- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തക്ക സമയത്ത് ആംബുലൻസ് കിട്ടിയില്ല; കോവിഡ് ബാധിച്ച ബന്ധു ചികിൽസ കിട്ടാതെ മരിച്ചതിന്റെ പേരിൽ ആരോഗ്യമന്ത്രിക്കെതിരേ ഫേസ് ബുക്ക് പോസ്റ്റിട്ടു; മണിക്കൂറുകൾക്കകം ബ്രാഞ്ച് കമ്മറ്റിയംഗത്തെ പുറത്താക്കി സിപിഎം: മിന്നൽ നടപടി വീണാ ജോർജിന്റെ പരാതിയിൽ
കോഴഞ്ചേരി: തക്ക സമയത്ത് ആംബുലൻസ് ലഭിക്കാതെ വന്നതിനെ തുടർന്ന് കോവിഡ് ബന്ധു മരിച്ചതിന്റെ വേദനയിൽ ആരോഗ്യമന്ത്രിയെ വിമർശിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ട ബ്രാഞ്ച് കമ്മറ്റിയംഗത്തെ മിന്നൽ വേഗത്തിൽ സിപിഎം പുറത്താക്കി. പുല്ലാട് പുരയിടത്തിൻകാവ് ബ്രാഞ്ചംഗം കൊട്ടൂഞാലിൽ ജേക്കബ് കെ മാത്യുവിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്തിൽ നിന്ന് പുറത്താക്കിയത്. ഇന്നലെ ചേർന്ന പുല്ലാട് ലോക്കൽ കമ്മറ്റി യോഗത്തിന്റേതാണ് തിരുമാനം. ജില്ലാ നേതൃത്വം നടപടി അംഗീകരിച്ചു. ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ ചുമതലയുള്ള ജില്ലാ കമിറ്റി അംഗം ജി. അജയകുമാറിന്റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.
മന്ത്രി വീണാ ജോർജ് സിപിഎം ജില്ലാ കമ്മറ്റിക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി. കേരളത്തിലെ ആരോഗ്യ സംവിധാനത്തെ മൊത്തം തകർത്ത ആരോഗ്യമന്ത്രി വീണാ ജോർജ്..., ടീച്ചറമ്മയുടെയും പ്രസ്ഥാനത്തിന്റെയും പേരു കൂടി വീണാ ജോർജ് കളയും എന്നിങ്ങനെയായിരുന്നു ജേക്കബിന്റെ പോസ്റ്റ്.
ഇന്നലെ രാവിലെയാണ് സംഭവം. ജേക്കബിന്റെ മൂത്ത സഹോദരന്റെ ഭാര്യാപിതാവ് കുമ്പനാട് മുളമൂട്ടിൽ സണ്ണിയാണ് മരിച്ചത്. സണ്ണിയുടെ ഭാര്യയ്ക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഇരുവരെയും വീട്ടിൽ ക്വാറന്റൈൻ ചെയ്തിരിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ജേക്കബിനെ വിളിച്ച മൂത്ത സഹോദരനാണ് തന്റെ ഭാര്യാപിതാവ് ഗുരുതരാവസ്ഥയിലാണെന്നും പെട്ടെന്ന് പോയി നോക്കാനും പറഞ്ഞത്. ഹൈദരാബാദിൽ സൈനികനാണ് സഹോദരൻ. 11 മാസം മുൻപ് വിരമിച്ച ശേഷം സണ്ണി ശ്വാസം കിട്ടാതെ പിടയുകയായിരുന്നു. ജേക്കബ് ഉടൻ തന്നെ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചു.
കോവിഡ് രോഗിയായതിനാൽ 1056 എന്ന ഹെൽപ്ലൈൻ നമ്പരിലേക്ക് വിളിക്കാൻ പറഞ്ഞു. ഇത് അനുസരിച്ച് അവിടേക്ക് വിളിച്ചു വിവരം പറഞ്ഞു. രോഗിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വിട്ടു തരണമെന്നും ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റിനെയും വിവരം അറിയിച്ചു. കുമ്പനാട്ടെ വീട്ടിലേക്ക് ഇറങ്ങുന്നതിന് മുൻപായി വീണ്ടും ജേക്കബ് 1056 എന്ന നമ്പരിലേക്ക് വിളിച്ചു. ഫോണെടുത്ത സ്ത്രീശബ്ദം രണ്ടര മിനുട്ടോളം സഹപ്രവർത്തകരോട് തമാശ പറയുന്നതാണ് കേട്ടതെന്ന് ജേക്കബ് പറയുന്നു. ആംബുലൻസ് വന്നില്ലെന്ന് പറഞ്ഞപ്പോൾ കണക്ട് ചെയ്യാമെന്ന് പറഞ്ഞ് വച്ചെങ്കിലും ആരും അറ്റൻഡ് ചെയ്തില്ല.
