- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മുട്ടിയുടെ ചന്തുവിനെ തോൽപ്പിക്കാൻ കുനാലിന്റെ ചന്തുവിന് ആവില്ല മക്കളേ! ഇത് വീര്യം കുറഞ്ഞ വീരഗാഥ; ഛായാഗ്രഹണത്തിലും ഗ്രാഫിക്സിലും മേന്മകൾ ഒതുങ്ങിയ ജയരാജ് ചിത്രത്തിൽ പ്രമേയ ദൗർബല്യങ്ങൾ ഒട്ടേറെ; പാതി മാക്‌ബത്തും പാതി ചതിയൻ ചന്തുവുമായി ചേർച്ചയില്ലാതെ ഒരു പുനരാഖ്യാന നാടകം
ബർണാഡ്ഷാ ഫലിതങ്ങളെന്നപേരിൽ സ്‌കൂൾ ക്‌ളാസുകളിൽ നാം കേട്ട കഥയാണ്, നമ്മുടെ പ്രിയ സംവിധായകൻ ജയരാജിന്റെ ബിഗ് ബജറ്റ് ചരിത്രാഖ്യായികയായ 'വീരം' കണ്ടപ്പോൾ ഓർമ്മവന്നത്. എഴുത്തുകാരനും വാഗ്മിയുമൊക്കെയായ ജോർജ് ബെർണാഡ്ഷാക്ക് ഒരിക്കൽ ഒരു സുന്ദരി കത്തെഴുതിയത്രേ . അങ്ങ് എന്നെ വിവാഹം കഴിക്കുകയാണെങ്കിൽ എന്റെ സൗന്ദര്യവും അങ്ങയുടെ ബുദ്ധിയുമുള്ള സന്തതിയുണ്ടായാൽ അത് ഈ ലോകത്തിന് അത് എത്ര വലിയ മുതൽകൂട്ടാവുമെന്ന്. ഷാ തിരച്ചെഴുതി.'ഭവതി ക്ഷമിക്കണം.കഷ്ടകാലത്തിന് എന്റെ സൗന്ദര്യവും ഭവതിയുടെ ബുദ്ധിയുമുള്ള ഒരു കുഞ്ഞാണ് ഉണ്ടാവുന്നതെങ്കിൽ അത് ഈ ലോകത്തോടുതന്നെ ചെയ്യുന്ന കടുത്ത അനീതിയായിരിക്കും'. വില്യംഷേക്‌സപിയറിന്റെ മാക്‌ബത്തും നമ്മുടെ വടക്കൻ പാട്ടിലെ ചതിയൻചന്തുവും തമ്മിൽ ചേർത്ത് ജയരാജ് ഒരുക്കിയ 'വീരം' സത്യത്തിൽ ഷാ ഫലിതം പോലെയായിപ്പോയി.രണ്ടിന്റെയും നെഗറ്റിവിറ്റികൾ മാത്രമാണ് സംയോജിച്ചത്.പാതി മാക്‌ബത്തും, പാതി ചതിയൻ ചന്തുവുമായി ചേർച്ചയില്ലാത്ത കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയുമാണ് ചിത്രത്തിൽ കാണാനായത്. മാത്രമല്ല മലയാളത്തില
ബർണാഡ്ഷാ ഫലിതങ്ങളെന്നപേരിൽ സ്‌കൂൾ ക്‌ളാസുകളിൽ നാം കേട്ട കഥയാണ്, നമ്മുടെ പ്രിയ സംവിധായകൻ ജയരാജിന്റെ ബിഗ് ബജറ്റ് ചരിത്രാഖ്യായികയായ 'വീരം' കണ്ടപ്പോൾ ഓർമ്മവന്നത്. എഴുത്തുകാരനും വാഗ്മിയുമൊക്കെയായ ജോർജ് ബെർണാഡ്ഷാക്ക് ഒരിക്കൽ ഒരു സുന്ദരി കത്തെഴുതിയത്രേ . അങ്ങ് എന്നെ വിവാഹം കഴിക്കുകയാണെങ്കിൽ എന്റെ സൗന്ദര്യവും അങ്ങയുടെ ബുദ്ധിയുമുള്ള സന്തതിയുണ്ടായാൽ അത് ഈ ലോകത്തിന് അത് എത്ര വലിയ മുതൽകൂട്ടാവുമെന്ന്. ഷാ തിരച്ചെഴുതി.'ഭവതി ക്ഷമിക്കണം.കഷ്ടകാലത്തിന് എന്റെ സൗന്ദര്യവും ഭവതിയുടെ ബുദ്ധിയുമുള്ള ഒരു കുഞ്ഞാണ് ഉണ്ടാവുന്നതെങ്കിൽ അത് ഈ ലോകത്തോടുതന്നെ ചെയ്യുന്ന കടുത്ത അനീതിയായിരിക്കും'.
