- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യോഗി ആദിത്യനാഥിനെ വർഗ്ഗീയത പടർത്താൻ ശ്രമിക്കുന്ന മുഖ്യൻ എന്ന് പ്രസംഗിച്ചപ്പോൾ തുടങ്ങിയ സംഘർഷം; ആദ്യം വാക്കു തർക്കവും പിന്നെ പ്രതിഷേധ പ്രകടനവും; പരസ്പരം കുറ്റപ്പെടുത്തലുമായി ആർ എസ് എസും എസ് ഡി പി ഐയും; വിപ്ലവം വളർന്ന വയലാറിന്റെ മണ്ണിൽ ചോര വീഴ്ത്തി വർഗ്ഗീയതയും; നന്ദു കൃഷ്ണയുടെ ജീവനെടുത്തത് അനാവശ്യ വിവാദം
ആലപ്പുഴ: വിപ്ലവത്തിന്റെ മണ്ണാണ് വയലാർ. ഇവിടെ വർഗ്ഗീയതയും ഒടുവിൽ ചോരവീഴ്ത്തി. യോഗി ആദിത്യനാഥ് വർഗ്ഗീയത പടർത്താൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് എന്ന് പരാമർശിച്ച് നടത്തിയ പ്രസംഗമാണ് ചേർത്തലയിൽ എസ്.ഡി.പി.ഐ - ആർഎസ്എസ് സംഘർഷത്തിലേക്ക് വഴിവച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായി എസ്.ഡി.പി.ഐ മണ്ഡലം തലത്തിൽ വാഹന പ്രചാരണ ജാഥ നടത്തിവരികയാണ്. ജാഥ വയലാറിൽ എത്തിയപ്പോഴാണ് ആദിത്യനാഥിനെതിരെ പ്രസംഗത്തിൽ പരാമർശമുണ്ടായത്. ഇത് കേട്ട് നിന്ന സംഘപരിവാർ പ്രവർത്തകർ പ്രസംഗത്തിനെതിരെ പ്രതിഷേധിച്ച് വാക്കു തർക്കമുണ്ടാക്കി. പിന്നീട് വൈകിട്ട് നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് കൊലപാതകം നടന്നത്.
യോഗി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് സംഘപരിവാറുകാർ പ്രകടനം നടത്തിയത്. സമാധാനപരമായി നടന്ന പ്രകടനത്തിന് ശേഷം സംഘടിച്ചെത്തിയ എസ്.ഡി.പി.ഐ പ്രവർത്തകരാണ് അക്രമം നടത്തിയതെന്നും മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു എന്നും ചേർത്തല ബിജെപി മണ്ഡലം പ്രസിഡന്റ് പറഞ്ഞു. എസ്.ഡി.പി.ഐ പോലെയുള്ള വർഗ്ഗീയ പാർട്ടികളെ നിയന്ത്രിക്കാൻ സർക്കാരിന് കഴിവില്ലെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് ചേർത്തലയിൽ നടന്ന ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം എസ്.ഡി.പി.ഐ ചേർത്തല മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയ്ക്കു നേരെ ആർഎസ്എസ് ആണ് അക്രമം നടത്തിയതെന്നും അക്രമം ആസൂത്രിതമാണെന്നും എസ്.ഡി.പി.ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.എം.താഹിർ പ്രതികരിച്ചു. ആർഎസ്എസ് പ്രവർത്തകന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും താഹിർ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് പ്രചാരണ ജാഥ വയലാറിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ സംഘടിച്ചെത്തിയ ആർഎസ്എസ് പ്രവർത്തകർ ജാഥയെ തടസ്സപ്പെടുത്തുകയായിരുന്നു. എസ്.ഡി.പി.ഐ പ്രവർത്തകർ അത് വകവയ്ക്കാതെ ജാഥയുമായി മുന്നോട്ടുപോവുകയും ചെയ്തു. എന്നാൽ പിന്നീട് ആയുധങ്ങളുമായി സംഘടിച്ചെത്തിയ ആർ.എസ്.എസുകാർ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു എന്നും താഹിർ പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യത്തെ പോലും അസഹിഷ്ണുതയോടെ നോക്കിക്കണ്ട് ജാഥയ്ക്കു നേരെ ആക്രമണം നടത്തിയ ആർഎസ്എസ് നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനാണ് ശ്രമിക്കുന്നത്. ഉത്തരേന്ത്യൻ മാതൃകയിൽ അക്രമങ്ങളിലൂടെയും കലാപങ്ങളിലൂടെയും രാഷ്ട്രീയ മേൽക്കോയ്മ നേടാനാണ് കേരളത്തിൽ ആർഎസ്എസ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ബിജെപിയുടെ നേതാക്കൾ കടുത്ത വർഗീയത പ്രസംഗിച്ചുനടക്കുന്നത്. ഈ ക്രിമിനൽ സംഘത്തെ നിയന്ത്രിക്കാൻ പൊലീസ് തയ്യാറാവണമെന്നും താഹിർ ആവശ്യപ്പെട്ടു.
വയലാറിലെ നാഗംകുളങ്ങര കവലയിൽ ഇന്നലെ രാത്രി ഏഴ് മണിക്ക് ശേഷമാണ് സംഘർഷമുണ്ടായത്. ഉച്ചക്ക് എസ്.ഡി.പി.ഐയുടെ വാഹന ജാഥയിലെ പ്രസംഗത്തെ ചൊല്ലി ആർഎസ്എസ് പ്രവർത്തകരുമായി വാക്കുതർക്കം ഉണ്ടായി. ഇതിൽ പ്രതിഷേധിച്ച് ഇരുവിഭാഗവും സന്ധ്യക്ക് പ്രകടനം നടത്തിയിരുന്നു. പ്രകടനം കഴിഞ്ഞ് പിരിഞ്ഞ് പോയവർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ആർഎസ്എസ് നാഗംകുളങ്ങര ശാഖയിലെ ഘടനായക് ആയ തട്ടാം പറമ്പിൽ നന്ദു കൃഷ്ണയാണ് കൊല്ലപ്പെട്ടത്. നന്ദുവിന്റെ തലയ്ക്ക് പിന്നിലേറ്റ വെട്ടാണ് മരണ കാരണം. സംഘർഷത്തിൽ മൂന്ന് എസ്.ഡി.പിഐ പ്രവർത്തകർക്കും മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കും വെട്ടേറ്റിട്ടുണ്ട്. ഇതിൽ ആർഎസ്എസ് പ്രവർത്തകനായ നന്ദു.കെ.എസ് ന്റെ നില ഗുരുതരമാണ്.
കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് എസ്.ഡി.പി.ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവർ നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തവരാണെന്ന് പൊലീസ് പറഞ്ഞു. കണ്ടാൽ അറിയാവുന്ന 16 പേർക്കെതിരെ പൊലീസ് കേസ് എടുത്തു. പാണാവള്ളി സ്വദേശി റിയാസ്, അരൂർ സ്വദേശി നിഷാദ്, എഴുപുന്ന സ്വദേശി അനസ്, വയലാർ സ്വദേശി അബ്ദുൽ ഖാദർ, ചേർത്തല സ്വദേശികളായ അൻസിൽ , സുനീർ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്.ഡി.പി.ഐ പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾക്കു വേണ്ടി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.