കോഴിക്കോട് - മാധ്യമപ്രവർത്തകൻ വി.ബി. ഉണ്ണിത്താനെതിരെ പൊലീസിൽ പരാതി നൽകി മാതൃഭൂമി സബ് എഡിറ്റർ നിലീന അത്തോളി. മാതൃഭൂമി പ്രസ് എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് മൾട്ടി പർപസ് സൊസൈറ്റിയിൽ നിന്ന് ഏഴുലക്ഷം രൂപ ലോൺ എടുത്തതിന് ശേഷം രാജിവെച്ച് മുങ്ങുകയും പിന്നീട് പണം തിരിച്ചടയ്ക്കാതെ ജാമ്യം നിന്ന നിലീനയെ വഞ്ചിച്ചുവെന്നുമാണ് പരാതി.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജിനാണ് പരാതി നൽകിയിരിക്കുന്നത്. വിശ്വാസ വഞ്ചനയ്ക്കും മാനസികമായി ദ്രോഹിക്കുന്നതിനും ഉണ്ണിത്താനെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയിൽ പറയുന്നത്. നാല് വ്യത്യസ്ത ലോണുകളിലായി 7 ലക്ഷത്തോളം രൂപയാണ് ഉണ്ണിത്താന്മാതൃഭൂമി എംപ്ലോയീസ് സോസൈറ്റിയിൽ നിന്ന് വായ്പ എടുത്തത്. 120 അടവാണ് ലോണിന് ഉണ്ടായിരുന്നത്. ഇതിൽ 9 അടവ് മാത്രമാണ് ഉണ്ണിത്താൻ അടച്ചത്.

ലോണിന്  മാതൃഭൂമിയിലെ നിലീനയും നീനു മോഹനും കെ.എം ബൈജുവും ആണ് ജാമ്യം നിന്നത്. 9 അടവ് അടച്ച ശേഷം ഉണ്ണിത്താൻ മാതൃഭൂമിയിൽ നിന്നും രാജിവെച്ചു. പിന്നീട് ലോൺ അടച്ചില്ല. ഉണ്ണിത്താൻ രാജിവെച്ച വിവരം താൻ അറിയുന്നത് ലോൺ അടവ് മുടങ്ങിയ കാര്യം എംപ്ലോയീസ് സോസൈറ്റിയിൽ നിന്ന് വിളിച്ചു പറയുമ്പോഴാണെന്ന് നിലീന പരാതിയിൽ പറയുന്നു. പിന്നീട് പല തവണ ഉണ്ണിത്താനെ ബന്ധപ്പെട്ടെങ്കിലും ലോൺ അടയ്ക്കാൻ തയ്യാറായില്ല. ഒടുവിൽ ഫോൺ എടുക്കാതായി.

മറ്റൊരു നമ്പറിൽ നിന്നും വിളിച്ചപ്പോൾ പരിഹാസ മറുപടി ആണ് കിട്ടിയത്. ഉണ്ണിത്താൻ മാതൃഭൂമിയിൽ നിന്ന് രാജിവെച്ചപ്പോൾ പി എഫ്, ഗ്രാറ്റിവിറ്റി ഇനങ്ങളിലായി 7 ലക്ഷത്തോളം രൂപ കിട്ടിയതായും നിലീന പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വിശ്വാസവഞ്ചനയ്ക്ക് ഉണ്ണിത്താനെതിരെ നടപടി എടുക്കണമെന്ന് നിലീന ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ വ്യക്തമാക്കി നിലീന കഴിഞ്ഞ ദിവസം ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.

പരാതിയുടെ പൂർണ്ണരൂപം

സർ

ഞാൻ നിലീന അത്തോളി, മാതൃഭൂമി ഓൺലൈനിൽ സബ് എഡിറ്ററായി ജോലി ചെയ്യുകയാണ്. 11 5 2019ൽ മാതൃഭൂമിയിൽ ചീഫ് റിപ്പോർട്ടറായിരുന്ന കാലത്ത് ശ്രീ വി. ബി ഉണ്ണിത്താൻ അദ്ദേഹത്തിന്റെ ആവശ്യത്തിനായി മാതൃഭൂമി പ്രസ് എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് മൾട്ടി പർപസ് സൊസൈറ്റിയിൽ നിന്ന് നാല് വായ്പകളെടുത്തിരുന്നു. സഹപ്രവർത്തകരുടെ സാലറി വെച്ചുള്ള ജാമ്യത്തിലാണ് വായ്പ തുക സൊസൈറ്റി അനുവദിക്കുക. വസ്തു ആധാരം ജാമ്യമായി വെക്കാതെയുള്ള ലളിതമായ നടപടി ക്രമങ്ങളിലൂടെയാണ് ജീവനക്കാരെല്ലാം സൊസൈറ്റിയിൽ നിന്ന് ജാമ്യം എടുക്കാറ്. അംഗങ്ങളുടെ പരസ്പര വിശ്വാസത്തിലാണ് ആ സൊസൈറ്റിയുടെ നിലനിൽപ് തന്നെ. ഈ വിശ്വാസത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് ബൈലൈനിലൂടെ മാത്രം എനിക്ക് പരിചയമുള്ള (എനിക്ക് നേരിട്ട് പരിചയമില്ലാത്ത) വി ബി ഉണ്ണിത്താൻ എന്നെ ഫോൺ ചെയ്ത് അഭ്യർത്ഥിച്ചതു വഴി ഞാൻ അദ്ദേഹത്തിന് ജാമ്യം നിൽക്കുന്നത്. നാല് വ്യത്യസ്ത ലോണുകളായി 6,22980 രൂപയാണ് അദ്ദേഹം വായ്പയെടുത്തത്. ആറരലക്ഷത്തോളം രൂപയുടെ ബാധ്യത നിലനിൽക്കെയാണ് അദ്ദേഹം മാതൃഭൂമിയിൽ നിന്ന് രാജിവെച്ചു പോവുന്നത്. രാജിവെച്ച വിവരം അറിയുന്നത് തന്നെ ഉണ്ണിത്താൻ അടവ് മുടക്കിയ കാര്യം സൊസൈറ്റി വിളിച്ചു പറയുമ്പോഴാണ്.

