പത്തനംതിട്ട: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസിന്റെ അതികായൻ പി ടി ചാക്കോയെ തറപറ്റിക്കാൻ സിനിമാതാരം ഇന്നസെന്റിനെ രംഗത്തിറക്കിയതിലൂടെ സിപിഎമ്മിന് സാധിച്ചിരുന്നു. ഈ പരീക്ഷണം വിജയിച്ചതോടെ പൊതുസമ്മതരായ സ്ഥാനാർത്ഥികളെ സിപിഐ(എം) രംഗത്തിറക്കാനാണ് സിപിഐ(എം) ശ്രമം. ഇതിന്റെ ഭാഗമായാണ് എം വി നികേഷ് കുമാറിനെ അഴീക്കോട് മണ്ഡലത്തിലും കെപിഎസി ലളിതയെ വടക്കാഞ്ചേരിയിലും മത്സരിപ്പിക്കാൻ സിപിഐ(എം) ശ്രമം തുടങ്ങിയത്. എന്തായാലും പത്തനംതിട്ട ജില്ലയിലും പൊതുസമ്മതനായ സ്ഥാനാർത്ഥിയെ തേടി സിപിഐ(എം) രംഗത്തെത്തിയത്. ഈ അന്വേഷണം നീണ്ടത് പ്രമുഖ ചാനൽ പ്രവർത്തകയിലേക്കാണ്. ടിവി ന്യൂ ചാനലിന്റെ മുൻ എഡിറ്ററും ഇപ്പോൾ റിപ്പോർട്ടർ ചാനലിലെ മാദ്ധ്യമപ്രവർത്തകയുമായ വീണാ ജോർജ്ജിനെയാണ് സിപിഐ(എം) സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്.

കോൺഗ്രസിലെ ശിവദാസൻ നായരുടെ സിറ്റിങ് സീറ്റായ ആറന്മുളയിൽ മത്സരിപ്പിക്കാനായിരുന്നു സിപിഐ(എം) പദ്ധതിയിട്ടത്. എന്നാൽ, ഇത് പ്രകാരമുള്ള ചർച്ച മുന്നോട്ടു പോയതോടെ വീണയ്ക്കും സമ്മതമായിരുന്നു. ഇവിടെ വീണാ ജോർജ്ജിന്റെ കുടുംബ ബന്ധങ്ങളും സമുദായിക പിന്തുണയുമായിരുന്നു പാർട്ടി ഗുണകരമാകുമെന്ന് കരുതിയത്. എന്നാൽ, ഈഴവ സമുദായത്തിൽ പെട്ട സ്ഥാനാർത്ഥിയെ പരിഗണിക്കാനാണ് പാർട്ടി ഒരുങ്ങുന്നത്. ഇതോടെ കോന്നിയോ ആലപ്പുഴയിലെ ചെങ്ങന്നൂരോ നൽകാമെന്ന വാഗ്ദാനമാണ് നൽകിയത്. എന്നാൽ, ഇവിടെ മത്സരിക്കാൻ മറ്റു പലരും രംഗത്തുണ്ട്. അതുകൊണ്ട് വീണയ്ക്ക് താൽപ്പര്യമില്ലെന്നാണ് അറിയുന്നത്. ഇതോടെ ആറന്മുളയിൽ വീണ്ടും വീണയുടെ പേര് സജീവമായിട്ടുണ്ട്.

ഇന്നലെ ചേർന്ന സിപിഐ(എം) ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും ജില്ലയിലെ സ്ഥാനാർത്ഥികളെ കുറിച്ച് പൂർണ്ണമായ ധാരണയിൽ എത്താൻ സാധിച്ചില്ല. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ. തോമസിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ആറന്മുളയിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന് സംസ്ഥാന കമ്മറ്റിയംഗം കെ. അനന്തഗോപൻ അറിയിക്കുകയും ചെയ്തു. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു നിർദേശിച്ചത് അഡ്വ. ഓമല്ലൂർ ശങ്കരന്റെ പേരായിരുന്നു. അവസാനം ധാരണയിലെത്താൻ കഴിയാതെ വന്നതോടെ യോഗം പിരിച്ചു വിടുകയും ചെയ്തു. ഇതിനെടെയാണ് സംസ്ഥാന് നേതൃത്വം വീണയുടെ പേരും പരിഗണിക്കുന്നത്.

