- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പാമ്പിനെ പിടിക്കാൻ എന്നെ വിളിക്കരുത് എന്ന് ഒരു ക്യാംപയിൻ; പിന്നിൽ വനംവകുപ്പിലെ താൽക്കാലിക ജീവനക്കാർ ഉൾപ്പെടെയുള്ളവർ; മരണാവസ്ഥയിൽ കിടന്നപ്പോൾ മോശമായി പറഞ്ഞവരോട് പരാതിയില്ല; വിമർശിച്ചവർക്ക് തന്നെ സ്നേഹിക്കുന്നവർ മറുപടി നൽകുമെന്ന് വാവ സുരേഷ്
തിരുവനന്തപുരം: തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കും സഹായിച്ചവർക്കും നന്ദി പറഞ്ഞ് വാവ സുരേഷ്. മൂർഖന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് അപകടനില തരണം ചെയ്ത് വീട്ടിലേക്ക് തിരിച്ചെത്തിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
തനിക്കെതിരേ കേരളത്തിൽ പ്രചാരണം നടക്കുന്നുണ്ട്. പാമ്പിനെ പിടിക്കാൻ തന്നെ വിളിക്കരുതെന്ന രീതിയിലുള്ള ഒരു പ്രചാരണം നടക്കുന്നുണ്ടെന്നാണ് മനസ്സിലായത്. വനംവകുപ്പ് ജീവനക്കാരടക്കം ഇത്തരം പ്രചാരണങ്ങൾ ഉണ്ടെന്നും വാവ സുരേഷ് പറഞ്ഞു.
വനംവകുപ്പിലെ താൽക്കാലിക ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടിക്കാൻ തന്നെ വിളിക്കരുത് എന്ന രീതിയിൽ ക്യാംപയിൻ നടക്കുന്നതെന്ന് സുരേഷ് പറഞ്ഞു. താൻ മരണാവസ്ഥയിൽ കിടന്നപ്പോൾ മോശമായി പറഞ്ഞ ആളുകളോട് പരാതിയില്ല. അവർക്കു തന്നെ സ്‌നേഹിക്കുന്ന മലയാളികൾ മറുപടി കൊടുക്കും. തനിക്കു കിട്ടിയ സ്‌നേഹം വിലയ്ക്കു വാങ്ങിയതല്ല. ജീവിതത്തിലേക്കു തിരികെ വരുമെന്നു വിചാരിച്ചില്ല.
കോട്ടയം കുറിച്ചിയിലെ നാട്ടുകാർ വിളിച്ചു പറഞ്ഞിട്ടാണ് പോയത്. അവിടെ പാമ്പിനെ പിടിച്ചശേഷം ഷോ കാണിച്ചിട്ടില്ല. പാമ്പ് കടിക്കുന്നതിന് കുറച്ച് ദിവസം മുൻപ് തനിക്ക് ഒരു അപകടം സംഭവിച്ചു. കഴുത്തിനും നട്ടെല്ലിനുമെല്ലാം പരിക്കേറ്റ അവസ്ഥയിലായിരുന്നു. വേദന പൂർണമായും മാറുന്നതിന് മുൻപാണ് പാമ്പിനെ പിടിക്കാൻ പോയത്. പാമ്പിനെ പിടിച്ച് ചാക്കിലേക്ക് കയറ്റാനായി കുനിഞ്ഞപ്പോൾ നട്ടെല്ലിന്റെ ഭാഗത്ത് വേദന അനുഭവപ്പെട്ടു. അതിലേക്ക് ശ്രദ്ധ പോയപ്പോഴാണ് പാമ്പ് കടിച്ചത്.
'ഒരുപാട് തവണ കടിയേറ്റിട്ടുണ്ട്. ഇത് പക്ഷെ കൂടുതൽ വെല്ലുവിളിയായി. കോവിഡ് വന്ന ശേഷം ശ്വാസകോശത്തിന് പ്രശ്‌നമുണ്ടായിരുന്നു. പോത്തൻകോട് വെച്ച് കാറിടിച്ച് നട്ടെല്ലിനും കഴുത്തിനും മൂക്കിന്റെ പാലത്തിനുമെല്ലാം പൊട്ടലുണ്ടായിരുന്നു. ഇതിനാലൊക്കെയാണ് പാമ്പിനെ പിടിച്ചപ്പോൾ ശരീരം അനായാസം ചലിപ്പിക്കാനാകാതിരുന്നത്.' - വാവ സുരേഷ് പറഞ്ഞു.
