പത്തനംതിട്ട: ആരോപണങ്ങൾ ഉയർത്തി തന്നെ തളർത്താൻ കഴിയില്ലെന്നു മാദ്ധ്യമപ്രവർത്തക വീണ ജോർജ്. സ്ത്രീക്കു ലഭിക്കുന്ന പരിഗണന കുടുംബാംഗങ്ങളുടെ പ്രവർത്തനമേഖലയിലെ സ്വാധീനം കൊണ്ടെന്നു പറയുന്നതു സ്ത്രീവിരുദ്ധതയാണെന്നും വീണ ജോർജ് പറഞ്ഞു.

ആറന്മുള മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു എന്ന വാർത്ത പുറത്തുവന്നതുമുതൽ തുടങ്ങിയതാണ് മാദ്ധ്യമപ്രവർത്തക വീണ ജോർജിനെതിരായ ആരോപണങ്ങൾ. സഭയുടെ സ്ഥാനാർത്ഥിയായി കെട്ടിയിറക്കുകയാണു വീണയെ എന്നാണു പ്രധാനമായും ആരോപണം ഉയർന്നത്.

പുരോഗമനപ്രസ്ഥാനങ്ങളുമായി ബന്ധമില്ലാത്ത വ്യക്തിയാണെന്നും കെട്ടിയിറക്കു സ്ഥാനാർത്ഥിയാണെന്നും വീണയ്‌ക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. മാദ്ധ്യമപ്രവർത്തകരിൽ ചിലർ തന്നെ വീണ മത്സരിക്കുന്നതിനെതിരെ പരസ്യമായി അഭിപ്രായപ്രകടനം നടത്തുകയും ചെയ്തിരുന്നു. തനിക്കെതിരായി ഉയർന്ന ആരോപണങ്ങൾക്കൊക്കെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണു വീണ മറുപടി നൽകിയത്.

തന്റെ പേരിലുണ്ടായ ചില പ്രതികരണങ്ങളും വിലയിരുത്തലുകളും അതിനിന്ദ്യവും ചെറുക്കപ്പെടേണ്ടതുമാണ്. അതിനാലാണ് മറുപടി നൽകുന്നത്. വർഗീയ ശക്തികളോട് ശക്തമായ എതിർനിലപാട് സ്വീകരിക്കുകയും വർഗീയ ധ്രുവീകരണത്തിനെതിരേ പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന തന്നെ ഒരു പ്രത്യേക പ്രതിനിധിയായി വിലയിരുത്തുന്നതിനെ അതിശക്തമായി എതിർക്കുന്നുവെന്നു വീണ ചൂണ്ടിക്കാട്ടുന്നു.

'എന്ത് അടിസ്ഥാനത്തിലാണ് എന്നെ ഒരു വിഭാഗത്തിന്റെ പ്രതിനിധിയായി ചിലർ ചിത്രീകരിക്കുന്നത്? 15 വർഷത്തിലധികം നിങ്ങൾക്കൊപ്പമോ നിങ്ങളുടെയിടയിലോ മാദ്ധ്യമപ്രവർത്തകയായി ഞാൻ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ പ്രതിനിധിയായതുകൊണ്ടാണോ ഇവർ എന്നെ പരിഗണിക്കുകയും സാമൂഹിക ഇടപെടലുകൾക്കു പ്രേരിപ്പിക്കുകയും ചെയ്തത്?

ജനാധിപത്യ തെരഞ്ഞെടുപ്പുകളിലൂടെ സഭാസമിതിയുടെ തലപ്പത്തേക്ക് എത്തപ്പെട്ട വ്യക്തിയാണ് എന്റെ ഭർത്താവ് എന്നതുകൊണ്ട് എനിക്കു സ്വന്തമായ കാഴ്ചപ്പാടും രാഷ്ട്രീയ നിലപാടും ഉണ്ടാകാൻ വഴിയില്ല എന്നു ചിലർ സമർഥിക്കുന്നത് എന്തിനു വേണ്ടിയായിരിക്കും? ഒരു സ്ത്രീക്കു ലഭിക്കുന്ന പരിഗണന അവളുടെ കുടുംബാംഗങ്ങളുടെ പ്രവർത്തന മേഖലകളിലെ സ്വാധീനം കൊണ്ടാണെന്നു പറയുന്നതിലെ സ്ത്രീവിരുദ്ധത തിരിച്ചറിയാനുള്ള ബോധം ഇക്കൂട്ടർക്ക് എന്നെങ്കിലും ഉണ്ടാകുമോ?'- വീണ ചോദിക്കുന്നു.

പുരോഗമന പ്രസ്ഥാനങ്ങളുമായുള്ള സഹകരണവും ഇടപെടലും വിദ്യാർത്ഥി ജീവിതകാലത്തെ ഇടതു രാഷ്ട്രീയ പ്രവർത്തനങ്ങളിൽ തുടങ്ങി എന്നിൽ സ്വാംശീകരിക്കപ്പെട്ട ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. അടിസ്ഥാന രഹിതവും നിരുത്തരവാദപരവുമായ വ്യാജപ്രചാരണങ്ങൾ നടത്തുന്നവരോട് ഒന്നേ പറയാനുള്ളൂ നിങ്ങൾക്കെന്നെ തളർത്താനാവില്ല.- വീണ പറഞ്ഞു.