തിരുവനന്തപുരം: ഒരു കാലത്ത് കോൺഗ്രസിലെ തീപ്പൊരി നേതാവായിരുന്നു വയലാർ രവി. ഒന്നാം യുപിഎ സർക്കാറിലെ ശക്തമായ മന്ത്രിയും കോൺഗ്രസിലെ ഗാന്ധി കുടുംബത്തോട് അടുപ്പവും പുലർത്തിയിരുന്നു. കേരളത്തിൽ മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം തുറന്നു പ്രകടിപ്പിച്ചിട്ടുള്ള അദ്ദേഹത്തെ ഇവിടുത്തെ കോൺഗ്രസ് ഗ്രൂപ്പുകാർ അടുപ്പിക്കാതെ പറഞ്ഞയക്കുകയായിരുന്നു. എന്തായാലും വാർദ്ധക്യത്തിന്റെ അവശകതകൾ ഉണ്ടായിട്ടും കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമോ എന്ന ഭയം കൊണ്ടാണ് ഉമ്മൻ ചാണ്ടിയും കൂട്ടരും രാജ്യസഭാ അംഗത്വം നൽകി വീണ്ടും ഡൽഹിയിലേക്ക് വണ്ടിയകറ്റി വിട്ടത്. 

എന്തായാലും തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ ഷെഡ്ഡിലാണ് സ്ഥാനമെങ്കിലുംപതിവു പോലെ അവകാശ വാദങ്ങളും സ്ഥാനാർത്ഥികളുടെ ലിസ്റ്റും നിരത്തി രംഗത്തുവന്നിരിക്കയാണ് വയലാർ രവി. ഗ്രൂപ്പടിസ്ഥാനത്തിലുള്ള കാര്യങ്ങളൊന്നും നടപ്പില്ലെന്ന് തുറന്നു പറഞ്ഞ വി എം സുധീരനെ മൂലയ്ക്കിരുത്തി സീറ്റ് വീതം വെയ്ക്കാനാണ് എ, ഐ ഗ്രൂപ്പുകളുടെ ശ്രമം. ഇതിനിടെ തനിക്ക് താൽപ്പര്യമുള്ള 12 പേരുകളുമായി വയലാർ രവി തിരഞ്ഞെടുപ്പ് സമിതിയെ സമീപിച്ചു.

കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പ് സമിതിയുടെ പരിഗണനയ്ക്കായി വയലാർ രവി 12 പേരുകളാണ് നിർദ്ദേശിച്ചിരിക്കുന്നത്. രാജ്യസഭയിൽ ഹാജരാകണം എന്ന് വിപ്പുള്ളതിനാൽ യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നും ഈ പേരുകൾ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് കെപിസിസി അദ്ധ്യക്ഷൻ വി എം. സുധീരനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മന്ത്രി രമേശ് ചെന്നിത്തലയ്ക്കും കത്തും നൽകി.

ചേർത്തലയിൽ തന്റെ ഇളയ സഹോദരനായ എം.കെ. ജിനദേവന്റെ പേരും പെരുമ്പാവൂരിൽ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി മാത്യു കുഴൽനാടന്റെ പേരുമാണ് നിർദ്ദേശിച്ചിട്ടുള്ളത്. കുട്ടനാടും ഏറ്റുമാനൂരും ഘടകകക്ഷികൾ വിട്ടു നൽകിയാൽ അനിൽ ബോസ്, ജി. ഗോപകുമാർ എന്നിവരെ പരിഗണിക്കണം. മലമ്പുഴയിൽ കെ. അച്യുതൻ എംഎ‍ൽഎയുടെ മകൻ എ. സുമേഷിന്റെ പേരാണ് നിർദ്ദേശിച്ചത്.

കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് നൽകുന്ന പട്ടികയിൽ ഈ പേരുകൾ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വയലാർ രവി നിർദ്ദേശിച്ച മറ്റ് പേരുകൾ: ചാത്തന്നൂർ: നെടുംകുളം രഘു, അരൂർ: എം.കെ. അബ്ദുൾ ഗഫൂർ ഹാജി, വടക്കാഞ്ചേരി: സി.എസ്. ശ്രീനിവാസ്, വാമനപുരം: പി. സൊനാൾജി, വൈപ്പിൻ: ടി.ജി. സുനിൽ, കണ്ണൂർ: കെ. പ്രമോദ്, മാവേലിക്കര: എ. വിശാലാക്ഷി.