കൊട്ടാരക്കര : വിവാദപ്രസംഗം നടത്തിയെന്ന കേസിൽ ബിജെപി. കൊല്ലം ജില്ലാ സെക്രട്ടറി വയയ്ക്കൽ സോമനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാലിയക്കര എസ്റ്റേറ്റ് ലയത്തിൽ നിന്നാണ് കഴിഞ്ഞദിവസം പൊലീസ് സോമനെ കസ്റ്റഡിയിലെടുത്തത്. അയിഷാപോറ്റി എംഎ‍ൽഎ.യെയും ആർ.ബാലകൃഷ്ണപിള്ളയെയും അവഹേളിച്ചുപ്രസംഗിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കിയ സോമനെ റിമാൻഡ് ചെയ്തുകൊട്ടാരക്കര സബ് ജയിലിലേക്കയച്ചു.

ബിജെപി. നേതാവ് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നവംബർ 18-ന് കൊട്ടാരക്കര പുലമണിൽ ചേർന്ന യോഗത്തിൽ സോമൻ നടത്തിയ പ്രസംഗമാണ് വിവാദമായത്. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുസ്ഥലത്ത് സ്ത്രീത്വത്തെ അപമാനിക്കൽ, അനുവാദമില്ലാതെ സംഘംചേരൽ, കലാപത്തിന് ആഹ്വാനംചെയ്യൽ, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സർക്കാരിനെയും സ്ത്രീകളേയും കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറയുന്ന നേതാവിന്റെ വീഡിയോ വൈറലായി. പൊലീസ് കേസെടുത്തത് മുതൽ നേതാവ് ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ. ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കൊട്ടാരക്കരയിൽ നടന്ന വഴിതടയൽ സമരത്തിനിടെയാണ് വയയ്ക്കൽ സോമൻ തെറിവിളി പ്രസംഗം നടത്തിയത്. പ്രസംഗം വൈറലായതോടെ ലൈംഗികച്ചുവയോടെ സ്ത്രീകളെ പരസ്യമായി അപമാനിക്കൽ, പൊതുസ്ഥലത്ത് അശ്ലീലം പറയൽ തുടങ്ങി ഗുരുതരമായ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.

കൊട്ടാരക്കര എസ്‌ഐ ആർത്തവമുള്ള പെണ്ണുങ്ങളുടെ ലിസ്റ്റ് എടുത്ത് പിണറായി വിജയന്റെ നിർദ്ദേശം അനുസരിച്ച് ശബരമലയിലേക്ക് കയറ്റിവിട്ടെന്നാണ് ഒരു ആരോപണം. ശബരിമല നട കയറിയ രഹ്ന ഫാത്തിമയ്ക്ക് സാനിറ്ററി പാഡ് വാങ്ങിക്കുന്ന ചുമതലയായിരുന്നു ഐജി മനോജ് എബ്രഹാമിനെന്നും സോമൻ പ്രസംഗിച്ചു. എംഎൽഎ ഐഷാ പോറ്റിയേയും മകളേയും ക്രൂരമായ ഭാഷയിലാണ് വിമർശിച്ചത്.ആർ ബാലകൃഷ്ണ പിള്ളയേയും ഗണേശ് കുമാറിനേയും വെറുതേ വിട്ടില്ല. തൃപ്തി ദേശായി ശബരിമലയിലേക്ക് ക്ഷണിച്ചത് പിണറായി വിജയനാണെന്നും ആരോപിച്ചു. പ്രസംഗം വൈറലായതോടെ കൊട്ടാരക്കര എംഎൽഎ ഐയിഷ പോറ്റി നേതാവിനെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നു.

ശബരിമലയിലേക്ക് ആർത്തവമുള്ള സ്ത്രീകളെ കയറ്റി വിടാൻ പൊലീസ് ശ്രമിക്കുന്നുവെന്നും ഇതിന് പകരം അയിഷാ പോറ്റിയുടെ മകളെ കയറ്റി വിട്ടാൽ പോരെ എന്നുമായിരുന്നു ഉയർത്തിയ ചോദ്യം. അതിരൂക്ഷമായാണ് ആരോപണങ്ങൾ ഉന്നയിച്ചത്. കായംകുളം എംഎൽഎ പ്രതിഭാ ഹരി, ആറന്മുള എംഎൽഎ വീണാ ജോർജ് എന്നിവർക്കെതിരെയും അശ്ലീല പരാമർശം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം സോമനെതിരെ കേസെടുത്തത്. വാളകത്ത് കീഴൂട്ട് രാമൻപിള്ളയാണോ ഇവന്റെ തന്ത. തന്തയ്ക്ക് പിറക്കാത്ത കീഴൂട്ട് തറവാട്ടിൽ നിന്ന് അച്ഛനും മകനും എന്നാണ് ബാലകൃഷ്ണ പിള്ളയെ വിമർശിച്ചത്.