- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു.. മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു'; മലയാളികൾ ഇപ്പോഴും മൂളുന്ന ഈ അനശ്വര വരികൾ അഞ്ച് പതിറ്റാണ്ട് പിന്നിട്ടു; മതവൈരം പെരുകുന്ന കാലത്ത് വയലാർ - ദേവരാജൻ കൂട്ടുകെട്ടിൽ പിറന്ന അമൂല്യ ഗാനത്തിന് പ്രസക്തിയേറുന്നു
തിരുവനന്തപുരം: മലയാള സിനിമയിലെ പാട്ടുകളുടെ വസന്തകാലമായിരുന്നു വയലാർ - ദേവരാജൻ കൂട്ടുകെട്ടിലെ ഓരോ ഗാനങ്ങളും. ഇന്നും മലയാളി ഗൃഹാതുരതയോടെയാണ് ആ പാട്ടുകളെയെല്ലാം നെഞ്ചേറ്റുന്നത്. 1972ലായിരുന്നു അച്ഛനും ബാപ്പയും എന്ന ചിത്രത്തിനു വേണ്ടി
'മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു'
എന്നു തുടങ്ങുന്ന ഏറെ അർഥവത്തായ വരികളുള്ള ആ പാട്ട് മലയാളക്കരക്കായി സംഭാവന ചെയ്യുന്നത്. കൃത്യമായി പറഞ്ഞാൽ അൻപത് വർഷം മുൻപ്. കേരളത്തിന്റെ പ്രിയ കവി വയലാർ രാമവർമ്മ എഴുതി, ജി. ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ ഈ ഗാനം ആലപിച്ചത് സാക്ഷാൽ കെ.ജെ യേശുദാസായിരുന്നു. സാമൂഹിക മാറ്റങ്ങൾക്കായി അനവധി നാടകങ്ങളുമായി കേരളക്കരയിൽ പ്രകമ്പനം സൃഷ്ടിച്ച നാടകകൃത്ത് കെ.ടി മുഹമ്മദായിരുന്നു ഈ ചിത്രത്തിന്റെ തിരക്കഥ. സംവിധാനം കെ.എസ്. സേതുമാധവൻ. കെ.പി. ഉമ്മർ, ജയഭാരതി, അടൂർ ഭാസി, കൊട്ടാരക്കര തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ. അനാഥയായ ഒരുമുസ്ലിംപെൺകുട്ടിയെ തന്റേടിയും ആരെയും കൂസാത്തവനുമായ ഒരു ഹിന്ദു ദത്തെടുത്തു വളർത്തുന്നതാണ് സിനിമയുടെ കഥ. തുടർന്ന് നാട്ടിലുണ്ടായ പ്രശ്നങ്ങൾ വർഗ്ഗീയ സംഘർഷമായി വളരൂന്നു.
അഞ്ചു പതിറ്റാണ്ടു പിന്നിട്ടിട്ടും ഈ വരികൾ മൂളാത്ത ഏതെങ്കിലും സംഗീതപ്രേമി നമുക്കിടയിലുണ്ടാവുമോ. കാലത്തെയും സമൂഹത്തെയും മുന്നിൽക്കണ്ട് പാട്ടുകളൊരുക്കുന്നതിൽ വയലാറിനും ദേവരാജൻ മാസ്റ്റർക്കുമുള്ള സിദ്ധി മറ്റാർക്കെങ്കിലും ഇതുപോലെ ലഭിച്ചിരുന്നോയെന്നും സംശമാണ്.
ജാതിയും മതവും സ്വത്വവാദങ്ങളുടെ മറവിൽ നിറഞ്ഞാടുന്ന വർത്തമാന കാലത്ത് ഈ പാട്ടിന്റെ വരികൾ ഓരോരുത്തരും ഉൾക്കൊള്ളേണ്ടതുണ്ട്. മനുഷ്യനെന്ന അത്ഭുത പ്രതിഭാസമായ സൃഷ്ടിക്കു മുന്നിൽ മതവും ദൈവമെന്ന പ്രതിഭാസവുമൊന്നും ഒന്നുമല്ലെന്നു ഉറക്കെ വിൽച്ചുപറയാൻ അൻപതു വർഷം മുൻപ് അവർക്കു സാധിച്ചിരിക്കുന്നു.
ഇത് ഇന്നായിരുന്നെങ്കിൽ ഇരുവർക്കും കേസും കൂട്ടവും മാറി ഒരു സ്വസ്ഥമായ അവസ്ഥ ഉണ്ടാവുമായിരുന്നില്ല. നിർമ്മാല്യത്തിലെ അവസാന രംഗം ഇന്നായിരുന്നെങ്കിൽ തനിക്ക് ചിത്രീകരിക്കാനാവില്ലെന്നു എം ടി വാസുദേവൻ നായർ പറഞ്ഞത് ഈ ഘട്ടത്തിൽ ഏറെ പ്രസക്തമാണ്. നിർമ്മാല്യത്തിൽ നായകനായ ഗോപി അവസാന രംഗത്ത് ദേവപ്രതിഷ്ഠയിൽ കർക്കിച്ചു തുപ്പുന്ന രംഗമുണ്ടായിരുന്നു. അന്നത്തെ സെൻസർ ബോർഡിനും കേരളീയ സമൂഹത്തിനും അതിൽ ഒരു അപാകതയും തോന്നിയില്ലെന്നതും ചരിത്രം.