വില്യംഷേക്‌സപിയറിന്റെ മാക്‌ബത്തും നമ്മുടെ വടക്കൻ പാട്ടിലെ ചതിയൻചന്തുവും തമ്മിൽ ചേർത്ത് ജയരാജ് ഒരുക്കിയ 'വീരം' സത്യത്തിൽ ഷാ ഫലിതം പോലെയായിപ്പോയി.രണ്ടിന്റെയും നെഗറ്റിവിറ്റികൾ മാത്രമാണ് സംയോജിച്ചത്.പാതി മാക്‌ബത്തും, പാതി ചതിയൻ ചന്തുവുമായി ചേർച്ചയില്ലാത്ത കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയുമാണ് ചിത്രത്തിൽ കാണാനായത്. മാത്രമല്ല മലയാളത്തിലും ഇംഗ്‌ളീഷിലും ഹിന്ദിയിലുമൊക്കെ എടുക്കാനുള്ള ശ്രമത്തിനിടയിൽ കേരളീയത തന്നെ ഈ പടത്തിൽനിന്ന് ചോർന്ന് പോയിട്ടുണ്ട്. ഒരു അന്യഭാഷാ സിനിമ തർജ്ജമ ചെയ്ത് വച്ചതുപോലൊയണ് തോന്നുക.
മാക്‌ബത്തിന്റെ സ്വതന്ത്രമായ ആഖ്യാനമാണ് ഈ കഥയെന്ന ജയരാജിന്റെ വാദം തെറ്റാണ്. ആർത്തിയും അധികാര ഭ്രമവും കൂടിക്കലർന്ന 'മാക്‌ബത്തെ് കോംപ്‌ളക്‌സ്' എന്ന ആശയത്തെ വിശദീകരിച്ച് സ്വതന്ത്രമായി പ്രമേയമൊരുക്കുന്നതിന് പകരം, ചതിയൻ ചന്തുവിന്റെ കഥയുടെ കുറേ ഭാഗങ്ങും മാക്‌ബത്തിലെ കുറെ വൈകാരിക നിമിഷങ്ങളും കൂട്ടിയിണക്കി, ഒരുതരം സർഗാത്മക ഗോഷ്ടിയിലേക്കാണ് സംവിധായകൻ പോയത്. മാക്‌ബത്തിൽ ഷേക്‌സ്പിയറിന്റെ അതിഗംഭീരവും പ്രൗഡവുമായ വരികൾ അതേപടി വികൃതമായ തർജ്ജമയിലുടെ ചന്തുവിനെകൊണ്ട് പറയിപ്പിക്കുന്നു! അപാരംതന്നെ സാർ താങ്കളുടെ പുനരാഖ്യാനം.അകീര കുറസോവയടക്കമുള്ള പ്രഗൽഭർ മാക്‌ബത്തിനെ പുനരാവിഷ്‌ക്കരിച്ച് സിനിമയിറക്കിയത് ഒന്നു കണ്ടുനോക്കുക.അത് അനുകരണമല്ല.
