- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സർക്കാർ രേഖകളിൽ ഇപ്പോഴും അവിഷിത്ത് മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ്; ഇന്നു ഉച്ചവരേയും എസ് എഫ് ഐ നേതാവ് ചുമതലകളിൽ നിന്ന് മാറിയതായി പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് സൂചന; പഴയ തീയതിലെ അപേക്ഷ കൈമാറിയാലും റിലീവിങ് ഓർഡറിൽ കള്ളം തെളിയും; വിദ്യാർത്ഥി നേതാവിനെ ഓഫീസ് അറ്റൻഡറാക്കി വെട്ടിലായത് മന്ത്രി വീണാ ജോർജോ?
തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പൊലീസ് പ്രതി ചേർത്ത അവിഷിത്ത് ഇപ്പോൾ തന്റെ സ്റ്റാഫംഗം അല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറയുമ്പോഴും രേഖകളിൽ അവിഷിത്ത് ഇപ്പോഴും സർക്കാർ ജീവനക്കാരൻ എന്നാണ് മറുനാടന് ലഭിക്കുന്ന സൂചന. അവിഷിത്തിനെ ജോലികളിൽ നിന്ന് മാറ്റിയതിനുള്ള ഉത്തരവൊന്നും പൊതുഭരണവകുപ്പ് ഇനിയും ഇറക്കിയിട്ടില്ലെന്നാണ് അറിയുന്നത്. ഈ ഉത്തരവ് മന്ത്രിയുടെ ഓഫീസും ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇതോടെ ഉത്തരവ് ഉടൻ ഇറക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങിയെന്നാണ് സൂചന.
ഈ മാസം ആദ്യം ചുമതല ഒഴിഞ്ഞുവെന്നാണ് മന്ത്രി പറയുന്നത്. എന്നാൽ പൊതുഭരണ വകുപ്പിന് ഇതു സംബന്ധിച്ച അറിയിപ്പൊന്നും ഇതുവരെ കിട്ടിയിട്ടില്ല. ഈ മാസം ആദ്യമാണ് വ്യക്തിപരമായ കാരണങ്ങളാൽ അവിഷിത്ത് ഒഴിവായത് എന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. ആക്രമണത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു. എസ്എഫ്‌ഐയുടെ മുൻ ജില്ലാ വൈസ് പ്രസിഡന്റാണ് അവിഷിത്ത്.
അവിഷിത്തിനെ പുതിയ തീയതിയിൽ മാത്രമേ ഇനി സർവ്വീസിൽ നിന്ന് ഒഴിവാക്കിയതായി കാണിക്കാൻ പൊതു ഭരണ വകുപ്പിന് കഴിയൂ. എന്നാൽ മന്ത്രിയുടെ ഓഫീസിന് പഴയ തീയതിയിലെ കത്ത് പൊതുഭരണ വകുപ്പിന് കൈമാറാനും കഴിയും. സാധാരണ ഗതിയിൽ ഇത്തരം മാറ്റങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം ഉടൻ പൊതുഭരണ വകുപ്പിനെ അറിയിക്കുകയാണ് പതിവ്. അവിഷിത്തിന്റെ കാര്യത്തിൽ ഇത് സംഭവിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അവിഷിത്തിനെ മാറ്റുന്ന ഉത്തരവ് ഇനി ഇറങ്ങിയാലും വിവാദങ്ങൾ ഉണ്ടാകാൻ സാധ്യത ഏറെയാണ്.
അവിഷിത്തിനെ സ്റ്റാഫിൽ നിന്ന് മാറ്റിയെന്ന് പറയുന്ന മന്ത്രിക്കും ഇതുവരെ റിലീവിങ് ഓർഡറോ വിദ്യാർത്ഥി നേതാവിന്റെ അപേക്ഷയോ പുറത്തു വിടാനായിട്ടില്ലെന്നതാണ് വസ്തുത. ഇതും മന്ത്രിയുടെ സ്റ്റാഫിൽ അവിഷിത്ത് ഉണ്ടോ എന്ന സംശയം ശക്തമാക്കുന്നു. കേസിൽ പ്രതിയായ സാഹചര്യത്തിൽ മന്ത്രി രക്ഷപ്പെടാനായി പറഞ്ഞതാണോ പുറത്താക്കൽ വാദമെന്ന സംശയവും ശക്തമാണ്. ഈ മാസം ആദ്യമാണ് മാറിയതെന്ന് മന്ത്രി പറയുന്നു. എന്നിട്ടും മൂന്നാഴ്ചയായിട്ടും പൊതുഭരണ വകുപ്പ് ഉത്തരവ് ഇറങ്ങിയില്ലെന്നത് സർക്കാരിന്റെ കാര്യക്ഷമതയേയും പ്രതിക്കൂട്ടിലാക്കുമെന്നതാണ് വസ്തുത.
മന്ത്രി വീണാ ജോർജിന്റെ സ്റ്റാഫിൽ ഓഫീസ് അറ്റൻഡറായാണ് അവിഷിത്തുള്ളത്. വിദ്യാർത്ഥി നേതാവ് എങ്ങനെ മന്ത്രിയുടെ ഓഫീസിൽ ജീവനക്കാരനായി എന്ന ധാർമികമായ ചോദ്യവും ഉയരുന്നുണ്ട്. പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങൾക്കെതിരെ ഗവർണ്ണർ ഉയർത്തിയ ചോദ്യങ്ങളുടെ പ്രസക്തിയാണ് ഇവിടേയും ചർച്ചയാകുന്നത്. അതേസമയം, അവിഷിത്തിനെ പ്രതി പട്ടികയിൽ നിന്നൊഴിവാക്കാൻ സിപിഎം സമ്മർദ്ദം ചെലുത്തുന്നു എന്നാണ് വിവരം. ഇയാൾ വൈകിയാണ് സംഭവസ്ഥലത്തെത്തിയത് എന്നാണ് സിപിഎം നേതാക്കൾ പൊലീസിനെ അറിയിച്ചിരിക്കുന്നത്. അതിനിടെ അവിഷിത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റും വിവാദങ്ങൾക്ക് പുതിയ തലം നൽകുന്നു.
കേരളത്തിലെ പൊലീസ് കോൺഗ്രസ് പ്രവർത്തകരുടെ പണിയാണ് എടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ പ്രതിരോധം തീർക്കുമെന്ന് അവിഷിത്ത് ഫേസ്‌ബുക്കിൽ കുറിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിലെ അവിഷിത്ത് കെ ആറിനെ പ്രതി ചേർത്തിട്ടുണ്ട് എന്നാണ് വിവരം. കേസിൽ ആറ് എസ്എഫ്‌ഐ പ്രവർത്തകർ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൽപ്പറ്റ പൊലീസാണ് എസ്എഫ്‌ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്. ഇതോടെ, സംഭവത്തിൽ പിടിയിലായവരുടെ എണ്ണം 25 ആയി. കേസിൽ 19 എസ്എഫ്‌ഐ പ്രവർത്തകരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.
എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കമാണ് ഇന്നലെ അറസ്റ്റിലായത്. ഇവരെ രണ്ടാഴ്‌ച്ചത്തേക്ക് റിമാൻഡ് ചെയ്തു. കൽപ്പറ്റ മുൻസിഫ് കോടതിയുടെതാണ് നടപടി. പരിസ്ഥിതിലോല പ്രശ്‌നത്തിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് ഇന്നലെയാണ് എസ്എഫ്‌ഐ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് ആറ് പേരെ കൂടി കസ്റ്റഡിയിലെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