പത്തനംതിട്ട: തുലാവർഷം ഇടിവെട്ടി തിമിർക്കുന്നതിനിടെ ആദിവാസി യുവതിക്ക് പ്രസവവേദന. മഴ കുറയാൻ കാത്തിരിക്കുന്നതിനിടെ വീട്ടിൽ പ്രസവം. അമ്മയുടെയും കുഞ്ഞിന്റെയും നില വഷളായപ്പോൾ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് തേടി ഭർത്താവിന്റെ നെട്ടോട്ടം. ആംബുലൻസ് ചോദിച്ചപ്പോൾ സർക്കാർ ആശുപത്രിയിൽ നിന്ന് അധിക്ഷേപം. ഒടുവിൽ ബൈക്കിന് പിന്നിലിരുത്തി ഭാര്യയെയും കുട്ടിയെയും ആശുപത്രിയിലെത്തിക്കാൻ തുനിയുമ്പോൾ സഹായത്തിന് എത്തിയത് ജനമൈത്രി പൊലീസ്.

ജില്ലയുടെ അതിർത്തി ഗ്രാമമായ അരയാഞ്ഞിലി മണ്ണിലെ ചൊവ്വാലി ആദിവാസി കോളനിയിൽ മരുതിമൂട്ടിൽ വൈശാഖ് കുളത്തുങ്കലിന്റെ ഭാര്യ സുനജയ്ക്കാ(33)ണ് എരുമേലിയിലേയും റാന്നിയിലേയും സർക്കാർ ആശുപത്രികളിൽ നിന്നും നീതി നിഷേധിക്കപ്പെട്ടത്.
സുനജയുടെ രണ്ടാമത്തെ പ്രസവമായിരുന്നു ഇത്. ബുധനാഴ്ച സന്ധ്യയോടെയാണ് യുവതിക്ക് പ്രസവ സംബന്ധമായ അസ്വസ്ഥത അനുഭവപ്പെട്ടത്. ഈ സമയം മഴ ശക്തമായി പെയ്തു കൊണ്ടിരുന്നതിനാൽ വനമേഖലയായ അരയാഞ്ഞിലിമണ്ണിലേക്ക് വാഹനങ്ങൾ എത്തിയില്ല. മഴ കുറയാനും വാഹനം ലഭിക്കാനും കാത്തിരുന്നു.

ഇതിനിടയിൽ രാത്രി ഒമ്പതരയോടെ അയൽവാസികളായ സ്ത്രീകളുടെ പരിചരണത്തിൽ യുവതി പെൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ പിന്നീട് അസ്വസ്ഥത കൂടിയ ഇവരെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും എങ്ങു നിന്നും വാഹനം കിട്ടിയില്ല. ഒരു ഓട്ടോറിക്ഷ എത്തിയെങ്കിലും അതിൽ കയറ്റിക്കൊണ്ടു പോകാൻ കഴിയുന്ന അവസ്ഥയായിരുന്നില്ലെന്ന് ഭർത്താവ് വൈശാഖ് പറഞ്ഞു. യുവതിയുടെ നില മോശമായി തുടരുന്നതിനിടയിൽ വൈശാഖ് എരുമേലിയിലേയും റാന്നിയിലേയും സർക്കാർ ആശുപത്രികളിലേക്ക് ആംബുലൻസിലായി നിരന്തരം ബന്ധപ്പെട്ടു. റാന്നിയിൽ ഫോൺ എടുക്കാൻ പോലും ആരും തയാറായില്ലെന്നാണ് പരാതി.

എസ്.ടി പ്രമോട്ടറുടെ സഹായത്തോടെ താലൂക്കാശുപത്രിയുമായി ബന്ധപ്പെട്ടപ്പോൾ വൈകാതെ ആംബുലൻസ് അരയാഞ്ഞിലിമണ്ണിൽ എത്തുമെന്ന മറുപടിയാണ് ലഭിച്ചത്. രാത്രി ഏറെ വൈകുവോളം ഇതിനായി കാത്തിരുന്നെങ്കിലും വാഹനം എത്തിയില്ല. ഇതിനെ തുടർന്ന് വൈശാഖ് ബൈക്കിൽ എരുമേലി സർക്കാർ ആശുപത്രിയിൽ എത്തി. ഇവിടെ നിന്നും വാഹനം വിട്ടുനൽകാൻ വിസമ്മതിച്ച ജീവനക്കാർ തന്നോട് വളരെ മോശമായി പെരുമാറിയെന്നാണ് യുവാവ് ആരോപിക്കുന്നത്. അർധരാത്രി ആയിട്ടും വാഹനം ലഭിക്കാതെ വന്നതോടെ തന്റെ ബൈക്കിൽ എടുത്തിരുത്തി ആശുപത്രിയിലേക്ക് ഭാര്യയെ കൊണ്ടു പോകാനായി വൈശാഖിന്റെ ശ്രമം.

ഇതിനായി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് തലയണത്തടം എന്ന സ്ഥലത്തു വച്ച് വെച്ചൂച്ചിറ സ്റ്റേഷനിലെ എഎസ്ഐ നൗഷാദും സിപിഒ ഷിന്റോയും അടങ്ങുന്ന നൈറ്റ് പട്രോളിങ് സംഘത്തെ കണ്ടത്. വിവരം പറഞ്ഞയുടൻ യുവാവിനെ സഹായിക്കാൻ പൊലീസ് സംഘം തീരുമാനിച്ചു. അരയാഞ്ഞിലിമണ്ണിലെ വീട്ടിലെത്തിയ പൊലീസ് അവശയായ യുവതിയേയും നവജാത ശിശുവിനേയും പുലർച്ചെ രണ്ടരയോടെ റാന്നി താലൂക്കാശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചതിനു പുറമെ തന്റെ പോക്കറ്റിൽ നിന്നും തൽക്കാല ആശുപത്രി ചെലവിനായി ഒരു തുക വൈശാഖിനെ ഏൽപ്പിച്ച ശേഷമാണ് നൗഷാദും സംഘവും മടങ്ങിയത്. മുൻപും നിരവധി മനുഷ്യസ്നേഹപരമായ കാര്യങ്ങൾ ചെയ്ത് പൊലീസ് സേനയ്ക്ക് അഭിമാനമായ ഉദ്യോഗസ്ഥനാണ് നൗഷാദ്.

റാന്നിയിലേയും എരുമേലിയിലേയും സർക്കാർ ആശുപത്രികളിൽ നിന്നും ആംബുലൻസ് വിട്ടു നൽകാതിരുന്ന നടപടിക്കെതിരെ മുഖ്യമന്ത്രി അടക്കമുള്ളവർക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകുമെന്ന് വൈശാഖ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ പട്ടികവർഗ വികസന ഓഫീസർക്ക് കലക്ടർ ആർ ഗിരിജ നിർദ്ദേശം നൽകി.