തിരുവനന്തപുരം: സർക്കാർ കോവിഡ് മരണനിരക്ക് മറച്ചു വെക്കുന്നു എന്ന ആരോപണത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. സുതാര്യമാണെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നേരത്തെ മരണം റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം ഉണ്ടായത്. പുതിയ സർക്കാർ വന്ന ശേഷം ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതോടെ മരണം 24 മണിക്കൂറിനുള്ളിൽ തന്നെ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രോഗികളെ പരിശോധിച്ച ഡോക്ടർമാർ തന്നെയാണ് മരണം നിശ്ചയിക്കുന്നത്. ഡബ്ല്യുഎച്ച്ഒ മാനദണ്ഡങ്ങൾക്കനുസിച്ച് ഐസിഎംആർ മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മരണം നിശ്ചയിക്കുന്നത്. ഈ മാർഗനിർദേശത്തിൽ സംസ്ഥാനം പുതുതായി ഒന്നും കൂട്ടിച്ചേർക്കുകയോ കുറയ്ക്കുകയോ ചെയ്തിട്ടില്ല. സംസ്ഥാനങ്ങൾക്ക് ഇതിൽ മാറ്റം വരുത്താനാവില്ല.നേരത്തെയുണ്ടായ മരണങ്ങളിൽ പരാതിയുണ്ടെങ്കിൽ നിശ്ചയമായും പരിശോധിച്ച് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി ഓഫീസുകൾ കയറി ഇറങ്ങേണ്ട സാഹചര്യമുണ്ടാവില്ല. പരാതിയുണ്ടെങ്കിൽ ഒരു മെയിൽ അയച്ചാൽ മതിയെന്നും മന്ത്രി പറഞ്ഞു.

സർക്കാരിന് മരണം മറച്ചുവയ്ക്കേണ്ട കാര്യമില്ലാത്തതിനാലാണ് ഇപ്പോൾ സംവിധാനം സുതാര്യമാക്കിയത്. കോവിഡിന്റെ രണ്ട തരംഗത്തിലും സംസ്ഥാനത്ത് മരണനിരക്ക് ഗണ്യമായി കുറയ്ക്കാനായിട്ടുണ്ട്. ഏതെങ്കിലും മരണം റിപ്പോർട്ട് ചെയ്തതിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ആവശ്യമായ നടപടി സ്വീകരിക്കും. സഹായങ്ങൾ അർഹരായ എല്ലാവർക്കും ലഭ്യമാക്കുകയാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും വീണ ജോർജ്ജ് പറഞ്ഞു.

അതേസമയം കേരളത്തിൽ കോവിഡ് മരണങ്ങൾ കുറച്ചു കാണിക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്നും മനപ്പൂർവമായ ശ്രമം ഉണ്ടായെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. കോവിഡ് മരണം രേഖപ്പെടുത്തിയതിലെ ആശയക്കുഴപ്പം പരിഹരിക്കാൻ ശ്രമം നടത്താതെ സർക്കാർ പിടിവാശി കാണിക്കുമ്പോൾ ഈ സംശയം പ്രതിപക്ഷത്തിന് കൂടുതൽ ബലപ്പെടുകയാണെന്ന് വിഡി സതീശൻ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് തിരുവനന്തപുരത്തെ വിദഗ്ധസമിതി കോവിഡ് മരണങ്ങളുടെ കണക്കുകൾ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ആയിരക്കണക്കിന് മരണങ്ങൾ കേരളത്തിൽ കോവിഡ് മൂലമെന്ന് രേഖപ്പെടുത്താതെ പോയിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.