കോഴിക്കോട്: സമസ്ത വേദിയിൽ നിന്ന് പെൺകുട്ടിയെ ഇറക്കിവിട്ട സംഭവത്തിൽ പരമാവധി മൗനം പാലിച്ച് സിപിഎം നേതാക്കൾ ഒടുവിൽ ഗതികെട്ട് പ്രതികരണവുമായി രംഗത്ത്. വിഷയത്തിൽ സിപിഎം നേതാക്കളും സർക്കാറും മൗനം പാലിക്കാവേയാണ് വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് നേതാക്കൾ രംഗത്തുവന്നത്. സംഭവത്തെ അപലപിച്ചു ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു രംഗത്തുവന്നു.

പെൺകുട്ടികളെ പ്രൊത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കേണ്ടതെന്നെന്ന് മന്ത്രി പറഞ്ഞു. മുസ്ലിം പെൺകുട്ടികൾ വിദ്യാഭ്യാസ മേഖലയിൽ നല്ല മുന്നേറ്റം നടത്തുന്നുണ്ട്. പെൺകുട്ടികൾ തീപ്പന്തമായി കത്തിനിൽക്കുന്ന കാലത്താണിതെന്നും മന്ത്രി പറഞ്ഞു. അതേസമയം സമസ്ത നേതാവ് പെൺകുട്ടിയെ അപമാനിച്ചത് അപലപനീയമെന്ന് ആരോഗ്യമന്ത്രി വീണ ജോർജും പ്രതികരിച്ചു. നടപടി പരിഷ്‌കൃതസമൂഹത്തിന് യോജിച്ചതല്ല. പെൺകുട്ടിക്കുള്ള അംഗീകാരം അവർതന്നെയാണ് വാങ്ങേണ്ടതെന്നും വീണ ജോർജ് പറഞ്ഞു.

അതേസമയം ഒരുതരത്തിലുള്ള സ്ത്രീവിരുദ്ധ നിലപാടിനോടും കോൺഗ്രസിനും യു.ഡി.എഫിനും യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിഷയത്തിൽ പ്രതികരിച്ചിരുന്നു. സമസ്തയുടെ വേദിയിൽ പെൺകുട്ടിയെ അപമാനിച്ചു സംഭവം ചൂണ്ടാക്കാട്ടിയായിരുന്നു സതീശൻ ആ വിഷയത്തിൽ പ്രതികരിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ വിവാദദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ടു. അത് ശരിയാണെങ്കിൽ അതിനോട് യോജിക്കാനാവില്ല -സതീശൻ പറഞ്ഞു.

പെരിന്തൽമണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്‌റസ വാർഷിക പരിപാടിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാൻ ക്ഷണിച്ചപ്പോൾ വേദിയിലുണ്ടായിരുന്ന സമസ്ത നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശം അപലപനീയമാണെന്ന് കേരള വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവിയും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സ്ത്രീ സാക്ഷരതയിൽ മുന്നിട്ട് നിൽക്കുന്ന കേരളത്തിൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പുരസ്‌കാരം സ്വീകരിക്കാൻ പെൺകുട്ടിക്ക് വിലക്ക് കൽപിക്കുന്ന മതനേതൃത്വത്തിന്റെ നീക്കം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. സമൂഹത്തെ നൂറ്റാണ്ടുകൾ പിന്നിലേക്ക് നടത്താനുള്ള മതനേതൃത്വത്തിന്റെ നീക്കത്തിനെതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്നും കമ്മിഷൻ അധ്യക്ഷ പറഞ്ഞു.

സംഭവത്തിൽ ശക്തമായി പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രംഗത്തുവരികയുണ്ടായി. സ്ത്രീ-പുരുഷ അവകാശങ്ങളെക്കുറിച്ചുള്ള ഖുർആൻ വചനം ഉദ്ധരിച്ചാണ് ട്വിറ്ററിലൂടെ പ്രതികരണം. മുസ്‌ലിം സമുദായത്തിൽ ജനിച്ചതുകൊണ്ടുമാത്രമാണ് പെൺകുട്ടിക്ക് ഈ അപമാനം നേരിടേണ്ടിവന്നത്. ഖുർആൻ തത്ത്വങ്ങൾക്കും ഭരണഘടനക്കും വിരുദ്ധമായി മുസ്‌ലിം പുരോഹിത സമൂഹം സ്ത്രീകളെ അടിച്ചമർത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും ഗവർണർ പറഞ്ഞു.

സമസ്ത വേദിയിൽ പെണ്കുട്ടിയെ അപമാനിച്ച സംഭവത്തിൽ നേരത്തെ വിവിധ നേതാക്കളും സംഘടനകളും പ്രതികരണവുമായി രംഗത്തു വന്നിരുന്നു. പെൺകുട്ടിയെ വേദിയിൽനിന്ന് ഇറക്കി വിട്ട സംഭവത്തിൽ സമസ്തക്കെതിരെ കെസിബിസി മുൻവക്താവ് ഫാദർ വർഗീസ് വള്ളിക്കാട്ട് രംഗത്തെത്തി .ദീപിക ദിനപത്രത്തിലെ ലേഖനത്തിലാണ് വിമർശനങ്ങൾ. പെൺകുട്ടിയുടെ ആത്മാഭിമാനം തകർക്കുന്ന നടപടിയാണ് ഉണ്ടായത്.ഇനി ജീവിതത്തിൽ ഒരു പുരുഷന്റെ മുന്നിലും പ്രത്യക്ഷപ്പെടാൻ പെൺകുട്ടി ധൈര്യം കാണിക്കും എന്ന് കരുതുന്നില്ല .ഹൃദയം തകരുന്ന കാഴ്ചയാണ് സമസ്ത വേദിയിൽ ഉണ്ടായത്.

ഇക്കാര്യത്തിൽ സമസ്ത നേതാക്കളെ ന്യായീകരിക്കാൻ ഉള്ള ശ്രമം ദൗർഭാഗ്യകരമാണ് .ഇത്തരം സംഭവങ്ങളെ ന്യായീകരിക്കുന്നത് മുസ്ലിം സമുദായത്തെ പിന്നോട്ട് അടിക്കും .ഈ പെൺകുട്ടിക്ക് സംഭവിച്ചത് പോലെ ഒരു മതവും സ്ത്രീകളുടെമേൽ വിവേചനം ചൊരിയരുത്.ഭരണഘടന അനുശാസിക്കുന്ന അന്തസ്സ് നിഷേധിക്കാൻ ആർക്കും അവകാശമില്ല.കേരളത്തിൽ പ്രബുദ്ധത ഭരണഘടനയിലും നിയമങ്ങളിലും മാത്രം.. .ഓരോ സമുദായവും സ്വയം വിമർശനത്തിലൂടെയാണ് നവീകരിച്ചിട്ടുള്ളത് .മുസ്ലിം സമൂഹം മാറ്റം എത്രകണ്ട് ഉൾക്കൊണ്ടു എന്ന് ആത്മപരിശോധന നടത്തണം .കാലത്തിനനുസരിച്ച് സ്വയം വിമർശനം നടത്താൻ കഴിയുന്ന നേതൃത്വം എല്ലാ മതങ്ങളിലും ഉണ്ടാകണമെന്നും ഫാദർ വർഗീസ് വള്ളിക്കാട്ട് ലേഖനത്തിൽ ആവശ്യപ്പെട്ടു.