കൊച്ചി: തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു പ്രചരണ വിഷയം അഴിമതിയും വർഗീയതയും വികസനവുമാണ്. എന്നാൽ തെരഞ്ഞെടുപ്പിന്റെ ചൂടിൽ ശ്രദ്ധിക്കപ്പെടാതെ പോകുകയാണ് സംസ്ഥാനത്തെ ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിലക്കയറ്റം.

കഴിഞ്ഞ ഒരു മാസം കൊണ്ട് പലവ്യഞ്ജനങ്ങൾക്ക് പലതിനും വില ഇരട്ടിയായത് ചൂണ്ടിക്കാട്ടാൻ ആരുമില്ല, പ്രത്യേകിച്ചു പ്രതിപക്ഷം. സി പി എമ്മിന്റെ ജൈവ പച്ചക്കറി കൃഷി കൊണ്ട് ഓണത്തിന് വില പിടിച്ചുനിർത്തിയ പച്ചക്കറികൾക്കിപ്പോൾ വില ഗണ്യമായി ഉയർന്നു. കുറച്ചു മാസം മുമ്പ് വരെ ഉണ്ടായിരുന്ന ഒരു കിലോ പരിപ്പിന്റെ വില കൊടുത്താൽ ഇന്നു കാൽ കിലോ പരിപ്പാണ് ലഭിക്കുക. പരിപ്പിന്റെ വില നൂറിലേറെ ശതമാനമാണ് ഒരു മാസം കൊണ്ട് കൂടിയത്.

പരിപ്പിന് 190 മുതൽ 200 രൂപയാണ് ഇപ്പോഴത്തെ വില. 110 രൂപയിൽനിന്ന് ഇരുന്നൂറിലെത്തി നിൽക്കുകയാണ് ഉഴുന്നിന്റെ വില. മുളകിന് 90 ൽ നിന്ന് 150 രൂപയിലെത്തി. ചെറുപയർ, പരിപ്പ് എന്നിവയുടെ മുന്തിയ ഇനത്തിന് വിലയിൽ മാറ്റം വരും. കുറഞ്ഞ തരം ചെറുപയറിനു തന്നെ നൂറു രൂപ വരും കിലോയ്ക്ക്. മുന്തിയ ഇനത്തിന് കിലോവിന് 20 രൂപയെങ്കിലും അധികം നൽകണം. കടല, ചെറുപയർ, ഉഴുന്ന്, പരിപ്പ് തുടങ്ങിയ ധാന്യവർഗങ്ങൾക്കെല്ലാം വില കൂടിക്കൊണ്ടിരിക്കുകയാണ്.

കാലവർഷത്തിൽ വന്ന വ്യതിയാനത്തെ തുടർന്ന് ഉത്തരേന്ത്യയിൽനിന്നു വരുന്ന ധാന്യങ്ങളുടെ അളവ് കുറഞ്ഞതാണ് വില ഉയരാൻ കാരണമായി പറയുന്നത്. വരുന്ന മാസങ്ങളിലും വില ഉയരാനാണ് സാധ്യത. ഉത്തരേന്ത്യയിൽ നിന്നുള്ള വരവ് സുഗമമാകണമെങ്കിൽ ഫെബ്രുവരിയാകും. പഞ്ചസാര നേരത്തെ കിലോ 34 വരെയായിരുന്നത് ഇടക്കാലത്ത് 25 ആയി കുറഞ്ഞിരുന്നു. ഇപ്പോൾ പഞ്ചസാര വിലയും കൂടുകയാണ്. പലയിടത്തും പഞ്ചസാര വില 28 ലെത്തി.

പച്ചക്കറിക്ക് ഓണക്കാലത്ത് പിടിച്ചു നിർത്തിയ വിലയല്ല ഇപ്പോൾ. കുറച്ചു കാലമായി പച്ചക്കറി വില അരക്കിലോവിന്റേതായാണ് കടക്കാർ പറയുക. അരക്കിലോ 40, 80 എന്നൊക്കെ അടുത്തകാലം വരെ വിളിച്ചു പറഞ്ഞപ്പോൾ യഥാർത്ഥ വില ഇരട്ടിയാണെന്നു പെട്ടെന്നോർക്കില്ല. ഇപ്പോൾ ഏറ്റവുമൊടുവിൽ അതും മാറി. കാൽ കിലോഗ്രാമിന്റെ വിലയാണ് ഇപ്പോൾ വിളിച്ചുപറയുന്നത്.

പയറ് വർഗങ്ങൾ കിലോ 40 രൂപ മുകളിലാണ് വില. നാടൻ പയറാണെങ്കിൽ 60 -ൽ കുറയില്ല. 40 രൂപയിൽ കുറഞ്ഞ പച്ചക്കറിയൊന്നും കിട്ടാനില്ലാത്ത അവസ്ഥയാണ്. മീനാക്ഷിപുരത്ത് തക്കാളിക്ക് കിലോ മൂന്നു രൂപയായപ്പോഴും തൊട്ടടുത്ത് പാലക്കാട് അതിന്റെ വില 25 രൂപയായിരുന്നു. 40 രൂപയിൽ കുറഞ്ഞ് ഒരു പച്ചക്കറിയും ഇപ്പോൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. തേങ്ങ കുറെക്കാലമായി 35 മുതലാണ് വില. ഡീസൽ വില ഒരു പാട് കുറഞ്ഞിട്ടും ബസ് ചാർജ് വർദ്ധനയിൽ ഒരു കുറവും വരുത്താൻ സർക്കാർ തയ്യാറാവാത്തതും കൂട്ടി വായിക്കേണ്ടതാണ്.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിലക്കയറ്റം ഇപ്പോൾ ഒരു പ്രധാന വിഷയമല്ലാതായി തീർന്നിരിക്കുന്നു. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന കാര്യമായിട്ടും ഭരിക്കുന്നവർക്കോ ഇതു വിഷയമാക്കുന്ന കാര്യത്തിൽ പ്രതിപക്ഷത്തിനോ വലിയ താത്പര്യമില്ല. ്‌വിലക്കയറ്റം ഒരു ശീലമായി ജനം അനുഭവിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നർത്ഥം.