തിരുവനന്തപുരം: മൂലധനാധിഷ്ഠിതവ്യവസ്ഥയ്ക്കും കമ്യൂണിസത്തിനും ഇടയിലുള്ള സമവായ പാതയാണ് സോഷ്യലിസം. വർഗസമരത്തിലൂടെയും സാമൂഹ്യവിപ്ലവത്തിലൂടെയും സാമൂഹ്യസമത്വത്തിലെത്താമെന്ന സോഷ്യലിസത്തിൽ ഊന്നിയാണ് കേരളത്തിലെ പിണറായി ഭരണമെന്നാണ് വയ്പ്. എന്നാൽ ഇനി സോഷ്യലിസം എവിടേയും ഇല്ലെന്നതാണ് യാഥാർത്ഥ്യം. പിണറായി മന്ത്രിസഭയിലെ ഏക സോഷ്യലിസ്റ്റും പടിയിറങ്ങുകയാണ്. തിങ്കളാഴ്ച മാത്യു ടി തോമസ് രാജിവയ്ക്കുന്നതോടെ സോഷ്യലിസ്റ്റുകളില്ലാത്ത മന്ത്രിസഭയായി പിണറായിയുടേത് മാറും. സോഷ്യലിസമാണ് ജനതാദൾ എന്ന പാർട്ടിയുടെ കരുത്ത്. ജയപ്രകാശ് നാരായണന്റെ ശിഷ്യർ കാലക്രമത്തിൽ ഈ വാക്ക് പാർട്ടിയുടെ പേരിൽ മാത്രമായി ഒതുക്കി. അപ്പോഴും വ്യത്യസ്തമായ വഴിയിലൂടെ മാത്യു ടി തോമസ് നടന്നു. ഇത് ഇഷ്ടമാകാതെയാണ് മാത്യു ടി തോമസിനെ പുറത്താക്കി ജനതാദൾ സോഷ്യലിസം നടപ്പാക്കുന്നത്.

മൂന്ന് എംഎൽഎമാരാണ് ജനതാദളിനുള്ളത്. മാത്യു ടി തോമസും സികെ നാണുവും പിന്നെ കെ കൃഷ്ണൻകുട്ടിയും. ഇതിൽ കൃഷ്ണൻകുട്ടി ഇതുവരെ മന്ത്രിയായിട്ടില്ല. ഇത് ജനതാദള്ളിന് അംഗീകരിക്കാനാവില്ല. സോഷ്യലിസ്റ്റ് പാർട്ടിയിൽ എല്ലാവരും മന്ത്രിയാകണം. അതിന് വേണ്ടി മാത്യു ടി തോമസിനെ മാറ്റുന്നുവെന്നാണ് പാർട്ടി പറയുന്നത്. അങ്ങനെ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ഭാഗമായി മന്ത്രിമാറുമ്പോൾ നഷ്ടം സോഷ്യലിസ്റ്റുകൾക്കും. ഇതുവരെ സംഭവിക്കാത്ത പലതും ജനതാദള്ളിൽ നടന്നു. മാത്യു ടി തോമസിനെ മാനസികമായി തളർത്തുകയായിരുന്നു പലരുടേയും ലക്ഷ്യം. ദേശീയ നേതൃത്വത്തിനും ഇത് അറിയാം. പക്ഷേ സോഷ്യലിസം പറയുന്ന മന്ത്രിയോട് പാർട്ടിക്ക് താൽപ്പര്യമില്ല. മന്ത്രിമാറ്റും കേരളത്തിലെ ജനാതാള്ളിൽ പുത്തരിയല്ല. പാർട്ടിയും മുന്നണിയും ഏതായാലും മന്ത്രിമാർ കാലാവധി പൂർത്തിയാക്കാത്തതാണ് സോഷ്യലിസ്റ്റ് പക്ഷത്തിന്റെ ചരിത്രം.