35കോടിയിലേറെ മുടക്കിയെടുത്ത ചിത്രം, എസ്.കുമാറിന്റെ ഛായാഗ്രാഹണത്തിന്റെയും വിദേശ സാങ്കേതിക വിദഗ്ധരുടെ ഗ്രാഫിക്‌സിന്റെയും ചില മിന്നലാട്ടങ്ങൾ ഒഴിച്ചുനിർത്തിയാൽ പ്രേക്ഷകനെ എവിടെയും ത്രില്ലടിപ്പിക്കുന്നില്ല. ഒഴുക്കൻ മട്ടിലുള്ള ഡയലോഗുകളും ചേരുന്നതോടെ ചിലയിടത്ത് ബോറടിയും തോനുന്നു.ഈ ഗ്രാഫിക്‌സും കൊടച്ചക്രവും ഒന്നുമില്ലാതിരുന്ന കാലത്തുണ്ടായ 'വടക്കൻ വീരഗാഥ' ഒന്ന് കണ്ടാൽ മതി, സാങ്കേതിക വിദ്യയല്ല സിനിമയുടെ ഹൃദയം എന്ന് അറിയാൻ. തേജസ്സും ഓജസ്സും ജ്വലിക്കുന്ന മാധവിയുടെ ഉണ്ണിയാർച്ച കണ്ട് ഈ പടത്തിലെ സ്‌ളിംബ്യൂട്ടിയായ പെറുക്കിപ്പെറുക്കി മലയാളം പറയുന്ന ആർച്ചയെകണ്ടാൽ ,നമ്മുടെ സുരാജ് ഒരുപടത്തിൽ അടിച്ച വിഖ്യാത സീത്രീവിരുദ്ധ ഡയലോഗ്‌പോലെ, എടുത്ത് കിണറ്റിൽ എറിയാൻ തോന്നും!
ഇനി ചിത്രം കുടംബസമേതം കാണാനാഗ്രഹിക്കുന്ന പ്രേക്ഷകർക്കുള്ള ഒരു മുന്നറിയിപ്പുമുണ്ട്. ചിത്രത്തിന്റെ എ സർട്ടിഫിക്കേറ്റ് നിങ്ങൾ ശ്രദ്ധിക്കണം. സദാ സംശയം ചോദിക്കുന്ന കുട്ടിവേന്ദ്രന്മാർക്കൊപ്പം പടത്തിനത്തെിയാൽ പിശക്‌ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ കഴിയാതെ മാനം പോവും.പലേടത്തും സെക്‌സ് ഇവിടെ വൾഗറായും മാറുന്നു.അതും സംവിധായകന്റെ പരാജയമാണ്.
ഇത് ഒരു പുനരാഖ്യാന നാടകം
ഇത്രയും പ്രതിഭയുള്ള ജയരാജിൽ നിന്നാണ് ഇതുപോലൊരു പടം ഉണ്ടായതെന്നതാണ് വിഷമകരം. മലയാളത്തിൽ എല്ലാ റേഞ്ചിലുമുള്ള ചിത്രങ്ങൾ ഒരുക്കിയ ഒരേ ഒരു സംവിധായകനാണ് ജയരാജ്.ജോണി വാക്കർ എന്ന ഹിറ്റ് ചിത്രവും ഫോർ ദ പിപ്പിൾ എന്ന ട്രെൻഡ് സെറ്ററും ഒരുക്കിയ അതേ ചലച്ചിത്രകാരൻ ദേശാടനം,കളിയാട്ടം,കരുണം, ശാന്തം, ഒറ്റാൽ എന്നീ സിനിമകളിലൂടെ ദേശീയ- അന്തർ ദേശീയ പുരസ്‌കാരങ്ങളും സ്വന്തമാക്കി. ബെർലിൻ ചലച്ചിത്രമേളയിൽ ക്രിസ്റ്റൽ ബെയർ പുരസ്‌കാരവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡും 'ഒറ്റാൽ' നേടിയിരുന്നു. ആ തുടർച്ചവച്ച് കലയും കച്ചവടവും സമന്വയിപ്പിച്ച ഒരു അനുഭവമായിരക്കും, നവരസങ്ങളിലൂന്നി ഒമ്പത് സിനിമകളൊരുക്കണമെന്ന ജയരാജിന്റെ ആഗ്രഹതുടർച്ചയിലെ അഞ്ചാമത്തെ ചിത്രമായ 'വീര'മെന്ന് കരുതിയാൽ നിങ്ങൾക്ക് നിരാശമാത്രമാവും ബാക്കി.
ഷേക്‌സ്പീരിയൻ കൃതികളിലെ ദുരന്തതീവ്രത കൂടുതലുള്ള നാടകമാണ് മാക്‌ബത്ത്. 'ട്രാജഡി ഓഫ് അംബീഷൻ' എന്നാണ് മാക്‌ബത്തിനെ വിശേഷിപ്പിക്കുന്നത്. എല്ലാ മനുഷ്യരുടെയും അതിമോഹത്തിൽ സംഭവിച്ചക്കോവുന്ന ദുരന്തമാണ് മാക്‌ബത്തിന് ആധാരം. അതുകൊണ്ടാണ് ചലച്ചിത്രലോകത്തെ മാസ്റ്റേഴ്‌സ് എക്കാലവും കാന്തമലയിലേക്ക് ഇരുമ്പെന്നപോലെ അതിലേക്ക് ആകർഷിക്കപ്പെടുന്നത്. മാക്‌ബത്തിനേക്കാൾ എത്രയോ മുമ്പ് രചിക്കപ്പെട്ട വടക്കൻ പാട്ടുകളിൽ വലിയ സാധ്യതകൾ ഒളിഞ്ഞിരിപ്പുണ്ട് എന്ന തോന്നലാണ് തന്നെ ഈ ചിത്രത്തിലേക്ക് എത്തിച്ചതെന്ന് ജയരാജ് നേരത്തെ പറഞ്ഞിരുന്നു.
