രതികരിക്കുകയാണ്. തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവരോടും നന്ദി പറയുകയാണ് വാവ സുരേഷ്.

'വാഹനാപകടത്തിലെ പരുക്കാണു ശ്രദ്ധ തെറ്റിച്ചത്. ആദ്യമായിട്ടാണ് മരണത്തെ ഇത്രയും അടുത്തു കാണുന്നത്. അപകടത്തിൽ വാരിയെല്ലിനു പൊട്ടൽ ഉണ്ടായിരുന്നു. ഇതിന്റെ വേദന നിലനിൽക്കുമ്പോഴാണ് കുറിച്ചിയിൽ പാമ്പിനെ പിടികൂടാൻ വരണമെന്നു ഫോൺകോൾ ലഭിച്ചത്. കഴുത്തിനും വാരിയെല്ലുകൾക്കും നല്ലവേദന ഉണ്ടായിരുന്നു. ശാരീരിക ബുദ്ധിമുട്ട് മാറ്റിവച്ചാണ് കുറിച്ചിയിലേക്ക് വന്നത്-സുരേഷ് പറയുന്നു.

2 തവണ കോവിഡ് വന്നതിന്റെ ശ്വാസംമുട്ടലും ഉണ്ടായിരുന്നു. പാമ്പിന്റെ കടിയേറ്റ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഒരിക്കലും ഉണ്ടാകാത്ത ബുദ്ധിമുട്ടുകളാണ് ഉണ്ടായത്. രക്ഷപ്പെടില്ലെന്ന സംശയം കാർ ഓടിച്ചിരുന്ന അഖിലിനോടും പങ്കുവച്ചിരുന്നു.യാത്രയ്ക്കിടെ ബോധം മറയുന്നത് നല്ലതുപോലെ ഓർക്കുന്നു. പിന്നീട് ഓർമ വന്നത് നാലാം തീയതി ഉണർന്നപ്പോഴാണ്. ഇതിനിടെ സംഭവിച്ചതൊന്നും ഓർമയില്ല. ഒട്ടേറെത്തവണ പാമ്പു കടിച്ചിട്ടുണ്ടെങ്കിലും മരണഭയം ആദ്യമാണ് സുരേഷ് പറഞ്ഞു.

മന്ത്രി വി.എൻ.വാസവൻ അടക്കമുള്ളവരുടെ സഹായങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. സുഹൃത്തും പഞ്ചായത്തംഗവുമായ മഞ്ജിഷ് എപ്പോഴും കൂടെയുണ്ട്. - വാവ സുരേഷ് പറയുന്നു. വാവ സുരേഷുമായി മന്ത്രി വീണാ ജോർജ് ഫോണിൽ സംസാരിച്ചു. തോമസ് ചാഴികാടൻ എംപി, മോൻസ് ജോസഫ് എംഎൽഎ എന്നിവർ ഇന്നലെ വാവ സുരേഷിനെ സന്ദർശിച്ചു. സുരേഷിന് വീട് നിർമ്മിച്ചു നൽകുവാൻ ചെന്നൈയിലെ ഹോട്ടൽ ബിസിനസ് ഗ്രൂപ്പ് മേധാവി സന്നദ്ധത അറിയിച്ചിട്ടുണ്ട്.