- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിപക്ഷം നൽകിയ 600 ഭേദഗതികൾ ഉൾപ്പെടുത്താതെ നിയമസഭാ സെക്രട്ടേറിയറ്റ്; പാർലമെന്റിൽ മോദി സർക്കാർ ബില്ലുകൾ പാസാക്കുന്ന രീതി കേരളത്തിൽ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്; സർവകലാശാല (ഭേദഗതി) ബിൽ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: പാർലമെന്റിൽ നരേന്ദ്ര മോദി മന്ത്രിസഭ ബില്ലുകൾ പാസാക്കുന്ന രീതിയിൽ കേരളത്തിലും ഏകപക്ഷീയമായി ബിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർവകലാശാല (ഭേദഗതി) ബില്ലിന്റെ വിവിധ വകുപ്പുകളിൽ പ്രതിപക്ഷ നിരയിൽ നിന്നുള്ള സാമാജികർ നൽകിയ അറുനൂറിലധികം ഭേദഗതികൾ ഉൾപ്പെടുത്തിയിട്ടില്ല. നിയമനിർമ്മാണ പ്രക്രിയയുടെ ഭാഗമായി സാമാജികർ നൽകിയ ഭേദഗതി നോട്ടീസുകൾ നിയമസഭാ സെക്രട്ടേറിയറ്റ് മാറ്റിവയ്ക്കുന്നത് കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഭേഗതികൾ പരിഗണിക്കാത്ത സാഹചര്യത്തിൽ ബിൽ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന ആവശ്യം സ്പീക്കർ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ സർവകലാശാലയുമായി ബന്ധപ്പെട്ട രണ്ടു ബില്ലുകളുടെയും ചർച്ച ബഹിഷ്‌ക്കരിച്ചു.
നിയമസഭാ സെക്രട്ടേറിയറ്റ് പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ചോദ്യം ചെയ്യുകയാണ്. അറുനൂറിലധികം നിയമഭേദഗതികൾ മാറ്റിവച്ച് എന്തു നിയമനിർമ്മാണമാണ് ഇവിടെ നടത്തുന്നത്. സമയം വൈകി നൽകിയ ഭേദഗതികൾ സ്വീകരിച്ച ചരിത്രമാണ് നിയമസഭയ്ക്കുള്ളത്. പ്രതിപക്ഷാംഗങ്ങൾ നൽകിയ ഭേദഗതികൾ കൂടി പരിഗണിച്ചാൽ നിയമനിർമ്മാണ നടപടിക്രമങ്ങളുമായി സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
2021 ഒക്ടോബർ മാസം 7-ാം തീയതി ബിൽ സംബന്ധിച്ച സബ്ജ്ക്ട് കമ്മിറ്റി യോഗം ചേരുകയും റിപ്പോർട്ട് അംഗീകരിക്കുകയും ചെയ്തിരുന്നു. 2021 ഒക്ടോബർ 20 ന് പ്രസ്തുത റിപ്പോർട്ട് സഭയിൽ സമർപ്പിച്ച സാമാജികർക്ക് ബില്ലിലെ വ്യവസ്ഥകൾ പഠിച്ച് ഭേദഗതികൾ നിർദ്ദേശിക്കുന്നതിനുള്ള ജാഗ്രതയോടെയുള്ള സമീപനം നിയമസഭാ സെക്രട്ടേറിയറ്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ആയതിനാലാണ് റിപ്പോർട്ട് ഒക്ടോബർ 25 ന് സമർപ്പിക്കേണ്ടി വന്നത്. ഒക്ടോബർ 26 ന് 12 മണിക്ക് മുമ്പായി ഭേദഗതി നോട്ടീസുകൾ നൽകണമെന്ന് ബുള്ളറ്റിൻ പുറപ്പെടുവിക്കുകയും ചെയ്തു. ഒക്ടോബർ 25 ലെ സഭാസമ്മേളനത്തിന് ശേഷം അടുത്തദിവസം രാവിലെ 9 മണിക്ക് വീണ്ടും സഭ സമ്മേളിക്കുന്ന സാഹചര്യത്തിൽ ഇത്രയും പ്രാധാന്യമുള്ള ബില്ലിലെ വ്യവസ്ഥകൾ പരിശോധിച്ച് ഭേദഗതി നിർദ്ദേശിക്കുവാൻ സാമാജികർക്ക് എത്ര സമയം ലഭിച്ചുവെന്നത് പ്രത്യേക പ്രാധാന്യമർഹിക്കുന്നു. ഈ കാര്യത്തിലുള്ള ആശങ്ക സാമാജികർ സഭയിൽ ഉന്നയിച്ചപ്പോൾ 2 മണിക്കൂർ ദീർഘിപ്പിക്കാനാണ് ചെയർ നിർദ്ദേശിച്ചത്. സഭാ സമ്മേളന സമയത്ത് തന്നെയാണ് പ്രസ്തുത രണ്ട് മണിക്കൂർ സമയം അധികം നൽകുന്നത് എന്നതിനാലും, മുൻകാലങ്ങളിൽ ഇപ്രകാരമുള്ള സന്ദർഭങ്ങലിൽ എല്ലാം തന്നെ സാമാജികരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സമയപരിധിക്കുശേഷം ലഭിക്കുന്ന ഭേദഗതികൾക്കും നിയമസഭാ സെക്രട്ടേറിയറ്റ് പ്രോസസ് ചെയ്ത് ലിസ്റ്റിൽ ഉൾപ്പെടുത്തി നിയമനിർമ്മാണ പ്രക്രിയ സമഗ്രമായി നടത്തുവാൻ അവസരം ഒരുക്കിയിട്ടുണ്ട്. ഈ ബില്ലിന്റെ കാര്യത്തിൽ ഭേദഗതി സ്വീകരിച്ചതിനു ശേഷം ചട്ടപ്രകാരമുള്ള ഒരു പൂർണ്ണ ദിവസം പ്രോസസ് ചെയ്യുന്നതിന് ലഭിച്ചിട്ടും അഞ്ഞൂറിൽ അധികം ഭേദഗതികൾ യാതൊരു അറിയിപ്പും നൽകാതെ ഏകപക്ഷീയമായി ഒഴിവാക്കുന്ന പ്രതിഷേധാർഹമായ നടപടിയാണ് ഉണ്ടായത്.