പക്ഷേ ചിത്രത്തിൽ സംഭവിച്ചതെന്താണ്.മാക്‌ബത്തിനെയും ചന്തുവിനെയും ലയിപ്പിക്കയാണ് ചെയ്തത്.അത് വെള്ളവും പെട്രോളും പോലെ വേർതിരഞ്ഞ് കിടക്കുന്നുണ്ട്. മാക്‌ബത്ത് ഈ ക്രൂരകൃത്യങ്ങളൊക്കെ ചെയ്യുന്നത്, നാടക തുടക്കത്തിൽ പ്രത്യക്ഷപ്പെടുന്ന മൂന്ന് ദുർമന്ത്രവാദികളുടെ സ്വാധീനത്താൽ ആണെല്ലോ.അതിനാൽ ചന്തുവിനെയും ജയരാജ്, പൂർണനഗ്‌നയായി ഒരു ഗുഹക്കുള്ളിൽ ഫലം പറയുന്ന ഒരു മന്ത്രവാദിനിയുടെ സ്വാധീനത്തിൽ പെടുത്തുന്നു.അതുപോലെതന്നെ മാക്‌ബത്തിന്റെ അന്ത്യം പ്രവചിക്കപ്പെട്ടതുപോലെ 'വനം താഴ്‌വരയിലേക്ക് ഇറങ്ങിവരുന്ന ദിവസം' ചന്തുവും വധിക്കപ്പെടുകയാണ്. ഇനി അരിങ്ങോടരുടെ അനന്തിരവൾ കുട്ടിമാണിയെ ലേഡി മാക്‌ബത്ത് ആക്കാനായി നാടൻപാട്ടിലും കഥകളിലും ഇല്ലാത്ത വില്ലത്തരം മുഴുവൻ ആ സ്ത്രീക്ക് കൊടുത്തു. 'അറേബ്യയിലെ മുഴവൻ സുഗന്ധ ലേപനങ്ങളും ഉപയോഗിച്ചാലും ഈ കൈകളിലെ ചോരയുടെ ഗന്ധം മാറില്‌ളെന്ന' ലേഡിമാക്‌ബത്തിന്റെ ഡയലോഗുകളൊക്കെ എന്നിട്ട് യാന്ത്രികമായി ഈ കഥപാത്രത്തിന്റെ വായിൽ വച്ചുകൊടുക്കുന്നു!അസ്സൽ പുനരാഖ്യാനം. ചന്തുവിന്റെതായി പ്രചരിക്കുന്ന നാടൻകഥയും ഇങ്ങനെ വല്ലാതെ വളച്ചൊടിച്ചും ഇല്ലാത്തവ ചേർത്തുമാണ് തിരക്കഥ മുന്നോട്ടുപോവുന്നത്.
മാത്രമല്ല, മാകബത്തിനെപ്പോലെ അധികാരത്തിനായി ചോരപ്പുഴ ഒഴുക്കിയ കഥയല്ല വടക്കൻപാട്ടിലെ ചന്തുവിന്റെത്.എന്നാൽ ചന്തുവിനെ മാക്‌ബത്ത് ആക്കാനായി ജയരാജ് ചെയ്തതോ,സുഹൃത്തുക്കൾ തൊട്ട് സംശയമുള്ളവരെയൊക്കെ ചന്തുവിനെകൊണ്ട് ചതിച്ചുകൊല്ലിക്കുന്നു.മാക്‌ബത്ത് ദുർമന്ത്രവാദിനികളിൽ വിശ്വസിച്ചതുകൊണ്ട് ചന്തുവും അങ്ങനെ ചെയ്യണം, മാക്‌ബത്ത് സ്വന്തം രാജാവിനെകൊന്ന് രക്തം കാവൽക്കാരുടെ കൈളിൽ പുരട്ടി മാറിനിന്നതിനാൽ ചന്തുവിനും അങ്ങനെ ചെയ്‌തേ മതിയാവൂ.( 'ബോയിങ് ബോയിഗിലെ' ജഗതി പറഞ്ഞപോലെയാണ് കാര്യങ്ങൾ. മാക്‌ബത്തിന് ഷേക്‌സ്പിയർ ഒരു സൈഡ് ട്രാക്കായി കുഷ്ഠരോഗമോ,കിഡ്‌നി തകരാറോ എഴുതിപ്പിടപ്പിച്ചിരുന്നെങ്കിൽ നമ്മുടെ ചന്തുവിനും അത് വരുമായിരുന്നു!)
