കണ്ണൂർ: കീഴാറ്റൂർ വയലിനെ തൊട്ട് ഒരു വശത്തുകൂടേയും ദേശീയ പാതാ ബൈപ്പാസ് അനുവദിക്കില്ല. സ്ഥലം എംഎ‍ൽഎ.യും സിപിഐ.(എം). നേതാവുമായ ജയിംസ് മാത്യുവിനോട് പാർട്ടി പ്രവർത്തകരടക്കം മുഖം കറുപ്പിച്ചതോടെ രണ്ടാമത്തെ അലൈന്മെന്റും നടപ്പാക്കില്ലെന്ന് അദ്ദേഹത്തിന് ഉറപ്പ് നൽകേണ്ടി വന്നു. എന്നാൽ വയൽകിളി രണ്ടാം ഘട്ട സമരത്തിന് ഇന്ന് വൈകീട്ട് തുടക്കമിടുകയാണ്.

സമര പ്രഖ്യാപനവും മനുഷ്യച്ചങ്ങലയും തീർത്ത് വയലിന്റെ കരയിലൂടെ പോലും ദേശീയ പാത അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയാണ്. തളിപ്പറമ്പ് നഗരത്തിലൂടേയുള്ള നിലവിലുള്ള ദേശീയ പാത വികസിപ്പിക്കാമെന്നാണ് പാർട്ടി പ്രവർത്തകരടക്കമുള്ള ജനങ്ങളുടെ വികാരം. അതുകൊണ്ടു തന്നെ രണ്ടാമത്തെ അലൈന്മെന്റും ഒഴിവാക്കിയതായി എംഎ‍ൽഎ ക്ക് അറിയിക്കേണ്ടി വന്നു.

എന്നാൽ സമരം ചെയ്യുന്നതിൽ നിന്നും നാട്ടുകാരെ പിൻതിരിപ്പിക്കാനുള്ള അടവു നയമാണ് എംഎ‍ൽഎ യുടെ പ്രഖ്യാപനത്തിന് പിന്നിലെന്ന് സംശയിക്കുന്നു. അതുകൊണ്ടു തന്നെ വളരെ കരുതലോടെയാണ് പ്രദേശ വാസികൾ നീങ്ങുന്നത്. കീഴാറ്റൂർ വയലിന്റെ ഇരു കരകളിലുമുള്ളവർ തമ്മിൽ സംഘർഷമുണ്ടാക്കാനുള്ള ചില ശ്രമവും അണിയറയിൽ നടന്നു വരുന്നതായി സൂചനയുണ്ട്.

കീഴാറ്റൂർ വയലിന് മധ്യത്തിലൂടേയായിരുന്നു ബൈപ്പാസിന് പരിഷ്‌ക്കരിച്ച രൂപരേഖ ഉണ്ടാക്കിയത്. ഇതനുസരിച്ച് നെൽ വയൽ നികത്തേണ്ടി വരും. തീരുമാനത്തിനെതിരേ കർഷകരുടെ കൂട്ടായ്മയായ വയൽകിളികൾ സമരം തുടങ്ങി. സമവായത്തിനു വഴങ്ങി സമരം ഒത്തുതീർപ്പാക്കിയ സർക്കാർ നിർദ്ദിഷ്ട പാത വയലിന്റെ മറുഭാഗത്തേയ്ക്ക് മാറ്റാമെന്ന നിർദ്ദേശം വച്ചു. മന്ത്രി ജി.സുധാകരൻ നേരിട്ട് ഇടപെട്ടായിരുന്നു പുതിയ തീരുമാനം എടുത്തത്. പുതിയ അലൈന്മെന്റ് പരിഗണിക്കാൻ വിദഗ്ദ സംഘത്തെ നിയോഗിക്കാമെന്ന ഉറപ്പിനെ തുടർന്നാണ് അന്ന് വയൽകിളി നടത്തുന്ന നിരാഹാര സമരം പിൻവലിക്കപ്പെട്ടത്.

എന്നാൽ വിദഗ്ദ്ധ സംഘം അലൈന്മെന്റിൽ കാര്യമായ മാറ്റമൊന്നും വരുത്തിയില്ല. കീഴാറ്റൂർ വയലിന് പുറമേ അക്കരെയുള്ള വയലും കൂടി നശിപ്പിക്കുന്നതാണ് പുതിയ അലൈന്മെന്റ്. ഈ സാഹചര്യത്തിലാണ് സമരം പുനരാരംഭിക്കാൻ വയൽകിളികൾ തീരുമാനിച്ചിട്ടുള്ളത്. അതോടെയാണ് സമരത്തിൽ കൂടുതൽ പ്രദേശവാസികൾ കൂടി അണിചേരാൻ ഉറപ്പിച്ച് രംഗത്ത് വരുന്നത്. വയൽ കരയിൽ ജനവാസ കേന്ദ്രങ്ങളും ആരാധനാലയങ്ങളും ആണ്. ഇതെല്ലാം നശിപ്പിച്ച് ബൈപ്പാസ് കൊണ്ടു പോകാനാണ് പദ്ധതി. എന്നാൽ ഈ മേഖലയിൽ നിന്നുള്ള ശക്തമായ എതിർപ്പോടെ നാട്ടുകാർ മുമ്പാകെ റോഡ് വരില്ലെന്ന് എം.എൽ. എ ക്കു ഉറപ്പ് കൊടുക്കേണ്ടി വന്നു.

വയൽകിളി കൂട്ടായ്മയിൽ സഹകരിച്ച് ഇതിനെതിരെ സമരം ആരംഭിക്കാനാണ് ദേശവാസികളുടെ തീരുമാനം. ബൈപ്പാസിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന മുഴുവൻ ദേശവാസികളേയും യോജിപ്പിച്ച് പ്രക്ഷോഭം ശക്തമാക്കാനാണ് നീക്കം നടക്കുന്നത്. എം.എൽ. എ.യുടെ വാഗ്ദാനത്തിൽ അവർക്ക് വിശ്വാസമില്ല. പുതിയ അലൈന്മെന്റിനെതിരെ കീഴാറ്റൂർ ദേശക്കാരും പ്ലാത്തോട്ടം ദേശവാസികളും ഒരുമിച്ച് നിന്ന് എതിർക്കാനാണ് നീക്കം. വൈകീട്ട് മെഴുതിരി കത്തിച്ച് പ്രതിഷേധ ജ്വാലയിൽ ഈ രണ്ടു ദേശവാസികളും അണിചേരും.