തിരുവനന്തപുരം: മലയാളികളുടെ മുത്താണ് വാവാ സുരേഷ്. പൊലീസ് പോലും മുട്ടു മടക്കി നിന്നിടത്ത് കേരളത്തിലങ്ങോളം ഇങ്ങോളം ഉള്ള ജനങ്ങളിൽ പലരുടേയും ജീവന് കാവലായതും വാവാ സുരേഷ് ആണ്. വാവയെ മലയാളികൾ ഒന്നടങ്കം നെഞ്ചേറ്റി എങ്കിലും പാമ്പിൻ വായിൽ നിന്ന് പലരുടേയും ജീവൻ രക്ഷിച്ചിട്ടുള്ള വാവയെ കേരളം വേണ്ടത് പോലെ അംഗീകരിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. പത്മശ്രീ നൽകി വാവയെ ആദരിക്കണമെന്ന ആവശ്യം ഉയർന്നു വന്നെങ്കിലും അതൊന്നും യാഥാർത്ഥ്യമായില്ല.

ഇപ്പോഴിതാ വാവാ സുരേഷിനെ തേടി രാജ്യാന്തര പുരസ്‌ക്കാരം പടിവാതിൽക്കൽ എത്തിയിരിക്കുന്നു. അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ ബിബിസി വേൾഡ് സർവീസ് റേഡിയോയാണ് രാജ്യാന്തര അവാർഡിനുള്ള പ്രാഥമിക പട്ടികയിലേക്ക് വാവാ സുരേഷിനെയും പരിഗണിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ബിബിസി ലണ്ടൻ ഓഫിസിൽനിന്നു വാവ സുരേഷിനെ നേരിട്ടുവിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.

ലോകത്തെ പ്രചോദിപ്പിക്കുന്ന വ്യക്തി എന്ന നിലയിലാണ് വാവാ സുരേഷിനെ ബിബിസിയുടെ ഈ രാജ്യാന്തര അവാർഡ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിബിസി റേഡിയോ ഔട്ട്‌ലുക്ക് ഒരുക്കുന്ന ലോകത്തെ പ്രചോദിപ്പിക്കുന്ന ഔട്ട്‌ലുക്ക് ഇൻസ്പരേഷൻസ് എന്ന പുരസ്‌കാരത്തിനാണ് വാവയേയും തിരഞ്ഞെടുത്തിരിക്കുന്നത്. ലോകത്തെമ്പാടും നിന്നുള്ള നൂറോളം വ്യക്തികൾക്കൊപ്പമാണ് വാവയും ബിബിസിയുടെ അവാർഡിനായി പരിഗണിക്കപ്പെട്ടിരിക്കുന്നത്.

ഔട്ട്‌ലുക്കിന്റെ ശ്രോതാക്കൾ നാമനിർദ്ദേശം നടത്തിയവരെയാണ് ആദ്യപട്ടികയിലേക്കു തിരഞ്ഞെടുക്കുന്നത്. ഇവരിൽ നിന്നും പട്ടിക മെയിൽ 20 ആയി ചുരുങ്ങും. ഇതിൽ നിന്നും തിരഞ്ഞെടുക്കുന്ന മൂന്ന് പേർക്കാണ് പുരസ്‌ക്കാരം നൽകുക. ലണ്ടനിലെ ബിബിസി ആസ്ഥാനത്ത് വച്ചായിരിക്കും ഇവർക്ക് പുരസ്‌ക്കാരം നൽകുക. ഈ പരിപാടിയിലേക്ക് നൽകാനായി അടുത്ത ആഴ്ച ഔട്ട്‌ലുക്ക് പരിപാടിയിലേക്ക് വാവ സുരേഷിന്റെ അഭിമുഖം റെക്കോർഡ് ചെയ്യും.