മാക്‌ബത്ത് എന്തുകൊണ്ട് ഇങ്ങനെയായി എന്ന് അതിശക്തമായി ഷേക്‌സ്പിയറിന് തന്റെ നാടകത്തിലൂടെ പ്രേക്ഷകരെ ധരിപ്പിക്കാൻ കഴിഞ്ഞെങ്കിൽ , ചന്തു എന്തുകൊണ്ട് ചതിക്കുന്നുവെന്ന് കൃത്യമായി ബോധ്യപ്പെടുത്താൻ ജയരാജിന് കഴിഞ്ഞിട്ടില്ല.കാമുകിയുടെയും മന്ത്രവാദിയുടെയും കേവലം വാക്കുകൾ മാത്രം പോര അതിന്.ട്രാജഡി ഓഫ് അംബീഷൻ എന്ന മാക്‌ബത്തിന്റെ ആശയം ചന്തുവിലേക്ക് കുടിയേറമെങ്കിലുള്ള പ്രമേയപരമായ കൂട്ടിച്ചേർക്കലുകൾ ഒന്നും തന്നെ ഈ പുനരാഖ്യാനത്തിൽ വന്നിട്ടില്ല.നേരത്തെ ജയരാജ് ഒഥല്ലോ കളിയാട്ടം ആക്കിയപ്പോഴും ഇതേ പ്രശ്‌നങ്ങൾ പ്രകടമായിരുന്നു. ഇങ്ങനെയാണെങ്കിൽ രണ്ട് രാഷ്ട്രീയക്കാരുടെ കഥയായോ, അധോലോക നായകന്മാരുടെ കഥയായോ ഒക്കെ മാക്‌ബത്തിനെ പുനരാഖ്യാനം നടത്താമായിരുന്നു. എന്നാൽ എം ടി 'വടക്കൻ വീരഗാഥയിൽ' ചെയ്തതോ.പാണപ്പാട്ടുകളും നാടൻകഥകളുമായി ചന്തുവിന്റെ പറഞ്ഞുകേട്ട കഥയുടെ മറുപുറ സാധ്യതകൾ നൂറുശതമാനം ലോജിക്കോടെ പൂരിപ്പിക്കയാണ്. അതിന് അസാധാരണമായ പ്രതിഭ വേണം.ജയരാജ് തന്നെ ഒരുക്കിയ തിരക്കഥയിലെ ഈ പാളിച്ചയാണ് വീരത്തെ കാര്യമായി ബാധിച്ചത്.