തുടർന്ന് കുമ്പനാട്ടെ വീട്ടിലെത്തിയ ജേക്കബ് കോയിപ്രം പൊലീസിൽ വിവരം അറിയിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തിലും വിളിച്ച് സഹായം അഭ്യർത്ഥിച്ചു. സൈനികനായ സഹോദരൻ ഇതിനിടെ ആരോഗ്യമന്ത്രിയുടെ ഓഫീസിലും വിളിച്ച് സഹായം അഭ്യർത്ഥിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അനീഷ് കുന്നപ്പുഴ വിവരമറിഞ്ഞ് ഇതിനിടെ ഓടി വന്നു. ഈ സമയം സണ്ണി നിലത്തു കിടന്ന് ശ്വാസം വലിക്കുകയാണ്. സുരക്ഷാ മുൻകരുതൽ ഇല്ലാത്തിനാൽ എടുക്കാൻ ജേക്കബിനും അനീഷിനും കഴിഞ്ഞില്ല. മന്ത്രിയുടെ ഓഫീസിൽ വിളിച്ചു പറഞ്ഞിട്ടു പോലും ആംബുലൻസ് ലഭ്യമാക്കാൻ കഴിഞ്ഞില്ല. ഒടുവിൽ സ്വകാര്യ ആംബുലൻസ് വരുത്തി സണ്ണിയെ എടുക്കുമ്പോഴേക്കും മരിച്ചു. കൃത്യസമയത്ത് ആംബുലൻസ് കിട്ടാതെ വന്നതാണ് മരണ കാരണമായത്. രണ്ടു മണിക്കൂറോളം ആരോഗ്യവകുപ്പിന്റെ കനിവു കാത്തു. ഒടുക്കം രണ്ടും കൽപ്പിച്ച് രോഗിയെ ജേക്കബും അനീഷും ആംബുലൻസ് ജീവനക്കാരും ചേർന്ന് എടുക്കുകയായിരുന്നു.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ അടക്കം ആംബുലൻസ് ഉണ്ടായിരുന്നപ്പോഴാണ് ഈ അനാസ്ഥ. കഴിഞ്ഞ ദിവസം പുല്ലാട് 10 വയസുള്ള ബാലിക കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കുഞ്ഞിന്റെ മൃതദേഹം കൊണ്ടു പോകാൻ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ആംബുലൻസ് വിട്ടു കൊടുത്തില്ല. ഈ രണ്ടു സംഭവങ്ങളുടെ രോഷത്തിലാണ് ജേക്കബ് പോസ്റ്റിട്ടത്.
വീണാ ജോർജ് ഈ മണ്ഡലത്തിലെ എംഎൽഎയാണ്. പിന്നെ മാത്രമാണ് മന്ത്രിയാകുന്നതെന്ന് ജേക്കബ് പറയുന്നു. പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നതുകൊണ്ട് എന്തു ഗുണമാണുള്ളതെന്ന് ജേക്കബ് ചോദിക്കുന്നു. വിശദീകരണം പോലും ചോദിക്കാതെ മണിക്കൂറുകൾക്കുള്ളിൽ ജേക്കബിനെ പുറത്താക്കുകയായിരുന്നു. ബ്രാഞ്ച് സെക്രട്ടറി ജേക്കബിനെ വിളിച്ച് വിവരം തിരക്കിയിരുന്നു. കർഷക സംഘം പുല്ലാട് മേഖലാ ജോയിന്റ് സെക്രട്ടറി കൂടിയാണ് ജേക്കബ്. രൂക്ഷമായ വിമർശനമാണ് ജേക്കബ് ഉന്നയിക്കുന്നത്. ബ്രാഞ്ച് സമ്മേളനത്തിൽ ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ ജേക്കബ് ചൂണ്ടിക്കാട്ടിയിരുന്നു.
കമ്യുണിസ്റ്റുകാരനായി ജീവിച്ച് മരിക്കാൻ ഒരു പാർട്ടിക്കാരന്റെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പറയുന്നു. സൈനികനായിരുന്ന ജേക്കബ് 11 മാസം മുൻപാണ് വിരമിച്ച് നാട്ടിലെത്തിയത്. അതിന് ശേഷം പാർട്ടി പ്രവർത്തനത്തിൽ സജീവമായിരുന്നു. പാർട്ടിയിൽ അഴിമതിയും ക്രമക്കേടും രൂക്ഷമാണെന്ന് ജേക്കബ് പറയുന്നു. മന്ത്രി വീണയുടെ പരാതിയിലാണ് മിന്നൽ വേഗത്തിൽ നടപടിയുണ്ടായത്. വിശദീകരണം പോലും ചോദിക്കാതെ പുറത്താക്കുന്ന നടപടി സിപിഎമ്മിന്റെ ചരിത്രത്തിൽ വിരളമാണ്.
മറുനാടന് മലയാളി ബ്യൂറോ