റുതിയിൽ ദുഃഖങ്ങളടയ്ക്കാൻ
ഒരു വഴിതേടി, ഇരുട്ടിന്റെ
ചോരവാർന്നു ഇറങ്ങുമീ
രാത്രിയിൽ പടിയിറങ്ങിയപ്പോൾ
മുന്നിലുഴറിപ്പിടയ്ക്കുന്നു
പിണയുന്ന വഴികൾ
വേതാളം തൂങ്ങിയലറുന്ന വഴികൾ
ശവങ്ങൾ മഴയിഴയുന്ന വഴികൾ
ഇന്ദ്രജാലങ്ങൾ പുളയുന്ന വഴികൾ
നായാട്ടുനായ്ക്കളെ പുട്ടിയ
തേരുകൾ ഗമിക്കുന്ന വഴികൾ
നീറുന്നൊരുവന്റെ നെഞ്ചിലേക്ക്
ഉതിർത്തവെടിയൊച്ചയിൽ
ആർത്തനാദത്തിൻകരിനിഴൽ
ചോരയുരച്ചു കറുപ്പിച്ച വഴികൾ
പിഞ്ചുകുഞ്ഞുങ്ങളെ വേട്ടയാടാൻ
കോപ്പുകുട്ടി പാഞ്ഞടുക്കുന്നവരുടെ
വഴികൾ, മംഗല്യസുത്രമണിഞ്ഞവൾ
നഖമാഴ്‌ത്തിമാന്തിപൊളിച്ച്
മുടിയിഴകൾ പിഴുതടിച്ചലറുന്ന
വഴികൾ, മൃത്യുവിനെനോക്കി
അനാഥരായിചിറകറ്റുവിണു
പിടയുന്നവരുടെ വഴികൾ
അർദ്ധബോധത്തിൽ ഉന്നുവടിയില്ലാതെ
പിണഞ്ഞാടുന്ന അച്ഛനമ്മമാരുടെ
വഴികൾ, ഏതു വഴിയിലാണ്
ദുഃഖമൊളിപ്പിക്കേണ്ടതെന്നറിയാതെ
ബോധിവൃക്ഷചുവട്ടിൽ ബോധോദയം
കാത്തിരിക്കുന്നു ഞാൻ