- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മന്ത്രി വീണാ ജോർജിന്റെ അനുയായികളെ ലോക്കൽ കമ്മറ്റിയിൽ നിന്നൊഴിവാക്കി: പുറത്തായത് ഓഫീസ് സെക്രട്ടറി തോമസ് പി. ചാക്കോയും പത്തനംതിട്ട നഗരസഭാ കൗൺസിലർ വിആർ ജോൺസനും: വിയോജിപ്പ് രേഖപ്പെടുത്തി എസ്എഫ്ഐ നേതാക്കൾ: നഗരസഭയിൽ എസ് ഡി പി ഐ ബന്ധം ആരോപിച്ച ജോൺസനെ ലക്ഷ്യമിട്ട് സിപിഎം
പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്റെ വിശ്വസ്തരായ രണ്ടു പേരെ സിപിഎം പത്തനംതിട്ട ടൗൺ നോർത്ത് ലോക്കൽ കമ്മറ്റിയിൽ നിന്നൊഴിവാക്കി. വീണയുടെ ഓഫീസ് സെക്രട്ടറി തോമസ് പി. ചാക്കോ, നഗരസഭാ കൗൺസിലർ വിആർ ജോൺസൺ എന്നിവരാണ് പുറത്തായത്.
സംഘടന പ്രവർത്തനത്തിലെ വീഴ്ചകൾ ആരോപിച്ചാണ് നടപടി. രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തിയാണ് തീരുമാനം നടപ്പിലാക്കിയത്. നേരത്തെ ഇരുവർക്കുമെതിരായി വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടി അച്ചടക്ക നടപടിയെടുത്തിരുന്നെങ്കിലും തീരുമാനം സംസ്ഥാന കമ്മറ്റി ഇടപെട്ട് മരവിപ്പിച്ചിരുന്നു.
നഗരസഭയിൽ എസ്ഡിപിഐ-സിപിഎം ബന്ധം ആരോപിച്ച് ശക്തമായി രംഗത്ത് നിൽക്കുന്നയാളാണ് വിആർ ജോൺസൺ. ഇതിന്റെ പേരിൽ ജോൺസനെ ഒരു വർഷത്തേക്ക് ലോക്കൽ കമ്മറ്റി സസ്പെൻഡ് ചെയ്തിരുന്നു. സംസ്ഥാന നേതൃത്വം ഇടപെട്ട് നടപടി മരവിപ്പിച്ചതോടെ താഴേ വെട്ടിപ്രം ബ്രാഞ്ച് സെക്രട്ടറിയായി ജോൺസനെ തെരഞ്ഞെടുത്തിരുന്നു.
ഇന്നലെ ചേർന്ന ലോക്കൽ സമ്മേളനത്തിൽ സംസ്ഥാന കമ്മറ്റിയംഗം ആർ. ഉണ്ണികൃഷ്ണപിള്ള, ജില്ലാ കമ്മറ്റിയംഗങ്ങളായ അഡ്വ. ഓമല്ലൂർ ശങ്കരൻ, അഡ്വ. സക്കീർ ഹുസൈൻ, എം.വി സഞ്ജു, അമൃതം ഗോകുലൻ എന്നിവരുടെ സാന്നിധ്യത്തിലാണ് നടപടി എടുത്തത്.
എസ്എഫ്ഐ ജില്ലാ സെക്രട്ടറി ശരത് ശശിധരൻ, മുൻ സംസ്ഥാന കമ്മറ്റി അംഗം അൻസിൽ അഹമ്മദ് എന്നിവർ നടപടിയെടുക്കുന്നതിൽ വിയോജിപ്പ് രേഖപ്പെടുത്തി. 15 അംഗ കമ്മറ്റിയിൽ ഇവർക്ക് പകരം വനിത അടക്കം പുതിയ മൂന്ന് അംഗങ്ങളെ തെരഞ്ഞെടുത്തു.
പത്തനംതിട്ട നഗരസഭയിൽ ചെയർമാൻ സക്കീർ ഹുസൈനും വീണാ ജോർജും തമ്മിൽ ശക്തമായ വിഭാഗീയത നിലനിൽക്കുകയാണ്. മന്ത്രിയുടെ പദവി ഉപയോഗിച്ച് നഗരസഭയുടെ പരിപാടികളിൽ പോലും സക്കീർ ഹുസൈനെ വീണാ ജോർജ് മൂലയ്ക്ക് ഒതുക്കുന്നുവെന്നാണ് പരാതി. ഇതിനെതിരേ സക്കീർ ഹുസൈൻ പക്ഷം പാർട്ടി സംവിധാനത്തിലൂടെയാണ് തിരിച്ചടിക്കുന്നത്. വീണയുടെ വിശ്വസ്തരെ പാർട്ടിയിൽ ഒതുക്കിയാണ് സക്കീർ പക്ഷം മുന്നേറുന്നത്.
വിആർ ജോൺസനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് നീക്കം നടക്കുന്നത്. പക്ഷേ, നഗരസഭാ ഭരണം തുലാസിലാകുമെന്ന് കണ്ട് തൽക്കാലം നടപടിയിൽ ഒതുക്കുകയാണ് ചെയ്യുന്നത്.
മറുനാടന് മലയാളി ബ്യൂറോ