തിരൂർ: ഒരുകാലത്ത് എന്തായിരുന്നു കഥ? ഈ കാട്ടിൽ കയറരുത് ..വീരപ്പനുണ്ട്. കടുവയുണ്ട്, പുലിയുണ്ട് എന്നൊക്കെ പറയുമ്പോലെ ഈ ബോർഡ് കണ്ട് പലരും പേടിച്ചിരുന്നു. ബന്ദിപ്പൂർ വനത്തിലൂടെയുള്ള യാത്രയ്ക്കിടെ പണ്ട് ഈ ബോർഡ് കാണാത്തവരില്ല.ഏതായാലും ഇതൊക്കെ ഇന്ന് പഴങ്കഥ മാത്രം.

എന്നാൽ, അടുത്തിടെ തിരൂരുകാർ ആ കാഴ്ച കണ്ടുഞെട്ടി.നീങ്കൾ യാര് വീരപ്പനാ എന്ന് മോഹനന്റെ മീശ കണ്ടവരൊക്കെ ചോദിച്ചു.മൃദുമന്ദഹാസത്തോടെ ആ മറുപടി കേൾക്കാം. വീരപ്പനല്ലൈ. വീരപ്പനുടെ അക്കാളുടെ മകൻ. തമിഴ്‌നാട്ടുകാരനായ മോഹനൻ വെറുതെ പറയുകയാണെന്ന് കരുതിയവരൊക്കെ അത് പരമാർത്ഥമാണെന്ന് അറിഞ്ഞതോടെ ഞെട്ടി.

കൊടും കുറ്റവാളിയായിരുന്ന വീരപ്പന്റെ സഹോദരി പാപ്പാത്തിയുടെ മകനാണെന്ന് വിശ്വസിക്കാനായില്ല പലർക്കും. നൂറിലേറെ ആനകളേയും അത്ര തന്നെ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥരേയും കൊലപ്പെടുത്തിയ വീരപ്പൻ. കന്നട സൂപ്പർതാരം ഡോ. രാജ് കുമാറിനെ തട്ടിക്കൊണ്ടു പോയി 102ദിവസം വനത്തിനുള്ളിൽ തടവിൽ പാർപ്പിച്ച വീരപ്പൻ! ഒടുവിൽ വേട്ടക്കായി ഒരുക്കിയ കെണിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ 338വെടിയുണ്ടകളിൽ ലക്ഷ്യം തെറ്റാത്ത മൂന്നെണ്ണം ഏറ്റ് മൃതിയടഞ്ഞ വീരപ്പൻ!

ആറ് സിനിമകൾക്കും ഒരു സീരിയലിനും വീരപ്പന്റെ ജീവിതകഥ കാരണമായിട്ടുണ്ട്. തിരൂരിനടുത്ത ബി.പി.അങ്ങാടിയിൽ കൂലിപ്പണിയെടുത്തു ജീവിക്കുന്ന മോഹനനെ കാണുമ്പോൾ ആളുകൾക്ക് അറിയേണ്ടത് വീരപ്പചരിതമാണ്. മാതുലനെക്കുറിച്ചുള്ള മായാത്ത ഓർമ്മകൾ പങ്കുവെയ്ക്കുമ്പോൾ മോഹനന് ആയിരംനാക്കാണ്. മീശയിലും ചിലപ്പോൾ വേഷത്തിലും മാത്രമേ മോഹനൻ അമ്മാവനെ അനുകരിക്കുന്നുള്ളു. മൂന്നു വർഷം മുമ്പാണ് ഇയാൾ തിരൂരിലെത്തിയത്. കോട്ടത്തറ അദ്നാൻ മാൻഡ്രിസിന് പറമ്പിലെ കൃഷിപ്പണിക്കായി സുഹൃത്താണ് മോഹനനെ കൊണ്ടുവന്നത്.

വീരപ്പന്റെ സഹോദരീപുത്രനാണെന്ന് ആദ്യം അറിഞ്ഞിരുന്നില്ല. രാവിലെ ആറു മണിക്ക് തോട്ടത്തിലിറങ്ങിയാൽ എല്ലുമുറിയെ പണി ചെയ്യും. ദുശ്ശീലങ്ങളോ കൂട്ടുകെട്ടോ ഇല്ല. എല്ലാവരോടും ഇടപഴകുന്ന ഹൃദ്യമായ പെരുമാറ്റവും. മൊബൈൽ ഫോണിൽ വീരപ്പനുമൊത്തുള്ള കുടുംബ ഫോട്ടോകളുണ്ട്. ഏകാന്തതയിൽ അവ നോക്കി കണ്ണു നിറക്കും. അമ്മാവനോടുള്ള ആരാധനയാണ് മീശയ്ക്ക് പിന്നിൽ. രാഷ്ട്രീയക്കാർ വീരപ്പനെ വച്ച് മുതലെടുക്കുകയായിരുന്നുവെന്ന് മോഹനൻ പറയുന്നു. വിരപ്പൻ വേട്ടക്കാലത്ത് പൊലീസുകാർ വീട്ടിൽ കയറി നിരങ്ങിയിരുന്നു. അമ്മാവൻ കൊല്ലപ്പെട്ട ശേഷം മീശ അനുകരിക്കാൻ നാട്ടിലെ ചെറുപ്പക്കാർ തയ്യാറായി.

അത് പുതിയ ഫാഷനുമായി. നാട്ടിലെ കൃഷിനാശമാണ് ജോലിക്കായി കേരളത്തിലെത്താൻ കാരണം. വീരപ്പന്റെ ഭാര്യക്ക് സർക്കാർ നൽകിയ സാമ്പത്തിക സഹായമാണ് ആ കുടുംബത്തിന്റെ ജീവിതമാർഗം. രണ്ട് പെൺകുട്ടികളാണ് വീരപ്പനുള്ളത്. ഒരു മകളുടെ വിവാഹം കഴിഞ്ഞു. രണ്ടാമത്തെയാൾ കോളജിൽ പഠിക്കുന്നു. പക്ഷെ വീരപ്പന്റെ കുടുംബം നിലാരംബരാണ്. തിരൂരിൽ തനിക്ക് കൃഷിപ്പണിയുണ്ടെന്ന് അറിഞ്ഞതോടെ കുടുംബം ജോലിക്കായി കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെന്നും മോഹനൻ പറഞ്ഞു.

മലയാളികളെക്കുറിച്ച് മോഹനന് നല്ല അഭിപ്രായമാണ്. വീരപ്പന്റെ മരുമകൻ അവർക്ക് ഭീതിയുമല്ല. അമ്മാവന്റെ കാലത്തുനടന്ന നടുക്കുന്ന ഓർമകളിൽ നിന്നും അകന്ന് സമൂഹത്തോടൊപ്പം പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് വീരപ്പന്റെ കുടുംബം.വീരപ്പന്റെ സഹോദരീപുത്രനായതുകൊണ്ട തന്നെ പൊലീസിന്് മോഹനന്റെ മേൽ ഒരു കണ്ണുണ്ട് താനും. പക്ഷേ അതൊന്നും മോഹനന് പ്രശ്‌നവുമല്ല.