തിരുവനന്തപുരം: കൊല്ലത്ത് നടൻ മുകേഷിനേയും ആറന്മുളയിൽ മാദ്ധ്യമ പ്രവർത്തക വീണാ ജോർജിനേയും മത്സരിപ്പിക്കാൻ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. ഇക്കാര്യത്തിൽ മുൻ തീരുമാനങ്ങൾ സമ്മർദ്ദത്തിലൂടെ മാറ്റാനുള്ള ജില്ലാ ഘടകത്തിലെ ഒരു വിഭാഗത്തിന്റെ നീക്കങ്ങൾക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് വഴങ്ങിയില്ല. കൊല്ലത്ത് മുകേഷും ആറന്മുളയിൽ വീണാ ജോർജും മികച്ച സ്ഥാനാർത്ഥികളാകുമെന്ന് സിപിഐ(എം) വിലയിരുത്തുന്നു. അതിനിടെ വടക്കാഞ്ചേരിയിൽ കെപിഎസി ലളിതയെ മാറ്റാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കങ്ങൾ വിജയിച്ചിട്ടില്ല. മത്സരത്തിനില്ലെന്ന നിലപാടിൽ കെപിഎസി ലളിത ഉറച്ചു നിൽക്കുകയാണ്.

അതിനിടെ, പി രാജീവിന്റെയും ദിനേശ് മണിയുടെയും പേര് ഉയർന്നുകേട്ട തൃപ്പൂണിത്തുറയിൽ എം സ്വരാജിനെ പരിഗണിക്കുന്നതായാണു പുതിയ റിപ്പോർട്ടുകൾ. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പും മലപ്പുറത്തെ വേങ്ങരയും ഐഎൻഎലിൽ നിന്ന് സിപിഐ(എം) തിരിച്ചെടുത്തു. കൂത്തുപറമ്പിൽ പി ഹരീന്ദ്രനും വേങ്ങരയിൽ പി ജിജിയും മത്സരിച്ചേക്കും. ഇതിനു പകരം മലപ്പുറവും കോഴിക്കോട് സൗത്തും ഐഎൻഎലിനു നൽകാനും സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിച്ചു.

നേരത്തെ സിപിഐഎം മത്സരിച്ചിരുന്ന കൂത്തുപറമ്പിൽ പിണറായി വിജയൻ മൂന്നുതവണയും, പി.ജയരാജൻ മൂന്നുതവണയും വിജയിച്ചിട്ടുണ്ട്. 2011ൽ കോൺഗ്രസിന്റെ കെ.പി മോഹനനാണ് കൂത്തുപറമ്പിൽ നിന്നും മത്സരിച്ച് വിജയിച്ചതും, മന്ത്രിയായതും.

കൊല്ലത്ത് പികെ ഗുരുദാസനെ വീണ്ടും സ്ഥാനാർത്ഥിയാക്കണമെന്ന് വി എസ് പക്ഷം ആവശ്യപ്പെട്ടിരുന്നു. ആറന്മുളയിലും പാർട്ടിക്കാർ വേണമെന്ന് പത്തനംതിട്ടയിലെ ഒരു വിഭാഗം നിലപാട് എടുത്തു. ഇതോടെയാണ് വിഷയം സെക്രട്ടറിയേറ്റിന്റെ അന്തിമ പരിഗണനയ്ക്ക് എത്തിയത്. എന്നാൽ മുകേഷിനോട് മത്സരിക്കുന്ന കാര്യം ചർച്ച ചെയ്തത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. ഈ സാഹചര്യത്തിൽ നൽകിയ ഉറപ്പ് പിൻവലിക്കേണ്ടതില്ലെന്ന് സെക്രട്ടറിയേറ്റ് തീരുമാനിച്ചു. വീണാ ജോർജിനും ഇത്തരത്തിലൊരു ഉറപ്പ് കഴിഞ്ഞ സംസ്ഥാന സമിതിക്ക് ശേഷം നൽകിയിരുന്നു. അതുകൊണ്ട് വീണയേയും മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചു. പ്രാദേശിക വികാരങ്ങൾ കണക്കിലെടുത്താണ് കെപിഎസി ലളിതയുടെ പിന്മാറ്റമെന്നാണ് സിപിഐ(എം) സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. അതുകൊണ്ട് കൂടിയായിരുന്നു നടിയെ മത്സരിപ്പിക്കാൻ വീണ്ടും ശ്രമിച്ചത്. എന്നാൽ മത്സരത്തിനില്ലെന്ന് കെപിഎസി ലളിത ആവർത്തിച്ചു. ഇതോടെ ആ ശ്രമം ഉപേക്ഷിച്ചു.

അഴിക്കോട് നികേഷ് കുമാറിനെ മത്സരിപ്പിക്കാൻ തന്നെയാണ് തീരുമാനം. പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കണമെന്ന ആശയവും ചർച്ചയാക്കി. എന്നാൽ ഇടതു സ്വതന്ത്രനാക്കാമെന്ന വാദത്തിനാണ് പിന്തുണ കൂടുതൽ കിട്ടിയത്. ഇക്കാര്യം കണ്ണൂർ ജില്ല കമ്മറ്റി വീണ്ടും ചർച്ച ചെയ്യും. ഇടത് സ്വതന്ത്രനായി നികേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനം കണ്ണൂർ ജില്ലാ കമ്മറ്റിയുടെ അംഗീകാരത്തോടെ നടപ്പാക്കും. സിഎംപിക്ക് സീറ്റ് നൽകി നികേഷിനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമുണ്ട്. എന്നാൽ സിഎംപി കെ ആർ അരവിന്ദാക്ഷൻ വിഭാഗം നികേഷിനെതിരെ നിലപാട് എടുക്കുന്നതിനാലാണ് സിപിഎമ്മിന്റെ പുതിയ നീക്കം. നികേഷിനോടും മത്സരിക്കണമെന്ന് സിപിഐ(എം) നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നികേഷിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കുന്നത്.

