- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ വാർത്തയും അടിസ്ഥാന രഹിതം; വീണാ ജോർജിനെതിരെയുള്ള വ്യാജവാർത്തകളിൽ നിയമനടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ടിയിലെ സിപിഎം
പത്തനംതിട്ട : ആരോഗ്യമന്ത്രി വീണ ജോർജിനെ എതിരെ പത്തനംതിട്ട നഗരത്തിലെ പാർട്ടി കമ്മിറ്റികളിൽ വിമർശനം എന്ന പേരിൽ ചില മാധ്യമങ്ങൾ നടത്തുന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എ.പി.ഉദയഭാനു.
മാധ്യമ സ്ഥാപനങ്ങളായ മാധ്യമം, മീഡിയവൺ അവരുടെ ഓൺലൈൻ സൈറ്റ്, മംഗളം ദിനപത്രം എന്നിവയിലൂടെയാണ് തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നത്. ഒരേ കേന്ദ്രത്തിൽ നിന്നും പ്രചരിപ്പിക്കുന്നതാണെന്നും വ്യക്തമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് ആസൂത്രിതവും വീണാ ജോർജിനെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുമാണ്. സത്യവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ഇത്തരം വാർത്തകൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും വീണ ജോർജിനെതിരെ ചില കേന്ദ്രങ്ങൾ നിരന്തരം പ്രചരിപ്പിച്ചിരുന്നു.
എന്നാൽ അത്തരം പ്രചാരവേലയെ പരാജയപ്പെടുത്തിക്കൊണ്ടാണ് മികച്ച ഭൂരിപക്ഷത്തോടെ ആറന്മുളയിലെ ജനങ്ങൾ വീണ ജോർജിനെ തെരഞ്ഞെടുത്തത്. എന്നിട്ടും ഇത്തരം നുണ പ്രചാരണങ്ങളുമായി ചിലർ മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ തെറ്റായ വാർത്തകൾ നൽകുന്നവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുകയാണ്. മാധ്യമം ദിനപത്രം, മീഡിയവൺ ചാനൽ ,മീഡിയവൺ ഓൺലൈൻ , മംഗളം ദിനപത്രം ഇവർക്കെതിരെ ഉടൻതന്നെ നിയമനടപടികൾ സ്വീകരിക്കും .ലോകത്തിനു തന്നെ മാതൃകയായ രീതിയിലാണ് സംസ്ഥാനത്തിന്റെ ആരോഗ്യവകുപ്പിലെ പ്രവർത്തനങ്ങൾ വീണ ജോർജ് നേതൃത്വത്തിൽ മുന്നോട്ടുപോകുന്നത്. കോവിഡിന് പുറമേ സിക്കാ വൈറസ് ,നിപ്പാ എന്നിവയുടെ വ്യാപനം തടഞ്ഞുനിർത്താൻ സംസ്ഥാനത്തിന് കഴിഞ്ഞത് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒത്തൊരുമയുള്ള പ്രവർത്തനങ്ങളിലൂടെയാണ് .
ആദ്യ 100 ദിവസം കൊണ്ട് തന്നെ തന്നെ മികച്ച വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കിയ ഒരു സർക്കാരാണ് രണ്ടാം പിണറായി സർക്കാർ . ആരോഗ്യ വകുപ്പിലും പത്തനംതിട്ട ജില്ലയിലെ വിവിധ മണ്ഡലങ്ങളിലും നിരവധിയായ വികസന പദ്ധതികളാണ് ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വിഭാവനം ചെയ്തു നടപ്പിലാക്കി വരുന്നത്. ഈ യാഥാർത്ഥ്യങ്ങൾ കേരളത്തിലെ ആകെ ജനങ്ങൾ തിരിച്ചറിയുന്നുമുണ്ട്. എങ്കിലും നിരന്തരം നടക്കുന്ന നുണപ്രചാരണങ്ങൾ തെറ്റിദ്ധാരണ പരത്താൻ ഇടയാക്കും എന്നതിനാലാണ് നിയമ നടപടികളിലേക്ക് കടക്കാൻ പാർട്ടി തീരുമാനിച്ചത്. വ്യാജ വാർത്തകളെ ജനങ്ങൾ വിശ്വാസത്തിൽ എടുക്കരുതെന്ന് പാർട്ടി ജില്ലാ കമ്മിറ്റി അറിയിച്ചു.