കഴിഞ്ഞയാഴ്ച ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് ആറന്മുളയിലേക്ക് മല്ലപ്പള്ളി മുൻ ഏരിയാ കമ്മറ്റിയംഗം പ്രഫ. ജേക്കബ് ജോർജ്, ജില്ലാ സെക്രട്ടറിയേറ്റംഗം ബാബു കോയിക്കലേത്ത്, അഡ്വ. സക്കീർ ഹുസൈൻ എന്നിവരുടെ പേരാണ് നൽകിയത്. ഞായറാഴ്ച ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിന് ഈ പേരുകളൊന്നും സ്വീകാര്യമായിരുന്നില്ല. ഒരാളുടെ പേര് മാത്രം നിർദേശിക്കാൻ പറഞ്ഞ് സംസ്ഥാന സെക്രട്ടറിയേറ്റ് പത്രിക മടക്കിയിരുന്നു. തുടർന്ന് ആറന്മുള മുൻ എംഎൽഎ കെ.സി. രാജഗോപാൽ, ഡിവൈഎഫ്ഐ നേതാവ് എം വി സഞ്ജു എന്നിവരുടെ പേരുകൾ പ്രചരിച്ചു. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് ഈ രണ്ടു പേരുകളും ചർച്ച ചെയ്തില്ല.

റാന്നിയിൽ രാജു എബ്രഹാം മത്സരിക്കുമെന്ന കാര്യം ഉറപ്പാണ്. കോന്നിയിലേക്ക് അഡ്വ. ആർ. സനൽകുമാറന്റെ പേരിന് പുറമേയാണ് വീണയെയു പരിഗണിക്കുന്നത്. ജില്ലയിൽ ആകെയുള്ള അഞ്ചു മണ്ഡലങ്ങളിൽ മൂന്നിടത്താണ് സിപിഐ(എം) മത്സരിക്കുന്നത്. യുഡിഎഫിന് മേൽക്കൈയുള്ള ജില്ലയിൽ നിന്നും കൂടുതൽ എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുസമ്മത എന്ന നിലയിൽ വീണയുടെ പേര് പരിഗണിക്കുന്നത്.

ചാനൽ രംഗത്തുള്ള മാദ്ധ്യമപ്രവർത്തക എന്ന നിലയിൽ നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വേളയിലും സിപിഐ(എം) വീണാ ജോർജ്ജിന്റെ പേര് പരിഗണിക്കുന്നതായി വാർത്തകളുണ്ടായിരുന്നു. അന്നു പത്തനംതിട്ടയുമായി ബന്ധപ്പെട്ടാണ് വീണയുടെ പേര് ഉയർന്നു വന്നത്. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ അസോസിയേഷൻ സെക്രട്ടറി ഡോ. ജോർജ് ജോസഫിന്റെ ഭാര്യയാണ് വീണാ ജോർജ്ജ്. അതുകൊണ്ട് തന്നെ വീണയെ സ്ഥാനാർത്ഥിയാക്കുന്നതോടെ സമുദായ വോട്ടുകൾ അനുകൂലമാക്കാമെന്നാണ് പാർട്ടി വിലയിരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പരിഗണിച്ചതും.

കൈരളി ചാനലിലൂടെ മാദ്ധ്യമപ്രവർത്തന രംഗത്തെത്തിയ വീണാ ജോർജ്ജ്് പിന്നീട് മനോരമ ന്യൂസിന്റെ ഭാഗമാകുകയായിരുന്നു. അവിടെ നിന്നുമാണ് ഇന്ത്യാവിഷനിലെത്തി അവിടെ ചാനലിന്റെ മുഖമായി അവർ മാറിയതും. ഇന്ത്യവിഷനിൽ നിന്നും പടിയിറങ്ങിയ ശേഷമാണ് ടി വി ന്യൂവിന്റെ എഡിറ്റർ തസ്തികയിൽ അവർ എത്തിയതും. എന്നാൽ ചാനലിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് രാജിവച്ച വീണ ഇപ്പോൾ റിപ്പോർട്ടർ ചാനലിന്റെ ഭാഗമാണ്. വീണയ്ക്ക് സ്ഥാനാർത്ഥിത്വം ലഭിച്ചാൽ റിപ്പോർട്ടർ ചാനലിന്റെ തലപ്പത്തു നിന്നും രണ്ട് പേർ മത്സര രംഗത്തുണ്ടാകും.