- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങളുടെ നെഞ്ചത്ത് കൂടി മാത്രമേ ദേശീയപാത കൊണ്ടുപോകാൻ കഴിയൂ എന്ന് ഉറക്കെ പ്രഖ്യാപിച്ചവരൊക്കെ മുങ്ങി; പാത കീഴാറ്റൂരിലൂടെ തന്നെ പോകുമെന്ന് ഉറപ്പായതോടെ അവസാനഘട്ടസമരത്തിന് മൂർച്ച കൂട്ടാനൊരുങ്ങി വയൽക്കിളികൾ; 'പാരിസ്ഥിതിക കേരളം കീഴാറ്റൂരിൽ' ജനുവരിയിൽ അരങ്ങേറുന്നതോടെ സമരത്തെ പരിഹസിച്ചവർ നിലപാട് തിരുത്തേണ്ടി വരുമെന്ന് സുരേഷ് കീഴാറ്റൂർ മറുനാടനോട്
കണ്ണൂർ: പാരിസ്ഥിതിക കേരളം കീഴാറ്റൂരിൽ എന്ന പേരിൽ പരിസ്ഥിതി പ്രവർത്തകരും വയൽക്കിളികളെ പിൻതുണക്കുന്നവരുടേയും ഒരു കൂട്ടായ്മ ജനുവരിമാസം കീഴാറ്റൂർ വയലിൽ നടക്കുമെന്ന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ. കോർപ്പറേറ്റുകളുടെ അജണ്ടക്ക് രാഷ്ട്രീയ നേതൃത്വങ്ങൾ അടിയറവു പറഞ്ഞതിന് ഉദാഹരണമാണ് കീഴാറ്റൂർ വയിലൂടെയുള്ള റോഡിന് അനുകൂലമായ നിലപാട് ചിലർ സ്വീകരിച്ചത്. കീഴാറ്റൂർ വയൽക്കിളികളുടെ കൂട്ടത്തിൽ നിന്നും ഒരാളുടെ പോലും മനസ്സുമാറ്റാൻ ആർക്കും ആയിട്ടില്ല. അവസാന നിമിഷം വരെയുള്ള പോരാട്ടത്തിൽ എല്ലാവരും അണിചേരുമെന്നും സുരേഷ് കീഴാറ്റൂർ 'മറുനാടൻ മലയാളിയോട് ' പറഞ്ഞു. വയൽക്കിളി സമരത്തെ പരിഹസിച്ച പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ നിപാടിനെക്കുറിച്ച് സുരേഷിന്റെ മറുപടി ഇങ്ങിനെ. കഴിഞ്ഞ പ്രളയം കൊണ്ട് നാം പാഠം പഠിക്കേണ്ടതായിരുന്നു. പരിസ്ഥിതി ആഘാതം വരുത്തിയതിന്റെ ദുരന്തഫലമാണ് നാം അനുഭവിച്ചത്. സുരേഷ് പറഞ്ഞു. കേന്ദ്ര മന്ത്രിമാരടക്കം തീർത്ഥാടനത്തിനെന്ന പോലെ കീഴാറ്റൂരിലെത്തിയിട്ടും റോഡിന്റെ രൂപ രേഖയിൽ ഒരു മാറ്റവും വന്നില്ലെന്നും കീ
കണ്ണൂർ: പാരിസ്ഥിതിക കേരളം കീഴാറ്റൂരിൽ എന്ന പേരിൽ പരിസ്ഥിതി പ്രവർത്തകരും വയൽക്കിളികളെ പിൻതുണക്കുന്നവരുടേയും ഒരു കൂട്ടായ്മ ജനുവരിമാസം കീഴാറ്റൂർ വയലിൽ നടക്കുമെന്ന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ. കോർപ്പറേറ്റുകളുടെ അജണ്ടക്ക് രാഷ്ട്രീയ നേതൃത്വങ്ങൾ അടിയറവു പറഞ്ഞതിന് ഉദാഹരണമാണ് കീഴാറ്റൂർ വയിലൂടെയുള്ള റോഡിന് അനുകൂലമായ നിലപാട് ചിലർ സ്വീകരിച്ചത്. കീഴാറ്റൂർ വയൽക്കിളികളുടെ കൂട്ടത്തിൽ നിന്നും ഒരാളുടെ പോലും മനസ്സുമാറ്റാൻ ആർക്കും ആയിട്ടില്ല. അവസാന നിമിഷം വരെയുള്ള പോരാട്ടത്തിൽ എല്ലാവരും അണിചേരുമെന്നും സുരേഷ് കീഴാറ്റൂർ 'മറുനാടൻ മലയാളിയോട് ' പറഞ്ഞു. വയൽക്കിളി സമരത്തെ പരിഹസിച്ച പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ നിപാടിനെക്കുറിച്ച് സുരേഷിന്റെ മറുപടി ഇങ്ങിനെ. കഴിഞ്ഞ പ്രളയം കൊണ്ട് നാം പാഠം പഠിക്കേണ്ടതായിരുന്നു. പരിസ്ഥിതി ആഘാതം വരുത്തിയതിന്റെ ദുരന്തഫലമാണ് നാം അനുഭവിച്ചത്. സുരേഷ് പറഞ്ഞു. കേന്ദ്ര മന്ത്രിമാരടക്കം തീർത്ഥാടനത്തിനെന്ന പോലെ കീഴാറ്റൂരിലെത്തിയിട്ടും റോഡിന്റെ രൂപ രേഖയിൽ ഒരു മാറ്റവും വന്നില്ലെന്നും കീഴാറ്റൂർ സമരം പൊട്ടിപ്പോയത് ജനവിരുദ്ധ സമരമായതിനാലാണെന്നും സുധാകരൻ പറഞ്ഞിരുന്നു.