പാമ്പുകളെ കണ്ടാൽ പേടിച്ചൊടുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന മലയാളികൾക്കിടയിൽ നിന്ന് അവയെ സംരക്ഷിക്കുകയും ജീവിക്കാൻ അവസരം ഒരുക്കാനും വാവാ സുരേഷ് നടത്തിയ ഇടപെടലുകളാണ് പുരസ്‌ക്കാര പട്ടികയിലേക്ക് വാവയുടെ പേരും ഇടപിടിക്കാൻ അവസരമൊരുക്കിയത്. മാത്രമല്ല പാമ്പുകടിച്ചാൽ എന്തു ചെയ്യണം, എന്തൊക്കെ മുൻ കരുതൽ എടുക്കണം തുടങ്ങിയ കാര്യങ്ങളിലും മലയാളികൾക്ക് വാവ വഴികാട്ടിയായി. സ്വന്തം ജീവൻ പണയം വെച്ചും പത്തി വിടർത്തി നിൽക്കുന്ന പാമ്പുകൾക്ക് മുന്നിൽ ചങ്കൂറ്റത്തോടെ നിൽക്കുന്ന വാവ മലയാളികൾക്ക് അത്ഭുതവുമാണ്.

മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള പാമ്പു പിടിത്തത്തിനിടയിൽ നിരവധി തവണ വാവയ്ക്ക് പാമ്പു കടിയേറ്റിട്ടുണ്ട്. എന്നാൽ ഇവയൊന്നും കൂസാതെ പാമ്പു പിടുത്തവുമായി മുന്നോട്ട് പോവുകയാണ് വാവാ സുരേഷ്. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള നിരവധി കുടുംബങ്ങളും പൊലീസുകാരും വനം വകുപ്പുദ്യോഗസ്തരുമാണ് വാവയുടെ സഹായത്തിനായി വിളിച്ചിട്ടുള്ളത്. പ്രതിഫലം പോലും പറ്റാതെയാണ് വാവയുട രാപകലില്ലാത്ത പാമ്പു പിടുത്തം. പലപ്പോഴും മണിക്കൂറുകൾ സഞ്ചരിച്ചാണ് പാമ്പു പിടിക്കാനായി വാവാ സുരേഷ് ലക്ഷ്യ സ്ഥാനത്ത് എത്തുന്നത്.

വാവയെ കണ്ടാൽ മുട്ടുമടക്കാത്ത പാമ്പുകൾ ഇല്ല. രാജവെമ്പാലയും അണലിയും സാക്ഷാൽ മൂർഖനും വരെ വാവയ്ക്ക് മുന്നിൽ പത്തി മടക്കി അനുസരണയുള്ള കുട്ടിയെ പോലെ നിൽക്കും. എത്ര വിഷം കൂടിയ പാമ്പായാലും അതിനെ എങ്ങിനെ വരുതിയിൽ നിർത്തണമെന്ന് വാവയ്ക്ക നന്നായി അറിയാം. പാമ്പിനെ പിടിച്ചാൽ അവിടെയുള്ള ജനങ്ങളോട് ഈ പാമ്പുകടിച്ചാൽ നടത്തേണ്ട പ്രാഥമിക പരിചരണങ്ങൾ എന്തൊക്കെയാണെന്ന് പറയാനും വാവാ സുരേഷ് മടികാണിക്കാറില്ല.

ഇതിനിടെ വാവാ സുരേഷിന് പത്മശ്രീ നൽകി രാജ്യം ആദരിക്കണമെന്ന ആവശ്യവും ഉയർന്നു വന്നു. ഈ ആവശ്യവും ഉന്നയിച്ച് തുടങ്ങിയ ഫേസ്‌ബുക്ക് പേജിന് സോഷ്യൽ മീഡിയയിൽ വൻ പ്രതികരണമാണ് ലഭിച്ചിരുന്നത്. രാജ്യത്തെ പരമോന്നത പുരസ്‌ക്കാരങ്ങളിൽ ഒന്നായ പത്മശ്രീ ലഭിക്കാൻ ഏറ്റവും അർഹതയുള്ള ആൾ എന്ന നിലയിലാണ് സുരേഷിന് വേണ്ടി മലയാളികൾ രംഗത്ത് ഇറങ്ങിയത്. എന്നാൽ മലയാളികളുടെ ആശ്രമം വിജയം കണ്ടില്ല. ഈ അവസരത്തിലാണ് ബിബിസി രാജ്യാന്തര പുരസ്‌ക്കാരത്തിനുള്ള പട്ടികയിലേക്ക് വാവാ സുരേഷിനേയും തിരഞ്ഞെടുത്തിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട വാവയ്ക്ക് ഈ രാജ്യാന്തര പുരസ്‌ക്കാരം ലഭിക്കാൻ നമുക്കും പ്രാർത്ഥിക്കാം.