1987 ഏപ്രിൽ നാലിന് എംപി. വീരേന്ദ്രകുമാർ, ഇ.കെ. നായനാർ മന്ത്രിസഭയിൽ വനംവകുപ്പ് ചുമതലയിൽനിന്ന് രാജിവെച്ചിറങ്ങിപ്പോന്നത്. സത്യപ്രതിജ്ഞചെയ്ത് 48 മണിക്കൂറിനുള്ളിലുണ്ടായ രാജി പാർട്ടിയിലെ ഐക്യത്തിനുവേണ്ടിയായിരുന്നു. ജനതാപാർട്ടിയുടെ നിയമസഭാ കക്ഷിയിൽപ്പെട്ട ചില അംഗങ്ങളുടെ അസംതൃപ്തിയാണ് അദ്ദേഹത്തിന്റെ രാജിയിലേക്കു നയിച്ചത്. തന്റെപേരിൽ പാർട്ടിയിൽ അനൈക്യമോ വിവാദമോ പാടില്ലെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. പിന്നീട് നായനാർ മന്ത്രിസഭയിൽനിന്ന് പി.ആർ. കുറുപ്പിനായിരുന്നു. ജനതാദളിൽ നടന്ന നീക്കങ്ങൾക്കൊടുവിൽ 1999 ജനുവരി 10-ന് കുറുപ്പിന് രാജിവെച്ചൊഴിയേണ്ടിവന്നു. ദൾ നിർവാഹകസമിതിയിലെ 39 പേരും കുറുപ്പ് മാറണം എന്നാവശ്യപ്പെട്ടപ്പോൾ അനുകൂലിച്ചത് 25 പേർമാത്രം. കുറുപ്പിന് പകരക്കാരനാകാൻ അന്ന് മൂന്നുപേരാണ് രംഗത്തെത്തിയത്.

നീലലോഹിതദാസൻ നാടാരും സി.കെ. നാണുവും പി.പി. സുലൈമാൻ റാവുത്തറും. സി.കെ. നാണു പിന്മാറിയപ്പോൾ നീലലോഹിതദാസൻ നാടാരോ സുലൈമാൻ റാവുത്തറോ എന്നായി ചോദ്യം. വീണ്ടും വോട്ടെടുപ്പ്. നീലന് ജയം. 1977-ലും 1987-ലും മന്ത്രിയായിരുന്ന നീലന് അങ്ങനെ മന്ത്രിയായി മൂന്നാമൂഴം. 2000 ഫെബ്രുവരി 12-ന് നീലലോഹിതദാസൻ നാടാർ നായനാർ മന്ത്രിസഭയിൽനിന്ന് രാജിനൽകിയപ്പോൾ കാരണമായത് പാർട്ടിയിലെ അനൈക്യമായിരുന്നില്ല. അന്ന് ഗതാഗത സെക്രട്ടറിയായിരുന്ന നളിനി നെറ്റോ ഉയർത്തിയ ലൈംഗികാരോപണവും അതുണ്ടാക്കിയ വിവാദവുമായിരുന്നു. ഒടുവിൽ നീലന് പകരം സി.കെ. നാണു മന്ത്രിപദവിയിലേക്ക്. അവിടെ സുലൈമാൻ റാവുത്തർക്ക് മന്ത്രിപദം അന്യമായി.

വി എസ്. മന്ത്രിസഭയിൽനിന്ന് മാത്യു ടി. തോമസിന്റേതായിരുന്നു അടുത്ത സ്ഥാനത്യാഗം. അതുമൊരു ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 2009 മാർച്ച് 16-ന്. ജനതാദളിന് കോഴിക്കോട് ലോക്സഭാ സീറ്റ് ഇടതുമുന്നണി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാർട്ടിയെടുത്ത തീരുമാനപ്രകാരമായിരുന്നു രാജി. ജനതാദള്ളിന്റെ മുന്നണിമാറ്റം വരെയെത്തിയ രാഷ്ട്രീയ നീക്കങ്ങൾ ഇതോടെ നടന്നു. വീരേന്ദ്രകുമാർ യുഡിഎഫിലെത്തി. അതോടെ ജോസ് തെറ്റയിൽ മന്ത്രിയായി. യു.ഡി.എഫിലായിരുന്ന ലോക് താന്ത്രിക് ജനതാദൾ വിഭാഗം ഇപ്പോൾ ഇടതുമുന്നണിക്കൊപ്പവുമായി. വീണ്ടുമൊരു ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മാത്യു ടി. തോമസിനെതിരേ ജനതാദൾ എസിൽ നീക്കമുണ്ടായത്.