കീഴാറ്റൂർ വയലിന് വേണ്ടി രംഗത്തു വന്ന ബിജെപി. വലിയ വാഗ്ദാനങ്ങളായിരുന്നു വയൽക്കിളികൾക്ക് നൽകിയിരുന്നത്. എന്നാൽ എല്ലാം ജലരേഖയായി മാറുകയും ഉദ്യോഗസ്ഥരെ തടഞ്ഞതിനും പൊട്രോളൊഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയതിനും ഉൾപ്പെടെ നിരവധി കേസുകൾ വയൽക്കിളി പ്രവർത്തകർക്കെതിരെ ചാർത്തപ്പെടുകയും ചെയ്തു. ദേശീയ സെക്രട്ടറി രാഹുൽ സിൻഹ നന്ദി ഗ്രാമിൽ നിന്നും മണ്ണുമായാണ് കീഴാറ്റൂരിൽ സമരത്തിനെത്തിയത്. നന്ദി ഗ്രാമിലെ ഒരു കൂട്ടം കർഷകരുമായി എത്തിയ രാഹുൽ സിൻഹ നന്ദി ഗ്രാമിലെ മണ്ണ് വയലിൽ നിക്ഷേപിച്ചാണ് കീഴാറ്റൂർ സമരത്തിന് ശക്തി പകർന്നത്. തങ്ങളുടെ നെഞ്ചത്ത് കൂടി മാത്രമേ ദേശീയ പാത കൊണ്ടു പോകാൻ കഴിയൂ എന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. സുരേഷ് ഗോപി മുതൽ പി.കെ. കൃഷ്ണദാസ് വരെയുള്ള നേതാക്കൾ കീഴാറ്റൂർ വയൽ നികത്തി റോഡ് കൊണ്ടു പോകുന്നതിനെതിരെ രണ്ടാഴ്‌ച്ചക്കകം കേന്ദ്ര തീരുമാനമുണ്ടാകുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം സമരക്കാരിൽ ആത്മവിശ്വാസം തളിരിട്ടു.
സമരം വിജയിക്കുമെന്ന് അവർ കണക്കു കൂട്ടുകയും ചെയ്തു. അതിനുപരിയായി കഴിഞ്ഞ ജൂലായ് മാസം ഡൽഹിയിൽ വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിനും അനുയായികൾക്കുമൊപ്പം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിൻ ഗഡ്കരിയുമായി ചർച്ച നടത്തുകയും ചെയ്തു. ദേശീയ തലത്തിലേക്കുയർന്ന കീഴാറ്റൂർ സമരം അതോടെ തത്ക്കാലത്തേക്കെങ്കിലും ആറിത്തണുത്തു. വിദഗ്ധ സംഘത്തെ അയച്ച് ഇത് വഴിയുള്ള പാത പുനഃപരിശോധിക്കുമെന്ന കേന്ദ്ര മന്ത്രിയുടെ വാക്കും പാലിക്കപ്പെട്ടില്ല. അതിനിടെ ബൈപാസിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ത്രീഡി വിഞ്ജാപനം വന്നിരുന്നു. ഇത് മരവിപ്പിച്ച് പഠനം നടത്തുമെന്ന് മന്ത്രിയുടെ ഉറപ്പ് എവിടേയുമെത്തിയില്ല.