ബില്ലുകളുടെ വകുപ്പുതിരിച്ചുള്ള ഭേദഗതികൾ ബിൽ പരിഗണിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസം 3 മണിവരെ നൽകാമെന്ന ഡയറക്ഷൻ 10 ലെ വ്യവസ്ഥയാണ് 1986 മുതൽ 2010 വരെ സഭ പിന്തുടർന്നിരുന്നത്. എന്നാൽ ഒരു പൂർണ്ണദിവസം മുമ്പ് ഭേദഗതി നോട്ടീസ് നൽകണമെന്ന ചട്ടം 81ലെ വ്യവസ്ഥയ്ക്ക് അനുസൃതമായി മേൽപറഞ്ഞ ഡയറക്ഷനിലെ വ്യവസ്ഥ 2010 ൽ ഒഴിവാക്കിയിരുന്നു. വകുപ്പുതിരിച്ചുള്ള ഭേദഗതി നൽകുന്നതിനുള്ള സമയക്രമം പുതുക്കി നിശ്ചയിച്ച് മറ്റൊരു ഡയറക്ഷൻ പുറപ്പെടുവിച്ചില്ലെങ്കിലും ഒരു പൂർണ്ണ ദിവസം മുമ്പ് വൈകുന്നേരം 3 മണി എന്ന സമയക്രമം തന്നെയാണ് നിയമസഭാ സെക്രട്ടേറിയറ്റ് തുടർന്നും പിന്തുടർന്നിരുന്നത്.
ഇന്ന് സഭ പരിഗണിക്കുന്ന സർവ്വകലാശാല ബില്ലിന്റെ കാര്യത്തിൽ ഉണ്ടായതുപോലെ റിപ്പോർട്ട് വെച്ച രണ്ട് ദിവസത്തിനുള്ളിൽ ബിൽ പരിഗണിക്കുമ്പോൾ ഒരു പൂർണ്ണ ദിവസം മുമ്പ് ഭേദഗതി നൽകണമെന്ന ചട്ടം ഇളവ് ചെയ്തുകൊണ്ട് തലേദിവസം വൈകുന്നേരം 3 മണിവരെ ഭേദഗതി സ്വീകരിക്കുമെന്ന് ബുള്ളറ്റിൻ നൽകുകയും അംഗങ്ങളുടെ ആവശ്യപ്രകാരം സമയപരിധിയിൽ 3 മണിക്കൂർ വരെ ഇളവ് അനുവദിക്കുകയുമാണ് സാധാരണ ചെയ്തുവന്നിരുന്നത്. എന്നാൽ, ഈ ബില്ലിന്റെ കാര്യത്തിൽ സാമാജികർക്ക് ബില്ല് പഠിക്കുന്നതിനായി ചട്ടം വേവ് ചെയ്യുവാൻ തയ്യാറായില്ല എന്ന് മാത്രമല്ല 3 മണി എന്നതിന് പകരം 12 മണിവരെ മാത്രം സമയം അനുവദിച്ച് ബുള്ളറ്റിൻ നൽകുകയുമാണ് ചെയ്തിട്ടുള്ളത്. ഈ രീതിയിൽ ബിൽ പഠിക്കാനുള്ള അവസരം പരിമിതപ്പെടുത്തിയിട്ടും താല്പര്യത്തോടെ സമയം കണ്ടെത്തി ബിൽ പഠിച്ച് സാമാജികർ നൽകിയ ഭേദഗതി നിർദ്ദേശങ്ങൾ ഒരു അറിയിപ്പുപോലും നൽകാതെ പ്രോസസ് ചെയ്യാതെ മാറ്റിവയ്ക്കുന്ന സമീപനമാണ് നിയമസഭ സെക്രട്ടേറിയറ്റ് സ്വീകരിച്ചത്.