- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ മേഖലയിലും വലിയ മാറ്റം കൊണ്ടുവന്ന സർക്കാർ ആണിത്; ഈ കപ്പൽ ആടി ഉലയുമെന്നത് നിങ്ങളുടെ സ്വപ്നം മാത്രമാണ്; അതിനൊരു കപ്പിത്താൻ ഉണ്ട്; മുസ്ലിം ലീഗിന്റെ എത്ര പ്രവർത്തകരാണ് ഈ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായത്; കെ എം ഷാജിക്ക് അതിന് മറുപടിയുണ്ടോ; സഭയിൽ തീപ്പൊരി മറുപടിയുമായി വീണാ ജോർജ്ജ്
തിരുവനന്തപുരം: പ്രതിപക്ഷം കാണിച്ച രാഷ്ട്രീയ അബന്ധമാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള തീരുമാനമെന്ന് വീണ ജോർജ്ജ് എംഎൽഎ. യുഡിഎഫിന്റെ അവിശ്വാസ പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു വീണ. വി ഡി സതീശൻ അവതരിപ്പിച്ച പ്രമേയം അത്രയും ദുർബലമായ ഒന്നാണ്.
എന്താണ് ഇവർ പറയുന്ന കാര്യത്തിന്റെ ഉള്ളടക്കം എന്താണെന്ന് അവർക്ക് തന്നെ ബോധ്യപ്പെടുത്താൻ കഴിയുന്നില്ല. സർക്കാരിനെതിരെ കൃത്യമായ ഒരു ആരോപണം ഉന്നയിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. അഴിമതിയുടെ ചെളിക്കുണ്ടിൽ കിടക്കാൻ ഇടതുപക്ഷത്തെ കിട്ടില്ല. അവർ ആദ്യം അവിശ്വാസം അവതരിപ്പിക്കേണ്ടത് പ്രതിപക്ഷ നേതാവിനെതിരെയാണ്. എത്ര ദുർബലമായ വാദങ്ങളാണ് ഓരോ വിഷയത്തിലും അദ്ദേഹം കോടതിയിൽ പോയി പറയുന്നത്.
നിങ്ങൾ സൃഷ്ടിച്ച പുകമറ ഒന്നും ഇവിടെ ഇല്ലായെന്ന് ഈ സഭയിൽ ജനങ്ങൾക്ക് വ്യക്തമാകുകയാണ്. ഈ സർക്കാരിനെയും മുൻ സർക്കാരിനെയും താരതമ്യം ചെയ്യാൻ ജനങ്ങൾക്ക് അവസരം ഒരുക്കിയിരിക്കുകയാണ് പ്രതിപക്ഷം. മുൻ മുഖ്യമന്ത്രിയെ ഇടിച്ചുതാഴ്‌ത്താനായിരിക്കാം പ്രതിപക്ഷ നേതാവ് ഈ തന്ത്രം ഉപയോഗിച്ചത്.
മുസ്ലിം ലീഗിന്റെ എത്ര പ്രവർത്തകരാണ് ഈ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായത്. കെ എം ഷാജിക്ക് അതിന് മറുപടിയുണ്ടോ. റമീസും മുഹമ്മദ് ഷാഫിയുമെല്ലാം ലീഗ് ബന്ധമുള്ളവരാണ്. ഒരാൾ ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയുടെ ബന്ധുവാണ്. ഇത് മാത്രമല്ല, എത്രയോ സ്വർണക്കടത്ത് കേസുകളാണ് ലീഗ് പ്രവർത്തകരുടെ പേരിൽ ഉള്ളത്.
പ്രതിപക്ഷ എംഎൽഎമാരുടെ മണ്ഡലങ്ങളിലടക്കം കോടിക്കണക്കിന് രൂപയുടെ വികസനങ്ങളാണ് ഈ സർക്കാരിന്റെ കാലത്ത് നടത്തുന്നത്. ഹരിപ്പാട്, പറവൂർ മണ്ഡലങ്ങളുടെ കാര്യം പ്രത്യേകമായി എടുത്ത് പറയേണ്ടത്. 1200 വീടുകളാണ് പറവൂർ മണ്ഡലത്തിൽ ലൈഫ് മിഷൻ പദ്ധതിപ്രകാരം പണിതുകഴിഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ഹരിപ്പാട് മണ്ഡലത്തിൽ 1700 വീടുകളും. എല്ലാ മേഖലയിലും വലിയ മാറ്റം കൊണ്ടുവന്ന സർക്കാർ ആണിത്. ഈ കപ്പൽ ആടി ഉലയുമെന്നത് നിങ്ങളുടെ സ്വപ്നം മാത്രമാണ്. അതിനൊരു കപ്പിത്താൻ ഉണ്ട്. അത് നവകേരളത്തിലേക്ക് അടുക്കുക തന്നെ ചെയ്യും - വീണ പറഞ്ഞു
മറുനാടന് ഡെസ്ക്