ഇനി സംഭാഷണങ്ങൾ വടകര-കണ്ണുർ സ്‌ളാങ്ങിലാണെന്ന ഒറ്റ പുരോഗതി മാത്രമേ ഇതിൽ കാണാനുള്ളൂ.( അതിന് ചിലയിടത്ത് മലയാളത്തിൽ സബ്‌ടൈറ്റിലും കൊടുത്തിട്ടുണ്ട്. മലയാള സംഭാഷണങ്ങൾക്ക് മലയാളത്തിൽ സബ് ടൈറ്റിൽ! കലികാലം എന്ന് പഴമക്കാർ പറയുന്നത് ഇതിനൊക്കെയാവും. പോട്ടെ ഈ സി.ബി.എസ്.ഇ കാലത്ത് ഇതും ഇതിനപ്പുറവും സംഭവിക്കും.)വടക്കൻ പാട്ടുകൾ ആധാരമാക്കിയ സിനിമകളിൽ മൊത്തത്തിൽ കാണുന്നത് വടക്കൻ വാമൊഴി അല്ല,വള്ളുവനാടൻ ഭാഷയാണ്. ആ അർഥത്തിൽ ചിത്രത്തിലെ സംഭാഷണങ്ങൾക്ക് വ്യതിരിക്തതയുണ്ട്. പക്ഷേ വടക്കൻ വീരഗാഥയിലൊക്കെ എം ടി എഴുതിയപോലുള്ള ഹൃദയത്തിൽ കൊളുത്തിവലിക്കുന്ന, തലമുറകളെ കോരിത്തരിപ്പിച്ച സംഭാഷണങ്ങൾ ഒന്നും തന്നെ ചിത്രത്തിലില്ല.( 'ഇരുമ്പാണിമാറ്റി മുളയാണിവെക്കാൻ' എന്നു തുടങ്ങുന്ന മമ്മൂട്ടിയുടെ ഘന ഗംഭീരമായ ഡയലോഗിന്റെ മോഡുലേഷൻ നോക്കുകഴ. മിമിക്രിക്കാർ എത്ര ചളമാക്കിയിട്ടും, ഇപ്പോൾ കേൾക്കുമ്പോഴും രോമാഞ്ചമുണ്ടാവുന്നു.) പകരം ഷേക്‌സ്പിയർ മാക്‌ബത്തിൽ എഴുതിവച്ച വിഖ്യാത സംഭാഷണങ്ങളുടെ മോശം തർജ്ജമയാണ് പലയിടത്തും.ഇത് ശുദ്ധകോപ്പിയടി കൂടിയാണ്. മാത്രമല്ല, മൊത്തത്തിൽ ഇത് ഒരു മലയാള ചിത്രമാണെന്നുപോലും തോനുന്നില്ല.ഒരു അന്യഭാഷ ചിത്രത്തിന്റെ ഡബ്ബിങ് വേർഷനായാണ് സാദാപ്രേക്ഷകന് തോന്നുക.
അജന്ത എല്ലോറപോലുള്ള സ്ഥലങ്ങൾ ലൊക്കേഷൻ ആക്കിയത് വ്യത്യസ്ത തോന്നുന്നുണ്ടെങ്കിലും ഇത് ചരിത്രത്തോട് എത്ര നീതിപുലർത്തുന്നുവെന്ന് നോക്കണം.വരണ്ട സമതലങ്ങളിലും ഗുഹകളിലും ജീവിക്കുന്ന മനുഷ്യരുടെ കഥപോലെ തോനുന്ന ഈ പടത്തിൽ കേരളീയ ജീവിതം കടന്നുവരുന്നില്ല.വടക്കൻ പാട്ട് സിനിമകൾ മൊത്തത്തിൽ ചെയ്ത ഫ്യൂഡൽ പുരുഷ സങ്കൽപ്പത്തിൽ മാത്രമുള്ള കോസ്റ്റ്യുമും പശ്ചാത്തലവും മറ്റും അനുകരിക്കണമന്നല്ല പറയുന്നത്.പക്ഷേ ഇത് കേരളമാണെന്ന് തോന്നണ്ടേ. ഇനി 'കിങ്ങ് ലിയർ' ജയരാജ് എങ്ങാനും മലയാള സിനിമയാക്കി പുനരാഖ്യാം ചെയ്താൽ അതിന്റെ ലൊക്കേഷൻ അങ്ങ് സ്വിറ്റ്‌സർലൻഡിൽ ആയിരിക്കും! പക്ഷേ ഒരുകാര്യത്തിൽ ഈ പടത്തിന് മിക്ക വടക്കൻപാട്ട് സിനിമകളുമായി യോജിപ്പുണ്ട്. വീരഗാഥയടക്കമുള്ള മിക്ക പടങ്ങളെയും പോലെ ഇതും അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ്. ( 'നീയടക്കമുള്ള സ്ത്രീ വർഗം' എന്ന മമ്മൂട്ടിയുടെ പ്രശസ്തമായ ഡയലോഗ് ഇന്നത്തെ ലിംഗനീതി സംവാദക്കാലത്ത് എം ടി എഴുതിയത് തന്നെയാണോയെന്ന് നാം ശങ്കിച്ചുപോവും.അതിലെ സ്ത്രീവിരുദ്ധത ഓർത്താൽ) പുരുഷൻ യുദ്ധത്തിനുള്ള ഒരു ഉപകരണം മാത്രം.അവനിൽ കുബുദ്ധി ഉപദേശിച്ച് ഉണർത്തുന്നതാകട്ടെ സ്ത്രീയും.അവൾ തന്റെ ശരീര സൗന്ദര്യംവച്ച് പുരുഷനിൽ ആധിപത്യം പുലർത്തുന്നു.