'കോട്ടയം കുറിച്ചിയിൽ കുറച്ച് വീടുകൾ അടുത്തടുത്തായി കിടന്നിരുന്ന സ്ഥലത്തായിരുന്നു പാമ്പിനെ കണ്ടത്. കുറച്ച് ദിവസമായി അവർ അവിടെ നിന്ന് വിളിച്ചിരുന്നു. അപകടം നടന്നതുകൊണ്ടാണ് പോകാൻ താമസിച്ചത്. പോയപ്പോഴും നട്ടെല്ലിന് പൊട്ടലുണ്ടായിരുന്നു. ബെൽറ്റിട്ടിരുന്നു. കഴുത്തിലെ ബെൽറ്റ് അഴിച്ചുവച്ചാണ് പാമ്പിനെ പിടിക്കാൻ പോയത്. പിടിച്ച ശേഷം പാമ്പിനെ ചാക്കിലാക്കുന്ന സമയത്ത് നടുവിന് വേദനയനുഭവപ്പെട്ടു. ഈ സമയത്താണ് ശ്രദ്ധ മാറിയത്.' അതിനാലാണ് അപകടം സംഭവിച്ചതെന്നും വാവ സുരേഷ് വ്യക്തമാക്കി.
'കുറച്ച് കുഞ്ഞുങ്ങളും അവിടെയുണ്ട്. പാവപ്പെട്ട ആളുകൾ താമസിക്കുന്ന സ്ഥലമാണ്. താൻ ഉപേക്ഷിച്ചാൽ ഏതെങ്കിലും സാഹചര്യത്തിൽ പാമ്പ് ഏതെങ്കിലും വീടിനകത്ത് കയറുമോയെന്ന് ഭയന്നു. ഷീറ്റിട്ട വീടുകളൊക്കെയാണ്. തന്റെ ജീവനേക്കാളും വിലയോടെയാണ് അവരെ കണ്ടത്. മറ്റൊരാൾക്ക് അപകടം ഉണ്ടാകരുതെന്നായിരുന്നു ആഗ്രഹം. അതിനാലാണ് കടിയേറ്റ ശേഷവും പാമ്പിനെ പിടികൂടിയത്,'- വാവ സുരേഷ് പറഞ്ഞു.
ചികിൽസയ്ക്ക് എല്ലാ സഹായവും നൽകിയ മന്ത്രി വി.എൻ.വാസവനോട് നന്ദി പറയുന്നതായും സുരേഷ് പറഞ്ഞു. കോട്ടയത്തുകാരുടെ ദാനമാണ് തന്റെ ജീവിതമെന്ന് സുരേഷ് പറഞ്ഞു. പ്രതീക്ഷയില്ലാത്ത ജീവിതത്തിൽനിന്ന് പ്രതീക്ഷയുള്ള ജീവിതത്തിലേക്കു തിരിച്ചെത്തിച്ച നല്ല മനസുകൾക്കു നന്ദി പറയുന്നു. അറിയുന്ന എല്ലാവരും രക്ഷപ്പെടാൻ പ്രാർത്ഥിച്ചു.
ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇത് പുനർജന്മമാണ്. വണ്ടിയോടിച്ച ഡ്രൈവർ നിജുവിനോട് മരണപ്പെടുമെന്ന് ഞാൻ പറഞ്ഞിരുന്നു. നിജുവിന്റെയും അവിടുത്തെ നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിന് നന്ദിയുണ്ട്. ഭാരത് ആശുപത്രിയിൽ ചെല്ലുമ്പോൾ ശരീരത്തിൽ 20 ശതമാനം പോലും പ്രവർത്തനം ഉണ്ടായിരുന്നില്ല. ആശുപത്രിയിലെ ഡോക്ടർമാർ ഉടൻ ഇടപെട്ടു. അവർക്കും നന്ദിയുണ്ട്. ഇനി കുറച്ചുദിവസം വിശ്രമത്തിലാവുമെന്നും വാവ സുരേഷ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