നേരത്തെ കീഴാറ്റൂർ വയലിലൂടെയുള്ള പാതക്ക് ത്രീഡീ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിരുന്നു. ഇത് പിൻവലിക്കുമെന്ന് മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരക്കാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത് ഉണ്ടായില്ല. ഫലത്തിൽ ഈ സ്ഥലം കേന്ദ്ര സർക്കാറിൽ നിക്ഷിപ്തമാവുകയും ചെയ്തു. നഷ്ടപരിഹാരം നൽകുക മാത്രമാണ് നിയമപരമായി അവശേഷിക്കുന്ന നടപടി. ദേശീയപാതാ ചട്ടം 21 പ്രകാരം കേന്ദ്ര സർക്കാറിന് അത് പിൻവലിക്കുകയോ ബദൽ വഴി കണ്ടെത്തുകയോ ചെയ്യാം. എന്നാൽ ഡൽഹി ചർച്ച പ്രകാരം ഒരു നീക്കവും ഇതുവരെയുണ്ടായില്ല. ത്രീഡീ വിഞ്ജാപനത്തിന് ശേഷം തുടർ നടപടികളോ വില നിർണ്ണയമോ കീഴാറ്റൂരിൽ ആരംഭിച്ചിട്ടില്ല. വയലുകളും തണ്ണീർ തടങ്ങളും നികത്തിക്കൊണ്ടു പോകാനുദ്ദേശിക്കുന്ന ബൈപാസിന്റെ രൂപ രേഖ മാറ്റാൻ മന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു.നൂറ് മീറ്റർ താഴെമാത്രം വീതിയുള്ള വയലിന്റെ കരയിലൂടെ പോയാൽ പോലും അവശേഷിക്കുന്നത് 40 മീറ്റർ മാത്രമായിരിക്കും. ഇതും തണ്ണീർ തടങ്ങൾക്കും ജനങ്ങളുടെ ജീവിതത്തിനും പ്രശ്നമുണ്ടാക്കും. ഇക്കാര്യവും മന്ത്രിക്ക് മുമ്പാകെ അവതരിപ്പിച്ചു..അടിയന്തിരമായും ബദൽ പാതക്കുള്ള സ്ഥലം കണ്ടെത്തേണ്ടതുണ്ട്. നേരത്തെ ദേശീയപാതാ അഥോറിറ്റി തയ്യാറാക്കിയ രണ്ട് അലൈന്മെന്റുകൾ മാറ്റിയാണ് കീഴാറ്റൂർ വയലിലൂടെ ബൈപാസിന് അനുമതി നൽകിയത്. ഉന്നതമായ ഇടപെടലിലൂടെയാണ് വയലിലൂടെയുള്ള ബൈപാസിനുള്ള അനുമതി നൽകപ്പെട്ടതെന്ന് ആരോപിച്ചാണ് വയൽക്കിളികൾ സമരം ആരംഭിച്ചത്.
ഒന്നര വർഷക്കാലം നീണ്ടു നിന്ന സമരം ദേശീയ തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സിപിഎം. പാർട്ടി ഗ്രാമമായ കീഴാറ്റൂരിലെ സമരത്തിന് പാർട്ടിയുടെ കീഴ്ഘടകങ്ങൾ ആദ്യം സജീവമായി രംഗത്തുണ്ടായിരുന്നു. ഒടുവിൽ പാർട്ടി നേതൃത്വം സമരക്കാരിലെ പാർട്ടി മെമ്പർമാരെ പുറത്താക്കി. എങ്കിലും സമരം മുന്നോട്ടു തന്നെ പോയി. ബിജെപി. എം. പി സുരേഷ് ഗോപി എത്തിയതോടെ ബിജെപി.യുടെ ഇടപെടലും ശക്തമായി. അതോടെ വിഷയം രാഷ്ട്രീയ തർക്കമായി. അന്നത്തെ ബിജെപി. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ മുതൽ കേന്ദ്ര നേതാക്കൾ വരെ കീഴാറ്റൂരിലെത്തി സമരം നയിച്ചു. വയൽക്കിളികളുടെ സമര പന്തൽ സിപിഎം. അനുകൂലികളെന്ന് പറയുന്നവർ പരസ്യമായി കത്തിക്കുകയുമുണ്ടായി. കുമ്മനം രാജശേഖരന്റെ ഇടപെടലോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ പ്രത്യേക സംഘം കീഴാറ്റൂരിൽ പരിശോധനക്കെത്തിയത്. അവരുടെ റിപ്പോർട്ടിൽ തണ്ണീർ തടങ്ങളും വയലുകളും മണ്ണിട്ട് മൂടരുതെന്ന് നിർദ്ദേശിച്ചു. തുടർന്ന് കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരിയുമായി വയൽക്കിളി നേതാക്കളും ബിജെപി. നേതാക്കളും നടത്തിയ ചർച്ചയെ തുടർന്നാണ് കേന്ദ്ര സംഘം സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് ഉറപ്പ് നൽകിയത്. എന്നാൽ ഇക്കാര്യത്തിൽ ഒരു തീരുമാനവും ഉണ്ടായില്ല പാത കീഴാറ്റൂരിലൂടെ തന്നെ പോകുമെന്നുറപ്പായതോടെ അവസാനഘട്ട സമരം എങ്ങിനെ നടത്തണമെന്ന ആലോചനയിലാണ് വയൽക്കിളികൾ.