ശ്രദ്ധപടിച്ചു പറ്റിയത് കുനാൽ കപൂറും ആരോമലായ ശിവജിത്തും
'രംഗ് ദേ ബസന്തി'യിലൊക്കെ തകർത്ത് അഭിനിയിച്ച ബോളിവുഡ്ഡ് നടൻ കുനാൽ കപൂർ, ചതിക്കുന്ന ചന്തുവിന്റെ വേഷം മോശമാക്കിയിട്ടില്ല. നമ്മുടെ മമ്മൂട്ടിയുടെ ചതിക്കാത്ത ചന്തുവിനുമുന്നിൽ ഇത് ഒന്നുമല്‌ളെങ്കിലും. ആറ് മാസത്തോളം കളരി പരിശീലിച്ച് കുനാൽ ചെയ്ത അധ്വാനത്തിന്റെ ഫലം കൈ്‌ളമാക്‌സിലെ പയറ്റിലൊക്കെ തെളിയുന്നുണ്ട്.പക്ഷേ ഈ പടം ഏറ്റവും മുതൽകൂട്ടായാത് ആരോമൽ ചേകവരെ അവതരിപ്പിച്ച ശിവജിത്ത് എന്ന നടനാണ്. അസാധാരണമായ മെയ്വഴക്കമുള്ള കണ്ണൂർക്കാരനായ ഈ നടൻ മലയാള സിനിമയ്ക്ക് മുതൽക്കൂട്ടാകും.
എസ്.കുമാറിന്റെ ഛായാഗ്രഹണവും, ആക്ഷൻ കോറിയോഗ്രാഫിയും, ഗ്രാഫിക്‌സും, വേറിട്ട സംഗീതവും ഈ പടത്തിന്റെ ഹൈലൈറ്റാണ്.പ്രമേയ ദൗർബല്യങ്ങളിൽ നിന്ന് പടത്തെ ഒരു പരിധിവരെ പിടിച്ചുയർത്തുന്നത് ഇവരൊക്കെ ചേർന്നാണ്.12ാം നൂറ്റാണ്ടിൽ നടക്കുന്ന കഥക്ക് കളർ ടോണിലും മറ്റുമായി വരുത്തിയ മാറ്റങ്ങളിലൂടെ കാലഘട്ടത്തോട് നീതി പുലർത്താൻ കുമാർ ശ്രമിച്ചിട്ടുണ്ട്. കുമാർ എന്ന മലയാളിയെ മാറ്റിനിർത്തിയാൽ ബാക്കി അണിയറയിലുള്ളതൊക്കെ ഓസ്‌ക്കാർവരെ കിട്ടിയ ഹോളിവുഡ്ഡിലെ പുലികളാണ്.അവരുടെ ലിസ്റ്റ് കണ്ടാൽതന്നെ നമുക്ക് തലകറങ്ങിപ്പോവും.
അവതാർ, ലോർഡ് ഓഫ് ദ റിങ്‌സ്, ഹംഗർ ഗെയിംസ്, ഹെർക്കുലീസ് എന്നീ സിനിമകളിൽ സ്റ്റണ്ട് കോർഡിനേറ്റർ ആയും ആക്ഷൻ ഡയറക്ടറായും ഉണ്ടായിരുന്ന അലൻ പോപ്പിൾടൺ ആണ് വീരത്തിന്റെ ആക്ഷൻ കൊറിയോഗ്രഫർ.അദ്ദേഹം മൂന്ന് മാസത്തോളം കേരളത്തിൽ ചെലവിട്ട് കളരി പരിശീലനവും കളരിപ്പയറ്റും നേരിൽ കണ്ട് ചിത്രീകരിച്ച ശേഷമാണ് കാറിയോഗ്രഫി പ്‌ളാൻ ഉണ്ടാക്കിയത്. ചിത്രത്തിന്റെ വിഎഫ്എക്‌സ് ചെയ്തത് 'ഗെയിം ഓഫ് ത്രോൺസിലൂടെ' പ്രശസ്തരായ പ്രാണാ സ്റ്റുഡിയോസ് ആണ്. ഓസ്‌കാർ ജേതാവായ ട്രിഫോർ പ്രൗഡ് ആണ് മേക്കപ്പ്. ഗ്‌ളാഡിയേറ്ററും സ്റ്റാർ വാർസും ചെയ്ത ആളാണ് അദ്ദേഹം. ഗ്‌ളാഡിയേറ്റർ, ഇൻസെപ്ഷൻ ,ഇന്റർസെറ്റല്ലാർ, ദ ഡാർക്ക് നൈറ്റ് എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ഹാൻസ് സിമ്മറുടെ അസോസിയേറ്റ് ജഫ് റോണയാണ് പശ്ചാത്തല സംഗീതം. സ്‌പൈഡർ മാൻ, ടൈറ്റാനിക് ഹാരിപോർട്ടർ എന്നീ സിനിമകളുടെ കളറിസ്റ്റ് ആയിരുന്ന ജെഫ് ഓം ആണ് കളറിസ്റ്റ്.
