- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയലാർ-ദേവരാജൻ ടീമിന്റെ ചലച്ചിത്രഗാന മാസ്മര പ്രപഞ്ചം
വയലാർ-ദേവരാജൻ എന്ന ഈ രണ്ടു സംഗീതപ്രതിഭകളേയും പറ്റി ചിന്തിക്കുമ്പോൾ മാർച്ച് മാസം വളരെ പ്രധാനമുള്ളതാണ്. മാർച്ച് 25, 1928ലാണ് വയലാറിന്റെ ജനനം. മാർച്ച് 15, 2006ലാണ് ദേവരാജൻ മാസ്റ്റർ നിര്യാതനായത്. അദ്ദേഹം 81 വർഷവും വയലാർ 47 വർഷവും ജീവിച്ചു. വയലാറിന്റെ ജീവിതം അകാലത്തു തന്നെ പൊലിഞ്ഞു. ഈ രണ്ടു സംഗീതപ്രതിഭകളിൽ ഒരാളുടെ ജനനവും മറ്റെയാളുടെ മരണവും ഓരോ മാർ
വയലാർ-ദേവരാജൻ എന്ന ഈ രണ്ടു സംഗീതപ്രതിഭകളേയും പറ്റി ചിന്തിക്കുമ്പോൾ മാർച്ച് മാസം വളരെ പ്രധാനമുള്ളതാണ്. മാർച്ച് 25, 1928ലാണ് വയലാറിന്റെ ജനനം. മാർച്ച് 15, 2006ലാണ് ദേവരാജൻ മാസ്റ്റർ നിര്യാതനായത്. അദ്ദേഹം 81 വർഷവും വയലാർ 47 വർഷവും ജീവിച്ചു. വയലാറിന്റെ ജീവിതം അകാലത്തു തന്നെ പൊലിഞ്ഞു. ഈ രണ്ടു സംഗീതപ്രതിഭകളിൽ ഒരാളുടെ ജനനവും മറ്റെയാളുടെ മരണവും ഓരോ മാർച്ചു മാസവും സംഗീതപ്രേക്ഷകർ അനുസ്മരിക്കുന്നു. ഇവരിരുവരേയും അതുപോലെ ഇവരുടെ മലയാളഗാനരംഗത്തുള്ള സംഭാവനകളേയും മലയാള തലമുറ തലമുറകളായി അനുസ്മരിക്കുന്നു.
സാങ്കേതികമായി സിനിമയുടെയും സിനിമാ ഗാനങ്ങളുടെയും അവതരണത്തിലും ആസ്വാദനത്തിലും ഒട്ടേറെ വ്യതിയാനങ്ങൾ കാലാനുസൃതമായി വന്നുവെങ്കിലും മലയാളികളുടെ മനസ്സിൽ നിത്യഹരിതമായി പച്ചപിടിച്ചു നിൽക്കുന്ന, ഒരിക്കലും പുതുമ നശിക്കാത്ത, എതു പ്രായക്കാർക്കും അറിവും ആനന്ദവും പകരുന്ന ചലച്ചിത്ര ഗാനശാഖയിലെ അതികായരാണ് മൺമറഞ്ഞ വയലാറും ദേവരാജനും എന്ന കാര്യത്തിൽ സംശയമില്ല. സാമൂഹ്യ ജീവിത പശ്ചാത്തലത്തിൽ ജീവിതഗന്ധിയായ, ശ്രവണമധുരമായ ഗാനങ്ങൾ ഈ ഇരു സംഗീതമാന്ത്രികരും ചേർന്ന് സൃഷ്ടിച്ചെടുത്തു എന്നു പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. ആ സംഗീതത്തിന്റെ മധുരിമയും മന്ത്രധ്വനിയും ഇന്നും മലയാള മനസ്സുകളിൽ കുളിർമഴയായും തേന്മഴയായും തൊട്ടു തലോടിക്കൊണ്ടിരിക്കുന്നു. ഇന്നത്തെ ഇടിവെട്ട് തട്ടുപൊളിപ്പൻ ശബ്ദകോലാഹല സിനിമാ ഗാനങ്ങളിൽ നിന്ന് ഒരല്പനേരം അകന്നു ചിന്തിക്കാൻ വയലാർ-ദേവരാജന്റെ മാതിരിയുള്ള പഴയ സിനിമാഗാന രചയിതാക്കളും സംഗീത സംവിധായകരും നമ്മെ സഹായിക്കുന്നു. പുതുമയുള്ള, എന്നാൽ ഇലക്‌ട്രോണിക് സംഗീത ഉപകരണങ്ങൾക്ക് നൈസർഗീകമായ ഗായകാ-ഗായിക ശബ്ദസൗകുമാര്യത്തിനപ്പുറം വില കൽപ്പിക്കുന്ന ഇന്നത്തെ സംഗീതാസ്വാദകരെ വിമർശിക്കുകയാണെന്ന് കരുതരുത്.