ഇപ്പോൾ ജനതാദൾ ദേശീയ നേതൃത്വമാണ് മാത്യൂ ടി. തോമസിനെ മാറ്റിക്കൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചത്. മന്ത്രിയെ മാറ്റാനുള്ള തീരുമാനം പാർട്ടി ദേശീയ നേതൃത്വം എൽ.ഡി.എഫ് കൺവീനറെ അറിയിച്ചു. ജെ.ഡി.എസിലെ ധാരണ പ്രകാരമാണ് മന്ത്രിയെ മാറ്റിയതെന്നും പാർട്ടി പിളരില്ലെന്നും ദേശീയ സെക്രട്ടറി ഡാനിഷ് അലി അറിയിച്ചു. ചിറ്റൂർ എംഎ‍ൽഎയായ കെ. കൃഷ്ണൻകുട്ടി, സി.കെ നാണു എന്നിവരുടെ നേതൃത്വത്തിൽ ജനതാദളിലെ ഒരു വിഭാഗം ദേശീയ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രിയെ മാറ്റാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. തീരുമാനം മാത്യൂ ടി. തോമസ് അംഗീകരിച്ചതായി ഡാനിഷ് അലി പറഞ്ഞു. മാത്യു ടി. തോമസിന് എതിർപ്പുണ്ടാകില്ലെന്നും ദേശീയ നേതൃത്വത്തോട് നന്ദിയുണ്ടെന്നും നിയുക്ത മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. മാത്യു ടി. തോമസിനെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും കൃഷ്ണൻകുട്ടി കൂട്ടിച്ചേർത്തു.

പാർട്ടി പറഞ്ഞപ്പോൾ നേരത്തെയും മാറി നിന്നിട്ടുണ്ടെന്ന് മാത്യൂ ടി തോമസ് പ്രതികരിച്ചു. ഒരു പൊതുപരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന മാത്യു ടി തോമസ് വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തും. തലസ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ അദ്ദേഹം രാജിനൽകിയേക്കും. ദേശീയ നേതൃത്വം പൂർണമായി കൈവിട്ടതോടെയാണ് മാത്യു ടി. തോമസിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. രണ്ടര വർഷം കഴിയുനേ്പാൾ മന്ത്രിസ്ഥാനം വച്ചു മാറാമെന്ന ധാരണയുണ്ടെന്ന കൃഷ്ണൻകുട്ടി വിഭാഗത്തിന്റെ വാദം അദ്ദേഹം തള്ളിയിരുന്നു. ഇതോടെ ഭിന്നത രൂക്ഷമായി തർക്കം രൂക്ഷമായതോടെ ഇരു വിഭാഗങ്ങളെയും ദേശീയ നേതൃത്വം ബംഗളുരുവിലേക്ക് വിളിപ്പിച്ചിരുന്നു.

എന്നാൽ മാത്യു ടി. തോമസ് വഴങ്ങിയില്ല. ബംഗളുരുവിൽ എത്തി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്താൻ മാത്യു ടി തോമസ് തയ്യാറായില്ല. ഇതേതുടർന്നാണ് ദേശീയ നേതൃത്വം മാത്യു ടി. തോമസിനെ പൂർണമായി തള്ളിയത്. ദേശീയ സെക്രട്ടറി ഡാനിഷ് അലി പൂർണമായും കൃഷ്ണൻകുട്ടി വിഭാഗത്തിന് പിന്തുണ നൽകി.