പക്ഷേ ഇത്രയും വലിയ ഒരു നിരയുണ്ടായതിൽനിന്ന് പ്രതീക്ഷിക്കുന്ന സാങ്കേതിക തികവ് ചിത്രത്തനുണ്ടോയെന്ന് ചോദിച്ചാലും ഉത്തരം ഇല്ലായെന്നുതന്നെയാണ്.അവസാനം കുനാൽ കപൂറിന്റെ തലയില്ലാതെ ഉടൽ നിൽക്കുന്ന രംഗത്തിൽപോലും ഇത് ഗ്രാഫിക്‌സാണെന്ന കൃത്രിമത്വം ബോധ്യപ്പെടുന്നുണ്ട്. കാവാലം നാരായണപ്പണിക്കർ അവസാനമായി രചന നിർവഹിച്ച ഗാനം ഈ ചിത്രത്തിലുണ്ട്. അത് പതിവപോലെ നന്നായിട്ടുമുണ്ട്.എം.കെ അർജുനൻ മാസ്റ്ററാണ് സംഗീത സംവിധാനം.
പക്ഷേ ചിലയിടത്തൊക്കെ ജയരാജിന്റെ സംവിധായക പ്രതിഭ തെളിഞ്ഞുവരുന്നുമുണ്ട്. ആരോമലെ വധിക്കുന്ന അന്ന് രാത്രിയിലെ തെയ്യം, കുനാൽ കപൂറിന്റെ ചിരി, മഴയത്തെ കളരിപ്പയറ്റ് തുടങ്ങിയ രംഗങ്ങൾ ഉദാഹരണം.പക്ഷേ കുറച്ച് സൗന്ദര്യമുള്ള രംഗങ്ങൾ നിരത്തിവച്ചാൽ മാത്രം നല്ല സിനിമയാവില്ലല്ലോ.
വാൽക്കഷ്ണം:എന്നിരുന്നാലും തള്ളിവിടലിന്റെ കാര്യത്തിൽ നമ്മുടെ ജയരാജും ഒട്ടും മോശമില്ല. 'പുലിമുരുകൻ' തകർത്തോടുന്ന സമയത്ത്, മലയാളത്തിൽ ആദ്യമായി നൂറുകോടി ക്‌ളബിലത്തെുന്ന പടം 'വീര'മായിരുക്കുമെന്ന് അദ്ദേഹം വീരസ്യം കൊണ്ടതും ലാൽ ഫാൻസിന്റെ പൊങ്കാലയാൽ കളം മാറ്റിയതും ഓർമ്മയുണ്ട്. തള്ളലിലല്ല ചലച്ചിത്രത്തിന്റെ സൗന്ദര്യത്തിലാണ് സംവിധായകർ അഭിരമിക്കേണ്ടതെന്ന് ഇത്രയും അനുഭവങ്ങൾ ഉള്ള ജയരാജിനോട് പ്രത്യേകം പറയേണ്ടതുണ്ടോ. ഒറ്റാൽ എന്ന ചിത്രത്തിന് പിന്നാലെ ഇനി കമേഴ്‌സ്യൽ സിനിമ ചെയ്യില്ലെന്നെ് പ്രഖ്യാപിച്ചയാളാണ് ജയരാജ്.അതുതന്നെയായിരുന്നു അദ്ദേഹം സ്വീകരിക്കേണ്ട വഴിയെന്ന് വീരവും തെളിയിക്കുന്നു.