തൃശ്ശൂർ: ബാറിൽ കയറി മൂക്കറ്റം മദ്യപിച്ചശേഷം ബില്ലടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ഹോട്ടൽ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം ശരിയല്ലെന്ന് വെഹിക്കിൾ ഇൻസ്പെക്ടർ രോഹിതിന്റെ വിശദീകരണം. സംഭവത്തെ ബാർ ഹോട്ടൽ ജീവനക്കാർ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മകന്റെ പിറന്നാൾ ആഘോഷത്തിനായാണ് താൻ ഹോട്ടലിൽ എത്തിയതെന്നും കുടുംബത്തോടെയാണ് വന്നതെന്നും രോഹിത് പറയുന്നു.

കുടുംബത്തോടൊപ്പം ഹോട്ടലിൽ കയറിയ ശേഷം പുറത്തിറങ്ങിയതായിരുന്നു. തന്റെ ഒപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. ഇതിന് ശേഷം അകത്തേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് ജീവനക്കാർ തടഞ്ഞത്. കാവി മുണ്ടുടുത്ത് കയറാൻ ആകില്ലെന്നായിരുന്നു അവർ പറഞ്ഞത്. കൂടെയുള്ള സുഹൃത്തിനോടാണ് ഇങ്ങനെ പറഞ്ഞത്. അപ്പോൾ അങ്ങനെയാണെങ്കിൽ ഞാനും കയറുന്നില്ലെന്ന് പറയുകയായിരുന്നു. ഹോട്ടലിലെ ബില്ലൊക്കെ അടച്ച ശേഷമാണ് പോയതും. ഈ മുഖം ഓർത്തുവെച്ചോ.. എന്ന് താൻ പറഞ്ഞു എന്നത് ശരിയാണ്. അത്, ഞാനാരാണെന്ന് അറിയാത്തതു കൊണ്ട് ബാർ ഹോട്ടൽ ജീവനക്കാരനോട് ചൂണ്ടിക്കാട്ടിയതാണെന്നും വെഹിക്കിൾ ഇൻസ്‌പെക്ടർ വിശദീകരിച്ചു.

ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ഹോട്ടലിന് മുന്നിൽ ഔദ്യോഗിക വാഹനത്തിൽ എത്തിയെന്നത് ശരിയാണ്. എന്നാൽ അത് ജോലിയുടെ ഭാഗമായാണ്. അല്ലാതെ ബാർഹോട്ടലിലേക്ക് പോകുന്ന വാഹനങ്ങൾ പരിശോധിക്കാൻ വേണ്ടിയായിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഹോട്ടലിലേക്ക് വരുന്നവരും പോകുന്നവരുമായ അതിഥികളെ എല്ലാവരേയും പരിശോധിക്കാൻ തുടങ്ങിയെന്ന ആരോപണം തെറ്റാണെന്നും കിഷോർ മറുനാടൻ മലയാളിയോട് പറഞ്ഞു.

കാവി മുണ്ടുടുത്ത് ഹോട്ടലിൽ കയറാൻ പറ്റില്ലെന്നത് നിയ റിജൻസിക്കാരുടെ സ്ഥിരം പ്രശ്‌നമാണെന്നും കിഷോർ പറഞ്ഞു. പുറത്തുവിട്ട സിസി ടിവി ദൃശ്യങ്ങൾ തനിക്കെതിരെയുള്ളത് മാത്രമാണെന്നും കിഷോർ വിശദീകരിച്ചു. അതേസമയം ഹോട്ടൽ ജീവനക്കാർ പൊലീസിൽ നൽകിയ പരാതിയിൽ വെഹിക്കിൾ ഇൻസ്‌പെക്ടർ ഭീഷണിപ്പെടുത്തിയെന്നാണ് പറയുന്നത്. മറ്റെവിടെനിന്നോ മദ്യപിച്ച ശേഷമായിരുന്നു വരവ്. കുടുംബത്തെ റസ്റ്റൊറന്റിൽ ഇരുത്തിയ ശേഷം ഹോട്ടലിലെ ബാറിലേക്ക് കൂട്ടുകാരുമൊത്ത് പോയി. മദ്യപിച്ചശേഷം സ്റ്റാഫ് ബിൽ നൽകിയതോടെയാണ് ഭീഷണിപ്പെടുത്തൽ തുടങ്ങിയതെന്നുമാണ് ഇവരുടെ വിശദീകരണം. ലോബി ഏരിയയിൽ നിന്ന് ഭീഷണിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് പരാതി.

ഇതിന് പിന്നാലെ ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ഹോട്ടലിന് മുന്നിൽ ഔദ്യോഗിക വാഹനത്തിൽ എത്തുകയും ഗെയ്റ്റിന് മുന്നിൽ വാഹനമിട്ട് പരിശോധന ആരംഭിക്കുകയുമായിരുന്നു. ഹോട്ടലിലേക്ക് വരുന്നവരും പോകുന്നവരുമായ അതിഥികളെ എല്ലാവരേയും പരിശോധിക്കാൻ തുടങ്ങി. നിങ്ങളെങ്ങനെ ബിസിനസ് നടത്തുമെന്ന് കാണട്ടെയെന്ന് പറഞ്ഞായിരുന്നു പ്രകടനമെന്നും ഹോട്ടൽ നൽകിയ പരാതിയിൽ പറയുന്നു.