- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് മൂന്നാം തരംഗത്തിന്റെ മുന്നൊരുക്കം തുടങ്ങി; എല്ലാ കനിവ് 108 ആംബുലൻസുകളും സജ്ജം; 4.29 ലക്ഷം പേർക്ക് കോവിഡ് അനുബന്ധ സേവനങ്ങൾ നൽകിയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ട് ചികിത്സാ സംവിധാനങ്ങൾക്ക് പുറമേ കനിവ് 108 ആംബുലൻസുകൾ കൂടി സജ്ജമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. നിലവിൽ 290 ആംബുലൻസുകളാണ് കോവിഡ് അനുബന്ധ സേവനങ്ങൾ നൽകുന്നത്. എന്നാൽ മൂന്നാം തരംഗം മുന്നിൽകണ്ട് നിരത്തിലോടുന്ന 316 കനിവ് 108 ആംബുലൻസുകളേയും 1500 ജീവനക്കാരേയും സജ്ജമാക്കി. ഏതെങ്കിലുമൊരു സാഹചര്യം ഉണ്ടായാൽ മുഴുവൻ 108 ആംബുലൻസുകളും കോവിഡ് അനുബന്ധ സേവനങ്ങൾക്ക് ഉപയോഗിക്കാവുന്ന സംവിധാനവുമൊരുക്കിയിട്ടുണ്ട്. അതേസമയം കോവിഡിതര സേവനങ്ങൾക്കും പ്രാധാന്യം നൽകും. കേസുകളുടെ ആവശ്യകതയനുസരിച്ച് 108 ആംബുലൻസിന്റെ കൺട്രോൾ റൂം ഇതനുസരിച്ച് ക്രമീകരണം നടത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇതുവരെ 4,29,273 പേർക്കാണ് കനിവ് 108 ആംബുലൻസുകൾ കോവിഡ് അനുബന്ധ സേവനങ്ങൾ നൽകിയത്. 2020 ജനുവരി 29 മുതലാണ് കോവിഡ് അനുബന്ധ പ്രവർത്തനങ്ങൾക്ക് കനിവ് 108 ആംബുലൻസുകളുടെ സേവനം ലഭ്യമാക്കി തുടങ്ങിയത്. 19 മാസം പിന്നിടുമ്പോൾ 3,11,810 കോവിഡ് അനുബന്ധ ട്രിപ്പുകളാണ് ഓടിയത്. കൺട്രോൾ റൂം ജീവനക്കാരായ എമർജൻസി റെസ്പോൺസ് ഓഫീസർമാർ, ആംബുലൻസ് ജീവനക്കാരായ എമർജൻസി മെഡിക്കൽ ടെക്നീഷ്യന്മാർ, പൈലറ്റുമാർ എന്നിവരുടെ കൂട്ടായ പ്രയത്നമാണ് ഇതിന് പിന്നിൽ.
പാലക്കാട് ജില്ലയിലാണ് ഏറ്റവും അധികം ആളുകൾക്ക് സേവനം നൽകിയത്. ഇവിടെ 81427 ആളുകൾക്ക് കോവിഡ് അനുബന്ധ സേവനങ്ങൾ എത്തിക്കാൻ കനിവ് 108 ആംബുലൻസുകൾക്ക് കഴിഞ്ഞു. തിരുവനന്തപുരം 39615, കൊല്ലം 29914, പത്തനംതിട്ട 14169, ആലപ്പുഴ 11534, കോട്ടയം 24718, ഇടുക്കി 12477, എറണാകുളം 23465, തൃശൂർ 35488, മലപ്പുറം 46906, കോഴിക്കോട് 33876, വയനാട് 19646, കണ്ണൂർ 29658, കാസർകോട് 26380 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ കോവിഡ് അനുബന്ധ സേവനം ലഭ്യമാക്കിയവരുടെ കണക്കുകൾ.
ഈ കാലയളവിൽ കോവിഡ് ബാധിതരായ മൂന്ന് യുവതികളുടെ പ്രസവം കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ആംബുലൻസിനകത്ത് നടന്നിരുന്നു. കൂടാതെ നിലവിൽ കോഴിക്കോട് നിപ പ്രതിരോധ പ്രവർത്തനങ്ങളിലും കനിവ് 108 ആംബുലൻസുകളുടെ സേവനം ലഭ്യമാക്കി വരികയാണ്. ഇതിനായി നാല് കനിവ് 108 ആംബുലൻസുകൾ കോഴിക്കോട് വിന്യസിച്ചിട്ടുണ്ട്. 30 ട്രിപ്പുകളിൽ നിന്നായി 38 ആളുകൾക്ക് നിപ അനുബന്ധ സേവനം ഒരുക്കാൻ കനിവ് 108 ആംബുലൻസുകൾക്ക് സാധിച്ചു.
മറുനാടന് മലയാളി ബ്യൂറോ