- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരം; വെന്റിലേറ്ററിൽ തന്നെ തുടരുന്നു; മരുന്നുകളോട് പ്രതികരിക്കുന്നത് ആശ്വാസകരം; ഇന്നലെ വൈകിട്ടും ഇന്ന് രാവിലെയും ആരോഗ്യനില അൽപം മോശമായി; ഉച്ചയോടെ നില മെച്ചപ്പെട്ടു; അടുത്ത 48 മണിക്കൂർ നിർണായകം
കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരം വാവ സുരേഷ് വെന്റിലേറ്ററിൽ തന്നെ തുടരുകയാണെന്നും മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നും കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.കെ.പി. ജയകുമാർ.അറിയിച്ചു. പറയുന്ന കാര്യങ്ങൾ സുരേഷിന് മനസ്സിലാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചിലപ്പോൾ ഒരാഴ്ച വരെ വെന്റിലേറ്റർ സഹായം വേണ്ടി വന്നേക്കാം. ആന്റിവെനം ചികിത്സ തുടരും. തലച്ചോറിന്റെ പ്രവർത്തനം വിലയിരുത്തി വരുന്നു. അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർമാർ അറിയിച്ചു. ഹൃദയസ്തംഭനംമൂലം തലച്ചോറിനു ആഘാതം ഉണ്ടായോ എന്ന് പരിശോധിക്കണം. ഇന്നലെ വൈകിട്ടും, ഇന്ന് രാവിലെയും സുരേഷിന്റെ ആരോഗ്യ നില അൽപം ആശങ്ക നിറഞ്ഞിരുന്നതായിരുന്നു. എന്നാൽ, ഇന്നുച്ചയോടെ ആരോഗ്യനിലയിൽ പുരോഗതി കൈവന്നതായി ഡോക്ടർമാർ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ബോധം തെളിയുകയും ചോദ്യങ്ങളോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഒപ്പം ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുകയും മരുന്നുകളോട് ശരീരം അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം കൈകാലുകൾ അൽപം ഉയർത്തി അനുകൂല പ്രതികരണം അറിയിച്ചിരുന്നു. എന്നാൽ ഇതിനു ശേഷം കാര്യമായ പുരോഗതി ഉണ്ടായില്ല.
ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയിൽവെച്ച് തിങ്കളാഴ്ച 4.30-ഓടെയാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്. ഏഴടി നീളമുള്ള മൂർഖനെ പിടിച്ച് ചാക്കിലേക്ക് മാറ്റുന്നതിനിടെ പൊടുന്നനെ വളഞ്ഞുവന്ന് സുരേഷിന്റെ വലതുതുടയിൽ കടിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വാവ സുരേഷിന്റെ ചികിത്സക്കായി ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ തന്നെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ചികിത്സയുടെ മുഴുവൻ ചെലവും സർക്കാരാണ് വഹിക്കുന്നത്. വാവ സുരേഷിന് വേണ്ടി പ്രാർത്ഥനയിലാണ് കോട്ടയം കുറിച്ചി പാട്ടാശേരിയിലെ ജനങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