തിരുവനന്തപുരം; അടുക്കളയെ താളം തെറ്റിച്ച് പച്ചക്കറി വില വീണ്ടും കുതിക്കുന്നു.കഴിഞ്ഞ ആഴ്‌ച്ചവരെ തക്കാളി ഒഴികെ മറ്റുപച്ചക്കറികൾക്കൊക്കെ അൽപ്പം ആശ്വാസമുണ്ടായിരുന്നു. എന്നാൽ ഈ വാരാന്ത്യത്തോടെ ആ കാര്യവും കൈവിട്ട നിലയിലാണ്.ഒട്ടുമിക്ക പച്ചക്കറികളും വില കിലോയ്ക്ക് നൂറിനോടടുത്തെത്തി.കഴിഞ്ഞയാഴ്ച 30 രൂപയ്ക്ക് വിറ്റിരുന്നു കാബേജ് ശനിയാഴ്ച ഉദുമലൈ ചന്തയിൽ നടന്ന ലേലത്തിൽ 60 രൂപയ്ക്കാണ് വിറ്റുപോയത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് കാബേജിന് വില ഇത്ര വർധിക്കുന്നത്.

കഴിഞ്ഞ മാസങ്ങളിൽ തുടർച്ചയായി കനത്തമഴ പെയ്തതുമൂലം വിളവ് കുറഞ്ഞതും വിപണിയിൽ വിളകൾ എത്താത്തതുമാണ് വില വർധിക്കുന്നതിന് പ്രധാനകാരണം. മറയൂർ മേഖലയിൽ കാന്തല്ലൂരിൽനിന്നാണ് കാബേജ് എത്തിയിരുന്നത്. എന്നാൽ കാന്തല്ലൂരിലും കാബേജ് കൃഷി മഴമൂലം ഇല്ലാതായി. മൈസൂർ മേഖലയിൽനിന്നും പച്ചക്കറി വന്നതാണ് വില കൂടുതൽ ഉയരാതിരുന്നതിന് കാരണം.

തക്കാളിക്ക് വില 200 രൂപ വരെ വർധിച്ചിരുന്നു.ഇപ്പോൾ ചില്ലറ വില്പനശാലകളിൽ 120 രൂപയാണ് തക്കാളി വില. 300 രൂപ വിലയുള്ള മുരിങ്ങക്ക ഇപ്പോൾ ചന്തകളിൽ എത്തുന്നില്ല. സവാള- 42, വെണ്ടക്ക-85, പച്ചമുളക് -80 എന്നിങ്ങനെയാണ് പച്ചക്കറി വില.

തക്കാളിക്ക് വില ഉയർന്നപ്പോള് തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറി സംഭരിച്ച് വിലക്കയറ്റം പിടിച്ചുനിർത്തുമെന്ന സർക്കാർ വാഗ്ദാനവും നടപ്പിലായില്ല.വിലക്കയറ്റം പിടിച്ചുനിർത്താൻ തമിഴ്‌നാട്ടിൽനിന്ന് പച്ചക്കറി സംഭരിക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. തമിഴ്‌നാട്ടിൽ പച്ചക്കറി ക്ഷാമമുണ്ടാകുമെന്ന വാദമുയർത്തി അവിടത്തെ ഇടനിലക്കാരാണ് നീക്കം അട്ടിമറിച്ചത്. ഇടനിലക്കാരുടെ സമ്മർദത്തെത്തുടർന്ന് കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുറഞ്ഞു.

കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തെങ്കാശിയിൽ നേരിട്ടെത്തി കർഷകരുമായി ചർച്ച നടത്തി പത്തു ദിവസം കഴിഞ്ഞെങ്കിലും സംഭരണം ഇനിയും തുടങ്ങാനായിട്ടില്ല. സർക്കാരും കർഷകരും തമ്മിലുള്ള ധാരണ പത്രത്തിന്റെ കാര്യത്തിൽ പോലും ആശയക്കുഴപ്പം തുടരുകയാണ്.

തെങ്കാശിയിലെ കർഷകരിൽനിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കുക. ഇടനിലക്കാരെ ഒഴിവാക്കി കുറഞ്ഞനിരക്കിൽ പച്ചക്കറി കേരളത്തിൽ വിൽക്കുക. ഇതായിരുന്നു സർക്കാരിന്റെ ആശയം. ഹോർട്ടി കോർപ്പ് എംഡിയുടെ നേതൃത്വത്തിൽ ഡിസംബർ 2 ന് തെങ്കാശിയിൽ എത്തിയ കേരളത്തിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തമിഴ്‌നാട് കൃഷി വകുപ്പുമായും ആറായിരത്തോളം കർഷകരെ ഉൾക്കൊള്ളുന്ന കർഷക കൂട്ടായ്മകളുമായും ചർച്ച നടത്തി. മാർക്കറ്റ് വിലയ്ക്ക് പച്ചക്കറി നൽകാമെന്ന് കർഷകർ സമ്മതിച്ചതുമാണ്. ഡിസംബർ 8 ന് ധാരണ പത്രം ഒപ്പിട്ട് തൊട്ടടുത്ത ദിവസം മുതൽ പച്ചക്കറി സംഭരിക്കുമെന്ന ധാരണയിൽ ഉദ്യോഗസ്ഥർ പിരിഞ്ഞു.

എന്നാൽ സർക്കാരും തെങ്കാശിയിലെ കർഷകരും തമ്മിലുള്ള ധാരണ പത്രം ഇനിയും തയാറായിട്ടില്ല. ഇന്നലെ ധാരണ പത്രം കേരളം തമിഴ്‌നാട് സർക്കാരിന് കൈമാറി. ഇത് ഒപ്പിട്ട് സംഭരണം തുടങ്ങാൻ ഇനിയും താമസമുണ്ടെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോൾ പറയുന്നത്.അതുവരെ പച്ചക്കറി വില ഉയർന്നു തന്നെ നിൽക്കുമെന്ന് ചുരുക്കം.