അഗളി: അട്ടപ്പാടിയിൽ ഗർഭിണികൾക്കായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നവജാത ശിശുക്കൾക്കായി ഐസിയു ആരംഭിക്കുമെന്നും ഊരുകൾ സന്ദർശിച്ച് ശേഷം വീണാ ജോർജ് വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഹൈറിസ്‌ക്ക് വിഭാഗത്തിൽപ്പെട്ട ഗർഭിണികൾക്ക് വേണ്ടി പദ്ധതി തയ്യാറാക്കും. ഇവിടെ പീഡിയാട്രിഷ്യനെയും ഗൈനക്കോളജിസ്റ്റിനെയും നിയമിക്കും. അട്ടപ്പാടിയിൽ ചുരമിറങ്ങാതെ തന്നെ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കോട്ടത്തറ ആശുപത്രിയെ കുറിച്ചുയർന്ന പരാതികൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. അധികൃതരുടെ ഭാഗത്ത് വീഴ്‌ച്ചയുണ്ടെന്ന് കണ്ടെത്തിയാൽ ഇവർക്കെതിരെ കർശന നടപടി കൈക്കൊള്ളും. അട്ടപ്പാടിയിലെത്തി കോട്ടത്തറ ആശുപത്രി, ശിശുമരണം റിപ്പോർട്ട് ചെയ്ത ഊരുകൾ എന്നിവിടങ്ങളിൽ എത്തിയ മന്ത്രി വിവരങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം അട്ടപ്പാടിയെ ഗർഭിണികളുടെ ദുരവസ്ഥ വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തു വന്നിരുന്നു.

വിവിധ ഊരുകളിലെ കണക്കുകൾ പ്രകാരം ഗർഭിണികളിൽ 58 ശതമാനവും ഹൈറിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്. ഇതിൽ നാലിലൊന്നും തൂക്കക്കുറവുള്ളവരാണെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്.ഇതിൻ പ്രകാരം ആകെയുള്ള 426 ഗർഭിണികളിൽ 245 പേരാണ് ഹൈറിസ്‌കിൽ ഉൾപ്പെട്ടിരിക്കുന്നത്. അതിൽ തന്നെ ആദിവാസികളുടെ സ്ഥിതി അതീവ ഗുരുതരമായാണ് കണക്കിലെടുക്കുന്നത്. രക്തക്കുറവ്, പോഷകാഹാരക്കുറവ്, ഗർഭസ്ഥ ശിശുവിന്റെ വളർച്ചക്കുറവ്, അരിവാൾ രോഗം, ഭാരക്കുറവ്, ജന്മനാ പ്രമേഹമുള്ളവർ തുടങ്ങി വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഹൈ റിസ്‌ക് പട്ടിക ക്രമീകരിച്ചത്.