മലയാള ചലച്ചിത്രസംഗീതത്തിലെ ചക്രവർത്തിയായിരുന്നു വയലാർ. ഇന്ത്യൻ സംസ്‌ക്കാരത്തെ സ്വതന്ത്രവും സമൃദ്ധവുമായ മാർഗ്ഗത്തിലൂടെ സിനിമാഗാനങ്ങളിൽ ആവാഹിച്ച അദ്ദേഹം സാധാരണ മനുഷ്യന്റെ ഹൃദയസ്പന്ദനം പോലും മനസ്സിലാക്കിയിരുന്നു. ഉന്നത കുടുംബത്തിൽ ജനിച്ചു, കമ്മ്യൂണിസത്തിന്റേയും, സോഷ്യലിസത്തിന്റേയും പ്രചാരകനായി, അനുചരന്മാർക്കു വേണ്ടി കവിതയെഴുതിയ വയലാർ രാമവർമ്മ സിനിമാഗാനത്തിന്റെ എല്ലാമായിരുന്നു.
ആയിരത്തിതൊള്ളായിരത്തി അൻപത്തിയഞ്ചിൽ കാലം മാറുന്നു എന്ന ചിത്രത്തിലൂടെയാണ് ജി.ദേവരാജൻ സിനിമാഗാനരംഗത്തേയ്ക്ക് വരുന്നത്. ആയിരത്തിത്തൊള്ളായിരത്തി അൻപത്തിയൊമ്പതിൽ ചതുരംഗം എന്ന ചിത്രത്തിന് വേണ്ടിയാണ് വയലാറും ദേവരാജനും കൂടി ഒന്നിക്കുന്നത്. അവർ പിന്നീട് ഒരു ടീമായി തീർന്നു. ചതുരംഗം മുതൽ സ്വാമിഅയ്യപ്പൻ വരെ എത്രയെത്ര ചിത്രങ്ങൾക്കാണ് അവർ ഒന്നിച്ച് സംഗീതമൊരുക്കിയത്. ഏകദേശം ഇരുന്നൂറ് ചിത്രങ്ങൾക്ക്. അതായത് ആയിരത്തി അഞ്ഞൂറ് ഗാനങ്ങൾ. പി. ഭാസ്‌ക്കരന്റെയും ഓ.എൻ.വി.യുടേയും ഗാനങ്ങൾക്കു വേണ്ടിയും ദേവരാജൻ സംഗീതം നൽകിയിട്ടുണ്ട്. അതേപോലെ വയലാറിന്റെ വരികൾക്ക് കെ. രാഘവൻ, വി. ദക്ഷിണാമൂർത്തി, എം.എസ്. ബാബുരാജ്, ശേഖർ, സലിൽ ചൗധരി തുടങ്ങിയവരും സംഗീതം പകർന്നു. എന്നാൽ വയലാർ-ദേവരാജൻ ടീം അതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു. അവർ തീപ്പൊരി പറത്തി മാസ്മരവിദ്യ സൃഷ്ടിച്ചു,
ദൈർഘ്യം കൊണ്ട് വിരസമായ, ജീർണ്ണിച്ച ചലച്ചിത്രഗാന മണ്ഡലത്തെ ഈ ടീം മഹത്വത്തിന്റെ പുളകങ്ങൾ അണിയിച്ചു പ്രേക്ഷകരെ വികാരതരളിതരാക്കി കണ്ണീരൊലിപ്പിക്കാൻ പറ്റിയ തരത്തിൽ, ഇവരുടെ ഗാനങ്ങൾ സംവിധായകർ അഭ്രപാളികളിൽ ചിത്രീകരിച്ചു. എല്ലാത്തരം ശ്രോതാക്കളേയും വശീകരിക്കാൻ പോരുന്നതായിരുന്നു ആ ടീമിന്റെ സംഗീതസാന്ദ്രത. സ്വന്തം അനുഭൂതി മണ്ഡലത്തിലേക്ക് ഓരോരുത്തേരും അതു നയിച്ചു. അവരുടെ മനസ്സിന്റെ വാതായനങ്ങൾ തുറന്നിട്ട വയലാർ മറ്റൊരു വാല്മീകിയായി.
ദേവരാജന്റെ ശക്തി വെളിപ്പെട്ടത് വയലാറിന്റെ വരികളിലൂടെയായിരുന്നു. പുതുമയുള്ള ഉപകരണങ്ങളിലൂടെ വയലാറിന്റെ വരികൾ പൂത്തുലഞ്ഞു. ദേവരാജന്റെ മറ്റൊരു വലിയ നേട്ടം ശബ്ദസൗകുമാര്യമുള്ള യേശുദാസായിരുന്നു. ദേവരാജന്റെ ഈണം യേശുദാസിനെ പ്രചുരപ്രചാരകനാക്കി. വയലാറിന്റെ കവിത സമൂഹത്തിന്റേതായിരുന്നു. വയലാർ-ദേവരാജൻ ടീം തയ്യാറാക്കിയ ഗാനങ്ങൾ ഏറ്റവും കൂടുതൽ ആലപിച്ച രണ്ടാമത്തെ വ്യക്തി മാധുരിയായിരുന്നു. മാധുരിയിലെ കലാകാരിയെ കണ്ടെത്തിയത് ദേവരാജൻ തന്നെ. മറ്റാരെയും അനുകരിക്കാതെ മെനഞ്ഞെടുത്ത ശൈലി മാധുരിക്കുണ്ടായിരുന്നു. അതായിരുന്നു ആ ഗായികയുടെ വിജയവും.
