- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനസിനെ ഉത്തേജിപ്പിക്കുകയും പെരുമാറ്റത്തെ സ്വാധീനിക്കുകയും ചെയ്യുന്ന ലഹരി വസ്തുക്കൾ ഉപേക്ഷിച്ചില്ലെങ്കിൽ വലിയ ദോഷം ചെയ്യും; മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ 291 ക്ലിനിക്കുകളിലും ലഹരി വിമോചന ചികിത്സ ലഭ്യം: മന്ത്രി വീണാ ജോർജ്ജ്
തിരുവനന്തപുരം: ലഹരി വസ്തുക്കൾ വ്യക്തിപരമായും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എല്ലാവരും മനസിലാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മനസിനെ ഉത്തേജിപ്പിക്കുകയും പെരുമാറ്റത്തെ സ്വാധീനിക്കുകയും ചെയ്യുന്ന ലഹരി വസ്തുക്കൾ ഉപേക്ഷിച്ചില്ലെങ്കിൽ വലിയ ദോഷം ചെയ്യും. 'അറിവ് പകരുക ജീവനുകൾ രക്ഷിക്കുക' എന്നതാണ് ഇത്തവണത്തെ ലഹരി വിരുദ്ധ ദിന സന്ദേശം. ലഹരികൾ വ്യക്തിജീവിതത്തേയും കുടുംബ ജീവിതത്തേയും അതിലുപരി സമൂഹത്തെ തന്നെയും ബാധിക്കുമ്പോഴാണ് മികച്ച അറിവിലൂടെയുള്ള പരിചരണത്തിന്റെ പ്രാധാന്യമെന്നും മന്ത്രി വ്യക്തമാക്കി.
ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരിപദാർത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുക, ലഹരി ഉൽപന്നങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനിൽപ്പ് ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യം വച്ചാണ് ഓരോ വർഷവും ഈ ദിനം ആചരിക്കുന്നത്.
സർക്കാർ ആരോഗ്യ വകുപ്പിന്റെ കീഴിൽ 19 ലഹരി വിമോചന കേന്ദ്രങ്ങൾ പ്രവർത്തിച്ചു വരുന്നു. കൂടാതെ ആരോഗ്യ വകുപ്പും എക്സൈസ് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന വിമുക്തി പദ്ധതിയുടെ കീഴിൽ 14 ലഹരി വിമോചന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ഇതിനു പുറമേ മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ 291 ക്ലിനിക്കുകളിലൂടെയും ലഹരി വിമോചന ചികിത്സ ലഭ്യമാക്കുന്നുണ്ട്.
ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് കുട്ടികളെയും മുതിർന്നവരെയും ബോധവൽക്കരിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അത്യാവശ്യമാണ്. ലഹരി ഉപയോഗത്തിനെതിരെ ജനങ്ങൾക്കിടയിൽ പ്രചാരണം നടത്തുന്നതോടൊപ്പം നാം ഓരോരുത്തരും ലഹരി ഉപയോഗിക്കില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും മന്ത്രി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