പൂഞ്ഞാർ സീറ്റിൽ അനിശ്ചിതത്വം തുടരുകയാണ്. പൂഞ്ഞാറിൽ ആർക്ക് സീറ്റ് നൽകണമെന്നും സെക്രട്ടറിയേറ്റിൽ ഇന്ന് ഏകദേശ ധാരണയുണ്ടാക്കും. കാഞ്ഞിരപ്പള്ളി മെത്രാന് നിർദ്ദേശിക്കുന്ന വ്യക്തിയിലേക്ക് ചർച്ച എത്തിക്കാനാണ് നീക്കം. പിസി ജോർജിനെ പിന്തുണക്കേണ്ടതില്ലെന്ന് നേരത്തെ സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു.

ആറന്മുളയിൽ വീണാ ജോർജിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. നേരത്തെ പത്തനംതിട്ട ജില്ലാകമ്മറ്റിയും വീണാ ജോർജിന്റെ പേരാണ് മുന്നോട്ട് വച്ചത്. ഈ സാഹചര്യത്തിൽ വീണയെ തന്നെ മത്സരിപ്പിക്കാൻ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് ആറന്മുളയിലെ ഇടതു സ്ഥാനാർത്ഥിയായി നിർദ്ദേശിക്കപ്പെട്ട വീണാ ജോർജ് ഫേസ്‌ബുക്കിലൂടെ മറുപടി നൽകുകയും ചെയ്തിരുന്നു. വർഗീയ ശക്തികളോട് ശക്തമായ എതിർ നിലപാട് സ്വീകരിക്കുകയും വർഗീയ ധ്രുവീകരണത്തിനെതിരെ പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന തന്നെ ഒരു പ്രത്യേക വിഭാഗത്തിന്റെ പ്രതിനിധിയായി ചിത്രീകരിക്കുന്നതിനെ ശക്തമായി എതിർക്കുന്നുവെന്ന് അവർ ഫേസ് ബുക്കിൽ കുറിച്ചു.

പതിനഞ്ചു വർഷമായി താൻ മാദ്ധ്യമപ്രവർത്തകയായി ജീവിക്കുകയാണ്. ഏതെങ്കിലും മത വിഭാഗത്തിന്റെ പ്രതിനിധിയായതല്ല സാമൂഹിക ഇടപെടലുകൾക്ക് തന്നെ പ്രേരിപ്പിക്കുന്നത്. ജനാധിപത്യ തിരഞ്ഞെടുപ്പിലൂടെ സഭാ സമിതിയുടെ തലപ്പത്തേക്ക് എത്തിയ വ്യക്തിയാണ് എന്റെ ഭർത്താവ് എന്നതു കൊണ്ട് എനിക്ക് സ്വന്തമായ കാഴ്പ്പാടും രാഷ്ട്രീയ നിലപാടും ഉണ്ടാകാൻ വഴിയില്ല എന്ന് ചിലർ സമർത്ഥിക്കുന്നത് എന്തിനു വേണ്ടിയാണ്? ഒരു സ്ത്രീക്കു ലഭിക്കുന്ന പരിഗണന അവളുടെ കുടുംബാംഗങ്ങളുടെ പ്രവർത്തന മേഖലയിലെ സ്വാധീനം കൊണ്ടാണെന്നു പറയുന്നതിലെ സ്ത്രീ വിരുദ്ധത തിരിച്ചറിയാനുള്ള ബോധം ഇക്കൂട്ടർക്ക് എന്നെങ്കിലുമുണ്ടാകുമോ. പുരോഗമന പ്രസ്ഥാനങ്ങളുമായുള്ള എന്റെ സഹകരണവും ഇടപെടലുകളും വിദ്യാർത്ഥി ജീവിത കാലത്തെ ഇടതു രാഷ്ട്രീയ പ്രവർത്തനങ്ങളിൽ തുടങ്ങി എന്നിൽ സ്വാംശീകരിക്കപ്പെട്ട ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. അടിസ്ഥാന രഹിതവും നിരുത്തരവാദപരവുമായ ആരോപണങ്ങൾ കൊണ്ട് തന്നെ തളർത്താനാവില്ലെന്നും വീണ വിശദീകരിച്ചിരുന്നു.

കൊല്ലത്ത് മുകേഷിന് സീറ്റ് നൽകുന്നതിനെ വി എസ് വിഭാഗമാണ് എതിർത്തത്. പികെ ഗുരുദാസന് വീണ്ടും സീറ്റ് നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ പികെ ഗുരുദാസന് അവസരം നൽകേണ്ടതില്ലെന്ന നിലപാട് ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തിലും ഉയർന്നു. മുകേഷിന് കൊല്ലത്ത് നല്ല വിജയസാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി. കെപിഎസി ലളിതയുടെ പിന്മാറ്റം തന്നെ തിരിച്ചടിയാണ്. ഈ സാഹചര്യത്തിൽ സിനിമാ മേഖലയിൽ നിന്നുള്ള മറ്റൊരു ഇടതുപക്ഷക്കാരനെ കൂടി പിണക്കുന്നത് ശരിയില്ലെന്ന വികാരമാണ് സെക്രട്ടറിയേറ്റിൽ ഉയർന്നത്.