തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ പ്രമേയത്തിന് മുഖ്യമന്ത്രിയുടെ വിശദീകരണത്തിനുള്ള മറുപടിയായാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.ആയിരം പിണറായി വിജയന്മാർ ഒരുമിച്ച് വന്നാലും യുഡിഎഫുകാരുടെ തലയിൽ സംഘിപ്പട്ടം ചാർത്താൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരിനെതിരേയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഒത്തുതീർപ്പാക്കാനാണ് കൊടകര കേസിൽ ബിജെപിക്കെതിരായ അന്വഷണം ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നും സതീശൻ നിയമസഭയിൽ ആരോപിച്ചു. പശുവിനെ കുറിച്ച് ചോദിക്കുമ്പോൾ അതിനെ കെട്ടിയ തെങ്ങിനെക്കുറിച്ചാണ് മുഖ്യമന്ത്രി മറുപടി പറയുന്നതെന്നും അടിയന്തര പ്രമേയ നോട്ടീസിനുള്ള മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തെ പരിഹസിച്ച് സതീശൻ പറഞ്ഞു.

ഒരു ബിജെപി നേതാക്കളും കേസിൽ പ്രതികളാകില്ലെന്ന് ഉറപ്പുവരുത്തിയാണ് സംസ്ഥാന സർക്കാർ കൊടകര കേസ് അന്വേഷണം അവസാനിപ്പിക്കുന്നത്. കേരളത്തിൽ നടന്ന ഏറ്റവും വലിയ കുഴൽപ്പണ ഇടപാടിനെ കേവലമൊരു കവർച്ചാക്കേസാക്കി മാറ്റി. പ്രതികളാകേണ്ട രാഷ്ട്രീയ നേതാക്കളെയെല്ലാം സർക്കാർ സാക്ഷികളാക്കി രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊടകര കുഴൽപ്പണം ബിജെപി പ്രവർത്തകർ തിരഞ്ഞെടുപ്പിന് വേണ്ടി എത്തിച്ചതാണെന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞിരുന്നത്. കേസിൽ നാലാം പ്രതി ബിജെപി പ്രവർത്തകനാണ്. ധർമ്മരാജനും ബിജെപി അനുഭാവിയാണ്. കേസിൽ കെ. സുരേന്ദ്രൻ അടക്കം 206 സാക്ഷികളുണ്ട്. അന്വേഷണം പുരോഗമിക്കുമ്പോൾ സാക്ഷികൾ ചിലപ്പോ പിന്നീട് പ്രതികളായേക്കാമെന്നും സുരേന്ദ്രനെ ഉന്നംവച്ച് മുഖ്യമന്ത്രി പറഞ്ഞിരുന്നു.