കണ്ണൂർ: കീഴാറ്റൂർ നെൽവയൽ, വരുന്ന 25 ാം തീയ്യതി സമര ഭൂമിയാകും. 'കേരളം കീഴാറ്റൂരിലേക്ക് ' എന്ന മുദ്രാവാക്യവുമായി 25 ന് ആരംഭിക്കുന്ന രണ്ടാം ഘട്ട കീഴാറ്റൂർ വയൽ സമരത്തിൽ 2000 ലേറെ പേർ പങ്കെടുക്കും. തളിപ്പറമ്പ് ടൗണിൽ നിന്നും പ്രകടനത്തോടെ ഇത്രയും പേർ കീഴാറ്റൂർ വയലിലേക്ക് നീങ്ങും. ഒപ്പം സംസ്ഥാനത്തെ സാംസ്കാരിക സാമൂഹിക മേഖലകളിലുള്ളവരും പങ്കെടുക്കും. നെൽവയൽ നശിപ്പിച്ച് ദേശീയ പാത നിർമ്മിക്കുന്നതിനെതിരെ കർഷകർ നടത്തുന്ന സമരത്തിന് പിൻതുണയേറി വരികയാണ്.

വയൽക്കിളികൾ നടത്തുന്ന സമരത്തെ പരാജയപ്പെടുത്താൻ സിപിഐ (എം)ഉം പൊലീസും ശ്രമിക്കുകയാണെന്നാരോപിച്ച് മേധാപട്ക്കർ ഉൾപ്പെടെയുള്ള പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധ പ്രസ്താവന ഇറക്കി കഴിഞ്ഞു. ഭരണമുള്ളിടത്ത് വേട്ടക്കാരനൊപ്പവും ഭരണമില്ലാത്തിടത്ത് ഇരക്കൊപ്പവും എന്ന സിപിഐ.(എം). ന്റെ കാപട്യമാണ് കീഴാറ്റൂർ സമരത്തിന്റെ നിലപാടിലൂടെ വ്യക്തമാക്കുന്നതെന്ന് മേധാ പട്ക്കർ, ഡോ.സനിൽ, എം. ജി. എസ്. നാരായണൻ, സാറാ ജോസഫ്, ശ്രീനിവാസൻ, ജോയ് മാത്യു തുടങ്ങി 32 പ്രമുഖ പരിസ്ഥിതി പ്രവർത്തകർ ഒപ്പിട്ട പ്രസ്താവനയും ഇറക്കിയിട്ടുണ്ട്.

വയൽക്കിളി സമരത്തിന് പൂർണ്ണ പിൻതുണ നൽകാൻ കോൺഗ്രസ്സും തയ്യാറായിരിക്കയാണ്. വയൽക്കിളികളുടെ ജനകീയ സമരത്തെ ഭീഷണിപ്പെടുത്തിയും അക്രമിച്ചും തകർക്കാമെന്ന് സിപിഐ.(എം). ഉം സർക്കാറും വ്യാമോഹിക്കേണ്ടതില്ലെന്ന് ഹസ്സൻ പറഞ്ഞു. ദേശീയപാതാ വികസനത്തിന് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഇടതു പക്ഷം തന്നെ വിവിധ സ്ഥലങ്ങൾ കൊടി കുത്തി സമരം നടത്തിയിരുന്നു. കീഴാറ്റൂരിൽ സമരക്കാരുമായി ചർച്ച നടത്തണമെന്ന റവന്യൂ വകുപ്പിന്റെ നിർദ്ദേശം പോലും കാറ്റിൽ പറത്തുകയായിരുന്നു. മാത്രമല്ല സിപിഐ. (എം). പ്രവർത്തകർ പരസ്യമായി സമര പന്തൽ കത്തിക്കുകയായിരുന്നു. സമരക്കാർ മേൽപ്പാലം ഉൾപ്പെടെയുള്ള സമാന്തര പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ചിട്ടും അക്കാര്യം പരിശോധിക്കാൻ പോലും സർക്കാർ തയ്യാറായില്ല. ഹസ്സൻ ആരോപിച്ചു.

25 ന് ആരംഭിക്കുന്ന രണ്ടാം ഘട്ട നെൽവയൽ സമരത്തിൽ മുൻ.കെപിസിസി. പ്രസിഡണ്ട് വി എം. സുധീരൻ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കീഴാറ്റൂർ വയൽക്കിളികളെ വയൽ കഴുകന്മാരായി ചിത്രീകരിച്ച പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ നിലപാടിലും സിഐടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമിന്റേയും പ്രസ്താവനയോടെ കൂടുതൽ സംഘടനകൾ പിൻതുണയുമായി രംഗത്ത് വരികയാണ്. എ.ഐ. വൈ. എഫ്. സംസ്ഥാന ഭാരവാഹികൾ ഇന്ന് കീഴാറ്റൂർ സന്ദർശിക്കുന്നുണ്ട്. വയൽക്കിളികളെ വികസന വിരോധികളായി ചിത്രീകരിച്ച് സമരത്തെ നേരിടുന്ന രീതി പ്രതിഷേധാർഹമാണെന്ന് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറയുന്നു.

മന്ത്രി ജി.സുധാകരന്റെ പരാമർശത്തെ വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂർ പ്രതിഷേധിച്ചു. തിമിരം ബാധിച്ച സുധാകരന് അടിയന്തിര ശസ്ത്രക്രിയ നടത്തുകയാണ് വേണ്ടതെന്ന് സുരേഷ് പറഞ്ഞു. കൃഷി അറിയാത്തവരാണ് കീഴാറ്റൂരിൽ കർഷകർ എന്ന പേരിൽ സമരം നടത്തുന്നതെന്ന മന്ത്രിയുടെ ആരോപണത്തിലെ വസ്തുത അറിയാൻ പാടത്തു നിന്നും പൊലീസ് അറസ്റ്റു ചെയ്ത സ്ത്രീകളുടെ വീടുകൾ സന്ദർശിക്കുകയാണ് വേണ്ടത്. അവരെങ്ങിനെയാണ് ജീവിക്കുന്നതെന്ന് അപ്പോൾ മനസ്സിലാകും. 25 ന് കീഴറ്റൂരിലേക്ക് മാർച്ച് നടത്തുന്നവരെ തടയാൻ നിങ്ങൾക്ക് കഴിയുമോ എന്നും സുരേഷ് കീഴാറ്റൂർ ചോദിച്ചു.