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കു വച്ചു - മനസ്സു പങ്കു വച്ചു
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു (മനുഷ്യൻ.. )
ഹിന്ദുവായി മുസൽമാനായി ക്രിസ്ത്യാനിയായി
നമ്മളെ കണ്ടാലറിയാതായി
ലോകം ഭ്രാന്താലയമായി
ആയിരമായിരം മാനവഹൃദയങ്ങൾ
ആയുധപ്പുരകളായി
ദൈവം തെരുവിൽ മരിക്കുന്നു
ചെകുത്താൻ ചിരിക്കുന്നു (മനുഷ്യൻ.. )
സത്യമെവിടെ സൗന്ദര്യമെവിടെ
സ്വാതന്ത്ര്യമെവിടെ - നമ്മുടെ
രക്തബന്ധങ്ങളെവിടെ
നിത്യസ്നേഹങ്ങളെവിടെ
ആയിരം യുഗങ്ങളിൽ ഒരിക്കൽ
വരാറുള്ളൊരവതാരങ്ങളെവിടെ
മനുഷ്യൻ തെരുവിൽ മരിക്കുന്നു
മതങ്ങൾ ചിരിക്കുന്നു (മനുഷ്യൻ.. )
വർത്തമാനകാല യാഥാർഥ്യങ്ങളിലേക്കു കണ്ണോടിക്കുമ്പോൾ മതങ്ങളുടെ ആധിക്യത്തിലും സർവാധിപത്യത്തിലും മനുഷ്യർ കണ്ടാലറിയാത്തവരായെന്നും ലോകം ഭ്രാന്തലയമായെന്നും അര നൂറ്റാണ്ടു മുൻപ് കുറിച്ചിട്ടതിൽ വല്ലാത്തൊരു പ്രവചനാത്മകത ഇന്നും ദർശിക്കാനാവുന്നു. ആയിരക്കണക്കിന് മനുഷ്യ ഹൃദയങ്ങൾ ആയുധപ്പുരകളായെന്നതിൽ അദ്ധ്യാപകന്റെ കൈവെട്ടും മതത്തിന്റെ പേരിൽ കടൽകടന്നു മരുക്കാട്ടിൽ ഒട്ടകത്തെ മെയ്‌ക്കാനും ചാവേറായി പൊട്ടിത്തെറിക്കാനും പുറപ്പെട്ടുപോയവരും ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങൾ തകർത്തവരുമെല്ലാമുണ്ട്. മനുഷ്യാവകാശങ്ങൾക്കായി വാദിക്കുന്നവർക്കായി നമ്മുടെ കാരാഗൃഹങ്ങൾ ദാഹിച്ചു കഴിയുന്ന ഒരു കാലത്ത് ഈ പാട്ടിന്റെ ഓരോ വരിയും നാം ഒരിക്കൽകൂടി മനസ്സിരുത്തി കേൾക്കേണ്ടിയിരിക്കുന്നു.
ഇത്തരമൊരു ഭീതിതമായ കാലം നമുക്കുണ്ടായിട്ടുണ്ടോ. കവികൾ എഴുത്തുനിർത്തി പ്രതിഷേധിക്കുന്നു. കലാകാരന്മാരുടെ ക്യാൻവാസുകളിൽ പ്രതിഷേധ ബിംബങ്ങൾ സ്ഥാനം പിടിക്കുന്നു. പാട്ടുപാടേണ്ടവർ അതുപേക്ഷിച്ചു സംഗീതോപകരണങ്ങളും മൈക്കു ഉപേക്ഷിച്ച് മൗനത്തിലേക്കു മുങ്ങുന്നു. എ.ആർ റഹ് മാൻ എന്ന സംഗീത പ്രതിഭക്കെതിരേ മതം ഭ്രാന്തായി സന്നിവേശിച്ചവർ ഫത് വ പുറപ്പെടുവിക്കുന്നു. എം.എഫ് ഹുസൈൻ രാജ്യം തന്നെ വിട്ട് വിദേശത്തേക്കു കുടിയേറുന്നു, ആ മണ്ണിൽതന്നെ വിടകൊള്ളുന്നു. ഗുലാം അലിയുടെ പാട്ടിനായി കാത്തിരുന്നവർ പാട്ടുകേൾക്കാനാവാതെ നിരാശനാവുന്നു.
മതങ്ങളുടെ ആധിക്യമില്ലാത്ത ഒരു നല്ലകാലം ഇനി എന്നെങ്കിലുമുണ്ടാവുമോയെന്നു മതത്തിന്റെയും ജാതിയുടെയും വിഷം തീണ്ടിയിട്ടില്ലാത്തവർ ആത്മാർമായി ആശിക്കുമ്പോൾ കെ.ടിയെപ്പോലെയുള്ള നാടകക്കാരും വയലാർ ദേവരാജൻ കൂട്ടുകെട്ടുപോലുള്ള പ്രതിഭകളുമെല്ലാം ഇനിയുണ്ടവുമോ.
മറുനാടന് ഡെസ്ക്