ന്യൂഡൽഹി: പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ. ഫീസ് എട്ടിരട്ടിയായിട്ടാണ് കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചത്. പുതുക്കിയ നിരക്ക് അനുസരിച്ച് 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കാർ റീ രജിസ്റ്റർ ചെയ്യുന്നതിന് 5000 രൂപ അടയ്‌ക്കേണ്ടതായി വരും. നിലവിൽ ഇത് 600 രൂപയാണ്. പുതിയ നിരക്ക് 2022 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും.

ഇരുചക്രവാഹനങ്ങൾക്ക് 1000 രൂപയും ഓട്ടോറിക്ഷകൾക്ക് 2500 രൂപയുമാണ് പുതുക്കിയ നിരക്കുകൾ. ഇതിനുപുറമേ 15 വർഷത്തിനു മേൽ പഴക്കമുള്ള ചരക്കു വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിനുള്ള ഫീസും കുത്തനെ കൂട്ടി.

പുതുക്കാൻ വൈകിയാൽ പ്രതിമാസം 300 രൂപ പിഴ അടയ്ക്കണം. വാണിജ്യ വാഹനങ്ങൾക്ക് ഇത് 500 രൂപയാണ്. പുതുക്കിയ നിരക്കു സംബന്ധിച്ചു കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നതു ലക്ഷ്യമിട്ടാണ് നിരക്ക് വർധിപ്പിച്ചത്.

പുതിയ റീറജിസ്‌ട്രേഷൻ നിരക്ക്. പഴയ നിരക്ക് ബ്രാക്കറ്റിൽ
കാർ: 5000 രൂപ (600 രൂപ), ഇരുചക്രവാഹനം: 1000 (300), മുചക്ര വാഹനം: 2500 (600), ബസ്, ട്രക്ക്: 12,500 (1500)

അതേസമയം കേന്ദ്ര സർക്കാരിന്റെ പുതിയ വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസി യാഥാർത്ഥ്യത്തിലേക്ക് അടുത്തിരിക്കുകയാണ്. വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവും സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവുമാണ് പോളിസി അനുസരിച്ചുള്ള ഉപയോഗപരിധി. സംസ്ഥാനത്ത് മാത്രം ഇത്തരം 22,18,454 വാഹനങ്ങൾ പൊളിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ.

കേരളത്തിൽ 15 വർഷത്തിലേറെ പഴക്കമുള്ള വാണിജ്യ വാഹനങ്ങൾ 7.25 ലക്ഷം ഉണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകൾ. 20 വർഷത്തിലേറെ പഴക്കമുള്ള സ്വകാര്യ വാഹനങ്ങളുടെ എണ്ണം 14.9 ലക്ഷം ആണ്. രാജ്യത്ത് ഏറ്റവും വാഹനസാന്ദ്രതയുള്ള സംസ്ഥാനവും കേരളമാണ്. മൂന്നരക്കോടി ജനത്തിന് ഒന്നരക്കോടി വാഹനമാണു കേരളത്തിലുള്ളത്.

നിലവിൽ കേരളത്തിലെ ആകെ വാഹനങ്ങളുടെ എണ്ണം 1,41,84,184 ആണ്. പ്രതിവർഷം 10.7 ശതമാനം എന്ന നിലയിലാണ് സംസ്ഥാനത്തെ വാഹനങ്ങളുടെ വളർച്ച. സംസ്ഥാനത്ത് 1,000 ആളുകൾക്ക് 425 വാഹനങ്ങൾ എന്നതാണ്സ്ഥിതി. ലോക വികസന സൂചകങ്ങൾ അനുസരിച്ച് ഇന്ത്യയിൽ 1,000 ആളുകൾക്ക് 18 വാഹനങ്ങൾ എന്നാണ് കണക്ക്. എന്നാൽ ചൈനയിൽ ഇത് 47-ഉം അമേരിക്കയിൽ 507-ഉം ആണ്. അതായത് കേരളത്തിലെ വാഹനങ്ങളുടെ എണ്ണം ചൈനയേക്കാൾ ഒരുപാട് മുന്നിലും വികസിതരാജ്യങ്ങൾക്ക് തുല്യവുമാണ്.

മലിനീകരണം, ഇന്ധനഇറക്കുമതി, വിലവർദ്ധന എന്നിവ കുറയ്ക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം. കാലാവധി പൂർത്തിയായ വാഹനങ്ങൾ ഓട്ടോമാറ്റിക് ഫിറ്റ്നെസ് സെന്ററുകളുടെ സഹായത്തോടെ പരിശോധനയ്ക്ക് വിധേയമാക്കുകയും ഈ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ പൊളിക്കുകയുമായിരിക്കും നടപടി.

ഒരുവാഹനം മൂന്നിൽ കൂടുതൽ തവണ ഫിറ്റ്‌നസ് ടെസ്റ്റിൽ പരാജയപ്പെടുകയാണെങ്കിൽ അത് നിർബന്ധമായും സ്‌ക്രാപ്പിംഗിന് വിധേയമാക്കണം എന്നാണ് പോളിസി വ്യക്തമാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. വാഹനം മൂലമുള്ള മലിനീകരണം തടയുന്നതിനും ഇന്ത്യയെ വാഹന ഹബ്ബാക്കി മാറ്റുന്നതിന്റെയും ഭാഗമായാണ് വെഹിക്കിൾ സ്‌ക്രാപ്പിങ്ങ് പോളിസി നടപ്പാക്കുന്നതെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്.