- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'വാ പോയ കോടാലി'; കെ.സുരേന്ദ്രന്റെ മെഗാഫോണല്ല പ്രതിപക്ഷമെന്ന് വി.ഡി.സതീശൻ; 'നിർഗുണനായ പ്രതിപക്ഷ നേതാവ്';പിണറായി ക്യാബിനറ്റിലെ അംഗത്തെ പോലെയെന്ന് കെ സുരേന്ദ്രൻ; ഗവർണർ വിഷയത്തിൽ വാക്പോര്
തിരുവനന്തപുരം: ഗവർണർ വിഷയത്തിൽ വാക് പോരുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും. വാ പോയ കോടാലിയായ കെ.സുരേന്ദ്രന്റെ മെഗാഫോണല്ല പ്രതിപക്ഷമെന്ന് വി.ഡി.സതീശൻ പരിഹസിച്ചു. ബിജെപി പറയുന്നത് ഏറ്റുപറയാനല്ല പ്രതിപക്ഷം. വിഷയാധിഷ്ഠിതമായാണ് ഒരോ കാര്യത്തിലും പ്രതിപക്ഷം അഭിപ്രായം നടത്തുന്നതെന്നും വി ഡി സതീശൻ തുറന്നടിച്ചു.
അതേസമയം, നിർഗുണ പ്രതിപക്ഷ നേതാവെന്ന് വി.ഡി.സതീശനെ വിളിച്ചായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ മറുപടി. സർവകലാശാല വിഷയത്തിൽ സർക്കാരിനെ വിമർശിക്കാതെ ഗവർണറെ വിമർശിക്കുകയാണ് വി.ഡി.സതീശനെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. പിണറായി ക്യാബിനറ്റിലെ അംഗത്തെ പോലെയാണ് സതീശന്റെ പ്രസ്താവനകളെന്നും സുരേന്ദ്രൻ പരിഹസിച്ചു.
വി.ഡി സതീശന്റെ സ്ഥാനം 'അജഗള സ്തനം' പോലെ ആർക്കും ഉപകാരമില്ലാത്തതാണെന്നും സുരേന്ദ്രൻ പറഞ്ഞു.സുരേന്ദ്രൻ പറഞ്ഞത് ഏറ്റെടുക്കാനുള്ളതല്ല പ്രതിപക്ഷമെന്ന് സതീശൻ പറയുന്നത് രമേശ് ചെന്നിത്തലയെ ഉന്നംവച്ചാണ്.
കേരളത്തിലെ സർവകലാശാലകളെ മുഴുവൻ കൈപിടിയിലാക്കി അഴിമതി നടത്തുന്ന മുഖ്യമന്ത്രിയെ വിമർശിക്കാതെ ഗവർണറെ വിമർശിക്കുന്നതിൽനിന്നു തന്നെ അദ്ദേഹത്തിന് ഒരു ഗുണവുമില്ലെന്ന് മനസിലാകും. പ്രതിപക്ഷത്തിന്റെ ധർമ്മം പോലും അറിയാത്ത പ്രതിപക്ഷ നേതാവാണ് സതീശനെന്നും സുരേന്ദ്രൻ പറഞ്ഞു.
നേരത്തെ ഡിലിറ്റ് വിവാദത്തിൽ ചെന്നിത്തലയെ തള്ളി വി.ഡി. സതീശൻ രംഗത്ത് വന്നിരുന്നു. മുതിർന്ന നേതാവായ ചെന്നിത്തലക്ക് അഭിപ്രായം പറയാം. എന്നാൽ താനും കെപിസിസി. പ്രസിഡന്റും പറയുന്നതാണ് പാർട്ടി നിലപാട്. ഡി ലിറ്റ് വിഷയത്തിൽ പാർട്ടിയിൽ ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
'രമേശ് ചെന്നിത്തല മുൻ പ്രതിപക്ഷ നേതാവും കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളിലൊരാളുമാണ്. ഈ വിഷയത്തിൽ അദ്ദേഹം അഭിപ്രായം പറയാൻ പാടില്ലെന്ന് താൻ പറയില്ല. ഏകീകൃതമായ അഭിപ്രായം താൻ പറഞ്ഞതാണ്. കെപിസിസി പ്രസിഡന്റും അതുതന്നെ പറഞ്ഞിട്ടുണ്ട്. അതാണ് കോൺഗ്രസിന്റെ അഭിപ്രായം.' - സതീശൻ പറഞ്ഞു.
കോൺഗ്രസിലെ നേതാക്കളുമായി ചർച്ച ചെയ്താണ് അഭിപ്രായം പറഞ്ഞതെന്നും വി.ഡി. സതീശൻ പറഞ്ഞു.കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും രണ്ട് അഭിപ്രായം പറഞ്ഞിട്ടില്ല. ഇതുവരെ ഒരു കാര്യത്തിലും രണ്ടപ്രായം പറഞ്ഞിട്ടില്ല. കൂടിയാലോചന നടത്തി ഒറ്റ അഭിപ്രായമേ പറയാറുള്ളൂയെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം രാഷ്ട്രപതിക്ക് ഓണററി ഡി-ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത് എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പാലും പഴവും കൊടുത്ത് വളർത്തുന്ന വക്കീലായി പ്രതിപക്ഷ നേതാവ് മാറിയിരിക്കുന്നുവെന്ന് മുരളീധരൻ പരിഹസിച്ചു.
'ഡി-ലിറ്റ് ശുപാശ നൽകാനുള്ള അവകാശം ഗവർണർക്കുണ്ട്. നിർദ്ദേശമല്ല. ശുപാർശയാണ് അദ്ദേഹം നൽകിയത്. പ്രതിപക്ഷ നേതാവിന് വിവരമില്ല. ശുപാർശയാണ് നൽകിയതെന്നെങ്കിലും പ്രതിപക്ഷ നേതാവ് മനസിലാക്കണമെന്നും മുരളീധരൻ പറഞ്ഞു. 'പിണറായിയെ പേടിയാണ് പ്രതിപക്ഷ നേതാവിന്'. അതാണ് ഗവർണർക്കെതിരായ വിമർശനങ്ങളിൽ നിന്ന് മനസിലാകുന്നത്'.
മുഖ്യമന്ത്രിയുടെ നാവായി വി ഡി സതീശൻ മാറിയെന്ന് കുറ്റപ്പെടുത്തിയ കേന്ദ്രമന്ത്രി, ഗവർണറെ അവഹേളിച്ചതിലൂടെ ഭരണഘടനയെയാണ് അവഹേളിച്ചതെന്നും വിമർശിച്ചു. വിഷയത്തിൽ കോൺഗ്രസ് ദേശീയ നേത്യത്വം നിലപാട് വ്യക്തമാകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടിരുന്നു.
ന്യൂസ് ഡെസ്ക്