- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ധീരജ് വധത്തിൽ സുധാകരന് പിന്തുണയുമായി വി ഡി സതീശൻ; സുധാകരൻ പറഞ്ഞത് ധീരജിന്റെ കൊലപാതകത്തിൽ പ്രതികൾ നിരപരാധികളെങ്കിൽ സംരക്ഷിക്കുമെന്ന്; മരണത്തിന്റെ വ്യാപാരികൾ സിപിഎമാണെന്നും പ്രതിപക്ഷ നേതാവ്
കൊച്ചി: ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ധീരജിന്റെ കൊലപാതകത്തിൽ പ്രതികൾ നിരപരാധികളെങ്കിൽ സംരക്ഷിക്കുമെന്നാണ് കെ സുധാകരൻ പറഞ്ഞതെന്നും പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. ആറ് പേർ ചേർന്ന് 100 പേരെ ആക്രമിച്ചതെങ്ങിനെയെന്ന് വ്യക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോവിഡ് മാനദണ്ഡം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചും സിപിഎമ്മിനെതിരെ പ്രതിപക്ഷ നേതാവ് രൂക്ഷവിമർശനം ഉന്നയിച്ചു.സിപിഎമ്മിന്റെ മരണത്തിന്റെ വ്യാപാരികളെന്ന് വിഡി സതീശൻ വിമർശിച്ചു. ജനുവരി 31 വരെയുള്ള എല്ലാ പരിപാടികളും യുഡിഎഫും കോൺഗ്രസും മാറ്റിവെച്ചു. എന്നാൽ സിപിഎം ജില്ലാ സമ്മേളനങ്ങളും തിരുവാതിരയും നടത്തുകയാണ്. ജില്ല കളക്ടറുടെ ഉത്തരവ് ലംഘിച്ചാണ് സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നത്. 50 പേരുടെ പരിപാടിക്ക് അനുമതിയുള്ളിടത്ത് 250 പേർ പങ്കെടുക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ റെയിൽ വിഷയത്തിലും വി ഡി സതീശൻ പ്രതികരിച്ചു.പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഡിപിആർ പ്രകാരം റെയിലിന് ചുറ്റും 200 കിലോമീറ്ററോളം മതിൽ കെട്ടുമെന്നാണ്. ഇതൊരു കോറിഡോർ ഡാം പോലെയാകും. ഇതൊക്കെ തന്നെയാണ് പ്രതിപക്ഷം പറഞ്ഞത്. പരിസ്ഥിതി ലോല പ്രദേശത്ത് കൂടിയല്ല റെയിൽ പോകുന്നതെന്ന വാദവും തെറ്റാണ്. സിൽവർ ലൈനിന് തൊട്ടടുത്ത് പരിസ്ഥിതി ലോല മേഖലയാണെന്നും അദ്ദേഹം പറഞ്ഞു.
പിടി തോമസിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട് ഒരു വിവാദത്തിനും ഇല്ലെന്നും വിഡി സതീശൻ പറഞ്ഞു.തൃക്കാക്കര എംഎൽഎ പിടി തോമസിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട മുഴുവൻ ചെലവും കോൺഗ്രസ് പാർട്ടിയാണ് വഹിച്ചത്. മറിച്ചെന്തെങ്കിലും സംഭവിച്ചിട്ടുണ്ടങ്കിൽ തിരുത്താൻ നിർദ്ദേശം കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