തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി വീണ ജോർജ്ജ് രംഗത്തുവന്നു. കോവിഡ് വ്യാപനത്തിൽ ആശങ്കയും ഭയവും വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്േ പറഞ്ഞു. പനിയും പനി ലക്ഷണവുമുള്ളവർ പൊതുഇടങ്ങളിലേക്ക് ഇറങ്ങരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പനി ലക്ഷണവുമുള്ളവർ ഓഫീസുകളിൽ പോകുകയോ, കോളേജുകളിൽ പോകുകയോ, കുട്ടികൾ സ്‌കൂളിൽ പോകുകയോ ചെയ്യരുത്. മറ്റ് അസുഖങ്ങളുള്ളവർ പനി ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കോവിഡ് പരിശോധന നടത്തണം. ജലദോഷം പോലുള്ള ലക്ഷണങ്ങളാണെങ്കിൽ വീട്ടിൽ തന്നെ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മുഴുവൻ സാഹചര്യവും ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളും വിലയിരുത്തിയാണ് മുന്നോട്ട് പോകുന്നത്. ഈ ഘട്ടത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് പറഞ്ഞ ആരോഗ്യമന്ത്രി പക്ഷേ വ്യക്തിപരമായി ഓരോരുത്തർക്കും കോവിഡ് പകരാതിരിക്കുന്നതിനുള്ള ഉത്തരവാദിത്വം ഉണ്ടായിരിക്കണമെന്നും പറഞ്ഞു.

രോഗലക്ഷണങ്ങൽ ഉള്ളവർ ഓഫീസുകളിലോ കോളജുകളിലോ സ്‌കൂളിലോ പോകരുത്. ഗുരുതര രോഗങ്ങളുള്ളവർ പനി പോലുള്ള രോഗലക്ഷണം കണ്ടാൽ പരിശോധന നടത്തി കോവിഡ് ആണോ അല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഹോം ഐസലോഷൻ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അഞ്ചു വയസ്സിന് മുകളിലുള്ള എല്ലാവരും മാസ്‌ക് ധരിക്കാൻ ശ്രദ്ധിക്കണം. അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ മാസ്‌ക് ധരിക്കേണ്ടെന്നാണ് പുതിയമാർഗനിർദ്ദേശം വ്യക്തമാക്കുന്നത്. പനി ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യപ്രവർത്തകർ ടെസ്റ്റ് ചെയ്ത് കോവിഡ് ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമോ ആശുപത്രികളിൽ ജോലിക്കെത്താവൂ എന്ന് മന്ത്രി നിർദ്ദേശിച്ചു.

ഹോം ഐസലേഷനിൽ കഴിയുന്നവർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തരുത്. നല്ല ഭക്ഷണം കഴിക്കുകയും വെള്ളം ധാരാളം കുടിക്കുകയും വേണം. എട്ടു മണിക്കൂർ ഉറങ്ങണം. ഇതോടൊപ്പം പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് സാചുറേഷൻ പരിശോധിക്കണം. ആറുമിനുട്ട് നടന്നതിനുശേഷം വീണ്ടും പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് അളക്കുകയും 3 പോയിന്റിന് താഴെയാണെങ്കിൽ ആരോഗ്യപ്രവർത്തകരെ അറിയിച്ച് ചികിത്സ തേടേണ്ടതാണ്.

പൾസ് ഓക്സിമീറ്റർ ഇല്ലാത്തവർ 25 സെക്കൻഡ് ശ്വാസം ഹോൾഡ് ചെയ്യാൻ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കണം. സംസ്ഥാനത്ത് ഇപ്പോൾ ആകെയുള്ള 1,99,041 കേസുകളിൽ മൂന്നു ശതമാനം കേസുകൾ മാത്രമാണ് ആശുപത്രികളിലുള്ളത്. 0.7 ശതമാനം പേർക്ക് മാത്രമാണ് ഓക്സിജൻ കിടക്കകൾ ആവശ്യമായിട്ടുള്ളത്. 0.6 ശതമാനം പേർക്ക് മാത്രമാണ് ഐസിയു വേണ്ടി വന്നത്. മെഡിക്കൽ കോളജുകളിലെ വെന്റിലേറ്ററുകളുടെ ഉപയോഗത്തിൽ രണ്ടു ശതമാനം കുറവുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ക്ലസ്റ്റർ മാനേജ്മെന്റ് ഗൈഡ്ലൈൻ പുറത്തിറക്കി

ആരോഗ്യവകുപ്പ് ക്ലസ്റ്റർ മാനേജ്മെന്റ് ഗൈഡ്ലൈൻ പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് എല്ലാ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇൻഫെക്ഷൻ കൺട്രോൾ ടീം രൂപീകരിക്കേണ്ടതാണ്. തെരഞ്ഞെടുത്ത ടീം അംഗങ്ങൾക്ക് സ്ഥാപനങ്ങളിലും ഓഫീസുകളിലും പിന്തുടരേണ്ട മാർഗനിർദ്ദേശങ്ങൾ സംബന്ധിച്ച പരിശീലനം നൽകേണ്ടതാണ്. ഇതിനുള്ള പിന്തുണ ആരോഗ്യവകുപ്പ് നൽകുന്നതാണ്.

പത്തിലധികം പേർക്ക് കോവിഡ് ബാധിച്ചാൽ ആ പ്രദേശം, അല്ലെങ്കിൽ ആ സ്ഥാപനം ലാർജ് ക്ലസ്റ്ററാകും. ഇത്തരത്തിൽ അഞ്ചു ക്ലസ്റ്റർ ഉണ്ടെങ്കിൽ, ആ സ്ഥാപനം അഞ്ചു ദിവസം അടച്ചിടണം. എല്ലാ സ്ഥാപനങ്ങളിലും ഓഫീസുകളിലും വെന്റിലേറ്റർ സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കണം. സ്തംഭനാവസ്ഥയിലേക്ക് പോകാതിരിക്കാനായി, അടച്ചുപൂട്ടൽ അവസാന മാർഗമായി മാത്രം കരുതണമെന്ന് മന്ത്രി നിർദ്ദേശിച്ചു.