ഇന്ത്യയിലെ സിനിമാപ്രേക്ഷകരെ ഏറെ ആകർഷിച്ച ഒരു നടനാണല്ലോ കമൽഹാസൻ. ഒരു കുട്ടിയുടെ നിഷ്‌കളങ്കത നിറഞ്ഞ മുഖവും ഒരു പുരുഷന്റെ ശരീരവും ഉള്ള ആ നടനെ മലയാളികൾ ഇഷ്ടപ്പെട്ടു തുടങ്ങിയതു തന്നെ വിഷ്ണുവിജയം എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രത്തിന്റെ വിജയമാകട്ടെ വയലാർ-ദേവരാജൻ ടീമിന്റെ കഴിവുറ്റ ഗാനങ്ങളിലും.
മുപ്പതുകളിൽ എത്തി നിൽക്കുന്ന കാമാസക്തിയുള്ള ഒരു വിവാഹിത കൗമാരത്തിലേയ്ക്കു കടന്നുവരുന്ന ഒരു യുവാവിനെ നോക്കിപ്പാടുന്നു. എന്നെ നിൻ കണ്ണുകൾ തടവിലാക്കി എന്നെ നിൻ യൗവ്വനം അടിമയാക്കി ഏത് ഇന്ദ്രജാല പ്രയോഗം കൊണ്ട് എന്നെ നീ വശംവദയാക്കി നിൻ മുന്നിൽ എന്നെ ദൂർബലയാക്കി. ഈ വരികൾ മാധുരി ഏറെ മനോജ്ഞമായി പാടുകയും ചെയ്തു. ഇന്ദ്രജാലം എന്ന പദാവതരണത്തിലെ ദീർഘനിശ്വാസവും മറ്റും മാന്ത്രിക ശക്തിയുള്ളതായിരുന്നു. പ്രേക്ഷകഹൃദയത്തെ ആർദ്രമാക്കാൻ കഴിഞ്ഞ ഈ ഗാനത്തിലൂടെ നായകൻ ചിരംജീവിയായിത്തീർന്നു. പുഷ്പദലങ്ങളാൽ ഗരുഡപഞ്ചമി എന്നീ ഗാനങ്ങളും പ്രസ്തുതചിത്രത്തിന്റെ നേട്ടങ്ങളായിരുന്നു. പ്രേംനസീർ-ഷീലാ ടീം ഏറ്റവും വലിയ നേട്ടങ്ങളായിരുന്നു.
വയലാറിന്റെ വരികൾക്ക് ശക്തമായ സംഗീതാവിഷ്‌ക്കരണം നൽകാൻ ദേവരാജൻ എന്നും ശ്രമിച്ചിട്ടുണ്ട്. ത്രിവേണിയിലെ സംഗമം, ചെമ്പരത്തിയിലെ ചക്രവർത്തിനീ.... എന്നീ ഗാനങ്ങൾ അതിനുദാഹരണങ്ങളാണ്. ആയിരത്തിതൊള്ളായിരത്തി എഴുപത്തിരണ്ടിൽ പുറത്തുവന്ന അച്ഛനും ബാപ്പയും എന്ന ചിത്രത്തിനു വേണ്ടി ദേവരാജൻ സംഗീതം പകർന്ന് യേശുദാസ് പാടിയ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന വയലാറിന്റെ വരികൾ മനുഷ്യത്വത്തിന്റെ ആവശ്യകതയിലേക്കാണ് വിരൽചൂണ്ടിയത്.
ദേവരാജന്റെ ഹിറ്റുകൾ എന്ന പേരിൽ ആയിരത്തിതൊള്ളായിരത്തി എഴുപത്തിയൊന്നിൽ പുറത്തുവന്ന പന്ത്രണ്ടു ഗാനങ്ങളിൽ ഒൻപതിന്റേയും രചന നിർവ്വഹിച്ചത് വയലാറായിരുന്നു. അവയാകട്ടെ കൂടുതൽ പ്രചാരം നേടുകയും ചെയ്തു. കണികാണും നേരം ........, ആകാശഗംഗയുടെ (ചിത്രം: ഓമനക്കുട്ടൻ) പെണ്ണിന്റെ മനസ്സിൽ (അനാച്ഛാദനം, എഴുസുന്ദര രാത്രികൾ.... (അശ്വമേധം), പ്രിയതമാ..... (ശകുന്തള) തുടങ്ങിയവ അവയിൽ പ്രധാനങ്ങളാണ്. ശകുന്തള എന്ന ചിത്രത്തിലെ ഗാനരചയിതാവ് യഥാർത്ഥത്തിൽ കാളിദാസന്റെ ഹൃദയം കണ്ടെത്തുകയാണ്. എത്രപഴകിയാലും തുരുമ്പെടുക്കാത്തതാണിരുവരുടേയും ഗാനങ്ങളെന്ന് ആസ്വാദകർ സാക്ഷ്യപ്പെടുത്തുന്നു.