- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനം ഇടിച്ചുപാഞ്ഞപ്പോൾ ജീവന് വേണ്ടി പിടഞ്ഞ കീരിയെ കണ്ടില്ലെന്ന് നടിച്ച് പലരും; തന്നോട് യാചിക്കുന്ന പോലെ തോന്നിയ മിണ്ടാപ്രാണിയെ ഉപേക്ഷിക്കാൻ മനസുവന്നില്ല; വെള്ളം നൽകി പരിചരിച്ച് രക്ഷിച്ച കാർത്തിക്കിന് അഭിനന്ദനപ്രവാഹം
കാസർകോട്: കാസർകോട് പെർലടുക്കം വഴി അമിത വേഗതയിൽ വന്ന വാഹനം, റോഡ് മുറിച്ചു കടന്ന കീരിയെ കണ്ണടച്ചു തുറക്കും മുൻപെ ഇടിച്ചിട്ട് കടന്നുപോയി. അസ്ഥികൾ നുറുങ്ങി ജീവന് വേണ്ടി പിടയുകയായിരുന്ന കീരിയെ കണ്ടിട്ടും കാണാത്തതു പോലെ പലരും മുഖം തിരിച്ച് കടന്ന് പോയി.
എന്നാൽ മനുഷ്യ സ്നേഹം മരവിച്ചിട്ടില്ലാത്ത കൊളത്തൂർ സ്വദേശിയായും, ബാർബർ കട നടത്തിപ്പ് കാരനുമായ കാർത്തിക് ആ വഴി കടന്നുവന്നതോടെ സംഭവം ശ്രദ്ധയിൽ പെട്ടു. ജീവന് വേണ്ടി പിടയുകയായിരുന്ന കീരി രക്ഷിക്കാനായി തന്നെ നോക്കി യാചിക്കുന്നത് പോലെയായിരുന്നു കാർത്തിക്കിന് അനുഭവപ്പെട്ടത്.
കണ്ടത് അവഗണിച്ച് മുന്നോട്ടുപോകാൻ സാധിക്കാതിരുന്ന കാർത്തിക്ക് കീരിയെ കയ്യിൽ കോരിയെടുത്ത് പരിചരിച്ചു. സമീപത്തെ കടയിൽ നിന്നും വെള്ളം വാങ്ങി കീരിയുടെ വായിലേക്ക് പതുക്കെ ഒഴിച്ചു നൽകി. നന്മയുള്ള മനുഷ്യൻ ഭൂമിയിൽ അവശേഷിക്കുന്നു എന്ന് തെളിയിക്കുന്നതായിരുന്നു കാർത്തിക്കിന്റെ പ്രവർത്തി. മികച്ച പരിചരണം ലഭിച്ചപ്പോൾ ഈ മിണ്ടാപ്രാണി ഒന്ന് തലയുയർത്തി നോക്കി. തുടർന്ന് പതിയെ ഇഴഞ്ഞിഴഞ്ഞ് ഇടവഴിയിലേക്ക് മറഞ്ഞു.
യുവാവിന്റെ സദ്പ്രവൃത്തി വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെട്ടതോടെ വൈറലായി മാറിയിരിക്കുകയാണ്. നിരവധിപേരാണ് കാർത്തിക്കിനെ അഭിനന്ദിച്ച് ഇപ്പോൾ രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. അതേസമയം അഭിനന്ദനത്തിന് വേണ്ടിയല്ല താനിത് ചെയ്തതെന്നു ആ മിണ്ടാപ്രാണിയെ അവഗണിച്ചു മുന്നോട്ടു പോകാൻ മനസ്സ് അനുവദിക്കാത്തതുകൊണ്ടാണ് പരിചരിച്ചതെന്നും കാർത്തിക് പറഞ്ഞു .
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്