120 അടവുകൾ അടക്കേണ്ട വായ്പയിൽ വെറും 9 അടവുകൾ മാത്രം അടച്ചതിൽ നിന്നു തന്നെ ജാമ്യക്കാരെ കുരുക്കിലാക്കി രക്ഷപ്പെടാനുള്ള ഗൂഡോദ്ദേശത്തിലാണ് അദ്ദേഹം വായ്പയെടുത്തതെന്ന് തന്നെ വ്യക്തമാണ്. ജാമ്യക്കാരുടെ തലയിൽ താനെടുത്ത ലക്ഷങ്ങളുടെ ബാധ്യത വീഴ്‌ത്തി രാജിവെച്ച് പുറത്ത് പോകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലോണടക്കാനുള്ള ഉദ്ദേശം ഉണ്ടായിരുന്നെങ്കിൽ ലോണെടുത്ത് ചുരുങ്ങിയ കാലയളവിനുള്ളിൽ അദ്ദേഹം രാജിവെക്കില്ലായിരുന്നു. മാത്രവുമല്ല ഒരു രൂപയെങ്കിലും തന്നാൽ കഴിയുന്ന രീതിയിൽ അദ്ദേഹം വായ്പയായി പിന്നീടടക്കുമായിരുന്നു.

ചേതമില്ലാത്ത സഹായിമായിക്കോട്ടെ എന്ന് കരുതിയ എന്റെ നല്ല മനസ്സിനെ മുതലെടുത്തു കൊണ്ട് മനപ്പൂർവ്വം വഞ്ചിച്ച് കടന്നു കളയുകയാണ് അദ്ദേഹം ചെയ്തത്. ലോൺ മുടങ്ങിയ വിവരം അറിഞ്ഞ് വിളിച്ചപ്പോൾ പിഎഫും ഗ്രാറ്റ്‌വിവിറ്റിയും കിട്ടിയ ശേഷം അടക്കുമെന്ന് എന്നോട് പറഞ്ഞ ഉണ്ണിത്താൻ പിന്നീട് എന്റെ നമ്പറിൽ നിന്ന് ഫോണെടുക്കാതായി. 4,96,558 രൂപ തുക പിഎഫും 3,60,439 രൂപ ഗ്രാറ്റിവിറ്റിയുമായി കൈപറ്റിയിട്ടും ലോൺ തിരിച്ചടക്കാത്തത് എന്തുകൊണ്ടാണെന്ന് മറ്റൊരു മൊബൈൽ നമ്പറിലൂടെ വിളിച്ചു ചോദിച്ചപ്പോൾ അടക്കാൻ സൗകര്യമില്ലെന്ന തരത്തിലാണ് അയാൾ സംസാരിച്ചത്.

രാജിവെച്ചതിന്റെ ഭാഗമായി മാതൃഭൂമി കാശ് കൊടുക്കാനുണ്ടെന്ന മുടന്തൻ ന്യായം പറഞ്ഞാണ്് ഇയാൾ വായ്പാ അടവ് മുടക്കുന്നത്. കമ്പനിയിൽ നിന്നല്ല പകരം എംപ്ലോയീസ് സൊസൈറ്റിയിൽ നിന്നാണ് വായ്പയെടുത്തിട്ടുള്ളതെന്ന ഉത്തമ ബോധ്യം അയാൾക്ക് തന്നെയുണ്ട്. പക്ഷെ നാട്ടുകാരെയും ജാമ്യക്കാരെയും പറഞ്ഞ് കബളിപ്പിക്കാനായി പുതിയ ന്യായീകരണങ്ങൾ നിരത്തി ഞങ്ങളെ വഞ്ചിക്കുന്നത് തുടരുകയാണ്. ശാസ്താംകോട്ടയിൽ സ്വന്തമായി വീടും ഒന്നിൽകൂടുതൽ ഭൂമിയുമുള്ള ഇദ്ദേഹം നിവൃത്തികേട് കൊണ്ടല്ല വായ്പ അടക്കാത്തത്. പകരം ബോധപൂർവ്വം വഞ്ചിക്കുക എന്ന ഉദ്ദേശത്തിലാണ് വായ്പ അടക്കാതെ നടക്കുന്നത്.

വളരെ സമാധാനപരമായ ജീവിതം നയിച്ചിരുന്ന ഞാനിപ്പോൾ മറ്റൊരാൾ അയാളുടെ ആർഭാട ജീവിതം നയിക്കാനായി എടുത്ത ലോണിന്റെ ബാധ്യത പേറേണ്ട അവസ്ഥയിലാണ്. വിശ്വാസ വഞ്ചനയ്ക്കും മാനസികമായി ദ്രോഹിക്കുന്നതിനും ഇയാൾക്കെതിരേ നടപടിയെടുക്കണമെന്നപേക്ഷ. ഇയാളുടെ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന തെളിയിക്കാൻ ഉതകും വിധമുള്ള മാതൃഭൂമി കമ്പനി ഇയാൾക്കയച്ച കത്തും ഇതോടൊപ്പം വെക്കുന്നു

വിസ്വസ്തതയോടെ

നിലീന അത്തോളി
മാതൃഭൂമി സബ്എഡിറ്റർ